ഐപിഎൽ 2027 സീസണിന് മുന്നോടിയായി രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് വീണ്ടും തങ്ങളുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 സീസണിനുശേഷം ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നത്. എന്നാൽ, ഐപിഎൽ 2027 റിട്ടൻഷൻ സമയപരിധിക്ക് മുന്നോടിയായി ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് കൈമാറുകയും, പേസ് നിര കരുത്തുറ്റതാക്കാൻ അർഷ്ദീപ് സിങ്ങിനെ ടീമിലെത്തിക്കുകയും ചെയ്തതോടെയാണ് രോഹിത് വീണ്ടും ക്യാപ്റ്റൻസിയിലേക്ക് തിരിച്ചെത്തുന്നത്.

To advertise here,

39-കാരനായ രോഹിത് ശർമയുടെ കീഴിലാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ ഏറ്റവും വിജയകരമായ ഘട്ടത്തിലൂടെ കടന്നുപോയത്. നായകനെന്ന നിലയിൽ മുംബൈക്ക് അഞ്ച് ഐപിഎൽ കിരീടങ്ങൾ (2013, 2015, 2017, 2019, 2020) സമ്മാനിച്ച അദ്ദേഹം, എം.എസ്. ധോനിക്കൊപ്പം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന നേട്ടം പങ്കിടുന്നു. അഞ്ച് ഐപിഎൽ കിരീടങ്ങൾ തികയ്ക്കുന്ന ആദ്യ ക്യാപ്റ്റനും രോഹിത്താണ്.

2011-ൽ ഡെക്കാൻ ചാർജേഴ്‌സിൽ നിന്ന് രണ്ട് ദശലക്ഷം യു.എസ്. ഡോളറിനാണ് രോഹിത് മുംബൈ ഇന്ത്യൻസിലെത്തിയത്. 2013 സീസണിന്റെ പകുതിയിൽ റിക്കി പോണ്ടിങ്ങിന് പകരമായി ക്യാപ്റ്റൻസി ഏറ്റെടുത്ത അദ്ദേഹം, ആ വർഷം തന്നെ ടീമിന് കന്നി ഐപിഎൽ കിരീടം നേടിക്കൊടുത്തു.

158 മത്സരങ്ങളിൽ മുംബൈയെ നയിച്ച രോഹിത് 87 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 67 തോൽവികൾ നേരിട്ടു. 56.32 ആണ് രോഹിത്തിന്റെ വിജയ ശരാശരി. അഞ്ച് ഐപിഎൽ ഫൈനലുകളിൽ മുംബൈയെ നയിച്ച രോഹിത് അഞ്ചിലും വിജയം നേടി.

2009-ൽ ഡെക്കാൻ ചാർജേഴ്‌സിനൊപ്പം നേടിയ കിരീടം ഉൾപ്പെടെ, ആകെ ആറ് ഐപിഎൽ ഫൈനലുകളിൽ കളിച്ച രോഹിത് ആറിലും വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു. ഫൈനലുകളിൽ 30.50 ശരാശരിയിലും 129.78 സ്‌ട്രൈക്ക് റേറ്റിലും രണ്ട് അർധ സെഞ്ചുറികൾ അടക്കം 183 റൺസ് അദ്ദേഹം നേടിയിട്ടുണ്ട് (ഉയർന്ന സ്‌കോർ 68). നായകസ്ഥാനത്ത് ആകെ 157 ഇന്നിങ്‌സുകളിൽ നിന്ന് 28.62 ശരാശരിയിലും 130.45 സ്‌ട്രൈക്ക് റേറ്റിലും 3,986 റൺസും രോഹിത് നേടിയിട്ടുണ്ട്.

കഴിഞ്ഞ ആറ് സീസണുകളായി ഐപിഎൽ കിരീടമൊന്നും നേടാനാകാത്ത മുംബൈ ഇന്ത്യൻസ്, അവസാന മൂന്ന് സീസണുകളിൽ ലീഗ് ഘട്ടത്തിൽ 10, 4, 9 സ്ഥാനങ്ങളിലാണ് അവസാനിപ്പിച്ചത്. സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരെയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, കീറോൺ പൊള്ളാർഡ് ഹെഡ് കോച്ചായി ചുമതലയേറ്റ പശ്ചാത്തലത്തിൽ പരിചയസമ്പന്നനായ രോഹിത്തിനെ തന്നെ വീണ്ടും നായകനാക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.