
കലാമ: 2022 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന ചിലിയെ കീഴടക്കി. എന്നാല്‍ കരുത്തരായ ബ്രസീല്‍ സമനിലക്കുരുക്കില്‍ കുടുങ്ങി.
ചിലിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. അര്‍ജന്റീനയ്ക്ക് വേണ്ടി ഏഞ്ചല്‍ ഡി മരിയയും ലൗട്ടാറോ മാര്‍ട്ടിനസും ലക്ഷ്യം കണ്ടപ്പോള്‍ ചിലിയ്ക്ക് വേണ്ടി ബെന്‍ ബെറെട്ടോണ്‍ ഡയസ് ആശ്വാസ ഗോള്‍ നേടി.
9-ാം മിനിറ്റില്‍ ഡി മരിയയിലൂടെ അര്‍ജന്റീന ആദ്യം ലീഡെടുത്തു. പന്തുമായി മുന്നേറിയ ഡി മരിയ ചിലി ഗോള്‍ പോസറ്റിലേക്ക് തൊടുത്ത അതിമനോഹരമായ ലോങ് റേഞ്ചര്‍ വലയിലേക്ക് പറന്നിറങ്ങി. ഡി മരിയയുടെ കരിയറിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.
എന്നാല്‍ 20-ാം മിനിറ്റില്‍ ബെന്‍ ഡയസ്സിലൂടെ ചിലി ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്തിയ അര്‍ജന്റീന 34-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ഇത്തവണ ലൗട്ടാറോ മാര്‍ട്ടിനെസാണ് ലക്ഷ്യം കണ്ടത്. ഡി പോളിന്റെ ലോങ് റേഞ്ചര്‍ ചിലി ഗോള്‍കീപ്പര്‍ ബ്രാവോ തട്ടിയെങ്കിലും പന്ത് നേരെയെത്തിയത് മാര്‍ട്ടിനെസിന്റെ കാലിലേക്കാണ്. അനായാസം പന്ത് വലയിലെത്തിച്ച് താരം ടീമിന് വിജയം സമ്മാനിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന കളിച്ചത്.
ബ്രസീലിനെ താരതമ്യേന ദുര്‍ബലരായ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ബ്രസീലിനുവേണ്ടി ആറാം മിനിറ്റില്‍ കാസെമിറോ ലീഡ് സമ്മാനിച്ചെങ്കിലും 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസിലൂടെ ഇക്വഡോര്‍ സമനില നേടി. ഇരുടീമുകളും ഓരോ ചുവപ്പ് കാര്‍ഡ് വീതം കണ്ടു. 15-ാം മിനിറ്റില്‍ ഇക്വഡോറിന്റെ അലക്‌സാണ്ടര്‍ ഡൊമിന്‍ഗസിനും 20-ാം മിനിറ്റില്‍ ബ്രസീലിന്റെ എമേഴ്‌സണ്‍ റോയലിനും ചുവപ്പുകാര്‍ഡ് ലഭിച്ചു.
സമനില വഴങ്ങിയെങ്കിലും പോയന്റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 14 മത്സരങ്ങളില്‍ നിന്ന് 36 പോയന്റാണ് ടീമിനുള്ളത്. അര്‍ജന്റീന ഇത്രയും മത്സരങ്ങളില്‍ നിന്ന് 32 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇക്വഡോറാണ് മൂന്നാമത്.
Content Highlights: 2022 FIFA world cup football qualifier match, Brazil, Argentina
Published: 28 Jan 2022, 09:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented