
ബ്യൂണസ് ഏറീസ്: സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആറാം ലോകകകപ്പ് കളിക്കുമോ എന്ന ആശങ്കയിലാണ് അർജന്റീന ആരാധകർ. മെസ്സിയുടെ പരിക്ക് ആശങ്കാജനകമല്ലെന്നാണ് കോച്ച് ലയണൽ സ്‌കളോനി പറയുന്നത്. എന്നാൽ, ലോകകപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ മെസ്സിയുടെ പരിക്ക് മാത്രമല്ല, അർജന്റീനയുടെയും സ്‌കളോനിയുടെയും തലവേദന. മെസ്സിക്ക് പുറമെ, ഇപ്പോൾ പ്രഖ്യാപിച്ച ടീമിലെ അര ഡസനോളം താരങ്ങളെങ്കിലും പരിക്കിന്റെ പിടിയിലാണ്.
ഖത്തർ ലോകകപ്പിന്റെ ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വലത് കൈയിന്റെ മോതിരവിരലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. കഴിഞ്ഞയാഴ്ച യൂറോപ്പ ലീഗ് ഫൈലനിന് മുന്നോടിയായുള്ള വാംഅപ്പിനിടെയാണ് മാർട്ടിനെസിന് വലത് കൈയിന്റെ മോതിര വിരലിന് പരിക്കേറ്റത്. എന്നാൽ, ഫ്രെയ്ബർഗിനെതിരായ മത്സരത്തിൽ മാർട്ടിനെസ് കളിച്ചിരുന്നു. ഇതാണ് അർജന്റീനയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകം.
ടോട്ടനം പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോയാണ് പരിക്കേറ്റ മറ്റൊരു താരം. വലതു കാൽമുട്ടിനാണ് പരിക്ക്. റൈറ്റ് ബാക്കുകളായ അത്‌ലറ്റികോയുടെ നാവൽ മൊളീനയും റിവർ പ്ലേറ്റിന്റെ ഗോൺസാലോ മോണ്ടിയലും പേശിക്ക് പരിക്കേറ്റ് വിശ്രമത്തിലാണ്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് വിലയിരുത്തപ്പെടുന്ന നിക്കോ പാസിന് മുട്ടിനേറ്റ പരിക്ക് കാരണം സീരി എയിലെ കോമോയുടെ അവസാന മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. പേശിക്ക് പരിക്കേറ്റ അത്‌ലറ്റിക്കോ വിങ്ങർ നിക്കോളസ് ഗോൺസാലസും വിശ്രമത്തിലാണ്.
പരിക്ക് അലട്ടുന്ന ഈ കളിക്കാർ ആരും തന്നെ ലോകകപ്പിന് മുന്നോടിയായി വരുംദിവസങ്ങളിൽ നടക്കേണ്ട അർജന്റീനയുടെ സന്നാഹ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇതിനുവേണ്ടി ഏതാനും താരങ്ങളെ കൂടി കോച്ച് സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾകീപ്പർ സാന്റിയാഗോ ബെൽട്രാൻ, വിങ്ങർ ജോക്വിം ഫ്രെയ്റ്റസ് (റിവർപ്ലേറ്റ്), മിഡ്ഫീൽഡർമാരായ തോമസ് ആരാൻഡ (ബൊക്ക ജൂനിയേഴ്‌സ്), മിനോൺ എസ്‌കോബാർ (വെലെസ് സാഴ്‌സ്ഫീൽഡ്), ഡിഫൻഡർ ഇഗ്‌നാഷ്യോ ഒവാൻഡോ (റൊസാരിയോ സെൻട്രൽ), ഫുൾബാക്കുകളായ നിക്കോളസ് കപാൽഡോ (ഹാംബർഗ്), അഗൂസ്റ്റിയൻ ജിയേ (പാൽമെയ്‌രാസ്) എന്നിവരെയാണ് ടീമിലേയ്ക്ക് വിളിച്ചിരിക്കുന്നത്. ജൂൺ ആറിന് ടെക്സസിൽ ഹോണ്ടുറാസിനെതിരേയും ഒൻപതിന് ഒബോൺ അലാബാമയിൽ ഐസ്‌ലൻഡിനെതിരെയുമാണ് അർജന്റീനയുടെ സന്നാഹമത്സരങ്ങൾ. ജൂൺ പതിനാറിന് അൾജീരിയയ്‌ക്കെതിരെയാണ് ലോകകപ്പ് ഫൈനൽ റൗണ്ടിലെ അവരുടെ ആദ്യ മത്സരം. ഓസ്ട്രിയയും ജോർദനുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ.
അവസാന ടീം പ്രഖ്യാപിക്കേറ്റ ജൂൺ രണ്ടിന് മുൻപ് തന്നെ ഈ കളിക്കാരുടെയെല്ലാം പരിശോധന പൂർത്തിയാക്കുമെന്ന് സ്‌കോളോനി അറിയിച്ചു.
Published: 27 May 2026, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented