ഇന്ത്യൻ ക്രിക്കറ്റിൽ ചില താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ, മറ്റ് ചിലർക്ക് അർഹിച്ച പരിഗണന ലഭിക്കാറില്ലെന്ന് മലയാളി താരം കരുൺ നായർ. 2025-ൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും കേവലം നാല് മത്സരങ്ങൾക്കുശേഷം വീണ്ടും തഴയപ്പെട്ടതിനെക്കുറിച്ചായിരുന്നു കരുണിന്റെ പ്രതികരണം. സ്പോർട്സ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു 34-കാരനായ കരുണിന്റെ തുറന്നുപറച്ചിൽ.
ദേശീയ ടീമിൽ നിന്ന് മാത്രമല്ല, സംസ്ഥാന ടീമിൽ നിന്നുപോലും പുറത്തായ കാലഘട്ടമായിരുന്നു കരിയറിലെ ഏറ്റവും കഠിനമെന്ന് കരുൺ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ടീമിൽ നിന്ന് പോലും ഒഴിവാക്കപ്പെട്ടത് വല്ലാതെ ഉലച്ചു. അടുത്തതായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. എന്നാൽ, എനിക്കൊരു കുടുംബമുണ്ടായിരുന്നു, അവരെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. സ്വയം രണ്ട് വർഷത്തെ സമയം നൽകാനാണ് ഞാൻ തീരുമാനിച്ചത്. ആ രണ്ട് വർഷത്തിനുള്ളിൽ ക്രിക്കറ്റിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ജോലി കണ്ടെത്താമെന്ന് ഉറപ്പിച്ചിരുന്നു,' കരുൺ വെളിപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് അവസരം നൽകിയ വിദർഭ ക്രിക്കറ്റ് അസോസിയേഷനോട് എന്നും കടപ്പാടുണ്ടെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രണ്ട് സീസണുകൾക്ക് ശേഷം കർണാടകയിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് അവിശ്വസനീയമായ അനുഭവമായിരുന്നു. മുപ്പതുകളിലും നാൽപ്പതുകളിലും എത്തിയ പല ഇന്നിങ്‌സുകളും വലിയ സ്‌കോറുകളാക്കി മാറ്റാൻ എനിക്ക് സാധിക്കുമായിരുന്നു. കുറച്ചുകൂടി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഞാൻ കൂടുതൽ സന്തോഷവാനായേനെ. പക്ഷേ കാര്യങ്ങൾ അങ്ങനെയാണ്. ചിലർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, ചിലർക്ക് കുറവും. അത് മാറ്റാൻ എനിക്കൊന്നും ചെയ്യാനാവില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ രീതി അതാണ്,' കരുൺ പറഞ്ഞു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എപ്പോഴും ലക്ഷ്യമാണെങ്കിലും അമിത പ്രതീക്ഷകൾ സ്വന്തം പ്രകടനത്തെ ബാധിക്കാതിരിക്കാൻ ഓരോ മത്സരത്തിലുംമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും കരുൺ വ്യക്തമാക്കി.
കർണാടകയുടെ പത്ത് വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കരുൺ പറഞ്ഞു. മുൻ നായകൻ വിനയ് കുമാർ പരിശീലകനായി എത്തിയത് ടീമിന് വലിയ ഊർജം നൽകുന്നുണ്ട്. അന്ന് ടീമിലുണ്ടായിരുന്ന മായങ്ക് അഗർവാളും ശ്രേയസ് ഗോപാലും താനും ചേർന്ന് ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ്-കരുൺ പറഞ്ഞു.
ഐ.പി.എല്ലിനുശേഷം
ലഭിച്ച മൂന്നര മാസത്തെ ഇടവേളയിൽ കഠിനമായ ഫിറ്റ്‌നസ് പരിശീലനത്തിലൂടെ ശരീരഭാരം കുറച്ച് കൂടുതൽ കരുത്തനായാണ് കരുൺ പുതിയ സീസണിന് ഇറങ്ങുന്നത്. പവർ-ഹിറ്റിംഗിന് പ്രാധാന്യമുള്ള ടി20 ക്രിക്കറ്റിൽ, ബൗളർമാർ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് വേറിട്ട ഷോട്ടുകൾ കളിച്ച് റൺസ് കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്നും ചെന്നൈയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ കാലത്തേക്കാൾ മാനസികമായി കരുത്തനും പക്വതയുള്ളവനുമായ ബാറ്ററായി താൻ ഇന്ന് മാറിയെന്നും കരുൺ നായർ കൂട്ടിച്ചേർത്തു.
Content Highlights: Karun Nair expressed disappointment over getting limited opportunities in the Indian Test team despite a comeback in 2025., He considered finding another job during the toughest phase of his career when he was dropped from even the state team., Vidarbha Cricket Association played a crucial role in reviving his career before his return to Karnataka., He aims to end Karnataka's 10-year title drought alongside Mayank Agarwal and Shreyas Gopal., He worked hard on his fitness and mindset during the IPL break to become a more mature and powerful T20 batter.
Published: 20 Nov 2026, 02:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented