കൊൽക്കത്ത: സാൾട്ട്‌ലേക്കിൽ ആദ്യ പകുതിയിലുടനീളം നിറഞ്ഞു കളിച്ച ഇന്ത്യ പക്ഷേ രണ്ടാം പകുതിയിൽ കളിമറന്നു. ബ്രസീലിനു പിന്നാലെ യുറഗ്വായ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഒന്നിനെതിരേ ആറ് ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആകാശത്ത് മിന്നൽപിണരുകൾ നിറഞ്ഞപ്പോൾ മൈതാനത്ത് മിന്നൽ വേഗം കൊണ്ട് കൈയടി നേടിയിരുന്നു ഇന്ത്യ. ആദ്യ പകുതിയിലുടനീളം വീറുറ്റ പോരാട്ടവുമായി കളംനിറഞ്ഞ ഖാലിദ് ജമീലിന്റെ സംഘം മികച്ച പ്രസ്സിങ് ഗെയിമും പുറത്തെടുത്തിരുന്നു. 1-2 എന്ന നിലയിൽ പിന്നിലായി ആദ്യ പകുതി അവസാനിപ്പിച്ച ഇന്ത്യയ്ക്ക് പക്ഷേ രണ്ടാം പകുതിയിലുടനീളം പിഴച്ചു.
മാക്‌സി അരൗഹോ നേടിയ രണ്ട് ഗോളുകളും ഡാർവിൻ ന്യൂനസ്, റോഡ്രിഗോ സലാസാർ, സനാബ്രിയ, അഗ്വിറെ എന്നിവരുടെ പ്രകടനവുമാണ് ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി മധ്യനിര താരം അനിരുദ്ധ് ഥാപ്പ ആശ്വാസ ഗോൾ കണ്ടെത്തി.
കളിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച യുറഗ്വായ് 11-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. ഇന്ത്യൻ പ്രതിരോധ താരം പ്രാംവീർ പെനാൽറ്റി ബോക്‌സിനുള്ളിൽ ഫെഡറിക്കോ വിനാസിനെ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ഡാർവിൻ ന്യൂനസ് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
എന്നാൽ ഗോൾ വഴങ്ങിയ ശേഷവും ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ 22-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. മധ്യനിരയിൽ നിന്ന് പന്ത് പിടിച്ചെടുത്ത് റയാൻ വില്യംസ് തൊടുത്ത ശക്തമായ ഷോട്ട് യുറഗ്വായ് ഗോൾകീപ്പർ ത്യാഗോ കർഡോസോ തടഞ്ഞെങ്കിലും കയ്യിലൊതുക്കാനായില്ല. റീബൗണ്ട് ചെയ്ത പന്ത് ഓടിയെത്തിയ മധ്യനിര താരം അനിരുദ്ധ് ഥാപ്പ വലയിലാക്കി. അന്താരാഷ്ട്ര ഫുട്‌ബോളിൽ യുറഗ്വായ്‌ക്കെതിരേ ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് അനിരുദ്ധ് ഥാപ്പ.
മത്സരത്തിന്റെ 25-ാം മിനിറ്റിനു ശേഷം സ്റ്റേഡിയത്തിന് മുകളിൽ കനത്ത ഇടിമിന്നലും മഴയും അനുഭവപ്പെട്ടതോടെ മത്സരം താൽക്കാലികമായി നിർത്തിവെച്ചു. കളിക്കാരും ഭാരവാഹികളും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് കളിക്കാർ വീണ്ടും മൈതാനത്തിറങ്ങുകയും മത്സരം പുനരാരംഭിക്കുകയും ചെയ്തു.
മത്സരം പുനരാരംഭിച്ച ഉടൻ തന്നെ, 29-ാം മിനിറ്റിൽ മാക്‌സി അരൗഹോയിലൂടെ യുറഗ്വായ് മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ബെന്റാങ്കൂറിൽ നിന്ന് പന്ത് സ്വീകരിച്ച നാൻഡെസ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് കൃത്യമായി ബോക്‌സിലെത്തിച്ച് അരൗഹോ ഗോളാക്കി മാറ്റുകയായിരുന്നു.
37-ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിന്റെ മികച്ചൊരു ഗോൾ ശ്രമം ഇന്ത്യൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഗുർപ്രീത് സിങ് സന്ധു അതിസാഹസികമായി തടഞ്ഞിട്ടു. 40-ാം മിനിറ്റിൽ ഇന്ത്യൻ താരം ആഷിഖ് കുരുണിയനെ വീഴ്ത്തിയതിന് യുറഗ്വായുടെ നാൻഡെസ് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് കണ്ടു.
എന്നാൽ രണ്ടാം പകുതിയിൽ യുറഗ്വായ് മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി. 53-ാം മിനിറ്റിൽ ടോറെയ്‌റ നൽകിയ പാസ് ഡാർവിൻ ന്യൂനസ് തലകൊണ്ട് മറിച്ചുകൊടുത്തത് ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടിലൂടെ റോഡ്രിഗോ സലാസാർ വലയിലാക്കി. യുറഗ്വായ് 3-1ന് മുന്നിൽ.
പിന്നാലെ 59-ാം മിനിറ്റിൽ ഫെഡറിക്കോ വിനാസ് നൽകിയ ത്രൂ ബോളിൽ നിന്ന് മാക്‌സി അരൗഹോ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി ലീഡ് 4-1 ആയി ഉയർത്തി. 71-ാം മിനിറ്റിൽ ഇന്ത്യയുടെ കോർണർ കിക്കിന് ശേഷമുള്ള മിന്നൽ കൗണ്ടർ അറ്റാക്കിൽ പെല്ലിസ്ട്രിയുടെ പാസിൽ നിന്ന് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ സനാബ്രിയ യുറഗ്വായ്ക്കായി അഞ്ചാം ഗോളും സ്വന്തമാക്കി.
തുടർന്ന് 86-ാം മിനിറ്റിൽ ബോക്‌സിന്റെ എഡ്ജിൽ നിന്ന് അഗ്വിറെ തൊടുത്ത മനോഹരമായ ഷോട്ട് ഇന്ത്യയുടെ വലയുടെ ടോപ്പ് ലെഫ്റ്റ് കോർണറിൽ പതിച്ചതോടെ ഉറുഗ്വേ 6-1 എന്ന സ്‌കോറിന് വൻ വിജയം പൂർത്തിയാക്കി.
Content Highlights: India trails Uruguay 1-2 at half-time in the international friendly at Salt Lake Stadium., Darwin Nunez scored an early penalty for Uruguay., Anirudh Thapa equalized for India in the 22nd minute., Maxi Araujo scored the second goal for Uruguay following a rain interruption.
Published: 06 Oct 2026, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented