ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമപ്രവർത്തകനോട് രൂക്ഷമായി പ്രതികരിച്ച് പോർച്ചുഗൽ കോച്ച് യൊർഗെ ജെസ്യൂസ്. വാർത്താസമ്മേളനത്തിൽ, ക്രിസ്റ്റ്യാനോയോട് മാപ്പ് പറയുമോ എന്ന ചോദ്യമാണ് പരിശീലകനെ ചൊടിപ്പിച്ചത്. സംഭവിച്ച കാര്യങ്ങൾക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും എന്തിനാണ് മാപ്പ് പറയുന്നതെന്ന് ജെസ്യൂസ് ചോദിച്ചു. താനാണ് പരിശീലകനെന്നും തനിക്ക് താത്പര്യമുള്ളവരെയാണ് ടീമിലെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

നോർവെയ്ക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് ശേഷമാണ് ജെസ്യൂസ് വിഷയത്തിൽ പ്രതികരണം നടത്തിയത്. റൊണാൾഡോയോട് മാപ്പ് പറയുമോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ജെസ്യൂസിന്റെ മറുപടിയിങ്ങനെ."എന്തിനാണ് മാപ്പ് പറയുന്നത്? മാപ്പ് പറയാനുള്ള കാരണമെന്താണ്? എല്ലാത്തിനും കാരണം താരത്തിന്റെ വാം-അപ്പാണ്. ആ തീരുമാനത്തിനും സംഭവിച്ച കാര്യങ്ങൾക്കും ഞാൻ ഉത്തരവാദിയാണ്, പക്ഷേ എന്തിനാണ് മാപ്പ് പറയേണ്ടത്? ആരോട്? ഇത് വലിയൊരു തമാശയാണ്." - ജെസ്യൂസ് പറഞ്ഞു.

"ഞാനാണ് പരിശീലകൻ. എനിക്ക് താത്പര്യമുള്ളവരെ ഞാൻ തിരഞ്ഞെടുക്കും. ആരെ വിളിക്കണം, ആര് കളിക്കണം എന്നതിനെക്കുറിച്ച് ഞാൻ ആരോടും അനുവാദം ചോദിക്കാറില്ല. ഒരു കോച്ച് എന്ന നിലയിൽ, വിട്ടുവീഴ്ച ചെയ്യാനാവാത്ത കാര്യങ്ങളുണ്ട്, ഇതിലും വ്യക്തമായി എനിക്ക് പറയാനാവില്ല."-ജെസ്യൂസ് കൂട്ടിച്ചേർത്തു.

"ഇന്ന് എത്ര കളിക്കാർ വാം-അപ്പ് ചെയ്യുകയും എന്നാൽ കളത്തിലിറങ്ങാതിരിക്കുകയും ചെയ്തു? എത്രപേർ? അവരിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? ഇല്ല." അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ ടീമിൽ ക്രിസ്റ്റ്യാനോയുടെ വാതിലുകൾ തുറന്നുതന്നെ കിടക്കുകയാണെന്നും പരിശീലകൻ വ്യക്തമാക്കി. ക്രിസ്റ്റ്യാനോയ്ക്ക് ദേശീയ ടീമിൽ ചേരാമെന്നും ഇപ്പോഴുണ്ടായത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നും ജെസ്യൂസ് പറഞ്ഞു.

‘ക്രിസ്റ്റ്യാനോയുടെ വിധി തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹം അടുത്ത തവണ ദേശീയ ടീമിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് ആയിക്കൂടാ? അവിടെ യാതൊരു വിദ്വേഷവുമില്ല. ഇതൊരു തെറ്റിധാരണ മാത്രമായിരുന്നു, എന്റെ അഭിപ്രായത്തിൽ അത് പരിഹരിക്കാൻ എളുപ്പമാണ്.’-ജെസ്യൂസ് പറഞ്ഞു.

നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ചശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചതും ടീം വിടാൻ പ്രേരിപ്പിച്ചതും.