
മെക്‌സിക്കോ സിറ്റിയിലെ എസ്‌റ്റേഡിയോ ആസ്‌ടെക്കയിൽ 23-ാം ലോകകപ്പിലെ ആദ്യമത്സരത്തിന്റെ ആരവമുയരുന്നത് കാത്തിരിക്കുമ്പോൾ മനസ്സ് അറിയാതെ അമേരിക്കയിലെ പസഡേനയിലെ റോസ്ബൗൾ സ്‌റ്റേഡിയത്തിലെ ഗാലറിയിലേക്ക് പായുന്നു. അവിടെ കാണികൾക്കു നടുവിൽ കണ്ണീരൊഴുക്കുകയാണ് മാറഡോണ... ഇതേ സ്റ്റേഡിയത്തിലാണ് ലോകം ഇനിയും ചർച്ചചെയ്തുതീരാത്ത രണ്ടു ഗോളുകൾ ഡീഗോ മാറഡോണ സ്‌കോർചെയ്തത്- 1986-ലെ മെക്‌സിക്കോ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ ഗോളി പീറ്റർ ഷിൽട്ടനെ വെട്ടിച്ചു നേടിയ 'ദൈവത്തിന്റെ കൈ' ഗോളും അഞ്ചു ഡിഫൻഡർമാരെയും ഗോളിയെയും കബളിപ്പിച്ചു വലയിലാക്കിയ 'നൂറ്റാണ്ടിന്റെ ഗോളും.'
1994-ലെ അമേരിക്ക ലോകകപ്പ്. ഞാൻ കോഴിക്കോട്ടെ മാതൃഭൂമി സ്‌പോർട്‌സ് ഡെസ്‌കിന്റെ ഭാഗമായിട്ട് അധികമായിട്ടില്ല. എങ്കിലും ഒരു ആയുഷ്‌കാലത്തിന്റെ സ്‌നേഹവും സൗഹൃദവുമുള്ള സഹപ്രവർത്തകർ. ഏതാണ്ട് എല്ലാവരും 'കളിപ്രാന്തൻമാർ'. ഈയിടെ വിരമിച്ച ഒആർ രാമചന്ദ്രൻ, പരേതനായ ശങ്കരനാരായണൻ, മാതൃഭൂമി ചാനലിലെ എബി ടി. എബ്രഹാം, ഫോട്ടോഗ്രാഫർമാരായ വിശ്വേട്ടൻ, വത്സൻ കുറുങ്ങാടൻ, ഇറ്റലി തോറ്റാൽ സഹിക്കാനാകാത്ത എൻജിനീയർ ഷിബു എന്നിങ്ങനെ നിരവധി പേർ... ഞങ്ങൾ ചീഫ് എന്നു വിളിച്ചിരുന്ന വി. രാജഗോപാലിന്റെ മുറിയിൽ ഒരുമിച്ച് കളികാണും. ഷിഫ്റ്റ് കഴിഞ്ഞവരും ഇനി തുടങ്ങാനുള്ളവരും മറ്റു സെക്ഷനുകളിലുള്ളവരും കൂട്ടിനുണ്ടാവും. ടെലിവിഷനിൽ കളി കണ്ടാൽ മാത്രം പോരാ, റിപ്പോർട്ട് എഴുതണം, ഏറ്റവും പുതിയ കളിവിവരങ്ങളുമായി പത്രമിറക്കണം. പ്രസിന്റെ സൂപ്രണ്ട് തിരക്കുകൂട്ടി പിന്നിലുണ്ടാവും പലപ്പോഴും. സമയത്ത് പത്രമിറങ്ങിയില്ലെങ്കിൽ വായനക്കാരിൽ എത്തിക്കാനാവില്ലല്ലോ. കഷ്ടിച്ച് നാലോ അഞ്ചോ മണിക്കൂറുകൾ മാത്രം ഉറങ്ങാൻ കിട്ടിയിരുന്ന ഒരുമാസം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കടന്നുപോയി.
ഫുട്‌ബോളിന് വലിയ വേരുകളില്ലാത്ത അമേരിക്കയിലെ ഒമ്പത് നഗരങ്ങളിലാണ് ലോകകപ്പ് നടന്നത്. അസഹനീയമായ ചൂട്, ടെലിവിഷൻ സംപ്രേഷണത്തിന്റെ സൗകര്യത്തിനായി മാറ്റിമറിച്ച സമയക്രമം. എന്നിട്ടും ആ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. ഗ്രൂപ്പ് മത്സരങ്ങളിൽ മിക്കവാറും ദിവസം മൂന്നു കളികൾ, ഉച്ചയോടെ തുടങ്ങും. മൂന്നാമത്തേത് അവസാനിക്കുമ്പോൾ പുലർച്ചെ മൂന്നേകാലാകും. ഒന്നാം പകുതിയുടെ റിപ്പോർട്ട് അപ്പോൾ തന്നെ എഴുതിവെക്കും. ഒന്നാം പേജിൽ കളിവാർത്ത വെക്കാൻ ഒഴിച്ചിട്ട സ്ലോട്ടിൽ ചിത്രവും മറ്റും സെറ്റാക്കി വെക്കും. കളി തീരുമ്പോഴേക്കും മത്സരഫലം ചേർത്ത് ഫിലിമെടുത്ത് അതിവേഗം പ്രസിലേക്കയക്കുന്നതാണ് രീതി.
പുലർച്ചെ മൂന്നേകാൽ മണിക്ക് അവസാനിച്ച ഒരു മത്സരത്തിന്റെ റിപ്പോർട്ട് അച്ചടിച്ച പത്രവുമായി മൂന്നര മണിയോടെ റെയിൽവേ സ്റ്റേഷനടുത്തുള്ള ദീവാർ ഹോട്ടലിലിരുന്ന് വെള്ളയപ്പവും മീൻകറിയും കഴിക്കുന്ന രംഗം ഇപ്പോഴും ഓർമയിൽ തെളിഞ്ഞുനില്ക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകളും ചിത്രങ്ങളും തരാൻ വാർത്താ ഏജൻസികളില്ലാതിരുന്ന കാലത്ത് ടെലിവിഷൻ ലൈവിൽനിന്ന് ചിത്രങ്ങൾ പകർത്താൻ 'ഗ്രാബർ' എന്ന ഒരുപകരണം അന്ന് ചീഫ് സംഘടിപ്പിച്ചു തന്നിരുന്നു. അത് അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങളെ മാതൃഭൂമി വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചു. കുറുങ്ങാടനായിരുന്നു ഗ്രാബറിന്റെ 'ഓപ്പറേറ്റർ'.
നൈജീരിയയുടെ ഫോർവേഡ് അമോക്കാച്ചിയുടെ അതിശക്തമായ ഷോട്ടിൽ ആലിലപോലെ വിറയ്ക്കുന്ന ഗോൾ പോസ്റ്റ്, ബെൽജിയത്തിനെതിരെ സൗദി അറേബ്യൻ താരം സയീദ് ഒവൈറാൻ നേടിയ സോളോ ഗോൾ- സ്വന്തം ഹാഫിൽവെച്ച് പന്തെടുത്ത അദ്ദേഹം 65 മീറ്ററിലധികം ഓടി, നാലഞ്ചു പ്രതിരോധക്കാരെ വെട്ടിച്ചാണ് ഗോളടിച്ചത്- ബ്രസീലിനെതിരായ ഫൈനലിൽ പെനാൽറ്റി നഷ്ടമാക്കിയ ഇറ്റാലിയൻ മാന്ത്രികൻ റോബർട്ടോ ബാജിയോ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ തിരിച്ചു നടക്കുന്ന കാഴ്ച, റൊമാരിയോയുടെ അസാധാരണ പ്രതിഭ, ബ്രസീൽ താരം ബെബറ്റോയുടെ താരാട്ട്- ഒന്നും മറക്കാനാവില്ല. അമേരിക്കക്കെതിരെ സെൽഫ് ഗോളടിച്ച കൊളംബിയൻ ഡിഫൻഡർ ആൻഡ്രേസ് എസ്‌കോബറിന്റെ ദുരന്തം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണ്. കളിക്കളത്തിലെ പിഴവിന് ജീവൻകൊണ്ട് പിഴ മൂളേണ്ടി വന്നു പാവത്തിന്. കളികഴിഞ്ഞ് പത്താംനാൾ മെഡലിനിൽവെച്ച് മയക്കുമരുന്ന മാഫിയ അദ്ദേഹത്തെ വെടിവെച്ചുകൊന്നു.
