റിയാദ്: സൗദി പ്രോ ലീഗിൽ സുപ്രധാന നീക്കത്തിനൊരുങ്ങി അൽനസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനെ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. പതിനഞ്ചുകാരനെ ടീമിലെത്തിക്കുക വഴി, ക്രിസ്റ്റ്യാനോയേയും മകനേയും ഒരുമിച്ച് കളിപ്പിക്കാൻ ക്ലബ്ബ് ലക്ഷ്യമിടുന്നതായി ഗോൾ.കോം റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കിൽ അടുത്ത സീസണിൽ ഇരുവരും ഒരുമിച്ചുപന്തുതട്ടിയേക്കും.

To advertise here,

നിലവിൽ അൽനസറിന്റെ യൂത്ത് ടീമിലാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിക്കുന്നത്. അവിടെ മിന്നും ഫോമിലാണ് കൗമാരതാരം. അതോടെയാണ് സീനിയർ ടീമിൽ ഉൾപ്പെടുത്താനുള്ള ചർച്ചകളിലേക്ക് ക്ലബ്ബ് കടന്നത്. ലോകത്തിലെ മികച്ച അക്കാദമികളിൽ ഇതിനോടകം തന്നെ പതിനഞ്ചുകാരൻ പന്തുതട്ടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ച മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, യുവന്റസ് ക്ലബ്ബുകളുടെ അക്കാദമികളിലാണ് കൗമാരതാരം കളിച്ചത്.

ക്ലബ്ബിനായി അച്ഛനെ പോലും മകനും ഗോളടിച്ചുകൂട്ടുകയാണ്. ദ സൺ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം അൽനസർ അണ്ടർ-15 ടീമിനായി 27 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളാണ് കൗമാരതാരം അടിച്ചുകൂട്ടിയത്. യുവന്റസ് അക്കാദമിയിൽ കളിക്കുന്ന സമയത്ത് 23 മത്സരങ്ങളിൽ നിന്ന് 58 ഗോളുകളും താരം നേടിയിട്ടുണ്ട്. ഈ പ്രകടനത്തിന്റെ ബലത്തിലാണ് ക്രിസ്റ്റ്യാനോയുടെ മകനെ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നത് ക്ലബ്ബ് ആലോചിക്കുന്നത്. മാത്രമല്ല, മകനൊപ്പം പന്തുതട്ടുന്നതിൽ ക്രിസ്റ്റ്യാനോയ്ക്കും താത്പര്യമുണ്ട്. വിഷയത്തിൽ ഈ സീസണിന്റെ അവസാനം ക്ലബ്ബ് തീരുമാനമെടുക്കും.

അഞ്ചുവട്ടം ബാലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. നിലവിൽ 2027 വരെ താരത്തിന് കരാറുണ്ട്. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം ക്രിസ്റ്റ്യാനോയ്ക്ക് 178 മില്ല്യൺ പൗണ്ട് (2000 കോടി രൂപ) ലഭിക്കും. ക്ലബിൽ 15% ഓഹരിയും താരത്തിനുണ്ട്. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്മർ, കരീം ബെൻസിമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും സൗദി പ്രോ ലീഗിൽ കളിക്കാനെത്തിയിരുന്നു.