കഴിഞ്ഞസീസണിലെ തരംതാഴ്ത്തല്‍ മേഖലയില്‍നിന്ന് ഇത്തവണ കിരീടനേട്ടത്തിലേക്കുള്ള ബയേര്‍ ലേവര്‍ക്യൂസന്റെ മാറ്റത്തിനുപിന്നില്‍ ഒറ്റപ്പേരേയുള്ളൂ, സാബി അലോന്‍സോ. ലിവര്‍പൂളിലും റയല്‍ മഡ്രിഡിലും പിന്നെ ബയേണ്‍ മ്യൂണിക്കിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന്റെ പര്യായമായ സ്പാനിഷ് താരം. കളിക്കാരനില്‍നിന്ന് പരിശീലകനിലേക്കുള്ള അലോന്‍സോയുടെ മാറ്റത്തെ ബയേര്‍ ലേവര്‍ക്യൂസനെന്നും വിളിക്കാം.

To advertise here,

2011-12 സീസണില്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡ് ചാമ്പ്യന്‍മാരായ ശേഷം ബുണ്ടസ് ലിഗയില്‍ 11 വര്‍ഷം നീണ്ട ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യത്തിനുകൂടിയാണ് ലേവര്‍ക്യൂസന്‍ അവസാനം കുറിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ വെര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ലീഗില്‍ അഞ്ചു മത്സരങ്ങള്‍ ശേഷിക്കേ ലേവര്‍ക്യൂസന്‍ കിരീടമുറപ്പിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ ബുണ്ടസ് ലിഗ കിരീടം. കന്നിക്കിരീടത്തിനു മുമ്പ് ക്ലബ്ബ് അഞ്ചു തവണ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ലീഗില്‍ ഇതുവരെ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ലേവര്‍ക്യൂസന്റെ കുതിപ്പ്. ഒരു സീസണില്‍ തോല്‍വിയറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയെന്ന ബുണ്ടസ് ലിഗ റെക്കോഡും ലേവര്‍ക്യൂസന്‍ ഇതിനോടകം സ്വന്തമാക്കി. 29 മത്സരങ്ങള്‍ കളിച്ചതില്‍ 25-ലും ജയം. നാലെണ്ണം സമനിലയായി. 74 ഗോളടിച്ചപ്പോള്‍ വഴങ്ങിയത് 19 എണ്ണം മാത്രം. കഴിഞ്ഞസീസണില്‍ ക്ലബ്ബിന്റെ ചുമതലയേറ്റെടുക്കുമ്പോള്‍ ടീം തരംതാഴ്ത്തല്‍ ഭീഷണിയിലായിരുന്നു. അവിടെനിന്ന് ആറാംസ്ഥാനത്തെത്തിച്ച സാബി ഇത്തവണ ശരിക്കും അദ്ഭുതം സൃഷ്ടിച്ചു.

സാബി അലോന്‍സോക്ക് നല്ല പരിശീലകനാകാന്‍ കഴിയുമെന്ന് വിഖ്യാതപരിശീലകരായ കാര്‍ലോ ആന്‍സലോട്ടിയും ഹോസെ മൗറീന്യോയും നേരത്തേ പ്രവചിച്ചിട്ടുണ്ട്. കാരണം, കളിക്കാരാനായിരിക്കുമ്പോള്‍ത്തന്നെ ഗെയിം റീഡ് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. ആന്‍സലോട്ടിയുടെ മാന്‍ മാനേജ്‌മെന്റ് സിദ്ധിയും മൗറീന്യോയുടെ ടാക്റ്റിക്‌സും ഒരുപോലെയുള്ള പരിശീലകനാണ് സാബിയെന്ന് ഫുട്‌ബോള്‍ലോകം പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ലേവര്‍ക്യൂസനെ അടിമുടി അഴിച്ചുപണിതൊന്നുമല്ല സാബി അവരുടെ തലവരമാറ്റിയത്. ഗ്രാനിറ്റ് ഷാക്ക, അലക്‌സ് ഗ്രിമാള്‍ഡോ, വിക്ടര്‍ ബോണിഫേസ്, ഹോനസ് ഹോഫ്മാന്‍ എന്നിവരെ പുതുതായി എത്തിച്ചശേഷം പ്രതിരോധം ഉറപ്പിച്ച് ആക്രമിക്കുന്ന ശൈലിയിലേക്ക് ടീമിനെ മാറ്റി. സാബിക്കുകീഴില്‍ ടീം 3-4-2-1 ശൈലിയില്‍ കളിക്കാന്‍ തുടങ്ങി.

വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകള്‍, മിഡില്‍ തേര്‍ഡ് കേന്ദ്രീകരിച്ചുള്ള ആക്രമണപദ്ധതി. പ്രതിരോധിക്കേണ്ടിവരുമ്പോള്‍ അതിവേഗം തിരിച്ചെത്തുന്ന വിങ്ബാക്കുകള്‍. സാബിയുടെ ശൈലിയില്‍ വലിയ പുതുമയൊന്നും കാണാനാകില്ല. എന്നാല്‍, തന്റെ ശൈലിക്കൊത്ത കളിക്കാരെ ടീമിലെത്തിക്കാനും അത് ഭംഗിയായി നടപ്പാക്കാനും കഴിയുന്നിടത്താണ് സാബിയും ലേവര്‍ക്യൂസനും വിജയിക്കുന്നത്.

വിങ് ബാക്കുകളായ ഗ്രിമാള്‍ഡോ-ജെറമി ഫ്രിംപോങ് എന്നിവരാണ് സാബിയുടെ വജ്രായുധം. ക്ലാസിക് 10 നമ്പര്‍ പ്ലെയറായ ഫ്‌ളോറിന്‍ വിര്‍റ്റ്‌സിനാണ് മധ്യനിരയിലെ ആക്രമണച്ചുമതല. ഗ്രാനിറ്റ് ഷാക്കയും എസീക്വല്‍ പാലാഷ്യസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന്റെ ചുമതലക്കാരാണ്.

വിര്‍റ്റ്‌സിനൊപ്പം പാസിങ് മാസ്റ്ററായ ഹോനസ് ഹോപ്മാനും ചേരുമ്പോള്‍ പന്ത് കൈവശംവെക്കുന്നതിലും പാസിങ്ങിലും ടീമിന് മേല്‍ക്കൈലഭിക്കുന്നു. ബേണിഫേസില്‍ ക്ലിനിക്കല്‍ ഫിനിഷറുണ്ട്. ചിലസമയങ്ങളില്‍ ബേണിഫേസ് ഫാള്‍സ് നയന്‍ പൊസിഷനിലേക്ക് മാറുമ്പോള്‍ വിര്‍റ്റ്‌സ് ആക്രമണത്തിന്റെ ചുമതലയേറ്റെടുക്കുന്നു.

ലുക്കാസ് ഹ്രാഡെസ്‌കി, ജോനാഥന്‍ താഹ്, എഡ്മണ്ട് ടാപ്‌സോബ, ഒഡിലോണ്‍ കോസ്സൗനു എന്നിവരടങ്ങിയ പ്രതിരോധം സീസണില്‍ ജോലി ഭംഗിയായി നിറവേറ്റുന്നുണ്ട്.

ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാബി വമ്പന്‍ക്ലബ്ബുകളുടെ റഡാറിലെത്തിയിട്ടുണ്ട്. ആന്‍സലോട്ടി മാറുമ്പോള്‍ റയലിലേക്ക് സാബിയെ കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ലിവര്‍പൂളും ബയേണുമെല്ലാം അവരുടെ ഭാവിപരിശീലകനായി സാബിയെ സ്വപ്‌നം കാണുകയും ചെയ്തിരുന്നു. പക്ഷേ അടുത്ത സീസണിലും ലേവര്‍ക്യൂസനില്‍ തുടരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു സാബി.

2022 ഒക്ടോബറില്‍ ലേവര്‍ക്യൂസനില്‍ എത്തിയശേഷം 80 മത്സരങ്ങളില്‍ സാബി ടീമിനെ ഇറക്കി. ഇതില്‍ 55 ജയവും 15 സമനിലയും നേടി. 10 കളികളില്‍ തോറ്റു. തോല്‍വിയെല്ലാം കഴിഞ്ഞ സീസണിലായിരുന്നു. ഇത്തവണ എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി ഒരു കളിയിലും തോല്‍വിയറിയാതെയാണ് കുതിപ്പ്.