സാൻ ഫ്രാൻസിസ്കോ: ബോസ്നിയയും യുഎസ്എയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ യുഎസ് താരം ഫൊളാരിൻ ബലോഗന് റെഡ് കാർഡ് ലഭിച്ചിരുന്നു. യുഎസിനെ മുന്നിലെത്തിച്ച ഗോൾ നേടിയത് ബലോഗനായിരുന്നു. തുടർന്ന് 64-ാം മിനിറ്റിലാണ് താരത്തിന് മാർച്ചിങ് ഓർഡർ ലഭിക്കുന്നത്. എന്നാൽ ഈ സംഭവത്തിനു പിന്നാലെ വീണ്ടും ചർച്ചയാകുന്നത് ലയണൽ മെസ്സിക്ക് സമാനമായ ഫൗളിന് കാർഡ് നൽകാതിരുന്ന റഫറിയുടെ നടപടിയാണ്.
യുഎസ് - ബോസ്നിയ മത്സരത്തിൽ പന്തിനായുള്ള പോരാട്ടത്തിനിടെ അബദ്ധത്തിൽ ബോസ്നിയൻ താരം താരിക് മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിനായിരുന്നു റെഡ് കാർഡ്. റഫറി റാഫേൽ ക്ലോസ് ആദ്യം കാർഡ് നൽകിയിരുന്നില്ലെങ്കിലും, വാർ പരിശോധനയ്ക്കു ശേഷം റെഡ് കാർഡുയർത്തുകയായിരുന്നു.
അൾജീരിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ ലയണൽ മെസ്സി അൾജീരിയൻ ക്യാപ്റ്റൻ ഐസ മാൻഡിയെ സമാനമായ രീതിയിൽ ഫൗൾ ചെയ്തിരുന്നു. മെസ്സിയുടെ ബൂട്ട് മാൻഡിയുടെ കാലിന് പിന്നിലും അക്കില്ലസ് ടെൻഡണിലും (കണങ്കാലിലെ പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന ബലമേറിയ നാരുകൾ) തട്ടുന്നത് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു.
എന്നാൽ ആ മത്സരത്തിലെ റഫറി ഷിമോൺ മാർസിനിയാക് മെസ്സിക്ക് ഒരു മഞ്ഞ കാർഡ് പോലും നൽകിയില്ല. ആ സമയത്ത് വാർ പരിശോധന നടന്നുവെങ്കിലും റഫറിയോട് തീരുമാനം പുനഃപരിശോധിക്കാൻ നിർദേശിച്ചതുമില്ല. ഈ സംഭവം അന്നു തന്നെ വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
ബലോഗന് റെഡ് കാർഡ് ലഭിച്ച അതേ ഫൗൾ ചെയ്തിട്ടും മെസ്സിക്ക് ശിക്ഷ ലഭിക്കാതിരുന്നതിനെ 'ഫിഫയുടെ ഇരട്ടനീതി' എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ബാലോഗന് ലഭിച്ച ശിക്ഷയെക്കുറിച്ച് യുഎസ്എ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയും അതൃപ്തി രേഖപ്പെടുത്തി. ഇത് ഒരിക്കലും ഒരു ചുവപ്പ് കാർഡ് അർഹിക്കുന്ന കുറ്റമല്ലെന്നും പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ സംഭവിക്കുന്ന സ്വാഭാവികമായ നീക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കാർഡ് ലഭിച്ചതോടെ ഇനി ബെൽജിയത്തിനെതിരായ പ്രീ ക്വാർട്ടർ മത്സരം ബലോഗന് നഷ്ടമാകും. ഈ സസ്പെൻഷനെതിരേ അപ്പീൽ നൽകാൻ യുഎസ്എയ്ക്ക് സാധിക്കില്ല.
Content Highlights: Folarin Balogun received a red card against Bosnia following a VAR review., Fans and coach Mauricio Pochettino argue the challenge was accidental and not red-card worthy., Comparison drawn to a similar incident involving Lionel Messi, which went unpunished., Balogun is suspended for the upcoming pre-quarterfinal match against Belgium., The incident has sparked widespread criticism regarding inconsistent VAR application.
Published: 02 Jul 2026, 12:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented