ബ്രസീലിയ: മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ (86) അന്തരിച്ചു. ബ്രസീലിന്റെ 1970-ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഈ പ്രതിരോധ താരം തന്റെ കരിയറിലുടനീളം ദേശീയ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

To advertise here,

മെക്‌സിക്കോയിൽ നടന്ന 1970-ലെ ലോകകപ്പിൽ ബ്രസീൽ കിരീടം ചൂടിയപ്പോൾ പ്രതിരോധത്തിന്റെ നെടുംതൂണായിരുന്നു സെന്റർ ബാക്കായിരുന്ന ബ്രിട്ടോ. ആ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ചു. വിൽസൺ പിയാസയുമായി ചേർന്ന് അദ്ദേഹം തീർത്ത കരുത്തുറ്റ പ്രതിരോധം പെലെ, ജെർസിഞ്ഞോ, റിവെലിനോ തുടങ്ങിയ മുന്നേറ്റ നിര താരങ്ങൾക്ക് ആത്മവിശ്വാസത്തോടെ കളിക്കാൻ അടിത്തറയൊരുക്കി.

1964-നും 1972-നും ഇടയിൽ ബ്രസീലിനായി 61 മത്സരങ്ങളിൽ ബ്രിട്ടോ ബൂട്ടണിഞ്ഞു. 1970-ന് പുറമെ 1966-ലെ ലോകകപ്പിലും ബ്രസീലിനെ പ്രതിനിധീകരിച്ചിരുന്നു. 1971-ലെ കോപ്പ റോക്ക, 1972-ലെ ടാക്ക ഇൻഡിപെൻഡൻസിയ എന്നീ കിരീടങ്ങൾ നേടുന്നതിലും അദ്ദേഹം പങ്കാളിയായി.

വാസ്‌കോ ഡ ഗാമയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ബ്രിട്ടോ, ബ്രസീലിലെ പ്രമുഖ ക്ലബ്ബുകളായ ഫ്‌ളെമിംഗോ, ക്രൂസീറോ, ഇന്റർനാഷണൽ, കൊറിന്ത്യൻസ്, ബോട്ടഫോഗോ എന്നിവർക്കായും കളിച്ചിട്ടുണ്ട്.

ബ്രസീൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളാണ് ബ്രിട്ടോ എന്ന് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് സമീർ ഷൗദ് അനുസ്മരിച്ചു. 1970-ലെ ലോകകപ്പ് വിജയത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.