ന്യൂയോർക്ക്: ലോകകപ്പിൽ ബെൽജിയം - സെനഗൽ നോക്കൗട്ട് മത്സരത്തിനിടെ വൻ സുരക്ഷാവീഴ്ച. 31-ാം മിനിറ്റിൽ സെനഗൽ ലീഡ് ചെയ്തുനിൽക്കേ മൂന്ന് കാണികൾ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തേക്ക് ഇരച്ചുകയറി. ഇതോടെ മത്സരം ഒരുമിനിറ്റിലധികം തടസ്സപ്പെട്ടു. മൈതാനത്തേക്ക് ഇറങ്ങാൻ ശ്രമിച്ച മറ്റു രണ്ടുപേരും ഉൾപ്പെടെ അഞ്ചുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇവരെ പിന്നീട് കിങ് കൗണ്ടി ജയിലിലേക്ക് മാറ്റി.

To advertise here,

ഒരാൾ ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം അടങ്ങിയ ടീഷർട്ട് ധരിച്ചിരുന്നു. മറ്റൊരാളുടെ ടീഷർട്ടിൽ ഏഷ്യൻ വംശജരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള സന്ദേശമാണുണ്ടായിരുന്നത്. മൂന്നുപേരും അത്യാധുനിക മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ധരിച്ച് തങ്ങളുടെ അതിക്രമം തത്സമയം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ടെലിവിഷൻ സംപ്രേക്ഷണത്തിൽ ഇവരെ ആദ്യം കാണിച്ചെങ്കിലും, ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്ന നയത്തിന്റെ ഭാഗമായി ക്യാമറകൾ ഉടനടി മറ്റു ദൃശ്യങ്ങളിലേക്ക് മാറ്റി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയ ലോകകപ്പ് വേദിയിലാണ് ഈ ലംഘനം ഉണ്ടായതെന്നത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

 

അതിനിടെ മത്സരത്തിൽ അവാസാന മിനിറ്റുകളിൽ ബെൽജിയം ജയിച്ചുകയറി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആദ്യപകുതിയിൽ ഹബീബ് ഡിയാരയിലൂടെയും ഇസ്മയിലെ സറിലൂടെയും സെനഗൽ ലീഡ് ചെയ്തു. അവസാന പത്ത് മിനിറ്റിൽ റൊമേലു ലുക്കാക്കുവിലൂടെയും യൂറി ടിലമൻസിലൂടെയും രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബെൽജിയം വമ്പൻ തിരിച്ചുവരവ് നടത്തി. ഒടുവിൽ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ പെനാൽറ്റി ഗോളിലൂടെ ബെൽജിയം വിജയം സ്വന്തമാക്കുകയായിരുന്നു.