
കഴിഞ്ഞസീസണിലെ തരംതാഴ്ത്തല്‍ മേഖലയില്‍നിന്ന് ഇത്തവണത്തെ ഒന്നാംസ്ഥാനക്കാരിലേക്കുള്ള ബയേര്‍ ലേവര്‍ക്യൂസന്റെ മാറ്റത്തിനുപിന്നില്‍ ഒറ്റപ്പേരേയുള്ളൂ, സാബി അലോന്‍സോ. ലിവര്‍പൂളിലും റയല്‍ മഡ്രിഡിലും പിന്നെ ബയേണ്‍ മ്യൂണിക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന്റെ പര്യായമായ സ്പാനിഷ് താരം. കളിക്കാരനില്‍നിന്ന് പരിശീലകനിലേക്കുള്ള അലോന്‍സോയുടെ മാറ്റത്തെ ബയേര്‍ ലേവര്‍ക്യൂസനെന്നും വിളിക്കാം.
ജര്‍മന്‍ ഫുട്ബോളില്‍ ലേവര്‍ക്യൂസന്‍ കഴിഞ്ഞദിവസം ഒരു റെക്കോഡ് സൃഷ്ടിച്ചു. സീസണിലെ 25 മത്സരങ്ങളിലും അപരാജിതര്‍. ബുണ്ടസ് ലിഗയിലെ 16 മത്സരങ്ങള്‍ ഉള്‍പ്പെടെയാണിത്. ടീം 81 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 18 എണ്ണം മാത്രം. ബുണ്ടസ് ലിഗയില്‍ സാധ്യമായ 48 പോയന്റില്‍ 42-ഉം നേടി ഒന്നാംസ്ഥാനത്താണ് ടീം. കഴിഞ്ഞസീസണില്‍ ക്ലബ്ബിന്റെ ചുമതലയേറ്റെടുക്കുമ്പോള്‍ ടീം തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്നു. അവിടെനിന്ന് ആറാംസ്ഥാനത്തെത്തിച്ച സാബി ഇത്തവണ ശരിക്കും അദ്ഭുതം സൃഷ്ടിച്ചു.
സാബി അലോന്‍സോക്ക് നല്ല പരിശീലകനാകാന്‍ കഴിയുമെന്ന് വിഖ്യാതപരിശീലകരായ കാര്‍ലോ ആന്‍സലോട്ടിയും ഹോസെ മൗറീന്യോയും നേരത്തേ പ്രവചിച്ചിട്ടുണ്ട്. കാരണം, കളിക്കാരാനായിരിക്കുമ്പോള്‍ത്തന്നെ ഗെയിം റീഡ് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. ആന്‍സലോട്ടിയുടെ മാന്‍ മാനേജ്മെന്റ് സിദ്ധിയും മൗറീന്യോയുടെ ടാക്റ്റിക്സും ഒരുപോലെയുള്ള പരിശീലകനാണ് സാബിയെന്ന് ഫുട്ബോള്‍ലോകം പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ലേവര്‍ക്യൂസനെ അടിമുടി അഴിച്ചുപണിതൊന്നുമല്ല സാബി അവരുടെ തലവരമാറ്റിയത്. ഗ്രാനിറ്റ് ഷാക്ക, അലക്സ് ഗ്രിമാള്‍ഡോ, വിക്ടര്‍ ബോണിഫേസ്, ഹോനസ് ഹോഫ്മാന്‍ എന്നിവരെ പുതുതായി എത്തിച്ചശേഷം പ്രതിരോധം ഉറപ്പിച്ച് ആക്രമിക്കുന്ന ശൈലിയിലേക്ക് ടീമിനെ മാറ്റി. സാബിക്കുകീഴില്‍ ടീം 3-4-2-1 ശൈലിയില്‍ കളിക്കാന്‍ തുടങ്ങി.
വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകള്‍, മിഡില്‍ തേര്‍ഡ് കേന്ദ്രീകരിച്ചുള്ള ആക്രമണപദ്ധതി. പ്രതിരോധിക്കേണ്ടിവരുമ്പോള്‍ അതിവേഗം തിരിച്ചെത്തുന്ന വിങ്ബാക്കുകള്‍. സാബിയുടെ ശൈലിയില്‍ വലിയ പുതുമയൊന്നും കാണാനാകില്ല. എന്നാല്‍, തന്റെ ശൈലിക്കൊത്ത കളിക്കാരെ ടീമിലെത്തിക്കാനും അത് ഭംഗിയായി നടപ്പാക്കാനും കഴിയുന്നിടത്താണ് സാബിയും ലേവര്‍ക്യൂസനും വിജയിക്കുന്നത്.
വിങ് ബാക്കുകളായ ഗ്രിമാള്‍ഡോ-ജെറമി ഫ്രിംപോങ് എന്നിവരാണ് സാബിയുടെ വജ്രായുധം. ക്ലാസിക് 10 നമ്പര്‍ പ്ലെയറായ ഫ്ളോറിന്‍ വിര്‍റ്റ്സിനാണ് മധ്യനിരയിലെ ആക്രമണച്ചുമതല. ഗ്രാനിറ്റ് ഷാക്കയും എസീക്വല്‍ പാലാഷ്യസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന്റെ ചുമതലക്കാരാണ്.
വിര്‍റ്റ്സിനൊപ്പം പാസിങ് മാസ്റ്ററായ ഹോനസ് ഹോപ്മാനും ചേരുമ്പോള്‍ പന്ത് കൈവശംവെക്കുന്നതിലും പാസിങ്ങിലും ടീമിന് മേല്‍ക്കൈലഭിക്കുന്നു. ബേണിഫേസില്‍ ക്ലിനിക്കല്‍ ഫിനിഷറുണ്ട്. ചിലസമയങ്ങളില്‍ ബേണിഫേസ് ഫാള്‍സ് നയന്‍ പൊസിഷനിലേക്ക് മാറുമ്പോള്‍ വിര്‍റ്റ്സ് ആക്രമണത്തിന്റെ ചുമതലയേറ്റെടുക്കുന്നു.
ലുക്കാസ് ഹ്രാഡെസ്‌കി, ജോനാഥന്‍ താഹ്, എഡ്മണ്ട് ടാപ്സോബ, ഒഡിലോണ്‍ കോസ്സൗനു എന്നിവരടങ്ങിയ പ്രതിരോധം സീസണില്‍ ജോലി ഭംഗിയായി നിറവേറ്റുന്നുണ്ട്.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാബി വമ്പന്‍ക്ലബ്ബുകളുടെ റഡാറിലെത്തിയിട്ടുണ്ട്. ആന്‍സലോട്ടി മാറുമ്പോള്‍ റയലിലേക്ക് സാബിയെ കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ട്. ലിവര്‍പൂളും ബയേണുമെല്ലാം അവരുടെ ഭാവിപരിശീലകനായി മുന്‍താരത്തെ കാണുന്നു.
Content Highlights: Xabi Alonso taking Bayer Leverkusen to unprecedented heights in Bundesliga
Published: 23 Dec 2023, 09:42 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented