കൊൽക്കത്തയിൽ ഇന്ത്യക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയിയായി ബംഗ്ലാദേശിലെ ധാക്കയിൽ പരിശീലന ക്യാമ്പ് നടത്താൻ ബ്രസീൽ ടീം. ബ്രസീലിന്റെ പ്രതിനിധി സംഘം ധാക്ക സന്ദർശിച്ചിരുന്നുവെന്നും എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബംഗ്ലാദേശ് ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി. അഞ്ച് അംഗങ്ങളുള്ള പ്രതിനിധി സംഘം ഓഗസ്റ്റ് 23-നാണ് ധാക്കയിലെത്തിയത്. അവർ നാഷണൽ സ്‌റ്റേഡിയം, ബസുന്ദര കിങ്സ് അരീന, ചില ഹോട്ടലുകൾ എന്നിവ സന്ദർശിച്ചു.

To advertise here,

അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളുടെ നിർമാണം, പിച്ചുകളുടെ വികസനം, കോച്ചിങ്, സ്‌പോർട്‌സ് സയൻസ്, സൗഹൃദ മത്സരങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഇരു ഫെഡറേഷനുകളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനോടൊപ്പം പ്രതിനിധി സംഘം പിച്ചുകളുടെയും ചുറ്റുമുള്ള സൗകര്യങ്ങളുടെയും അവസ്ഥ വിലയിരുത്തുകയും ചെയ്തു. സെപ്റ്റംബർ 25, 29 തീയതികളിൽ ടൗൺസ്വില്ലെയിലും ബ്രിസ്ബെയ്നിലും ഓസ്ട്രേലിയക്കെതിരെ കളിച്ച ശേഷമാണ് ബ്രസീൽ കൊൽക്കത്തയിലേക്ക് വരുന്നത്.

ഒക്ടോബർ മൂന്നിന് ഇന്ത്യക്കെതിരായ മത്സരവേദിയായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പിച്ചിന്റെ അവസ്ഥയെ കുറിച്ച് ആശങ്കകൾ ഉയർന്നതിന് പിന്നാലെയാണ് ബ്രസീലിന്റെ ധാക്ക സന്ദർശനം. പിച്ചിൽ പുല്ല് കുറവാണെന്നും പ്രതലം നിരപ്പല്ലെന്നും ടർഫ് പരിപാലിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകളും ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ ചൂണ്ടിക്കാണിച്ചതായി റിപ്പോർട്ടുണ്ട്. പിച്ചിന്റെ നിലവിലെ അവസ്ഥ ബ്രസീലിയൻ താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങളെ ഇത് ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സാമ്പത്തിക ബാധ്യതകളുടെ പേരിൽ ഈ മത്സരത്തിനെതിരെ നേരത്തെയും വിമർശനങ്ങളുയർന്നിരുന്നു. ബ്രസീലിനെ കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ 50-70 കോടി രൂപ ചിലവഴിക്കുന്നുവെന്ന വാർത്തകളെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ ചോദ്യം ചെയ്തിരുന്നു. അത്തരം ചെലവുകൾ ബംഗാളിലെ ആഭ്യന്തര ഫുട്‌ബോളിന്റെയും ഗ്രാസ്റൂട്ട് വികസനത്തിന്റെയും പേരിൽ ആകരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആസിയാൻ കപ്പിൽനിന്ന് ടീം പിന്മാറിയതിൽ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിക്കാൻ പോലും ബൂട്ടിയ ഫുട്‌ബോൾ ആരാധകരോട് ആഹ്വാനം ചെയ്തിരുന്നു.