
കണ്ണൂര്‍ ചെറുപുഴയില്‍ നിന്ന് ലോക ബാഡ്മിന്റണിന്റെ കടലിലേക്കുള്ള യാത്ര. അതാണ് മലയാളി താരം ട്രീസാ ജോളിയുടെ ജീവിതത്തില്‍ സംഭവിച്ചത്. എന്നാല്‍ ആ യാത്രക്കു പിന്നില്‍ മായാജാലങ്ങളൊന്നുമില്ല. രണ്ടു മാസങ്ങള്‍ക്കു ശേഷം പത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ട്രീസ കോര്‍ട്ടില്‍ ഒഴുക്കിയ വിയര്‍പ്പു തന്നെയാണ് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ സെമി ഫൈനല്‍ വരെ അവളെ എത്തിച്ചത്.
അച്ഛന്‍ ജോളി മാത്യു കായികാധ്യാപകനായതിനാല്‍ കുട്ടിക്കാലം മുതല്‍ ഗ്രൗണ്ടിലിറങ്ങി ശീലിച്ചവളാണ് ട്രീസ. അഞ്ചാം വയസ്സില്‍ മകളുടെ കൈയില്‍ ജോളി ഷട്ടില്‍ ബാറ്റു കൊടുത്തു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അണ്ടര്‍-10 സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് ട്രീസ കോര്‍ട്ടിലിറങ്ങി. പിന്നീടങ്ങോട്ട് ഷട്ടിലില്‍ ചരിത്രത്തിലേക്കുള്ള സ്മാഷുകളുമായി ട്രീസ മുന്നേറി. പത്താം വയസ്സില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനീധകരിച്ച താരം ഏഴാം ക്ലാസു വരെ അച്ഛന് കീഴില്‍തന്നെയാണ് പരിശീലിച്ചത്.
പിന്നീട് കണ്ണൂര്‍ സര്‍വകലാശാല കായിക മേധാവി അനില്‍ രാമചന്ദ്രന്റെ കീഴിലേക്ക് പരിശീലനം മാറ്റി. കൂടുതല്‍ പ്രൊഫഷണലാകുക എന്ന ലക്ഷ്യത്തോടെ ബാഡ്മിന്റണിന്റെ തറവാടായ ഹൈദരാബാദില്‍ ഒരു വര്‍ഷം മുമ്പാണ് ട്രീസ എത്തിയത്. അവിടെ ഇതിഹാസ താരമായ ഗോപീചന്ദിന്റെ കീഴില്‍ പരിശീലനം. അന്ന് ഗോപീചന്ദിന്റെ മകള്‍ ഗായത്രി ഡബിള്‍സില്‍ ഒരു പങ്കാളിയെ അന്വേഷിക്കുന്ന സമയമായിരുന്നു. ബാക്ക് കോര്‍ട്ടില്‍ നിന്ന് അറ്റാക്കിങ് ഗെയിം കളിക്കുന്ന പങ്കാളിയെ ആയിരുന്നു ഗായത്രിക്ക് വേണ്ടിയിരുന്നത്. അങ്ങനെ ആ അന്വേഷണം ട്രീസയിലെത്തി നിന്നു.
കഴിഞ്ഞ വര്‍ഷം യൂബര്‍ കപ്പില്‍ കളിച്ചായിരുന്നു ഇരുവരുടേയും സീനിയര്‍ തലത്തിലുള്ള അരങ്ങേറ്റം. ഇന്ത്യാ ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ കിരീടം നേടിയ ഇരുവരും പോളിഷ് ഇന്റര്‍നാഷണലിലും വെല്‍ഷ് ഇന്റര്‍നാഷണിലും ഫൈനലിലെത്തി. ഈ വര്‍ഷം ഒഡീഷ ഓപ്പണില്‍ ജേതാക്കളായ ഗായത്രി-ട്രീസ സഖ്യം സയ്യിദ് മോദി ഇന്റര്‍നാഷണില്‍ ഫൈനലിലുമെത്തി. കഴിഞ്ഞാഴ്ച്ച ജര്‍മന്‍ ഓപ്പണില്‍ കളിക്കാനായി മുള്‍ഹെയെമിലെത്തിയപ്പോഴാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള വിളി തേടിയെത്തിയത്.
നിലവില്‍ ലോക റാങ്കിങ്ങില്‍ 46-ാം സ്ഥാനത്താണ് ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡി. ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് ശേഷം മികച്ച റാങ്കിലെത്തുന്ന ഇന്ത്യയുടെ വനിതാ ഡബിള്‍സ് ജോഡി. ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ രണ്ടാം സീഡായ കൊറിയന്‍ സഖ്യത്തിനെതിരേ കളിക്കാനിറങ്ങിയപ്പോഴും റാങ്കിങ്ങിന്റെ അമിതഭാരമൊന്നുമില്ലായിരുന്നെന്ന് ട്രീസ മത്സരശേഷം വ്യക്തമാക്കിയിരുന്നു. 'ഞങ്ങള്‍ക്കു ഒരു സമ്മര്‍ദ്ദവുമില്ലായിരുന്നു. കൊറിയന്‍ താരങ്ങള്‍ ആക്രമിച്ചു കളിക്കുന്നവരാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ ഞങ്ങള്‍ പ്രത്യേകിച്ചൊന്നും ആസൂത്രണം ചെയ്യാതെയാണ് കോര്‍ട്ടിലിറങ്ങിയത്.' ട്രീസയുടെ വാക്കുകള്‍.

ഇന്ത്യന്‍ ജോഡി രണ്ടാം സീഡായ കൊറിയന്‍ സഖ്യത്തെ പരാജയപ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇരുവര്‍ക്കും പ്രതീക്ഷകളുടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാനായത്. ആദ്യ ഗെയിം നഷ്ടപ്പെട്ട് രണ്ടാം ഗെയിമില്‍ രണ്ടു മാച്ച് പോയിന്റുകള്‍ അതിജീവിച്ച ആ പോരാട്ടത്തിന് മുന്നില്‍ കൊറിയന്‍ താരങ്ങള്‍ മുട്ടുമടക്കി.
Content Highlights: Treesa Jolly Badminton Player From Kerala All England Badminton Championship Semi Final
Published: 19 Mar 2022, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented