ലണ്ടന്‍: ചരിത്ര നേട്ടം സ്വപ്‌നം കണ്ട് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലിനിറങ്ങിയ ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്നിന് തിരിച്ചടി. ഫൈനലില്‍ ലക്ഷ്യ സെന്നിനെ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്‍ പരാജയപ്പെടുത്തി. 

To advertise here,

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ യുവതാരത്തിന്റെ തോല്‍വി. സ്‌കോര്‍: 21-10, 21-15. മത്സരം 53 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. 20 കാരനായ സെന്‍ ഈയിടെ അവസാനിച്ച ജര്‍മന്‍ ഓപ്പണ്‍ സെമി ഫൈനലില്‍ അക്‌സെല്‍സെന്നിനെ വീഴ്ത്തിയിരുന്നു. 

എന്നാല്‍ ആ മികവ് ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. രണ്ടാം ഗെയിമില്‍ നന്നായി കളിച്ചെങ്കിലും പരിചയസമ്പത്തിന്റെ ആനുകൂല്യത്തില്‍ അക്‌സെല്‍സെന്‍ വിജയം നേടുകയായിരുന്നു. 

കിരീടം നേടിയിരുന്നെങ്കില്‍ 21 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുമായിരുന്നു. ഇതിനുമുന്‍പ് 2001-ല്‍ പുല്ലേല ഗോപിചന്ദാണ് അവസാനമായി ഓള്‍ ഇംഗ്ലണ്ട് കിരീടം നേടിയ ഇന്ത്യന്‍ താരം. 

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇടം നേടുന്ന നാലാമത്തെ മാത്രം താരം എന്ന റെക്കോഡ് ലക്ഷ്യ സെന്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. പ്രകാശ് നാഥ് (1947), പ്രകാശ് പദുകോണ്‍ (1980, 1981), പുല്ലേല ഗോപിചന്ദ് (2001), സൈന നേവാള്‍ (2015) എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയവര്‍.