വിസ്മയഗോളുകളും ഞെട്ടിക്കുന്ന മത്സരഫലങ്ങളും ഹൃദയഭേദകമായ നിമിഷങ്ങളും മഴയായി പൊഴിഞ്ഞ ലോകകപ്പായിരുന്നു അത്. അവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മാറഡോണയുടെ കണ്ണീരുതന്നെ. ഓർമ്മകളിൽ ജീവിക്കുക മാത്രമല്ല, ഓർമ്മ തന്നെ ആയിത്തീരുന്ന ഇത്തരം നിമിഷങ്ങളാണ് കായികപ്രേമികളെ മൈതാനങ്ങളിലേക്കും കളിയാരവങ്ങളിലേക്കും വീണ്ടും വീണ്ടും തിരിച്ചെത്തിക്കുന്നത്. പിന്നീട് നാം കാണുന്ന കാഴ്ചകളെയൊക്കെ സ്വാധീനിക്കുന്ന നിമിഷങ്ങൾ. 1994-ലെ ലോകകപ്പിനെ നിർവചിക്കുന്ന മുഖം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും, ഡീഗോ അർമാൻഡോ മാറഡോണയുടേതെന്ന്.
ദൈവവും ദുർബലനായ മനുഷ്യനും
അമേരിക്കയിൽ ലോകപ്പിനെത്തുമ്പോൾ മാറഡോണ ഒരു ഫുട്‌ബോൾ കളിക്കാരന് പരമാവധി ആകാൻ കഴിയുന്നതിനും അപ്പുറത്തെത്തിക്കഴിഞ്ഞിരുന്നു. 1986-ൽ ഒരു ശരാശരി ടീമിനെ പ്രതിഭയുടെ സ്പർശംകൊണ്ട് ലോകചാമ്പ്യൻമാരാക്കിയ മഹാൻ, പന്തുകളി പ്രേമികളുടെ ദൈവം. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ പതിനഞ്ചുമാസം വിലക്കപ്പെട്ട, സ്വയം നശിപ്പിക്കാനുള്ള വ്യഗ്രത വലയ്ക്കുന്ന പാവം മനുഷ്യൻ അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടത് ജീവിതം തിരിച്ചുപിടിച്ചവനെപ്പോലെ ആയിരുന്നു. ശാരീരികക്ഷമത വീണ്ടെടുത്തിരുന്നു, കണ്ണുകളിൽ വിജയതൃഷ്ണ ജ്വലിച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രീസിനെതിരെ അദ്ദേഹം കളിക്കുമ്പോൾ കാലം പിന്നോട്ടു പോകുന്നതുപോലെ തോന്നി. ഒന്നാന്തരമായി കളി നിയന്ത്രിച്ച മാറഡോണ രണ്ടാംപകുതിയിൽ മുപ്പതുവാര അകലെനിന്ന് ഒന്നാന്തരമൊരു ഗോൾ നേടി, തന്നെക്കാൾ പത്തുവർഷം ഇളപ്പമുള്ളൊരാളുടെ കൃത്യതയോടെ. തൊട്ടടുത്തുള്ള ടെലിവിഷൻ ക്യാമറയ്ക്ക് നേരെ പാഞ്ഞടുത്ത് അലറിക്കൊണ്ട് വന്യമായി അദ്ദേഹം ഗോൾനേട്ടം ആഘോഷിച്ചു. ഒരുപക്ഷേ ആഘോഷത്തെക്കാൾ അത് തന്നെ തള്ളിപ്പറഞ്ഞവർക്കു മുന്നിൽ 'കാണെടാ എന്റെ കളി' എന്നു പറയുന്ന പോലെയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ്, കരുത്തരായ നൈജീരിയയെ അനായാസം മറികടക്കാൻ ക്യാപ്റ്റൻ ടീമിനു മുന്നിൽനിന്നു. പിന്നാലെയായിരുന്നു പതിവുള്ള മയക്കുമരുന്നു പരിശോധന.
അഞ്ചുദിവസംകൂടി കഴിഞ്ഞപ്പോൾ ആ ലോകകപ്പിനെ തന്നെ ശ്വാസംമുട്ടിച്ച പ്രഖ്യാപനം വന്നു. മാറഡോണയുടെ മൂത്രസാമ്പിളിൽ നിരോധിതമായ ഉത്തേജകമരുന്നിന്റൈ സാന്നിധ്യം കണ്ടെത്തിയതായി പത്രസമ്മേളത്തിൽ പ്രഖ്യാപിച്ചത് അന്നത്തെ ഫിഫാ അധ്യക്ഷൻ സെപ് ബ്ലാറ്റർ. ഉറ്റവരാരോ പെട്ടെന്ന് മരിച്ച വാർത്ത കേട്ടതുപോലെ. ഇനി ലോകകപ്പ് കാണേണ്ട എന്നു തോന്നിപ്പോയി. ആരോ കൊടുത്ത എനർജി ഡ്രിങ്കായിരുന്നു കാരണമെന്ന് മാറഡോണ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മാറഡോണയുടെ ആരാധകർ അദ്ദേഹത്തെ പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ് പിന്നിലെന്ന് വാദിച്ചു. അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസ് നിശ്ചലമായി. പലയിടത്തും ആരാധകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. മാറഡോണയെപ്പോലെ ഒരാൾക്ക് മരുന്നടിച്ചിട്ട് എന്തു കിട്ടാനാണ് എന്നു ചോദിക്കുന്നവരുണ്ട്. ആർക്കും വഴങ്ങാത്ത മാറഡോണയോടുള്ള ലോകഫുട്‌ബോളിന്റെ മേലാളൻമാർക്കുള്ള ദീർഘകാല വൈരാഗ്യമാണ് അപമാനിച്ച് പുറത്താക്കാൻ കാരണമെന്ന് കരുതുന്നവരും ഏറെയാണ്.
മാറഡോണയുടെ അഭാവവും വിവാദങ്ങളും തളർത്തിയ അർജന്റീന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൾഗേറിയയോട് തോറ്റു. ഭാഗ്യത്തിന് പ്രീക്വാർട്ടറിലെത്തിയ ടീമിനെ 'കാർപ്പാത്തിയൻ മാറഡോണ' ജോർജേ ഹാജി നയിച്ച റുമാനിയയോടു തോറ്റുമടങ്ങി. അരങ്ങും പ്രേക്ഷകരും നിഷേധിക്കപ്പെട്ട പന്തുകളി മാന്ത്രികൻ സാധാരണക്കാരുടെ ഇടയിലിരുന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ കളി കണ്ടിരുന്നു. മുഖത്ത് കണ്ണീർ ചാലിട്ടൊഴുകി. ഞങ്ങളും അദ്ദേഹത്തോടൊപ്പം കരഞ്ഞു. കരഞ്ഞത് അർജന്റീന തോറ്റതുകൊണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൂന്നുനാലു ചിത്രങ്ങൾ ഗ്രാബ് ചെയ്ത് ഞങ്ങൾ പത്രത്തിൽ കൊടുത്തു.
മുപ്പത്തിരണ്ട് വർഷത്തിനുശേഷം ലോകകപ്പ് അമേരിക്കയിൽ തിരിച്ചെത്തുമ്പോൾ തീർച്ചയായും പുതിയ കഥകൾക്കും ഐതിഹ്യങ്ങൾക്കും ലോകം ഓർമയിൽ കൊത്തിവെക്കാൻ പോകുന്ന നിമിഷങ്ങൾക്ക് കുറവുണ്ടാവില്ല. വിസിൽ മുഴങ്ങട്ടെ, നമുക്ക് ഗാലറിയിലേക്ക് നടക്കാം!
Published: 11 Jun 2026, 07:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented