ആദ്യമായി ലോകകപ്പിനെത്തുന്ന പകപ്പൊന്നുമില്ലാതെ കളത്തിലിറങ്ങി സ്‌പെയിനിനെയും ഫുട്‌ബോൾ ലോകത്തെയും ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം. ആഫ്രിക്കയിലെ വൻകരയിലെ ഈ രാജ്യം പോർച്ചുഗലിന്റെ പഴയ കോളനിയായിരുന്നു. ഇപ്പോഴിതാ ആ കുഞ്ഞൻ രാജ്യം ലോകകപ്പ് വേദിയിൽ നിലവിലെ യൂറോ കപ്പ് ജേതാക്കളും ടൂർണമെന്റ് ഫേവറിറ്റുകളുമായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടി ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയന്റ് നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആദ്യ ലോകകപ്പ് മത്സരം കളിച്ച ക്യുറാസോയെ ജർമനി 7-1ന് തകർത്തു വിട്ടതുകണ്ടാണ് ആരാധകർ സ്‌പെയിൻ - കേപ് വെർദെ മത്സരം കാണാനിറങ്ങിയത്. സ്‌പെയിൻ ഗോളടിച്ചുകൂട്ടുന്നത് കാണാൻ കാത്തിരുന്നവരെ ഞെട്ടിച്ച് കേപ് വെർദെ പുറത്തെടുത്തത് മികച്ച പ്രതിരോധക്കളി. ആകെ ആറു ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള രാജ്യത്തിന് ആഹ്ലാദിക്കാൻ മറ്റെന്ത് വേണം.
സ്പാനിഷ് സംഘത്തെ പിടിച്ചുകെട്ടാൻ അവരെ സഹായിച്ചതിൽ പ്രധാനം 40 വയസുകാരൻ ഗോൾകീപ്പർ വോസിന്യയുടെ പ്രകടനമായിരുന്നു. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വോസിന്യ മത്സരം ആരംഭിച്ചത്. സ്‌പെയിൻ താരങ്ങളായ ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം ഗോളെന്നുറച്ച എട്ടോളം ഷോട്ടുകളാണ് വോസിന്യ തടുത്തിട്ടത്. കടുപ്പമേറിയ കേപ് വെർദെ പ്രതിരോധത്തെ മറകടന്നാലും സ്‌പെയിനിന് മുന്നിൽ വോസിന്യ മതിലുപോലെ നിന്നു.
യോസിമാർ ജോസ് എവോറ ഡിയാസ് എന്നാണ് വോസിന്യയുടെ മുഴുവൻ പേര്. കേപ് വെർദെയിലെ മിൻഡെലോയിൽ ജനിച്ച ഇദ്ദേഹം 2012-ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീമിനായി 81 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് ഈ 40-കാരൻ ലോകകപ്പിനെത്തിയത്.
2007-ൽ കേപ് വെർദെയിലെ ബടുക് എഫ്സിയിലൂടെയാണ് വോസിന്യ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. തുടർന്ന് അംഗോള, മോൾഡോവ, പോർച്ചുഗൽ, സൈപ്രസ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ചു. നിലവിൽ പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസിനു വേണ്ടിയാണ് വോസിന്യ കളിക്കുന്നത്.
സ്‌പെയിനെതിരാ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ പെഡ്രി എടുത്ത കോർണറിൽ നിന്നുള്ള ഐമറിക് ലപോർട്ടെയുടെ ഗോളെന്നുറച്ച ഷോട്ട് വോസിന്യ രക്ഷിച്ചെടുത്തത് അദ്ഭുതത്തോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്. എട്ടു ഷോട്ടുകളാണ് മത്സരത്തിൽ സ്‌പെയിൽ പോസ്റ്റ് കണക്കാക്കി അടിച്ചത്. എട്ടും പക്ഷേ വോസിന്യ നിഷ്പ്രഭമാക്കി.
Content Highlights: Cape Verde secured a historic 0-0 draw against Spain in their first-ever World Cup match., 40-year-old goalkeeper Vozinha made 8 crucial saves to keep a clean sheet., Vozinha is now the second-oldest player to debut in a World Cup tournament., The match highlighted Cape Verde's disciplined defensive strategy against tournament favorites.
Published: 16 Jun 2026, 12:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented