മദീര: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായതിന് പിന്നാലെ പുതിയ വിവാദം. വിവാഹച്ചടങ്ങിൽ താരത്തിന്റെ അമ്മയോ സഹോദരങ്ങളോ പങ്കെടുത്തിരുന്നില്ല എന്നതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. വിവാഹത്തിന് തൊട്ടുമുൻപ് മാത്രമാണ് റൊണാൾഡോ തന്റെ കുടുംബത്തെ ഈ വിവരം അറിയിച്ചതെന്നാണ് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹമോതിരം ധരിച്ച് ഇരുവരും കൈകൾ ചേർത്തുപിടിച്ച ചിത്രം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
അവസാന നിമിഷമാണ് കുടുംബാംഗങ്ങൾ പോലും വിവാഹവാർത്ത അറിഞ്ഞതെന്നാണ് പോർച്ചുഗീസ് മാധ്യമങ്ങളിലെ റിപ്പോർട്ട്. ഒരു പോർച്ചുഗീസ് ടിവിയിലെ അവതാരകയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. അതോടെ വിഷയം വൻ ചർച്ചയായി മാറി. റൊണാൾഡോ തന്റെ അമ്മയെയും സഹോദരങ്ങളെയും വിവാഹ തീരുമാനത്തെക്കുറിച്ച് അറിയിച്ചത് ചടങ്ങ് തുടങ്ങുന്നതിന് വെറും 30 സെക്കൻഡ് മുൻപ് മാത്രമായിരുന്നുവെന്നാണ് പോർച്ചുഗീസ് ടിവി അവതാരകയായ ക്രിസ്റ്റീന ഫെരേര പറഞ്ഞത്.
കുടുംബം അവിടെ ഇല്ലാതിരുന്നതുകൊണ്ട് ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഒന്നുകിൽ അവർ വിവരം അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ചടങ്ങിന് 30 സെക്കൻഡ് മുൻപ് മാത്രമായിരിക്കണം വിവരം അറിഞ്ഞത്. - ഫെരേര പറഞ്ഞു. അതേസമയം ഫെരേരയുടെ പ്രതികരണത്തിന് പിന്നാലെ സഹഅവതാരകനായ ക്ലോഡിയോ റാമോസ് ഇടപെട്ടു. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന കാര്യങ്ങളിൽ നിന്നാണ് ഇവിടെ സംസാരിച്ചതെന്നും കാര്യങ്ങൾ അതുപോലെയാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോർച്ചുഗീസ് താരത്തിന് വിഷമം ഉണ്ടാകാതിരിക്കട്ടേയെന്നും ക്ലോഡിയോ പ്രതികരിച്ചു.
വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. പുറത്തുവന്ന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ അനുസരിച്ച് ക്രിസ്റ്റ്യാനോയുടെ അമ്മയോ സഹോദരങ്ങളോ ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ചടങ്ങിൽ ദമ്പതികളുടെ അഞ്ച് മക്കളും നാല് സാക്ഷികളും മാത്രമാണ് പങ്കെടുത്തത്. അതേസമയം കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ റൊണാൾഡോയ്ക്കും പങ്കാളി ജോർജിന റോഡ്രിഗസിനും ആശംസകൾ അറിയിച്ചിരുന്നു.
2016-ൽ ഗുച്ചി ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റ് ആയിരുന്നപ്പോഴാണ് ജോർജിനയെ ക്രിസ്റ്റ്യാനോ കണ്ടുമുട്ടുന്നത്. അതിന് മുമ്പ് ക്രിസ്റ്റ്യാനോയ്ക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. ജോർജിനയെ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയും ആ ബന്ധം വളരുകയും ചെയ്തു. ഇപ്പോൾ 10 വർഷം ഒരുമിച്ചു ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. 2025 ഓഗസ്റ്റ് 11 ന് റോഡ്രിഗസ് ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചതിന് കൃത്യം ഒരു വർഷത്തിന് ശേഷമാണ് വിവാഹം നടന്നത്.
Content Highlights: Cristiano Ronaldo and Georgina Rodriguez got married after 10 years together., Ronaldo's mother and siblings did not attend the private ceremony in Portugal., Reports claim the family was informed only 30 seconds before the wedding., Only their five children and four witnesses were present at the ceremony.
Published: 17 Aug 2026, 10:58 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented