
മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ, എസ്റ്റാഡിയോ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ എൺപതിനായിരത്തിലധികം വരുന്ന ആരാധകരുടെ പിന്തുണ ആതിഥേയരായ മെക്‌സിക്കോയ്ക്കുണ്ടാകും. സ്റ്റേഡിയത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് അതിലുമപ്പുറം അവർക്ക് ഗുണം ചെയ്യും.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം നടക്കുന്നതിനാൽ, കടുത്ത ഉച്ചവെയിൽ ഇരുടീമുകളുടെയും ശാരീരികക്ഷമതയെ പരീക്ഷിക്കുമെന്നുറപ്പാണ്. എന്നാൽ സമുദ്രനിരപ്പിൽനിന്ന് 7,300 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റേഡിയമാണെന്നതിനാൽ അത് മത്സരത്തെ വളരെയധികം സ്വാധീനിക്കും. ഇത്രയും ഉയരത്തിലുള്ള സ്റ്റേഡിയങ്ങൾ ലോകത്ത് വളരെ കുറച്ചേയുള്ളൂ. ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത കളിക്കാർക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക, ഹൃദയമിടിപ്പ് ഉയരുക, ആധുനിക അന്താരാഷ്ട്ര ഫുട്‌ബോളിന് ആവശ്യമായ വേഗത നിലനിർത്താൻ കഴിയാതെ വരിക എന്നിവ സാധാരണമാണ്. ഇത് ദക്ഷിണാഫ്രിക്കയെ പ്രതികൂലമായി ബാധിച്ചേക്കാം.
സ്വന്തം നാട്ടിലെ ഈ സാഹചര്യങ്ങൾ മെക്‌സിക്കോയ്ക്ക് ഏറെ പരിചിതമാണ്. കാണികളുടെ പിന്തുണകൂടി കൈവരുമ്പോൾ ആത്മവിശ്വാസവും ഇരട്ടിക്കും. ഉയരത്തിലുള്ള ഈ കാലാവസ്ഥ തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസം മെക്‌സിക്കൻ ഫുട്‌ബോൾ ലോകത്ത് പണ്ടേയുള്ളതാണ്, ചരിത്രവും ഇത് ശരിവയ്ക്കുന്നുണ്ട്. 1986-ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനൽവരെ എത്തിയതാണ് മെക്‌സിക്കോയുടെ ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ വെസ്റ്റ് ജർമനിയോട് തോറ്റാണ് പുറത്തായത്.
ഈയൊരു കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടാഴ്ചയെങ്കിലും ചെലവഴിക്കണമെന്നാണ് കായിക ശാസ്ത്രജ്ഞർ പറയുന്നത്. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനും ഓക്‌സിജൻ വിതരണം സുഗമമാക്കുന്നതിനും ഇതാവശ്യമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അല്ലാത്തപക്ഷം താരങ്ങൾക്ക് ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം പെട്ടെന്ന് തളർച്ച അനുഭവപ്പെടാം.
എന്നാൽ ഈ വെല്ലുവിളിയെ ദക്ഷിണാഫ്രിക്ക വളരെ മുൻകൂട്ടിത്തന്നെ തിരിച്ചറിഞ്ഞിരുന്നു. മെക്‌സിക്കോ സിറ്റിയേക്കാൾ ഉയരത്തിൽ, സമുദ്രനിരപ്പിൽനിന്ന് ഏകദേശം 8,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പച്ചൂക്കയിലാണ് ആഫ്രിക്കൻ ടീം തങ്ങളുടെ പരിശീലന ക്യാമ്പൊരുക്കിയത്. വ്യാഴാഴ്ചത്തെ ഉദ്ഘാടന മത്സരത്തിൽ നേരിടേണ്ടി വരുന്ന സവിശേഷമായ അന്തരീക്ഷത്തിനായി കളിക്കാരെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. എങ്കിലും മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാകുമെന്നുതന്നെയാണ് വിലയിരുത്തലുകൾ.
Content Highlights: Mexico benefits from 7,300ft altitude at Estadio Azteca for the 2026 World Cup opener., Physiological impact of thin air includes faster fatigue and elevated heart rates., South Africa underwent high-altitude training in Pachuca to prepare., Historical context links Mexico's home-soil success to environmental familiarity., Visiting teams like South Korea and Colombia are using specific high-altitude training camps.
Published: 11 Jun 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented