മദീര: പോർച്ചുഗൽ പരിശീലകനുമായി ഉടക്കി ദേശീയ ടീമിന്റെ ക്യാമ്പ് വിട്ട സംഭവത്തിൽ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം സംഭവം വിശദീകരിച്ചത്. കോച്ച് യൊർഗെ ജെസ്യൂസ് തനിക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്ന് പറഞ്ഞ റൊണാൾഡോ, അദ്ദേഹത്തിനെതിരേ തുറന്നടിച്ചു. പുതിയ കോച്ചായി ജെസ്യൂസ് വരുന്നതിൽ ആത്മാർഥമായി സന്തോഷിച്ചയാളാണ് താനെന്നും എന്നാൽ വാക്ക് പാലിക്കാത്തതിനാലാണ് ടീം ക്യാമ്പ് വിട്ടതെന്നും റോണോ വ്യക്തമാക്കി.

To advertise here,

‘മത്സരത്തിന്റെ അവസാനത്തിൽ, അമേരിക്കയിൽനിന്നുള്ള മടക്കയാത്രാ വിമാനത്തിൽവെച്ചുതന്നെ, ഫെഡറേഷൻ പ്രസിഡന്റ് ഞാൻ വിടപറയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്തു, കാരണം ഫെഡറേഷൻ ഞാൻ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു.’

‘ഉടൻതന്നെ അദ്ദേഹം എന്നോട് നിലവിലെ മുഖ്യ പരിശീലകന്റെ പേരിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചു, അദ്ദേഹം എനിക്ക് വെളിപ്പെടുത്താത്ത മറ്റ് പേരുകൾക്കൊപ്പം ഇദ്ദേഹത്തിന്റേതും പരിഗണിക്കുന്നുണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ, അതൊരു ശരിയായ തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഞാൻ ഫെഡറേഷൻ പ്രസിഡന്റിനോട് പറഞ്ഞു. അതുകൊണ്ടാണ്, നിലവിലെ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ച ദിവസം, ആ തിരഞ്ഞെടുപ്പിൽ ഞാൻ ആത്മാർത്ഥമായി സന്തോഷിച്ചത്. അതൊരു ശരിയായ തീരുമാനമായിരുന്നു’, ക്രിസ്റ്റ്യാനോ പറഞ്ഞു.

‘കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് പുതിയ ദേശീയ ടീം പരിശീലകനിൽനിന്ന് ഒരു ആദ്യ സന്ദേശം ലഭിച്ചു, എന്നെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ സമ്മതിക്കുകയും എന്റെ അവധിക്കാലത്തിന്റെ അവസാനത്തേക്ക് അത് നിശ്ചയിക്കുകയും ചെയ്തു. എന്റെ ക്ലബ്ബ് പ്രീ-സീസൺ പരിശീലന ക്യാമ്പ് നടന്ന സ്ഥലത്തുവെച്ച് ഞങ്ങൾ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തിന്റെ പദ്ധതികളുടെ ഭാഗമാണെന്നാണ് അന്ന് പരിശീലകൻ പറഞ്ഞത്. ഒരു പദ്ധതി അദ്ദേഹം അവിടെവെച്ചുതന്നെ എനിക്കുമുന്നിൽ അവതരിപ്പിച്ചു. ഞാൻ ആദ്യ മത്സരവും അവസാന മത്സരവും കളിക്കുമെന്നും എന്നോട് പറഞ്ഞു.’

‘ആ ഘട്ടത്തിൽ, ഞാൻ ദേശീയ ടീമിനൊപ്പം നോർവേയിലേക്കും ഡെന്മാർക്കിലേക്കും യാത്രചെയ്യാതിരിക്കാനുള്ള സാധ്യത അദ്ദേഹം ഉന്നയിച്ചു. ഞാൻ ആദ്യമത്സരം കളിച്ച് പോർച്ചുഗലിൽത്തന്നെ തുടരണമെന്നും, തുടർന്ന് ഡ്രാഗാവിലെ മത്സരത്തിന് മുമ്പ് വീണ്ടും ടീമിനൊപ്പം ചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഞാൻ ഈ നിർദ്ദേശം ഉടൻതന്നെ നിരസിച്ചു. എനിക്ക് അത് അംഗീകരിക്കാൻ കഴിയില്ല. പോർച്ചുഗലിൽ തുടരുന്നത് ഒരു നല്ല മാതൃകയാകില്ല എന്നതിനാലായിരുന്നു അത്. ഒടുവിൽ പരിശീലകൻ യോജിച്ചു.’

‘ഞാൻ ആ മത്സരം കളിച്ചു, സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടെങ്കിലും, അതിൽ യാതൊരു പ്രശ്നവുമുണ്ടാക്കിയില്ല. കളിക്കാരനും ദേശീയ ടീമിന്റെ ക്യാപ്റ്റനുമെന്ന നിലയിലുള്ള എന്റെ അവസാന മത്സരങ്ങളാകാം ഇതെന്ന് ചെറുതായി പോലും ചിന്തിക്കാതെ, ഞാൻ ബ്രൂണോ ഫെർണാണ്ടസിന് സ്വന്തം കൈകൊണ്ട് ആംബാൻഡ് അണിയിച്ചുനൽകി. അന്ന് എനിക്ക് പ്രധാനപ്പെട്ടത് ഞങ്ങളുടെ വിജയം മാത്രമായിരുന്നു. വിജയം എപ്പോഴും നല്ലതാണ്. പോർച്ചുഗലിലും എന്റെ രാജ്യത്തിനും വേണ്ടിയാകുമ്പോൾ അത് അതിലും മികച്ചതാണ്.

എന്നാൽ, നോർവെയുമായുള്ള മത്സരത്തിൽ എനിക്ക് 30 മിനിറ്റ് കളിക്കാൻ ഫിറ്റ്നസ് ഉണ്ടോ എന്ന് പരിശീലകൻ എന്നോട് ചോദിച്ചു. ഞാൻ എന്റെ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉണ്ട് എന്ന് മറുപടി നൽ‌കി. 30 മിനിറ്റ് കളിക്കാൻ തയ്യാറായിരിക്കണമെന്ന് അദ്ദേഹം മറുപടി നൽകി. ബാക്കിയുള്ളത് എല്ലാവർക്കും അറിയാം. ഞാൻ ഹാഫ് ടൈം മുതൽ വാം-അപ്പ് ചെയ്തു, മിനിറ്റുകൾ കടന്നുപോകുന്നത് കണ്ടു, പക്ഷേ എന്നെ വിളിച്ചില്ല. പരിശീലകൻ എനിക്ക് നൽകിയ വാക്ക് പാലിച്ചില്ല’, ക്രിസ്റ്റ്യാനോ പറഞ്ഞു.

നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ചശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതോടെ താരം ടീം ക്യാമ്പ് വിട്ടു.