
മഞ്ഞപ്പന്തും റാക്കറ്റുമായി ഒരു മയ്യോര്‍ക്കക്കാരന്‍ രണ്ടു ദശാബ്ദത്തിലധികമാടിയ പ്രണയ നാടകത്തിന്റെ അവസാന രംഗത്തിന് കഴിഞ്ഞദിവസം മലാഗയില്‍ തിരശ്ശീല വീണു. റൊളാങ് ഗാരോസിലും ഫ്ളഷിങ് മെഡോസിലും കളിമണ്ണിലും പുല്‍ത്തകിടിയിലും ഹാര്‍ഡ് കോര്‍ട്ടിലുമൊക്കെ റാഫേല്‍ നഡാലെന്ന ആ പ്രണയ നായകന്റെ ആട്ടം കാണുവാന്‍ കഴിഞ്ഞുവെന്നതാണ് കായികപ്രേമികളുടെ പുണ്യം. കളിക്കളം കണ്ട ഏറ്റവും ഗുണവാനായൊരു നായകനെന്ന വിശേഷണത്തിലായിരിക്കും റാഫ അറിയപ്പെടുക. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശാബ്ദങ്ങളില്‍ കളിക്കളം വാണ ടെന്നീസ് ത്രയങ്ങളില്‍ റോജര്‍ ഫെഡററെന്ന ഇതിഹാസത്തെക്കാളും നൊവാക് ജോക്കോവിച്ചെന്ന ഒറ്റയ്ക്കു വഴിവെട്ടിവന്ന പോരാളിയേക്കാളും ഒരു പണത്തൂക്കം മുന്നില്‍ റാഫ നില്‍ക്കുന്നത് ഈ സ്വഭാവവിശേഷം കൊണ്ടായിരിക്കും.
കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ ഒരു പോലെ മാന്യനായിരിക്കുക അത്ര എളുപ്പമല്ല. ടെന്നീസ് പ്രേമികളുടെ ഹൃദയം കീഴടക്കിയ താരം എന്ന ബഹുമതി റോജര്‍ ഫെഡററര്‍ക്കുള്ളതാണ്. സാക്ഷാല്‍ ഫെഡറര്‍ പോലും ടീനേജിന്റെ തുടക്കത്തില്‍ ഒരു ചൂടന്‍ താരമായിരുന്നു. ഫെഡററുടെ ആത്മകഥയായ 'ദ മാസ്റ്ററില്‍' ടീനേജില്‍ താരം കാണിച്ചിരുന്ന വിക്രിയകളെക്കുറിച്ചും ചൂടന്‍ സ്വഭാത്തെക്കുറിച്ചും പരിശീലകന്റെ സഹായത്തോടെ ആ ദൗര്‍ബല്യങ്ങളില്‍ നിന്ന് കരയകയറിയതിനെക്കുറിച്ചുമൊക്കെ വിശദമാക്കുന്നുണ്ട്. വികാരങ്ങളെ അടക്കി കളിക്കളത്തിനകത്തും പുറത്തും ഏറ്റവും സ്നേഹിക്കപ്പെടുന്ന താരമാകാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഫെഡറര്‍ക്കു കഴിഞ്ഞു.
തീയില്‍ കുരുത്ത ജോക്കോവിച്ചിനാകട്ടെ കരിയറിന്റെ സായം കാലത്തും ചൂടന്‍ സ്വഭാവത്തില്‍ നിന്ന് മോചനമില്ല. ഇപ്പോളും ജോക്കോ നടത്തുന്ന പൊട്ടിത്തെറികളും വിക്രിയകളും കാണുമ്പോള്‍ ഈ മനുഷ്യന്‍ ഇനി എന്നു നന്നാകാനാണെന്ന് സാധാരണ ടെന്നീസ് പ്രേമി ചോദിച്ചുപോകും. പക്ഷേ ജോക്കോ താണ്ടിയ കനനല്‍ വഴികളെക്കുറിച്ച് അല്‍പ്പമെങ്കിലും നമുക്കറിയാമെങ്കില്‍ ആ മനുഷ്യനെ സ്നേഹിച്ചില്ലെങ്കിലും നമുക്ക് വെറുക്കാനാവില്ല. അടുത്തിടെ പുറത്തിറങ്ങിയ ജോക്കോവിച്ചിന്റെ ആത്മകഥ 'സെര്‍ച്ചിങ് ഫോര്‍ നൊവാക് , ദ മാന്‍ ബിഹൈന്‍ഡ് എനിഗ്മ' നമ്മുടെയൊക്കെ കണ്ണു തുറപ്പിക്കുന്നതാണ്. സ്വയം വഴിവെട്ടി ലോക ടെന്നീസിന്റെ നെറുകയിലെത്തിയ ജോക്കോയോട് നമുക്കുള്ള ബഹുമാനം കൂടും.

ഫെഡറര്‍-നഡാല്‍- ജോക്കോ ത്രയങ്ങളില്‍ റാഫയെ വേറിട്ടുനിര്‍ത്തുന്നത് കരിയറിന്റെ തുടക്കം മുതല്‍ കളിക്കളം വിട്ട നവംബര്‍ 19-ലെ മത്സരം വരെ ഒരേ പോലെ മാന്യനായി പെരുമാറാനായി എന്നതാണ്. കാര്യങ്ങള്‍ പിഴയ്ക്കുമ്പോള്‍ മത്സരത്തിനിടയില്‍ റാക്കറ്റ് തല്ലിപ്പൊട്ടിച്ച് ദേഷ്യമടക്കുന്ന നിരവധി താരങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. ജോക്കോവിച്ചും സാക്ഷാല്‍ റോജര്‍ ഫെഡറര്‍ പോലും ഇതിന് അപവാദമല്ല. ബിഗ് ത്രീയില്‍ (ഫെഡററര്‍, നഡാല്‍, ജോക്കോവിച്ച്) ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടങ്ങളിലെന്ന പോലെ റാക്കറ്റ് തല്ലിത്തകര്‍ത്തതിലും ജോക്കോവിച്ചാണ് ഒന്നാമന്‍. കരിയറില്‍ 62 തവണയാണ് റാക്കറ്റുകള്‍ ജോക്കോയുടെ ദേഷ്യമറിഞ്ഞത്. മാന്യരില്‍ മാന്യനായ ഫെഡറര്‍ അഞ്ച് റാക്കറ്റുകള്‍ മത്സരത്തിനിടെ തകര്‍ത്തിട്ടുണ്ട്.
ഇവിടെയാണ് റാഫയെന്ന പോരാളി തലയെടുപ്പോടെ നില്‍ക്കുന്നത്. കളിക്കളത്തില്‍ കാളക്കൂറ്റന്റെ കരുത്തോടെ എതിരാളികളെ തച്ചു തകര്‍ക്കുമ്പോഴും ഒരിക്കല്‍പോലും റാഫ റാക്കറ്റ് തകര്‍ത്തിട്ടില്ല. അതിന് താരം കടപ്പെട്ടിരിക്കുന്നത് അങ്കിളും പരിശീലകനുമായ ടോണി നഡാലിനോടാണ്. റാഫയുടെ ആത്മകഥയായ 'റാഫ മൈ സ്റ്റോറി'യില്‍ റാഫേല്‍ നഡാലെന്ന ടെന്നീസ് താരത്തെ ടോണി എങ്ങനെയാണ് പരുവപ്പെടുത്തിയെടുത്തതെന്ന് വിശദമാക്കുന്നുണ്ട്. സഹോദരന്റെ മകനോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കുമ്പോഴും കര്‍ക്കശക്കാരനായ പരിശീലകനായിരുന്നു ടോണി. റാഫ റാക്കറ്റെടുത്തു തുടങ്ങിയ ചെറുപ്രായം മുതല്‍ അങ്കിള്‍ ടോണിയുടെ കര്‍ശനമായ ഇടപെടല്‍ അവന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ചെറുപ്രായത്തില്‍ വിജയത്തില്‍ നിന്നു വിജയത്തിലേക്കു കുതിക്കുമ്പോള്‍ തലക്കനമുണ്ടാകുന്നത് സ്വഭാവികം. അങ്ങനെയൊരു ചിന്ത പോലും റാഫയിലുണ്ടാകാതിരിക്കാന്‍ ടോണി ശ്രദ്ധിച്ചു. റാഫയുടെ വിജയങ്ങളില്‍ വലിയ പ്രശംസകളൊന്നുമില്ല. ഇന്ന് കിരീടം നേടിയാലും നാളെ രാവിലെ നിശ്ചയമായും പരിശീലനത്തിന് കോര്‍ട്ടിലുണ്ടായിരിക്കണം. റാക്കറ്റെറിഞ്ഞോ , എതിരാളികളുടെ മേല്‍ ശാപവാക്കുകള്‍ ചൊരിഞ്ഞോ ദേഷ്യം പ്രകടിപ്പിക്കാനുള്ള അവസരം പോലും ടോണി അനന്തരവനു കൊടുത്തില്ല.
'കളിക്കകളത്തിലോ, പരിശീലനത്തിനിടിലോ നീ എന്ന് റാക്കറ്റ് എറിഞ്ഞു കളയുകയോ, തകര്‍ക്കുകയോ ചെയ്താല്‍ അന്ന് നിന്നെ പരിശീലിപ്പിക്കുന്നത് ഞാന്‍ അവസാനിപ്പിക്കും. ഒരു റാക്കറ്റ് സ്വപ്നം കാണുന്ന, അതു വാങ്ങാന്‍ കഴിവില്ലാത്ത ലക്ഷക്കണക്കിന് കുട്ടികള്‍ ഈ ലോകത്തുണ്ട്' അതായിരുന്നു അങ്കിള്‍ ടോണി ആറു വയസുകാരനായ അനന്തരവനു നല്‍കിയ നിര്‍ദേശം. അത് വിരമിക്കുന്ന ദിവസം വരെ പ്രാവര്‍ത്തികമാക്കാന്‍ ശിഷ്യനായി.

കളിക്കളത്തില്‍ റാക്കറ്റ് തകര്‍ക്കുകയെന്നാല്‍ ഒരാളുടെ വികാരങ്ങളുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയെന്നാണ് നഡാലിന്റെ അഭിപ്രായം. 'നിങ്ങള്‍ ഒരു മോശം ഷോട്ട് കളിക്കുന്നത് നിങ്ങളുടെ കുഴപ്പമാണ് അല്ലാതെ റാക്കറ്റിന്റേതല്ല. റാക്കറ്റ് തകര്‍ക്കാനോ കളിക്കളത്തില്‍ ഒരു മോശം വാക്കുപോലും പറയാനോ എന്റെ കുടുംബം എന്നെ അനുവദിച്ചിട്ടില്ല' ഒരു അഭിമുഖത്തില്‍ നഡാല്‍ വ്യക്തമാക്കുന്നുണ്ട്. നേരിട്ടും ടെലിവിഷനിലും കളികാണുന്ന കുട്ടികളില്‍ റാക്കറ്റ് തകര്‍ക്കുന്നതിലൂടെ ഒരു മോശം മാതൃക ആകാനും തനിക്കാകുകയില്ലെന്നും റാഫ പറയുന്നു.
ചൊവ്വാഴ്ച മലാഗയില്‍ തന്റെ അവസാന മത്സരവും കളിച്ച റാഫയോട് കമന്ററേറ്റര്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. 'റാഫ നിങ്ങള്‍ അവസാന മത്സരവും കളിച്ചു കഴിഞ്ഞു. ഭാവിയില്‍ എങ്ങനെ ഓര്‍മിക്കപ്പെടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നേടിയ വിജയങ്ങളുടെയോ കിരീടങ്ങളുടെ എണ്ണങ്ങളുടെയോ പേരിലല്ല താന്‍ ഓര്‍മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതെന്ന് റാഫ വ്യക്തമാക്കുന്നുണ്ട്.' മയോക്കയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുമെത്തിയ ഒരു ബാലന്‍. അവന് പരിശീലനം നല്‍കാന്‍ അങ്കിളും എന്തു കാര്യത്തിനും പിന്തുണ നല്‍കാന്‍ കുടുംബവുമുണ്ടായിരുന്നു. ടെന്നീസ് എനിക്ക് അവിസ്മരണീയമായ ഒരു ജീവിതം നല്‍കി. ഒരു നല്ല മനുഷ്യനെന്ന നിലയിലും കുടുംബത്തിന്റെ സ്വപ്നം നിറവേറ്റിയയാളെന്ന നിലയിലും അറിയപ്പെടാനാണ് എന്റെ ആഗ്രഹം', റാഫയുടെ ഈ മറുപടിയില്‍ എല്ലാമുണ്ട്. റാഫയ്ക്ക് തുല്യം റാഫ മാത്രം.

കളിമണ്‍ ചക്രവര്‍ത്തി, കാളക്കൂറ്റന്‍, എന്‍നിനോ തുടങ്ങി നിരവധി വിളിപ്പേരുകളുണ്ട് റാഫയ്ക്ക്. വിജയ നിമിഷത്തില്‍ വിയര്‍പ്പണിഞ്ഞ കുപ്പായം റൊളാങ് ഗാരോസിലെ ഫിലിപ്പ് ഷാത്രിയേ കോര്‍ട്ടിലെ കളിമണ്ണില്‍ പുരളുന്നത്... ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളിലും ഒളിമ്പിക് സ്വര്‍ണത്തിലുമൊക്കെ കടിച്ച് ആനന്ദത്തിന്റെ പരകോടിയിലെത്തുന്നത്. 2008-ലെ വിംബിള്‍ഡണിലെ ക്ലാസിക് ഫൈനലില്‍ റോജര്‍ ഫെഡററെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടുള്ള കിരീട ധാരണം. മറാക്കാനാവാത്ത അനവധി നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് റാഫ. പക്ഷേ അതിലുമൊക്കെ അപ്പുറം കിരീടങ്ങള്‍ക്കും വിജയങ്ങള്‍ക്കുമുപരി നിങ്ങള്‍ പറഞ്ഞതുപോലെ ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതുതന്നെയാണ് ഏറെ അഭിമാനകരം. കളിമണ്‍ കോര്‍ട്ട് ഉഴുതു മറിക്കുന്ന, പോരാട്ടവീര്യത്തിന്റെ അവസാന അറ്റം വരെ പോകുന്ന താരങ്ങള്‍ ഇനിയുമുണ്ടായേക്കാം. റാഫയ്ക്ക തുല്യം റാഫ മാത്രമേ ഉണ്ടാകൂ. അതായിരിക്കും റാഫ ബാക്കിവച്ചുപോകുന്ന ലെഗസി.
Content Highlights: rafael-nadal-tennis-legacy-retirement-sportsmanship
Published: 20 Nov 2024, 08:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented