അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച നായകനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയ മുംബൈ ഇന്ത്യൻസ്, മൂന്ന് സീസണുകൾക്കിപ്പുറം അതേ രോഹിത് ശർമയിലേക്ക് തിരിച്ചെത്തുകയാണ്. ഹാർദിക് പാണ്ഡ്യയിൽ പരീക്ഷിച്ച നേതൃമാറ്റം പ്രതീക്ഷിച്ച ഫലം നൽകാതെ പോയപ്പോൾ, മുംബൈ വീണ്ടും ആശ്രയിക്കുന്നത് തങ്ങളുടെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന്റെ നായകനെയാണ്.
2023 ഡിസംബർ 15. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തുനിന്ന് മാറ്റുന്നു. പകരം ഗുജറാത്ത് ടൈറ്റൻസിൽനിന്ന് തിരിച്ചെത്തിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് നായകസ്ഥാനം നൽകുന്നു. അഞ്ചു കിരീടങ്ങൾ നേടിക്കൊടുത്ത താരത്തോട് മുംബൈ നീതി കാണിച്ചില്ലെന്ന വിമർശനം അന്ന് ശക്തമായിരുന്നു.
2026 നവംബർ 27. മൂന്ന് സീസണുകൾക്കിപ്പുറം മുംബൈ ഇന്ത്യൻസ് മറ്റൊരു പ്രഖ്യാപനം നടത്തി. 2027 ഐപിഎല്ലിൽ ടീമിനെ നയിക്കുക 39-കാരനായ രോഹിത് ശർമയായിരിക്കും. ഇതിനോടകം ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക് ചേക്കേറിക്കഴിഞ്ഞിരിക്കുന്നു.
ഭാവിയിലേക്കുള്ള ചുവടുവെപ്പെന്ന നിലയിൽ നടപ്പാക്കിയ നേതൃമാറ്റത്തിനുശേഷം എന്തുകൊണ്ടാണ് മുംബൈ വീണ്ടും പഴയ നായകനിലേക്ക് മടങ്ങുന്നത്? ഐപിഎല്ലിന്റെ ഇരുപതാം സീസണിൽ രോഹിത്തിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
2007-ൽ ഇന്ത്യയുടെ ആദ്യ ട്വന്റി20 ലോകകപ്പ് വിജയത്തിൽ പങ്കാളിയായ രോഹിത് ശർമ, 2008-ൽ ഐപിഎല്ലിന്റെ പ്രഥമ സീസണിൽ ഡെക്കാൻ ചാർജേഴ്സിലൂടെയാണ് ലീഗിലെത്തുന്നത്. ബാറ്റിങ്ങിനൊപ്പം ഓഫ് സ്പിൻ ബൗളിങ്ങിലും തിളങ്ങിയിരുന്ന കാലമായിരുന്നു അത്.
2009-ൽ ഡെക്കാൻ ചാർജേഴ്സ് ഐപിഎൽ ചാമ്പ്യന്മാരായപ്പോൾ രോഹിത്തും ആ ടീമിന്റെ ഭാഗമായിരുന്നു. അതേ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരേ ഹാട്രിക് വിക്കറ്റും നേടി. ഒരിക്കൽ മുംബൈയെ ബൗളിങ്ങിലൂടെ വിറപ്പിച്ച താരം പിന്നീട് ആ ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ മുഖമായി മാറി.
2011-ലെ മെഗാ ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് രോഹിത്തിനെ സ്വന്തമാക്കുന്നത്. സച്ചിൻ തെണ്ടുൽക്കർ, ലസിത് മലിംഗ, കീറോൺ പൊള്ളാർഡ് തുടങ്ങിയ താരങ്ങൾക്കൊപ്പം രോഹിത്തും മുംബൈയുടെ അവിഭാജ്യഘടകമായി.
2013-ലാണ് രോഹിത്തിന്റെ കരിയറിലെ നിർണായക വഴിത്തിരിവ്. ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ സീസൺ ആരംഭിച്ച മുംബൈ, അദ്ദേഹത്തിന്റെ മോശം ബാറ്റിങ് ഫോമിനെത്തുടർന്ന് സീസണിനിടെ നായകസ്ഥാനം രോഹിത്തിന് കൈമാറി.
