ഗ്വാഡലൂപ്: ലോകകപ്പിൽ മൊറോക്കോ - നെതർലൻഡസ് മത്സരം കണ്ണുനനയിക്കുന്ന അനുഭവങ്ങൾക്കുകൂടിയാണ് സാക്ഷ്യംവഹിച്ചത്. മൊറോക്കോയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ടീമിന്റെ രക്ഷകനായി അവതരിച്ചത് കോഡി ഗാക്‌പോ ആയിരുന്നു. മത്സരത്തിന്റെ 72-ാം മിനിറ്റിൽ സമനിലപ്പൂട്ട് പൊളിച്ച് ഗാക്പോ വലകുലുക്കിയപ്പോൾ ഡച്ച് ആരാധകർ ആവേശത്തിലാണ്ടെങ്കിലും, ഗാക്‌പോ ഗ്രൗണ്ടിൽ മുഖംപൊത്തിക്കരയുകയായിരുന്നു.

To advertise here,

വെറുമൊരു ഗോൾ നേട്ടത്തിന്റെ ആനന്ദക്കണ്ണീരായിരുന്നില്ല അത്, മറിച്ച് കുഞ്ഞ് നഷ്ടപ്പെട്ട ഒരു പിതാവിന്റ വേദനകൂടിയായിരുന്നു. ജനിക്കാൻ പോകുന്ന തങ്ങളുടെ ആൺകുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒക്ടോബറിൽ ജനിക്കേണ്ടിയിരുന്ന കുഞ്ഞിന്റെ വിയോഗം കടുത്ത മാനസിക വിഷമമുണ്ടാക്കിയെങ്കിലും, രാജ്യത്തിനായി ലോകകപ്പ് കളത്തിൽ തുടരാൻ ഗാക്പോ തീരുമാനിക്കുകയായിരുന്നു.

സമ്മർവില്ലെയുടെ അസിസ്റ്റിൽനിന്ന് മൊറോക്കൻ ഗോൾകീപ്പർ ബോണോയെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ച ശേഷം, ആവേശം പ്രകടിപ്പിക്കുന്നതിന് പകരം ഗാക്പോ മൈതാനത്ത് തളർന്നിരുന്നു. സഹതാരത്തിന്റെ വേദന മനസ്സിലാക്കിയ ഡച്ച് ടീമിലെ മുഴുവൻ കളിക്കാരും റിസർവ് ബെഞ്ചിൽനിന്നുള്ളവരും ഓടിയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.