ഡാലസ്: ലോകകപ്പിനിടെ വൻ വിവാദങ്ങൾക്ക് വഴിവെച്ചതായിരുന്നു അർജന്റീനയുടെ മത്സരങ്ങളിലെ റഫറിയുടെ തീരുമാനങ്ങൾ. റഫറി പക്ഷപാതപരമായി തീരുമാനങ്ങളെടുക്കുന്നുവെന്നും അർജന്റീനയെ സഹായിക്കുന്നുവെന്നും ആരാധകർ മാത്രമല്ല, എതിർ ടീമിലെ കളിക്കാരും പരിശീലകരുമടക്കം ആരോപിച്ചിരുന്നു. ഈജിപ്തിനെതിരായ മത്സരമാണ് ഈ വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. മത്സരത്തിൽ ഈജിപ്തിന്റെ ഗോൾ നിഷേധിച്ചതും അർജന്റീനയുടെ ഗോൾ അനുവദിച്ചതും വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.

To advertise here,

സമാനമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു വീഡിയോ ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈക്ക് ചെയ്‌തെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ചിലർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്‌പെജോ പബ്ലിക്കോ എന്ന അക്കൗണ്ടിലെ ഒരു വീഡിയോ ആണ് വിവാദത്തിന് ആധാരം. സ്പാനിഷ് മാധ്യമപ്രവർത്തകൻ പിലാർ റോഡ്രിഗസ്, അർജന്റീനയെ ഫിഫ സഹായിച്ചുവെന്ന ഗുരുതരമായ ആരോപണമുന്നയിച്ചു. കിരീടം മെസ്സിക്ക് നൽകുകയാണ് ഫിഫയ്ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ ആണ് ക്രിസ്റ്റ്യാനോ ലൈക്ക് ചെയ്തതായി സാമൂഹികമാധ്യമങ്ങളിലെ അവകാശവാദം.

‘അർജന്റീന കുറഞ്ഞത് അഞ്ച് മത്സരങ്ങൾക്ക് മുൻപെങ്കിലും പുറത്താവേണ്ടതായിരുന്നു! ഫിഫയുടെ സഹായത്തോടെയാണ് അവർ ഇപ്പോഴും ടൂർണമെന്റിലുള്ളത്! അതുകൊണ്ട് എനിക്ക് അർജന്റീനയെ ഒട്ടും ഭയമില്ല. എനിക്ക് ഇൻഫാന്റിനോയെയാണ് കൂടുതൽ ഭയം. നമ്മൾ അർജന്റീനക്കെതിരെ ആയിരിക്കില്ല കളിക്കുക, മറിച്ച് ലോകകപ്പ് ലയണൽ മെസ്സിക്ക് സമ്മാനിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ഫിഫയ്ക്കെതിരെ ആയിരിക്കും കളിക്കുക എന്ന് ഞാൻ കരുതുന്നു.’-സ്പാനിഷ് മാധ്യമപ്രവർത്തകൻ വീഡിയോയിൽ പറയുന്നു

ഇത് ക്രിസ്റ്റ്യാനോ ലൈക്ക് ചെയ്തതായുള്ള വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാദങ്ങൾക്ക് മറ്റൊരു മാനം നൽകുന്നതാണ് പ്രചരിക്കുന്ന ചിത്രങ്ങൾ. അതേസമയം ഇപ്പോൾ ആ വീഡിയോ ക്രിസ്റ്റ്യാനോ ലൈക്ക് ചെയ്തതായി കാണുന്നില്ല. ക്രിസ്റ്റ്യാനോ ലൈക്ക് നീക്കം ചെയ്തതാണോ അതോ വീഡിയോ വ്യാജമായി നിർമിച്ചതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.