
പരിശീലക രംഗത്തുള്ള ഏതൊരാളുടേയും സ്വപ്നമായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുക എന്നത്. എന്നാല്‍ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വെച്ചുനീട്ടിയ സ്വപ്നതുല്യമായ ഒരു ഓഫര്‍ നിരസിച്ചതിലൂടെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ.
വിവിഎസ് ലക്ഷ്മണും ഗൗതം ഗംഭീറുമടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും രാഹുല്‍ ദ്രാവിഡിന് പകരക്കാരനെ കണ്ടെത്താനുള്ള ബിസിസിഐയുടെ അന്വേഷണം ചെന്നെത്തിയത് നെഹ്റയിലായിരുന്നു. ഏകദിന ലോകകപ്പ് കൈവിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പ്രധാന ലക്ഷ്യം മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പാണ്. ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ പരിശീലക വേഷമാണ് ബിസിസിഐ നെഹ്റയ്ക്ക് മുന്നില്‍വെച്ചിരുന്നത്. എന്നാല്‍ നെഹ്റ ഈ ഓഫര്‍ നിരസിച്ചതോടെ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടി നല്‍കുകയായിരുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍.
പരിശീലകരംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തൊന്നും ആശിഷ് നെഹ്റയെന്ന ഇടംകൈയന്‍ പേസ് ബൗളര്‍ക്കില്ല. എന്നാല്‍ ചുരുങ്ങിയ കാലത്തെ പരിശീക റോളില്‍ നെഹ്റ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. ഐപിഎല്ലില്‍ 2022 അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ ശ്രമത്തില്‍ തന്നെ കിരീടം നേടിക്കൊടുക്കുകയും രണ്ടാം ശ്രമത്തില്‍ ഫൈനല്‍ വരെ എത്തിക്കുകയും ചെയതതോടെയാണ് നെഹ്റയെന്ന പരിശീലകനെ ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്.
പരിശീലകരംഗത്ത് കാര്യമായ മുന്‍പരിചയം ഒന്നുമില്ലാതിരുന്ന നെഹ്റയെ ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകനാക്കിയത് പലരുടേയും നെറ്റി ചുളിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ് കോച്ചായിരുന്നതു മാത്രമായിരുന്നു നെഹ്‌റയുടെ മുന്‍ പരിചയം. എന്നാല്‍ നെറ്റി ചുളിച്ചവര്‍ക്ക് മുന്നില്‍ ഐ.പി.എല്‍. കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ കോച്ച് എന്ന റെക്കോഡാണ് ഈ ഡല്‍ഹിക്കാരന്‍ സ്വന്തമാക്കിയത്.
ഓഫര്‍ നിരസിച്ചതിന് പിന്നില്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന സ്വപ്നതുല്യമായ പദവി വച്ചുനീട്ടുമ്പോള്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ കൈവിടാന്‍ ആഗ്രഹമില്ലാത്തതാണ് നെഹ്റയെ ഓഫര്‍ നിരസിപ്പിക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണം.
2025-വരെയാണ് ഗുജറാത്തുമായുള്ള നെഹ്റയുടെ കരാര്‍. 'ആ കരാര്‍ പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്'- നെഹ്റ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
നെഹ്റ ഓഫര്‍ നിരസിച്ചതിന് പിന്നിലുള്ള മറ്റൊരു കാര്യം കുടുംബജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള താത്പര്യമില്ലായ്മയാണ്. ഇന്ത്യന്‍ ടീം പരിശീലകനായിരിക്കുമ്പോള്‍ വിദേശത്തേക്ക് അടക്കം നിരന്തരം യാത്രകള്‍ ചെയ്യേണ്ടി വരും. ഈ സമയത്തൊക്കെ കുടുംബത്തെ കൂടെ കൂട്ടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഐപിഎല്‍ രണ്ടര മാസം മാത്രമേ നീണ്ടുനില്‍ക്കുന്നുള്ളൂവെന്നതും അതിലേക്ക് നെഹ്റയെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്.

അതേസമയം ഭാവിയില്‍ ഇന്ത്യന്‍ ടീം പരിശീലകനായി എത്തില്ലെന്ന് നെഹ്റ തീര്‍ത്ത് പറയുന്നില്ല. രാഹുല്‍ ദ്രാവിഡുമായുള്ള പുതുക്കിയ കരാര്‍ ഏതു വരെയാണെന്ന് ബിസിസിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ട്വന്റി-20 ലോകകപ്പ് വരെയാകും ദ്രാവിഡിന്റെ സേവനമെന്നാണ് സൂചന. ഇതിനുശേഷം ബിസിസിഐക്ക് വീണ്ടും പുതിയ പരിശീലകനെ തേടേണ്ടിവരും.
പരിശീലക രഹസ്യം
മറ്റ് ടീമുകളിലെ ഒഫീഷ്യലുകള്‍ മാക് ബുക്കും ഡേറ്റാ അനാലിസിസും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും ഉപയോഗിച്ച് കളി വിശകലനം ചെയ്യുമ്പോള്‍ ഒരു പേപ്പറും പേനയുമായി മൂലയ്ക്ക് ഇരിക്കുന്ന ആശിഷ് നെഹ്റ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയുള്ള വ്യത്യസ്തമായ കാഴ്ചയായിരുന്നു.
ആകെ 27 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ മാത്രമേ ആശിഷ് നെഹ്റ കളിച്ചിട്ടുള്ളൂവെങ്കിലും ട്വന്റി-20 ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ പ്രത്യേകമായ കാഴ്ചപ്പാടുകൾ ഉണ്ടെന്നാണ് സഹപരിശീലകര്‍ ചൂണ്ടിക്കാട്ടുന്നത്. മത്സര സാഹചര്യങ്ങള്‍ അപ്പപ്പോള്‍ വിശകലനം ചെയ്യാനും നിര്‍ബന്ധിതാവസ്ഥയില്‍ തന്ത്രപരമായ വിധിന്യായങ്ങള്‍ നടത്താനുമുള്ള നെഹ്‌റയുടെ കഴിവ് ഗുജറാത്തിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
എല്ലായ്പ്പോഴും തന്റെ കളിക്കാരെ കുറിച്ചും അവരെ എറങ്ങനെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്നും ചിന്തിക്കുന്ന അസാമാന്യ പ്രതിഭയെന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഗുജറാത്ത് ടൈറ്റന്‍സ് മെന്ററുമായ ഗാരി കേര്‍സ്റ്റണ്‍ നെഹ്റയെ വിശേഷിപ്പിച്ചിരിക്കുന്നത്.

'അവന്‍ ഹൃദയം കൊണ്ടാണ് താരങ്ങളെ പരിശീലിപ്പിക്കുന്നത്. ഒരു കളിക്കാരനെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. മികച്ച പ്രകടനം എങ്ങനെ നടത്താമെന്ന് കളിക്കാരുമായി എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. തന്റെ കളിക്കാര്‍ക്ക് ഏത് സമയത്തും ഓപ്ഷനുകള്‍ ഉണ്ടായിരിക്കണമെന്ന് ആശിഷ് ആഗ്രഹിക്കുന്നു, അവ എപ്പോള്‍ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാന്‍ അവരെ സഹായിക്കുന്നു. ഐപിഎല്ലില്‍ ഒരു ഗെയിം പ്ലാന്‍ മാത്രം സാധ്യമല്ല. മത്സരങ്ങള്‍ വളരെ സങ്കീര്‍ണമാണ്, ഓരോ പന്തിലും പുതിയ വഴിത്തിരിവുകളുണ്ടാകാം. അതിനനുസൃതമായി ഗെയിം പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താനും പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുന്നതുമാണ് അദ്ദേഹത്തിന്റെ കഴിവ്' ഗാരി കേര്‍സ്റ്റണ്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണിത്.
കളിക്കാര്‍ക്ക് ഏത് സമയവും സുഖകരമായി അഭിപ്രായങ്ങള്‍ പറയാനും കാര്യങ്ങള്‍ ചോദിച്ചറിയാനുമുള്ള ഒരു അന്തരീക്ഷം നെഹ്റ സൃഷ്ടിച്ചിരുന്നുവെന്ന് ഗുജറാത്ത് താരങ്ങള്‍ തന്നെ പറയുന്നുണ്ട്. ചിരിയാണ് ഏറ്റവും നല്ല മരുന്നെന്നാണ് നെഹ്‌റ വിശ്വസിക്കുന്നത്. മാനസികാവസ്ഥ ലഘൂകരിക്കാനും ടീമിനെ ഒരുമിച്ച് കൊണ്ടുവരാനും അദ്ദേഹം പതിവായി തമാശകള്‍ പറയാറുണ്ടെന്നാണ് പറയപ്പെടുന്നത്.
അതേസമയം ടീമിനെ താന്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും തന്ത്രങ്ങള്‍ എന്തെല്ലാമാണെന്നും ഗുജറാത്ത് ടൈറ്റന്‍സ് പുറത്തുവിട്ട ഒരു പോഡ്കാസ്റ്റിലൂടെ നെഹ്റ തന്നെ വിശദീകരിക്കുന്നുണ്ട്.
'എനിക്ക് കോച്ചിങ് ഫിലോസഫിയുമില്ല. ഞാന്‍ കളിച്ചപ്പോഴെല്ലാം പല സമയത്തും ചില നല്ല പരിശീലകരെ കണ്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് പ്രധാന കാര്യം കളിക്കാരെ സഹായിക്കുക എന്നതാണ്. എന്റെ അനുഭവം അവരുമായി പങ്കിടുക. ഓരോ കളിക്കാരോടും വ്യത്യസ്തമായ ബന്ധങ്ങളാണ് ഉള്ളത്. ഓരോ കളിക്കാരുടേയും കരിയര്‍ വ്യത്യസ്തമായിരിക്കും എന്നത് കൊണ്ട് അവരോടുള്ള ഇടപെടലും വ്യത്യസ്തമായിരിക്കും. എന്നാല്‍ എല്ലാവരും തുല്യരായിരിക്കും' നെഹ്റ വ്യക്തമാക്കി.
ആശിഷ് നെഹ്റ തന്റെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് അടുത്തിടെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹര്‍ദിക് പാണ്ഡ്യയും പറഞ്ഞിട്ടുണ്ട്.
നെഹ്റയുടെ കരിയര്‍
1999-ല്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് അദ്ദേഹത്തിന് 2001-വരെ കാത്തിരിക്കേണ്ടി വന്നു. 17 ടെസ്റ്റുകളില്‍ നിന്നായി 44 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള നെഹ്റ 120 ഏകദിന മത്സരങ്ങളില്‍ നിന്ന് 157 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2009-ല്‍ ശ്രീലങ്കയുമായിട്ടാണ് ആദ്യ ട്വന്റി-20 മത്സരം കളിച്ചത്. 27 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 34 വിക്കറ്റുകളാണ് കൊയ്തത്.

2003-ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയതാണ് കരിയറിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം. കണങ്കാലിന് സ്ഥിരമായ പരിക്കേല്‍ക്കുന്നത് നെഹ്റയുടെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു. 2009-ല്‍ മികച്ച ഫോമോടെ തിരിച്ചെത്തിയ നെഹ്റ ഇന്ത്യ കിരീടം ചൂടിയ 2011-ലെ ലോകകപ്പ് ടീമില്‍ ഇടംനേടിയിരുന്നു. സെമിഫൈനലില്‍ പാകിസ്താനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച നെഹ്റയ്ക്ക് പരിക്ക് കാരണം ഫൈനലില്‍ കളിക്കാനായിരുന്നില്ല.
18 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിനിടയില്‍ 12 ശസ്ത്രക്രിയകള്‍ക്കും നിരവധി തിരിച്ചുവരവുകള്‍ക്കും ശേഷം ഫിറോസ് ഷാ കോട്‌ലയില്‍ തന്റെ അവസാന ട്വന്റി-20 മത്സരം കളിച്ച് നെഹ്‌റ തന്റെ കരിയറിന് തിരശ്ശീല വീഴ്ത്തി. 2017 അവസാനത്തോടെ നെഹ്‌റ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

2017-ല്‍ വിരാട് കോലിക്ക് കീഴിലാണ് നെഹ്റ തന്റെ അവസാന മത്സരം കളിച്ചത് എന്നത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കോലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന നെഹ്റ ഉപഹാരം സമ്മാനിക്കുന്ന ഒരു ചിത്രം അന്ന് വൈറലായി. 'അത് 2003-ല്‍ അദ്ദേഹം ലോകകപ്പില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ്. എനിക്ക് അന്ന് 13 വയസ്സായിരുന്നു, സ്‌കൂള്‍ ടീമില്‍ ഇടംപിടിക്കാന്‍ പാടുപെടുകയായിരുന്നു' ആ ചിത്രത്തെ കുറിച്ച് കോലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ആ കോലിക്ക് കീഴിലാണ് നെഹ്റ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിയത് എന്നത് ചരിത്രം.
Content Highlights: What is the Nehra's coaching strategy-Why Rejected BCCI's T20 Coach Offer
Published: 01 Dec 2023, 01:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented