റിയാദ്: ഗോൾവേട്ടയിൽ റെക്കോഡിടുന്നത് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശീലമാണ്. സീസണിലെ ആദ്യമത്സരത്തിൽ സൗദി ക്ലബ്ബ് അൽ നസ്റിന് കളിക്കുകയും ഗോൾ നേടുകയും ചെയ്തപ്പോൾ ഒരു റെക്കോഡ് കൂടി സ്വന്തം പേരിലെത്തി. പ്രൊഫഷണൽ ഫുട്ബോളിൽ തുടർച്ചയായി 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടം. സ്വീഡന്റെ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ (24) റെക്കോഡാണ് വഴിമാറിയത്. അർജന്റീനതാരം ലയണൽ മെസ്സി 22 സീസണുകളിൽ തുടർച്ചയായി ഗോൾ നേടിയിട്ടുണ്ട്.

To advertise here,

1000 ഗോൾ എന്ന അപൂർവ റെക്കോഡ് മനസ്സിൽ സൂക്ഷിക്കുന്ന ക്രിസ്റ്റ്യാനോ അതിലേക്ക് ഒരു ചുവടുകൂടി അടുത്തു. 977-ാം ഗോളാണ് വെള്ളിയാഴ്ച പിറന്നത്. 23 ഗോൾ കൂടിയാണ് ഇനി വേണ്ടത്. 2002-03 സീസണിൽ പോർച്ചുഗൽ ക്ലബ്ബ് സ്പോർട്ടിങ് ലിസ്ബണിന് ഗോൾ നേടിയാണ് ക്രിസ്റ്റ്യാനോ സ്‌കോറിങ് തുടങ്ങിയത്. സ്ലാട്ടൻ 1999-2000 മുതൽ 2022-23 സീസൺ വരെയാണ് തുടർച്ചയായി ഗോളടിച്ചത്. സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ എതിരില്ലാത്ത നാല് ഗോളിന് അൽ റിയാദിനെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം ജയം നേടി. പകരക്കാരനായി കളത്തിലെത്തിയ ക്രിസ്റ്റ്യാനോ 83-ാം മിനിറ്റിലാണ് സ്‌കോർ ചെയ്തത്. അബ്ദുള്ള അൽ അമരി (18), എയ്ഞ്ചലോ ഗോമസ് (45), ജാവോ ഫെലിക്സ് (58) എന്നിവരും ലക്ഷ്യം കണ്ടു.

ക്രിസ്റ്റ്യാനോയുടെ ഗോളുകൾ

സ്പോർട്ടിങ് ലിസ്ബൺ - 5

മാഞ്ചെസ്റ്റർ യുണൈറ്റഡ് - 145

റയൽ മഡ്രിഡ് - 450

യുവന്റസ് - 101

അൽ നസ്ർ - 130

പോർച്ചുഗൽ - 146