
2024 ജൂണ്‍ ആറ്, ഇന്ത്യന്‍ ഫുട്ബോളിന്റെ കലണ്ടറില്‍ ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തിയിടേണ്ട ദിവസം. അന്നാണ് ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളും വര്‍ത്തമാനകാല ഫുട്ബോളിലെ പോസ്റ്റര്‍ ബോയ് എന്ന ഖ്യാതിയുമുള്ള സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരം കളിച്ച് കളം വിട്ടത്. കുവൈറ്റിനെതിരായ മത്സരത്തില്‍ ജയത്തോടെ ഇന്ത്യന്‍ നായകന് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കാന്‍ ടീമിനായില്ല. സുനില്‍ ഛേത്രി കളം വിടുമ്പോള്‍ മുന്നേറ്റനിരയിലുണ്ടാകുന്ന ശൂന്യത മാത്രമല്ല ഇന്ത്യന്‍ ഫുട്ബോളിനെ അലട്ടുന്നത്. ഇനിയൊരു പോസ്റ്റര്‍ ബോയിക്കായി എത്രനാള്‍ കാത്തിരിക്കണമെന്ന ചിന്ത കൂടിയാണ്. ചുനി ഗോസ്വാമിയില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളിലെ പോസ്റ്റര്‍ ബോയ്മാരുടെ ചരിത്രം സമകാലിക കാലത്ത് ഐ.എം. വിജയനിലൂടേയും ബൈചുങ് ബൂട്ടിയയിലൂടേയും കടന്നാണ് സെക്കന്തരാബാദുകാരന്‍ ഛേത്രിയിലെത്തിയത്.
ഛേത്രി പുരാണം
പോര്‍ച്ചുഗീസുകാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സിയും കഴിഞ്ഞാല്‍ വര്‍ത്തമാന കാലത്ത് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഛേത്രി. ഫുട്ബോളിന്റെ മൊത്തം ചരിത്രം പരിശോധിച്ചാല്‍ ഗോള്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകനുണ്ട്. 151 കളിയില്‍ നിന്ന് 94 ഗോളാണ് സമ്പാദ്യം. ക്രിസ്റ്റ്യാനോക്ക് 135 ഗോളും മെസ്സിക്ക് 112 ഗോളുമുണ്ട്. മൂന്നാം സ്ഥാനത്ത് ഇറാന്റെ അലി ദേയി 108 ഗോളുമായുണ്ട്. ഗോളടിയില്‍ ഛേത്രിക്ക് പിന്നിലാണ് സാക്ഷാല്‍ പെലെയും നെയ്മറും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെറങ്ക് പുഷ്‌കാസുമെല്ലാം. ഗോളുകള്‍ വെച്ച് ലോക ഫുട്ബോളിലെ ഇതിഹാസങ്ങളേക്കാള്‍ മുകളിലാണ് ഛേത്രിയെന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ ഫൈനല്‍ തേര്‍ഡിലേക്ക് കൗശലമുള്ള പന്ത് നല്‍കാന്‍ കഴിയുന്ന താരങ്ങള്‍ അധികമൊന്നുമില്ലാത്ത ഇന്ത്യന്‍ ഫുട്ബോളെന്ന കപ്പലിന്റെ ആടയാഭരണങ്ങള്‍ അധികമൊന്നുമില്ലാത്ത കപ്പിത്താനായിരുന്നു ഛേത്രിയെന്ന യാഥര്‍ത്ഥ്യത്തിന് മുകളിലിരുന്നു വേണം മറ്റ് താരങ്ങളുടെ നേട്ടത്തെ നോക്കുന്നത്.
2007-ലെ നെഹ്റുകപ്പില്‍ കംബോഡിയക്കെതിരേ ഇരട്ടഗോളോടെയായിരുന്നു അന്താരാഷ്ട്ര ഫുട്ബോളില്‍ ഛേത്രിയുടെ അരങ്ങേറ്റം. ഇന്ത്യന്‍ മുന്നേറ്റനിരയില്‍ അഞ്ചടി ഏഴിഞ്ചുകാരന്‍ അവിഭാജ്യ ഘടകമായത് കഠിനാധ്വാനം കൊണ്ട് തന്റെ പരിമിതികളെ മറികടന്നാണ്. ക്ലിനിക്കല്‍ ഫിനിഷിങ്ങും അപാരമായ ടൈമിങ്ങുമായി ഛേത്രി ഇന്ത്യന്‍ ഫുട്ബോളില്‍ ഒന്നരപതിറ്റണ്ടോളം നിറഞ്ഞു നിന്നു.
ഇന്ത്യന്‍ ഫുട്ബോളിലെ യഥാര്‍ത്ഥ പോസ്റ്റര്‍ ബോയിയായിരുന്നു ഛേത്രി. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒറ്റ വീഡിയോ കൊണ്ട് മുംബൈ അരീന ഫുട്ബോള്‍ സ്റ്റേഡിയം നിറച്ചകഥ ചരിത്രമാണ്. 2018 ജൂണ്‍ 10-ന് അരീന സ്റ്റേഡിയത്തില്‍ നടന്ന കെനിയക്കെതിരേയുള്ള ഫൈനല്‍ മത്സരമാണ് നിറഞ്ഞ സ്റ്റേഡിയത്തില്‍ നടന്നത്. അതിന് മുമ്പുള്ള മത്സരങ്ങള്‍ക്ക് കാണികളില്ലാതിരുന്നതോടെയാണ് ഛേത്രി ആരാധകര്‍ക്ക് മുന്നില്‍ വികാരഭരിതനായി രംഗത്തെത്തിയത്. ഛേത്രിയെ പിന്തുണച്ച് അന്നത്തെ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയ കാണികളെ ഛേത്രിയും സംഘവും നിരാശപ്പെടുത്തിയില്ല. എതിരില്ലാത്ത രണ്ട് ഗോളിന് കെനിയയെ തോല്‍പ്പിച്ച് ഇന്ത്യ കപ്പില്‍ മുത്തമിട്ടു. രണ്ട് ഗോളും നേടിയത് ഛേത്രിയായിരുന്നു.

വരള്‍ച്ചക്കാലത്തെ ഇന്ത്യന്‍ ഫുട്ബോള്‍
പത്ത് വര്‍ഷം മുമ്പാണ് ഒരു ജയവുമില്ലാതെ ഒരു വര്‍ഷം ഇന്ത്യന്‍ ഫുട്ബോളിനെ കടന്നുപോയത്. 2014-ല്‍ രണ്ട് മത്സരം മാത്രം കളിച്ച ഇന്ത്യന്‍ ടീം ബംഗ്ലാദേശിനോട് സമനിലയും പലസ്തീനോട് തോല്‍വിയും വഴങ്ങി. അതിന് ശേഷം പത്ത് ഇന്ത്യന്‍ സൂപ്പര്‍ലീഗുകള്‍ കടന്നു പോയി. 2024 വിട പറയുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അക്കൗണ്ടില്‍ വിജയമില്ല. കളിച്ച 11 മത്സരങ്ങളില്‍ ആറ് തോല്‍വിയും അഞ്ച് സമനിലയും മാത്രം. പുതിയ പരിശീലകന്‍ മനോളോ മര്‍ക്വേസിന് കീഴില്‍ ഇതുവരെ കളിച്ച നാല് കളികളിലും ജയമില്ല, മൂന്ന് സമനിലയും ഒരു തോല്‍വിയും. സുനില്‍ ഛേത്രിയെന്ന കളിക്കാരന്റെ അഭാവം കളിക്കളത്തില്‍ നന്നായി പ്രകടമാവുന്ന ദിനങ്ങള്‍.
ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് ലോകകപ്പ് യോഗ്യതയുടെ ഫൈനല്‍ റൗണ്ടിലേക്ക് ബര്‍ത്ത് സംഘടിപ്പിക്കാന്‍ കഴിയാതെ പോയപ്പോഴാണ് സ്പാനിഷ് പരിശീലകന്‍ മാര്‍ക്വേസിനെ പിന്‍ഗാമിയായി ചുമതലയേല്‍പ്പിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി. ഗോവയുടെ പരിശീലകനെ ഇന്ത്യന്‍ ടീമിന്റെ കൂടി ചുമതലയേല്‍പ്പിക്കുകയായിരുന്നു. ശരാശരിക്കാരായ ഒരു സംഘം കളിക്കാരുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്.സി.യെ ചാമ്പ്യന്‍മാരാക്കിയ ചരിത്രമുണ്ട് മനോളോക്ക്. എന്നാല്‍ സ്റ്റിമാച്ചിന്റെ കുപ്പിയിലെ പഴയ വീഞ്ഞാണ് മനോളോയുടെ ചഷകത്തിലേക്ക് പകര്‍ന്നുകൊടുത്തിരിക്കുന്നത്. അതിന് വീര്യമേറ്റാനുള്ള തന്ത്രങ്ങളാണ് ഇനി വേണ്ടത്.
