കൊല്‍ക്കത്ത: കാലാവധി കഴിയുന്നതിന് മുന്നേ കരാര്‍ അവസാനിപ്പിച്ച് ക്ലബ്ബ് മാറിയ ഇന്ത്യന്‍ പ്രതിരോധ താരം അന്‍വര്‍ അലിക്കെതിരേ നടപടി സ്വീകരിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയ താരത്തിന് നാലുമാസത്തെ വിലക്കേര്‍പ്പെടുത്തി. കൂടാതെ 12.90 കോടി രൂപ പിഴയുമടക്കണം. അന്‍വര്‍ അലിയും ഡല്‍ഹി എഫ്.സി.യും ഈസ്റ്റ് ബംഗാളും ചേര്‍ന്നാണ് ഈ പിഴയടയ്‌ക്കേണ്ടത്. ഇരു ക്ലബ്ബുകള്‍ക്കും അടുത്ത രണ്ട് സീസണുകളില്‍ ട്രാന്‍സ്ഫര്‍ വിലക്കും ഏര്‍പ്പെടുത്തി.
മോഹന്‍ ബഗാനുമായുള്ള നാലുവര്‍ഷക്കരാറാണ് അന്‍വര്‍ അലിക്കുണ്ടായിരുന്നത്. കഴിഞ്ഞ ജൂലായ് ഒന്‍പതിന് കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച് തന്റെ മാതൃക്ലബ്ബായ ഡല്‍ഹി എഫ്.സി.യിലേക്ക് മടങ്ങി. 24 മണിക്കൂര്‍ പൂര്‍ത്തിയാവുംമുന്നേ തന്നെ അലി ട്രാന്‍സ്ഫര്‍ കരാറില്‍ ഈസ്റ്റ് ബംഗാളിലെത്തി. ഡല്‍ഹി എഫ്.സി.യും ഈസ്റ്റ് ബംഗാളും അന്‍വര്‍ അലിയും ചേര്‍ന്നുള്ള ത്രികക്ഷി ട്രാന്‍സ്ഫര്‍ കരാറില്‍ അഞ്ചുവര്‍ഷത്തേക്കാണ് ഒപ്പുവെച്ചത്. ട്രാന്‍സ്ഫര്‍ തുകയായി 2.5 കോടി രൂപ ഈസ്റ്റ് ബംഗാള്‍ ഡല്‍ഹി എഫ്.സി.ക്ക് നല്‍കി.
കൂടാതെ അഞ്ചുവര്‍ഷത്തേക്ക് 24 കോടി രൂപ അന്‍വറിന് ശമ്പളമായി നല്‍കുമെന്നും ധാരണയായി. ലോയല്‍റ്റി ബോണസായ 8.5 കോടി രൂപ ഉള്‍പ്പെടെയാണിത്. ഇതിനിടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എന്‍.ഒ.സി. ലഭിക്കുന്നതിനായി അന്‍വര്‍ എ.ഐ.എഫ്.എഫിന്റെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയെ (പി.എസ്.സി.) സമീപിച്ചിരുന്നു. മോഹന്‍ ബഗാനുമായുള്ള കരാര്‍ അവസാനിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് പി.എസ്.സി. വ്യക്തമാക്കിയെങ്കിലും എന്‍.ഒ.സി. നല്‍കി.
കഴിഞ്ഞ ഓഗസ്റ്റ് 22-ന് കേസ് പരിഗണിച്ച പി.എസ്.സി. അന്തിമ വിധി പറയുന്നതിനായി സെപ്റ്റംബര്‍ 10-ലേക്ക് മാറ്റി. തുടര്‍ന്നാണ് അന്‍വറിന് നാലുമാസത്തെ കായിക വിലക്കും ഈസ്റ്റ് ബംഗാള്‍, ഡല്‍ഹി എഫ്.സി. ടീമുകള്‍ക്ക് രണ്ടു സീസണുകളില്‍ ട്രാന്‍സ്ഫര്‍ വിലക്കും അന്‍വറും രണ്ട് ക്ലബ്ബുകളുംകൂടി 12.9 കോടി രൂപ മോഹന്‍ ബഗാന് നഷ്ടപരിഹാരം നല്‍കാനും വിധിയായത്.
ത്രികക്ഷി കരാര്‍ പ്രകാരം പിഴയുടെ പകുതി അന്‍വര്‍ അടക്കണം. ബാക്കി ഈസ്റ്റ് ബംഗാളും അടയ്‌ക്കേണ്ടി വരും. കൂടാതെ അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ കളിക്കാരുമായി കരാറൊപ്പിടാനുമാവില്ല. അടുത്ത സീസണിലെ ആദ്യ ഐ.എസ്.എല്‍. മത്സരം മുതലായിരിക്കും അന്‍വറിന്റെ വിലക്ക് തുടരുക.
Content Highlights: anwar ali handed suspension by aiff and 12.90 crore fine
Published: 10 Sept 2024, 06:47 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented