കൊലകൊമ്പന്മാരായ പര്‍മീന്ദര്‍ സിംഗിനേയും കാമിലോ ഗോണ്‍സാല്‍വസിനേയും ബാബുമണിയേയുമൊക്കെ വരച്ച വരയില്‍ നിര്‍ത്തുന്ന മുഹമ്മദ് സാജിദിനെയാണ് കളിക്കളത്തില്‍ കണ്ടു പരിചയം. പ്രതിരോധത്തിലെ ശക്തിദുര്‍ഗമായിരുന്നു അന്ന് കൊല്ലംകാരന്‍ സാജിദ്. കടുകിട പതറാത്ത സ്റ്റോപ്പര്‍ ബാക്ക്. മൂന്നരപ്പതിറ്റാണ്ട് മുന്‍പത്തെ കഥ.

To advertise here,

കാലം മാറി, കഥയും. പഴയ ഡിഫന്‍ഡര്‍ ഇന്ന് ഫ്രണ്ട് ലൈനിലാണ് കളി. കളിക്കളത്തില്‍ നിന്ന് കറന്‍സിയുടെ ലോകത്തെത്തിയതോടെ തുടങ്ങിയ ആ കുതിപ്പ്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ പദവിയിലെത്തിനില്‍ക്കുന്നു. നമ്മുടെ ഫുട്‌ബോള്‍ കളിക്കാരില്‍ ഔദ്യോഗികതലത്തില്‍ ഇത്രയും ഔന്നത്യമുള്ള പദവിയിലെത്തിച്ചേരാന്‍ ഭാഗ്യമുണ്ടായവര്‍ അധികമുണ്ടാവില്ല.

'സന്തോഷമുണ്ട്,' - സാജിദ്  പറയുന്നു. ''പ്രൊമോഷന്‍ ലഭിച്ചതില്‍ മാത്രമല്ല, സമൂഹത്തില്‍ കായികതാരങ്ങളെക്കുറിച്ചു  നിലനില്‍ക്കുന്ന ചില മിഥ്യാധാരണകളെങ്കിലും തിരുത്താന്‍ കഴിഞ്ഞു എന്നതില്‍. സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്‍ നിയമനം നേടുന്നവര്‍ക്ക് ജോലിയില്‍  മറ്റുള്ളവരോട് മത്സരിച്ചു ജയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതാണ് ഒന്ന്. മറ്റൊന്ന്, പന്തുകളിക്കാന്‍ വിട്ടാല്‍ മക്കളുടെ ഭാവി തുലഞ്ഞുപോകും എന്ന മാതാപിതാക്കളുടെ ആശങ്കയും. രണ്ടും തെറ്റാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞു എന്നാണെന്റ വിശ്വാസം.''

മുപ്പത്തേഴു വര്‍ഷം മുന്‍പ് കൊല്ലം സന്തോഷ് ട്രോഫിയില്‍ (1988) കേരളത്തിന്റെ കുപ്പായമണിഞ്ഞിറങ്ങിയ ഇരുപതുകാരനെ ഓര്‍മ്മയുണ്ട്. തോമസ് സെബാസ്റ്റ്യന്‍ നയിച്ച ടീമിലെ 'കിടാങ്ങ'ളായിരുന്നു സാജിദും  ഐ.എം വിജയനും. പന്തുകളിയില്‍ പാരമ്പര്യത്തിന്റെ തിളക്കവുമായാണ് സാജിദിന്റെ വരവ്. മുന്‍ സംസ്ഥാന താരം കമറുദ്ദീന്റെ മകന്‍. കളിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച കോട്ടയം മീരാന്റെയും ഒളിമ്പ്യന്‍ കോട്ടയം സാലിയുടെയും പിന്മുറക്കാരന്‍. പുതുതാരത്തെ കുറിച്ച് കേരള കൗമുദിയില്‍ അന്നെഴുതിയ കുറിപ്പിന് നല്‍കിയ തലക്കെട്ട് ഏതാണ്ടിങ്ങനെയായിരുന്നു എന്നാണോര്‍മ്മ: 'സ്വന്തം മണ്ണില്‍ ചരിത്രമെഴുതാന്‍ കമറുദ്ദീന്റെ മകന്‍.'

തുടക്കം നന്നായെങ്കിലും കപ്പിനും ചുണ്ടിനുമിടക്ക് വെച്ച് ട്രോഫി കൈവിടാനായിരുന്നു കേരളത്തിന് യോഗം. ഷൂട്ടൗട്ട്  വരെ നീണ്ട ഫൈനലില്‍ പഞ്ചാബിനോടേറ്റ  തോല്‍വിക്ക് പിന്നാലെ നിരാശയൊതുക്കി  ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിന്റെ ഒരു കോണില്‍ ഏകനായി നില്‍ക്കുന്ന സാജിദിനെ ഓര്‍മ്മയുണ്ട്. വേദനാജനമായിരുന്നല്ലോ ആ തോല്‍വി. കളിക്കാര്‍ക്കും  കാണികള്‍ക്കും മാത്രമല്ല, കളി റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് വരെ.

അടുത്ത മൂന്ന് വര്‍ഷവും കഥ ആവര്‍ത്തിച്ചു. ഗുവാഹാത്തിയിലും മഡ്ഗാവിലും പാലക്കാട്ടും തുടര്‍ച്ചയായി ഫൈനലില്‍ തോല്‍ക്കാനായിരുന്നു സാജിദ് കൂടി കളിച്ച കേരളത്തിന്റെ യോഗം. എന്നാല്‍ കോയമ്പത്തൂരില്‍ (1992) കളി മാറി. ഗോവയെ കീഴടക്കി ട്രോഫി നേടിയത് കേരളം. കൊച്ചിയില്‍ നടന്ന അടുത്ത നാഷണല്‍സില്‍ ഔദ്യോഗിക കാരണങ്ങളാല്‍ പങ്കെടുക്കാനാകാതെ പോയെങ്കിലും കട്ടക്കില്‍ (1994) തിരിച്ചെത്തി സാജിദ്. 1995-ലെ ചെന്നൈ സന്തോഷ് ട്രോഫിയില്‍ സംസ്ഥാന ടീമിനെ സെമിഫൈനലിലേക്ക് നയിച്ച  ശേഷമായിരുന്നു വിടവാങ്ങല്‍. കളിക്കളത്തിലെ ഫൈനല്‍ വിസില്‍,  ഔദ്യോഗിക ജീവിതത്തിന്റെ കിക്കോഫ് വിസില്‍ കൂടിയായി  മാറി എന്നത് വിധിനിയോഗമാകാം. അതിനിടെ ജൂനിയര്‍, സീനിയര്‍ ദേശീയ ടീമുകള്‍ക്കു വേണ്ടിയും കളിച്ചിരുന്നു സാജിദ്. പി.എസ്.വി ഐന്തോവനെതിരായ 1991-ലെ സൂപ്പര്‍ സോക്കര്‍ പരമ്പരയിലായിരുന്നു സീനിയര്‍ ടീമിലെ  അരങ്ങേറ്റം.

കൊല്ലം സന്തോഷ് ട്രോഫിക്ക് പിന്നാലെ  മാത്യു വര്‍ഗീസിനും ഷഫീക്കിനും ഒപ്പം ടൈറ്റാനിയത്തില്‍ സ്റ്റോഴ്‌സ് അസിസ്റ്റന്റ് ആയി ചേരുന്നു സാജിദ്. രണ്ടു വര്‍ഷമേ അവിടെ തുടര്‍ന്നുള്ളൂ. 1990-ല്‍ മാത്യു വര്‍ഗീസിനൊപ്പം  സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക്. കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ പേരിലായിരുന്നു ക്ലറിക്കല്‍ പോസ്റ്റിലുള്ള  നിയമനമെങ്കിലും ഔദ്യോഗിക തലത്തില്‍  ഉയരങ്ങള്‍ കീഴടക്കാന്‍ ആ മികവ് പോരാ. പരീക്ഷകളും പരീക്ഷണങ്ങളും ഏറെയുണ്ട് മറികടക്കാന്‍. മത്സരിക്കേണ്ടത് മികച്ച അക്കാദമിക് റെക്കോര്‍ഡുള്ള മിടുമിടുക്കന്മാരോടും. 

ഉറച്ച ആത്മവിശ്വാസത്തോടെ, നിശ്ചയ ദാര്‍ഢ്യത്തോടെ ഈ 'പരീക്ഷണങ്ങള്‍' ജയിച്ചുകയറാനായി  എന്നതാണ് സാജിദിനെ വേറിട്ട് നിര്‍ത്തിയ ഘടകം. റിസര്‍വ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജറായി പ്രമോട്ട് ചെയ്യപ്പെട്ട സാജിത്ത് അധികം വൈകാതെ മാനേജരും അസിസ്റ്റന്റ് ജനറല്‍ മാനേജറും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായി. പടിപടിയായുള്ള ആ  ഉയര്‍ച്ചക്കൊടുവില്‍ ഇപ്പോഴിതാ ജനറല്‍ മാനേജര്‍ പദവിയും. ''പ്രമോഷനു വേണ്ടി കഠിനമായ പരീക്ഷകളാണ് കടന്നുപോകേണ്ടിയിരുന്നത്. മത്സരിക്കേണ്ടത് ഐ.എ.എസ് നിലവാരത്തിലുള്ളവരോടും. അതുകൊണ്ടുതന്നെ ഈ സ്ഥാനക്കയറ്റം ഏറെ ആഹ്ലാദപ്രദം. കളിക്കളത്തില്‍ നിന്ന് ഔദ്യോഗിക ജീവിതത്തിലെത്തുന്നവര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന.''

പന്തുകളി സാജിദിന്റെ രക്തത്തിലുണ്ട്. അറിയപ്പെടുന്ന കളിക്കാരനും മികച്ച സംഘാടകനുമായിരുന്ന കോട്ടയം മീരാന്റെ പിന്മുറക്കാരന്‍. അമ്മാവന്‍ പി.ബി മുഹമ്മദ് സാലി 1951-ലെ ഡല്‍ഹി ഏഷ്യാഡില്‍ സ്വര്‍ണം നേടിയ ടീമിലും 1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലും ഇന്ത്യക്ക് കളിച്ച ഇടതു വിംഗര്‍. ഈസ്റ്റ് ബംഗാളിന്റെ ആദ്യത്തെ മലയാളി ക്യാപ്റ്റന്‍ എന്ന നിലയിലും ചരിത്രത്തില്‍ ഇടം നേടിയ മുഹമ്മദ് സാലിയെ കോട്ടയം സാലി എന്ന് പറഞ്ഞാലേ പന്തുകളിപ്രേമികളറിയൂ. സാജിദിന്റെ പിതാവ് കമറുദ്ദീനുമുണ്ട് കളിക്കളത്തില്‍ മികച്ച റെക്കോര്‍ഡ്. കെ.എസ്.ആര്‍.ടി.സിയുടെയും കുണ്ടറ അലിന്‍ഡിന്റെയും താരമായിരുന്ന കമറുദ്ദീന്‍ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു.

പിതാവിന്റെ പിന്‍ഗാമിയായി  കേരള യൂണിവേഴ്സിറ്റി ടീമിലെത്തുമ്പോള്‍ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിയാണ് സാജിദ്. ഇടക്ക് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസീനും കേരള ഇലവനും വേണ്ടി കളിച്ചു, അതിനു ശേഷമായിരുന്നു സന്തോഷ് ട്രോഫി ടീമിലേക്കുള്ള സ്ഥാനക്കയറ്റം. ഫാത്തിമ കോളേജില്‍ നിന്ന് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്.

റിസര്‍വ് ബാങ്കില്‍ തിരുവനന്തപുരത്തായിരുന്നു നിയമനമെങ്കിലും മുംബൈ, ബംഗളൂരു, ഗുവാഹാത്തി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് സാജിദ്. ഗുവാഹാത്തിയില്‍ ജോലിയിലിരിക്കേ ഔദ്യോഗിക തലത്തിലെ മികച്ച നേട്ടങ്ങള്‍ക്കുള്ള സ്വര്‍ണമെഡല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് അഭിമാനകരമായ ഓര്‍മ. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്നു അക്കാലത്ത് സാജിദിന്. തിരുവനന്തപുരത്ത് കുമാരപുരത്താണ് കുടുംബസമേതം ഇപ്പോള്‍ താമസം.

കളിയിലായാലും ജോലിയിലായാലും ആത്മസമര്‍പ്പണം പ്രധാനമാണെന്ന് പറയും സാജിദ്. കളിക്കളത്തില്‍ സ്വന്തം ടീമിന്റെയും നിറഞ്ഞ ഗാലറിയുടേയും പിന്തുണയുണ്ടാകും. ജോലിയില്‍  മിക്കവാറും ഒറ്റയ്ക്കായിരിക്കും പോരാട്ടം എന്നൊരു വ്യത്യാസം മാത്രം.