സ്റ്റിമാച്ചിന് കീഴില്‍ അധികം പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളില്‍ നടന്നിട്ടില്ല. ഒരു ആദ്യ ഇലവനെ സെറ്റാക്കാന്‍ ഏറെ സമയം എടുത്ത സ്റ്റിമാച്ച് ചുരുങ്ങിയ സമയത്ത് ടീമുമായി ചില മിന്നലാട്ടങ്ങള്‍ നടത്തിയിരുന്നു. എന്നാലത് എളുപ്പം കത്തിതീര്‍ന്നു. പഴകി മടുത്ത കളിയുമായി ഇന്ത്യന്‍ ടീം മൈതാനത്ത് കിതച്ചുനില്‍ക്കുന്നത് തുടര്‍ക്കഥയായതോടെയാണ് കരാര്‍ റദ്ദാക്കി സ്റ്റിമാച്ചിനെ ഫെഡറേഷന്‍ തിരിച്ചയച്ചത്. അതിന് കോടികള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നു. മനോളോ മിടുക്കനാണ്. എന്നാല്‍ പരിമിതിമായ വിഭവങ്ങളും അനന്തമായ ആഗ്രഹങ്ങളുമെന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തിയറിയാണ് പരിശീലകന് മുന്നിലുള്ളത്.
പോസ്റ്റര്‍ ബോയ് ക്ഷാമം
കുറച്ചുകാലമായി ഇന്ത്യന്‍ ഫുട്ബോളിന്റെ അന്താരാഷ്ട്ര മേല്‍വിലാസമായിരുന്നു സുനില്‍ ഛേത്രി. താരം വിരമിക്കുമ്പോള്‍ ഗോളടിക്കാന്‍ ആളില്ലാത്തത് മത്രമല്ല, ഇന്ത്യന്‍ ഫുട്ബോളിന് മറ്റ് രാജ്യങ്ങളുടെ മുന്നിലേക്ക് ഉയര്‍ത്തികാട്ടാനുളള പോസ്റ്റര്‍ ബോയിയെ കൂടിയാണ് നഷ്ടമായത്. ഛേത്രിയുടെ കളി കാണാന്‍ എന്ന പേരില്‍ ഇന്ത്യയുടെ കളിക്കായി സ്റ്റേഡിയത്തിലെത്തിയിരുന്നവര്‍ ഇനി ആരുടെ പേരിലാണ് ടിക്കറ്റ് വാങ്ങേണ്ടത്. അതാണ് വര്‍ത്തമാനകാല ഇന്ത്യന്‍ ഫുട്ബോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി

ഐ.എസ്.എലിലെ കളികള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പതിനൊന്നാം എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഫുട്ബോളില്‍ വലിയ ഓളം സൃഷ്ടിക്കാനും കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാനും ലീഗിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ ലീഗിന്റെ ഏറ്റവും വലിയ പരാജയം ഇന്ത്യന്‍ ഫുട്ബോളിന് ഛേത്രിയുടെ പിന്‍ഗാമിയെ സൃഷ്ടിക്കാന്‍ കഴിയാതെ പോയതിലാണ്. ഗോള്‍വേട്ടക്കാരന്റെ രൂപത്തിലും പോസ്റ്റര്‍ ബോയിയുടെ കാര്യത്തിലും ലീഗിന് അതിന്റെ അവതാരലക്ഷ്യം നടപ്പാക്കാന്‍ കഴിയാതെ പോകുന്നുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ടോപ് സ്‌കോറര്‍ ഛേത്രിയാണ്. മറ്റൊരു ഇന്ത്യന്‍ താരത്തിനും അതിന്റെ അടുത്തേക്ക് എത്തിനോക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് സീസണിലും മികച്ചൊരു മുന്നേറ്റനിരയെ ഇന്ത്യന്‍ ടീമിലേക്ക് നല്‍കാനുമായിട്ടില്ല. വിദേശ സ്‌ട്രൈക്കര്‍മാരുടെ ധാരാളിത്തമാണ് അതിന് കാരണമെന്ന് വേണമെങ്കില്‍ പറയാം. എല്ലാ ടീമുകളും ഗോളടിക്കന്‍ വിദേശതാരങ്ങളെയാണ് ആശ്രയിക്കുന്നത്. മുന്നേറ്റനിരയിലെ അവസരമില്ലായ്മയാണ് ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരുടെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കുന്നത്. എന്നാല്‍ ഛേത്രി കളിക്കുന്ന കാലത്തും ഇത്തരം പ്രശ്നമുണ്ടായിരുന്നു. പ്രതിഭകൊണ്ട് അതിനെ മറികടക്കന്‍ താരത്തിനായി. അത്തരം പ്രതിഭകള്‍ നൈസര്‍ഗീകമായി വളര്‍ന്നുവരാത്തതും. ക്ലബ്ബുകള്‍ അതിനായി മുന്‍കൈ എടുക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഛേത്രിയുടെ കാലത്ത് ജെജെ ലാല്‍പെഖുല മുതല്‍ വിക്രം സിങ് വരെയുള്ള മുന്നേറ്റനിരക്കാര്‍ ഒപ്പം കളിച്ചിട്ടുണ്ട്. ഇതില്‍ പെഖുലക്ക് മാത്രമാണ് അല്‍പ്പമെങ്കിലും ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞത്.
ഗോള്‍ദരിദ്രം ഇന്ത്യന്‍ ഫുട്ബോളിനെ ഏങ്ങനെ ബധിച്ചുവെന്ന് ഛേത്രിയുടെ വിരമിക്കലിന് ശേഷമുള്ള മത്സരങ്ങള്‍ തെളിക്കുന്നുണ്ട്. ഫൈനല്‍ തേര്‍ഡില്‍ ഇന്ത്യന്‍ താരങ്ങളുടെ ടച്ചുകളും ആസൂത്രണത്തിന്റെ തച്ചുകളും കൈമോശം വരുന്നു. എതിര്‍ പ്രതിരോധത്തിന് പൂട്ടിയിടേണ്ട താരങ്ങളില്ലാതെയാകുന്നു. അതോടെ എതിര്‍ടീമുകള്‍ക്ക് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ ആക്രമണത്തിന് ഊന്നല്‍ നല്‍കി കളിക്കാന്‍ കഴിയുന്നു. ഇതോടെ ഇന്ത്യന്‍ ടീമിന്റ ആക്രമണ സ്ട്രാറ്റജി വളരെ പെട്ടെന്ന് തകരുന്നു. പ്രതിരോധം ഉറപ്പിച്ച് ആക്രമണ ഫുട്ബോള്‍ കളിക്കാന്‍ താല്‍പ്പര്യമുളള പരിശീലകനാണ് മനോളോ. എന്നല്‍ പ്രതിരോധം ഉറപ്പിക്കാനുളള വസ്തുവകകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പരിശീലകന്‍.
മുന്നേറ്റത്തില്‍ പരീക്ഷണങ്ങളുടെ കാലമാണിപ്പോള്‍. കല്യണ്‍ ചൗബേയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നപ്പോള്‍ ദീര്‍ഘകാല വളര്‍ച്ച പദ്ധതികളാണ് ആദ്യം ആവിഷ്‌ക്കരിച്ചത്. എന്നാല്‍ അതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ അധികാര വടംവലിയില്‍ തെറിച്ചതോടെ പദ്ധതി താളം തെറ്റി. ഗ്രാസ്റൂട്ട് പദ്ധതികളില്‍ ഫെഡറേഷന്‍ ശ്രദ്ധ നല്‍കുന്നുണ്ടെങ്കിലും വേഗത്തില്‍ റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുന്ന സംസ്ഥാന പ്രീമിയര്‍ ലീഗുകളിലാണ് ശ്രദ്ധ വെക്കുന്നത് കേരളത്തില്‍ നടപ്പാക്കിയ സൂപ്പര്‍ ലീഗ് കേരളയുടെ വിജയത്തോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപ്പക്കാനാണ് ഫെഡറേഷന്‍ പദ്ധതിയിടുന്നത്. പുതിയ താരങ്ങളെ എളുപ്പം കണ്ടെത്താന്‍ കഴിയുന്നതും സാമ്പത്തികനേട്ടവും ഇതിന് അവരെ പ്രേരിപ്പിക്കുന്നുണ്ട്. മിനി സൂപ്പര്‍ ലീഗുകള്‍ വരുമ്പോള്‍ ഐ ലീഗിന്റെ പ്രസക്തി നഷ്ടമാകുമെന്ന ചോദ്യം ശക്തമായിട്ടുണ്ട്. ഓരോ വര്‍ഷവും ശരാശരി അഞ്ച് മുതല്‍ എട്ട് കോടി വരെ യാതൊരു റിട്ടേണും പ്രതീക്ഷിക്കാതെ ഇന്ത്യന്‍ ഫുട്ബോളിലേക്ക് പമ്പ് ചെയ്യുന്ന ലീഗ് ക്ലബ്ബുകളാണ് ചോദ്യം ആദ്യമുയര്‍ത്തിയിട്ടുള്ളത്. അതിന് വ്യക്തമായ മറുപടി ഫെഡറേഷന്‍ നല്‍കിയിട്ടുമില്ല.
മിനി സൂപ്പര്‍ ലീഗുകള്‍ പുതിയ കളിക്കാരെ കണ്ടെത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്ത് താരങ്ങള്‍ സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടിയതും ചില താരങ്ങള്‍ക്ക് പിന്നാലെ ഐ.എസ്.എല്‍ ടീമുകള്‍ വരുന്നതും ഗുണകരമായ കാര്യമാണ്. എന്നാല്‍ വന്‍തുക മുടക്കുന്നതിന്റെ ഗുണം അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

ആരാകും പിന്‍ഗാമി
കടലാസില്‍ കൂറേ പേരുണ്ട്. എന്നാല്‍ കളിക്കളത്തിലേക്ക് എത്തുമ്പോഴാണ് പിന്‍ഗാമി പട്ടിക ശുഷ്‌ക്കമാകുന്നത്. മുംബൈ സിറ്റി വിങ്ങര്‍ ലാലിയന്‍ സുവാല ചങ്തേയാണ് പട്ടികയിലെ ആദ്യപേരുകാരന്‍. ചാങ്തേ സമീപകാലത്ത് സ്ഥിരതയോടെ കളിക്കുന്ന താരമാണ്. വിങ്ങിലൂടെ അതിവേഗത്തില്‍ കുതിച്ചുകയറാന്‍ കഴിയുന്ന താരം. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവസരം മുതലാക്കുന്നതിലും മിടുക്കന്‍. എന്നാല്‍ വന്‍തോതില്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിയുന്നില്ല.
മുംബൈ സിറ്റിയുടെ 22-കാരന്‍ വിങ്ങര്‍ വിക്രം പ്രതാപ് സിങ്, ബെംഗളൂരു എഫ്.സി.യുടെ 22-കാരന്‍ സ്ട്രൈക്കര്‍ ശിവശക്തി നാരായണന്‍, ചെന്നൈയിന്‍ എഫ്.സി.യുടെ 24-കാരന്‍ ഫോര്‍വേഡ് റഹീം അലി മോഹന്‍ ബഗന്റെ 28-കാരന്‍ മന്‍വീര്‍ സിങ് എന്നിവര്‍ക്കൊപ്പം ഇളംതലമുറക്കാരനായ പാര്‍തിബ് ഗോഗോയ്, കിയന്‍ നസീരി, ഗുര്‍കിരത് സിങ് എന്നിവര്‍ കൂടി പിന്‍ഗാമി പട്ടികയിലുണ്ട്.
കളിമികവും കാണികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതുമായ ഗുണഗണങ്ങളാണ് പോസ്റ്റര്‍ ബോയ് പട്ടത്തിന് ആവശ്യം. സമൂഹികമാധ്യമങ്ങള്‍ സജീവമായകാലത്ത് അത്തരത്തിലുള്ള ഇടപെടലുകളിലും ഫുട്ബോള്‍ താരങ്ങളില്‍ കുറവാണ്. സ്വന്തം കളി മാര്‍ക്കറ്റ് ചെയ്യുന്നതില്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് പ്രൊഫഷണല്‍ മികവില്ലാത്തതും പോസ്റ്റര്‍ ബോയ് മേക്കിങ്ങില്‍ തിരിച്ചടിയാകുന്നുണ്ട്.
Content Highlights: Sunil Chhetri`s farewell match leaves Indian football searching for a new poster boy and goalscorer
Published: 30 Nov 2024, 11:35 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented