
കാലിഫോർണിയ: തുടരെത്തുടരെ ആക്രമണപ്രത്യാക്രമണങ്ങൾ കണ്ട മത്സരം...67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ലഭിച്ച ചുവപ്പ് കാർഡ്. ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ ഇറാനും ബെൽജിയവും സമനിലയിൽ പിരിഞ്ഞു. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആർക്കും വലകുലുക്കാനാവാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും രണ്ടാം സമനിലയാണിത്.
മത്സരം ആരംഭിച്ചതുമുതൽ ഗോൾ ലക്ഷ്യമിട്ട് ബെൽജിയം ആക്രമണമായിരുന്നു. ഒന്നിന് പിറകേ ഒന്നായി ബെൽജിയത്തിന്റെ മുന്നേറ്റനിര ഇറാൻ ഗോൾമുഖത്ത് ഇരച്ചെത്തി. റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസ്സാർഡും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ഒട്ടേറെ അവസരങ്ങളാണ് ഇവർ സൃഷ്ടിച്ചത്. പലപ്പോഴും ഗോളിനടുത്തെത്തി. എന്നാൽ ഇറാൻ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരങ്ങളിൽ ഇറാനും മുന്നേറി. 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് തന്ത്രപരമായി ഇറാൻ വലകുലുക്കി. ഇറാൻ താരങ്ങൾ ഗോളാഘോഷവും നടത്തി. എന്നാൽ വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.
പിന്നാലെ ബെൽജിയം ഗോളിനായി മുന്നേറിക്കൊണ്ടേയിരുന്നു. ഇറാൻ താരങ്ങൾ പ്രതിരോധിക്കാൻ നന്നായി ബുദ്ധിമുട്ടി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ എണ്ണമറ്റ മുന്നേറ്റങ്ങളാണ് ബെൽജിയം നടത്തിയത്. എന്നാൽ ഗോൾ മാത്രം അകന്നു. ഇറാൻ കെട്ടിയ പ്രതിരോധക്കോട്ട മറികടക്കാൻ ബെൽജിയത്തിന്റെ പേരുകേട്ട മുന്നേറ്റത്തിന് സാധിച്ചില്ല. അതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഇരുടീമുകളും മികച്ച നീക്കങ്ങളാണ് ടീമുകൾ നടത്തിയത്. അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയത് ബെൽജിയമായിരുന്നു. ഇറാൻ ഗോൾകീപ്പറുടെ ഉജ്ജ്വല സേവുകളാണ് ബെൽജിയത്തിന്റെ ഗോളെന്നുറച്ച ഷോട്ടുകളെ തടുത്തിട്ടത്. എന്നാൽ ഇറാനും വിട്ടുകൊടുത്തില്ല. മെഹദി തരേമിയും ജഹൻബക്ഷും ഗോളിനടുത്തെത്തി. ബെൽജിയം ഗോളി കോർട്ടുവായുടെ മികച്ച സേവുകളാണ് രക്ഷക്കെത്തിയത്. മത്സരം 60 മിനിറ്റ് പിന്നിട്ടപ്പോഴും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. 66-ാം മിനിറ്റിൽ ബെൽജിയം പ്രതിരോധതാരം നതാൻ എൻഗോയ്ക്ക് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോവേണ്ടിവന്നു. പന്ത് പിറകിലേക്ക് പാസ് നൽകുന്നതിൽ താരത്തിന് പിഴച്ചു. ഉടൻ തന്നെ മുന്നേറിയ മെഹദി തരേമിയെ എൻഗോയ് ഫൗൾ ചെയ്തു. അതോടെ റഫറി ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു.
ബെൽജിയം പത്തുപേരായി ചുരുങ്ങിയതോടെ ഇറാൻ ഗോളിനായി ആഞ്ഞുശ്രമിച്ചു. പിന്നീട് ഇറാനായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. പലതവണ ഇറാൻ ഷോട്ടുതിർത്തെങ്കിലും ബെൽജിയം ഗോൾകീപ്പർ സേവുകളുമായി കളംനിറഞ്ഞു. ബെൽജിയത്തിന്റെ കൗണ്ടർ അറ്റാക്കുകൾ ഇറാനും പ്രതിരോധിച്ചു. അതോടെ മത്സരം സമനിലയിൽ അവസാനിച്ചു.
Content Highlights: Comprehensive coverage of the Belgium vs Iran 2026 FIFA World Cup fixture., Analysis of team strengths and tactical expectations for the 2026 tournament., Official match scheduling and venue information for fans.
Published: 22 Jun 2026, 02:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented