എം. സുരേഷ് കുമാർ | Photo: B. Muralikrishnan
1994-95 സീസണിലെ രഞ്ജി ട്രോഫി ടൂര്‍ണമെന്റ്. പില്‍ക്കാലത്ത് രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമേകിയ സീസണായിരുന്നു അത്. കേരളം ആദ്യമായി രഞ്ജി ട്രോഫി നോക്കൗട്ടില്‍ കടന്നത് ആ സീസണിലാണ്. അന്ന് പാലക്കാട് വിക്ടോറിയ മൈതാനത്ത് ഡബ്ല്യു.വി രാമന്‍, വി.ബി ചന്ദ്രശേഖര്‍, റോബിന്‍ സിങ്, എസ്. ശരത്ത്, എം. വെങ്കട്ട്‌രമണ, ബാലാജി റാവു, ഡി. വാസു എന്നീ വമ്പന്‍ തോക്കുകളടങ്ങിയ തമിഴ്‌നാട് ടീമിനെ തന്റെ പന്തുകള്‍ കൊണ്ട് വിറപ്പിച്ചുനിര്‍ത്തിയ ഒരു ആലപ്പുഴക്കാരനുണ്ടായിരുന്നു, എം. സുരേഷ് കുമാര്‍ എന്ന ഇടംകൈയന്‍ ഓഫ് സ്പിന്നര്‍. അന്ന് കരുത്തരായ തമിഴ്‌നാടിനെ പാലക്കാടിന്റെ മണ്ണില്‍ മുട്ടുകുത്തിച്ച് കേരളം ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ട് സ്‌റ്റേജിലേക്ക് മുന്നേറിയപ്പോള്‍ രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റുകളുമായി തിളങ്ങിയത് സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ 'ഉംബ്രി' എന്ന് വിളിച്ചിരുന്ന സുരേഷ് കുമാറായിരുന്നു. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ കേരളത്തിന്റെ ആദ്യ ജയം കൂടിയായിരുന്നു അത്.
കേരള ക്യാപ്റ്റനും പേരുകേട്ട സ്പിന്നറുമായിരുന്ന അനന്തപത്മനാഭന്‍ പരിക്കേറ്റ് മടങ്ങിയ മത്സരത്തിലാണ് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് ഉംബ്രി ചുക്കാന്‍ പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ വെറും അഞ്ച് ഓവര്‍ മാത്രം എറിഞ്ഞ് മടങ്ങിയ അനന്തപത്മനാഭന്‍, രണ്ടാം ഇന്നിങ്‌സില്‍ പന്തെറിഞ്ഞതുമില്ല. ആ മത്സരത്തില്‍ തന്റെ വേരിയേഷനുകള്‍ കൊണ്ട് തമിഴ്‌നാട് ബാറ്റ്‌സ്മാന്‍മാരെ സുരേഷ് വട്ടംകറക്കുകയായിരുന്നു.

മത്സരത്തിന്റെ ഒന്നാം ഇന്നിങ്സില്‍ 17 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ പി.ജി സുന്ദറിന്റെയും അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തിയ അജയ് കുടുവയുടെയും മികവില്‍ തമിഴ്‌നാടിന് മുന്നില്‍വെച്ചത് 271 റണ്‍സിന്റെ വിജയലക്ഷ്യം. തമിഴ്‌നാട് ബാറ്റിങ് നിരയെ രണ്ടാം ഇന്നിങ്‌സില്‍ വിറപ്പിച്ച സുരേഷിന്റെ മികവില്‍ കേരളം അങ്ങനെ ആദ്യമായി രഞ്ജി ട്രോഫി നോക്കൗട്ട് സ്‌റ്റേജിലേക്ക് മുന്നേറി.
സ്വന്തം കഴിവ് എന്തായിരുന്നുവെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോയ താരമെന്നാണ് സുരേഷിനെ അറിയുന്നവരെല്ലാം അദ്ദേഹത്തെ കുറിച്ച് പറയുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു താരം ഇന്ത്യന്‍ ദേശീയ ടീമിന്റെ വാതില്‍ തുറന്ന് അകത്തുകയറുമെന്ന് അക്കാലത്തെ ഭൂരിപക്ഷം ആളുകളെയും പോലെ സുരേഷും ഒരുപക്ഷേ വിശ്വസിച്ചിട്ടുണ്ടാകില്ല. എന്നാല്‍ പന്തു കൊണ്ടും ബാറ്റു കൊണ്ടും ഫീല്‍ഡിങ്ങിലും തിളങ്ങിയിരുന്ന സുരേഷിന് സ്വയം ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ ആ സ്വപ്‌നം സാധ്യമാകുമായിരുന്നുവെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ചുറ്റിലും.
12-13 വയസുള്ളപ്പോഴാണ് കേരള അണ്ടര്‍-19 ടീമില്‍ കളിക്കാനായി സുരേഷ് എത്തുന്നത്. അന്നത്തെ തങ്ങളുടെ ഉംബ്രിയെ ക്രിക്കറ്റ് സംഘാടകനായിരുന്ന വി.ആര്‍ രാജന്‍ ഇന്നും ഓര്‍ക്കുന്നു. അന്നത്തെ ആ ചെറിയ പയ്യന്‍ ഫീല്‍ഡില്‍ പുറത്തെടുത്തിരുന്ന എനര്‍ജി അപാരമായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്നുള്ള ത്രോ പോലും കൃത്യം സ്റ്റമ്പിലായിരിക്കും. അത്രയ്ക്ക് കഴിവുള്ള താരമായിരുന്നു. ശരിക്കും ഇന്ത്യ പാഴാക്കി കളഞ്ഞ ഒരു ടാലന്‍ഡായിരുന്നു ഉംബ്രി എന്നാണ് അദ്ദേഹത്തെ കുറിച്ച് രാജന്‍ പറയുന്നത്.
ക്രിക്കറ്റില്‍ കോപ്പി ബുക്ക് കാലഘട്ടമായിരുന്നു അത്. ബാറ്റ്‌സ്മാന്‍മാരാകട്ടെ ബൗളര്‍മാരാകട്ടെ അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളും വേരിയേഷനുകളും കാര്യമായി പരീക്ഷിക്കാതിരുന്ന കാലം. എന്നാല്‍ അക്കാലത്ത് തന്നെ തന്റെ ബൗളിങ്ങില്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന താരമായിരുന്നു സുരേഷ്. 'ആം ബോള്‍' എന്ന ആയുധം ഇംഗ്ലീഷ് താരം ഡെറിക്ക് അണ്ടര്‍വുഡ് ഫലപ്രദമായി ഉപയോഗിക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ആ പന്ത് ഇന്ത്യയില്‍ ഫലപ്രദമായി ഉപയോഗിച്ചവരില്‍ ഒരാള്‍ സുരേഷായിരുന്നു. അണ്ടര്‍വുഡിന്റെ കളി കണ്ട് അതില്‍ നിന്ന് സുരേഷ് പഠിച്ചെടുത്തതൊന്നുമായിരുന്നില്ല ഇത്. പരീക്ഷണങ്ങള്‍ക്ക് മുതിരാനുള്ള അദ്ദേഹത്തിന്റെ സഹജവാസനയ്ക്ക് ലഭിച്ച പ്രതിഫലമായിരുന്നു ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദനയായിരുന്ന സുരേഷിന്റെ ആം ബോളുകള്‍. തമിഴ്‌നാടിനെതിരായ രഞ്ജി മത്സരത്തില്‍ സുരേഷ് ഫലപ്രദമായി ഉപയോഗിച്ചതും ഇതേ ആം ബോള്‍ തന്നെ.
തുടർന്ന് 1995-ല്‍ റെയില്‍വേസിലേക്ക് മാറിയ സുരേഷ് ആ സീസണില്‍ സെന്‍ട്രല്‍ സോണിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമായി. അന്ന് നരേന്ദ്ര ഹിര്‍വാനി നേടിയതിനേക്കാള്‍ ഇരട്ടി വിക്കറ്റുകള്‍ സുരേഷ് വീഴ്ത്തിയിരുന്നു. അക്കാലത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സുരേഷ് തിരഞ്ഞെടുക്കപ്പെടുമെന്ന് എല്ലാവരും കരുതി. പക്ഷേ നിരാശയായിരുന്നു ഫലം.

പലപ്പോഴും സ്വജനപക്ഷപാതവും പ്രാദേശികതയുമാണ് സുരേഷിന് വില്ലനായി മാറിയത്. മികച്ച പ്രകടനങ്ങളിലൂടെ സുരേഷ് ശ്രദ്ധ നേടുന്ന കാലത്താണ് കര്‍ണാടകക്കാരനായ സെലക്ടര്‍ ഗുണ്ടപ്പ വിശ്വനാഥ് ഇന്ത്യന്‍ ടീമിലേക്ക് കര്‍ണാടകക്കാരന്‍ എന്ന ലേബലുള്ളതുകൊണ്ടു മാത്രം സുനില്‍ ജോഷി എന്ന ശരാശരിക്കാരന് പച്ചക്കൊടി കാണിക്കുന്നത്.
2011-ല്‍ ഓസ്ട്രേലിയയിലെ കാന്‍ബറയിലെ യുദ്ധസ്മാരകത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ പ്രഭാഷണത്തിനിടെ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് സുരേഷിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. 1990-ല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെ ന്യൂസീലന്‍ഡ് അണ്ടര്‍-19 ടീമിനെതിരേ നടന്ന പരമ്പരയില്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ സുരേഷും അംഗമായിരുന്നു. മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്‌ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും കളിച്ച താരമായിരുന്നു സുരേഷ്.
എന്തുകൊണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളി എന്ന നേട്ടം സ്വന്തമാക്കാന്‍ അര്‍ഹനായിരുന്ന താരത്തിന് പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമായി തന്റെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ മാത്രം നഷ്ടമല്ല. ആ നഷ്ടം ഇന്ത്യന്‍ ദേശീയ ടീമിനും കൂടിയായിരുന്നു.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും നേടിയ സുരേഷിന്റെ കരിയര്‍ സ്റ്റാറ്റസ് പക്ഷേ ഒരിക്കലും അദ്ദേഹത്തിന്റെ പ്രതിഭയോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല.
2005 ഡിസംബറില്‍ ജാര്‍ഖണ്ഡിനെതിരേ പാലക്കാട് വിക്ടോറിയ കോളേജ് മൈതാനത്ത് നടന്ന മത്സരത്തോടെ ഒടുവില്‍ ആ പ്രതിഭ ക്രിക്കറ്റ് മൈതാനത്തോട് വിടപറഞ്ഞു. 15 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ ജീവിതത്തില്‍ നിന്നും.
വിവരങ്ങൾക്ക് കടപ്പാട്: www.facebook.com/gavaz-kanjiramnilkunnathil
Content Highlights: Umbri the best left arm off spinner South India has ever had
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..