26-ാം വയസ്സിൽ മുംബൈയുടെ നായകനായ രോഹിത്, ആ സീസണിൽത്തന്നെ ടീമിന് ആദ്യ ഐപിഎൽ കിരീടം സമ്മാനിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ മഹേന്ദ്ര സിങ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കിരീടനേട്ടം. അതേ വർഷം ചാമ്പ്യൻസ് ലീഗ് ട്വന്റി20 കിരീടവും മുംബൈ സ്വന്തമാക്കി. അവിടെ തുടങ്ങുകയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ സുവർണകാലം. 2013 മുതൽ 2020 വരെയുള്ള എട്ടു സീസണുകൾക്കിടെ അഞ്ച് ഐപിഎൽ കിരീടങ്ങളാണ് രോഹിത് ശർമ മുംബൈയ്ക്ക് നേടിക്കൊടുത്തത്.
രോഹിത് നായകനായിരിക്കെ കളിച്ച അഞ്ച് ഐപിഎൽ ഫൈനലുകളിലും മുംബൈ വിജയിച്ചു. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റൻ കൂടിയായിരുന്നു രോഹിത്.
വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറം ഒരു ടീമിനെ വാർത്തെടുക്കുന്നതിലായിരുന്നു രോഹിത് എന്ന ക്യാപ്റ്റന്റെ മികവ്. യുവതാരങ്ങളിൽ വിശ്വാസമർപ്പിക്കുന്നതും സമ്മർദഘട്ടങ്ങളിൽ ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ പ്രത്യേകതകളായിരുന്നു.
ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ മുംബൈയുടെ സംവിധാനത്തിൽ വളർന്നുവന്നത് രോഹിത്തിന്റെ നായകകാലത്താണ്. സമ്മർദഘട്ടങ്ങളിൽ ലസിത് മലിംഗയെയും ബുംറയെയും ഉപയോഗിച്ച രീതിയും കുറഞ്ഞ സ്‌കോറുകൾ പ്രതിരോധിച്ച് നേടിയ വിജയങ്ങളും രോഹിത്തിലെ ക്യാപ്റ്റന്റെ അടയാളപ്പെടുത്തലുകളായി.
എന്നാൽ 2020-ലെ അഞ്ചാം കിരീടത്തിനുശേഷം മുംബൈയുടെ പ്രകടനത്തിൽ ഇടിവുണ്ടായി. ഇതിനൊപ്പം രോഹിത്തിന്റെ വ്യക്തിഗത ബാറ്റിങ് പ്രകടനവും വിമർശനവിധേയമായി. തുടർച്ചയായി വലിയ സ്‌കോറുകൾ കണ്ടെത്താൻ സാധിക്കാതിരുന്നത് രോഹിത്തിനെ സമ്മർദത്തിലാക്കി. അതോടെ അദ്ദേഹത്തിന്റെ പ്രായവും ടീമിന്റെ ദീർഘകാല ഭാവിയും മാനേജ്മെന്റിന്റെ പരിഗണനാവിഷയങ്ങളായി. അപ്പോഴാണ് ഹാർദിക് പാണ്ഡ്യയിലേക്ക് മുംബൈയുടെ ശ്രദ്ധ തിരിയുന്നത്.
2015-ൽ മുംബൈയിലൂടെ ഐപിഎല്ലിലെത്തിയ ഹാർദിക്, ടീമിന്റെ നാല് കിരീടനേട്ടങ്ങളിൽ പങ്കാളിയായിരുന്നു. എന്നാൽ 2022-ലെ മെഗാ ലേലത്തിനുമുമ്പ് മുംബൈ അദ്ദേഹത്തെ നിലനിർത്തിയില്ല. ഗുജറാത്ത് ടൈറ്റൻസിലെത്തിയ ഹാർദിക് ആദ്യ സീസണിൽത്തന്നെ അവരെ ചാമ്പ്യന്മാരാക്കി. 2023-ൽ ഫൈനലിലുമെത്തിച്ചു.
തുടർച്ചയായി രണ്ട് ഐപിഎൽ ഫൈനലുകളിലേക്ക് ഒരു പുതിയ ടീമിനെ നയിച്ച ഹാർദിക്കിനെ ഭാവിയിലെ നായകനായി പരിഗണിക്കാൻ മുംബൈക്ക് മറ്റൊരു കാരണം തേടേണ്ടി വന്നില്ല. പക്ഷേ ആ നേതൃമാറ്റം നടപ്പാക്കിയ രീതി വലിയ വിവാദമായി.
2023 നവംബറിൽ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് 15 കോടി രൂപയുടെ ട്രേഡ് ഡീലിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരികെ എത്തിക്കുന്നത്. പിന്നാലെ താരത്തെ മുംബൈയുടെ ക്യാപ്റ്റനാക്കിയുള്ള പ്രഖ്യാപനവുമെത്തി. ഭാവിയിലേക്ക് ടീമിനെ സജ്ജമാക്കുന്നതിന്റെ ഭാഗമാണ് നേതൃമാറ്റമെന്നായിരുന്നു മുംബൈയുടെ അന്നത്തെ ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് മഹേല ജയവർധനെയുടെ വിശദീകരണം.
എന്നാൽ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നില്ല ആ തീരുമാനം. പ്രത്യേകിച്ചും ഇന്ത്യൻ ടീമിന്റെ നായകനായി രോഹിത് തുടരുന്ന സാഹചര്യത്തിൽ. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെയെത്തിച്ച നായകനെയാണ് ഒരു മാസം തികയുംമുമ്പ് ഐപിഎൽ ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മുംബൈ നീക്കിയത്. കടുത്ത വിമർശനമാണ് ഇതോടെ മുംബൈക്ക് സ്വന്തം ആരാധകരിൽ നിന്നുതന്നെ നേരിടേണ്ടി വന്നത്.
2024 ഐപിഎൽ ആരംഭിച്ചതോടെ വിവാദം സാമൂഹികമാധ്യമങ്ങളിൽനിന്ന് സ്റ്റേഡിയങ്ങളിലേക്കും വ്യാപിച്ചു. ഹാർദിക് പാണ്ഡ്യയെ വിവിധ വേദികളിൽ കാണികൾ കൂവിവിളിച്ചു. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽപ്പോലും ഹാർദിക്കിന് കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നു.
രോഹിത്തിനോട് ബൗണ്ടറിക്കരികിലേക്ക് ഫീൽഡിങ് പൊസിഷൻ മാറാൻ ഹാർദിക് നിർദേശിക്കുന്ന ദൃശ്യങ്ങൾപോലും വലിയ ചർച്ചയായി. വിമർശനങ്ങൾ എല്ലാ പരിധികളും ലംഘിച്ചുതുടങ്ങി. ഒരു മത്സരത്തിന്റെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങൾക്കു പോലും ക്യാപ്റ്റൻസി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് അർഥങ്ങൾ കൈവന്നു.
ഡ്രസ്സിങ് റൂമിൽ ഭിന്നതയുണ്ടെന്നും താരങ്ങൾ വിവിധ ചേരികളിലാണെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ ഹാർദിക്കിന്റെ കീഴിൽ മുംബൈയുടെ പ്രകടനം നിരാശ നിറഞ്ഞതായി. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ മുംബൈ ജയിച്ചത് നാലേ നാല് മത്സരങ്ങളിൽമാത്രം. 2025-ൽ പ്ലേ ഓഫിൽ കടന്നെങ്കിലും എലിമിനേറ്ററിൽ പഞ്ചാബ് കിങ്സിനോട് തോറ്റു. 2026 സീസണിലും നിരാശ നിറഞ്ഞ പ്രകടനമായിരുന്നു മുംബൈയുടേത്. മൂന്ന് സീസണുകളിൽ രണ്ടുതവണ പോയിന്റ് പട്ടികയിലെ അവസാന രണ്ട് സ്ഥാനങ്ങളിലൊന്നിൽ. 2020-നുശേഷം കിരീടമില്ലാതെ തുടർച്ചയായി ആറ് സീസണുകൾ.
ഇതോടെ 2026 ഐപിഎല്ലിനിടെതന്നെ ഹാർദിക്കിനെ മാറ്റി രോഹിത്തിനെ നായകനാക്കാൻ മുംബൈ മാനേജ്മെന്റ് ആലോചിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ആ നീക്കം അന്ന് യാഥാർഥ്യമായില്ല. സീസൺ അവസാനിച്ചതോടെ നേതൃമാറ്റത്തിനുള്ള ചർച്ചകളും സജീവമായി. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെട്ടു. ഒടുവിൽ മാനേജ്മെന്റ് രോഹിത് ശർമ എന്ന പേരിൽ തന്നെയെത്തി.
ആറാം കിരീടം നേടുക മാത്രമല്ല, തനിക്കുശേഷം മുംബൈയെ നയിക്കാൻ ശേഷിയുള്ള ഒരു നായകനെ വളർത്തിയെടുക്കുക എന്ന ഉത്തരവാദിത്വവും രോഹിത്തിന്റെ ഈ രണ്ടാം വരവിനുണ്ട്.
Content Highlights: Rohit Sharma returns as Mumbai Indians captain for the 2027 IPL season., Hardik Pandya has moved to Punjab Kings following unsuccessful captaincy stints., MI aims to win a sixth title and develop a future leader under Rohit's guidance.
Published: 29 Nov 2026, 11:34 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented