തിരുവനന്തപുരം: ചാല സ്വർണകവർച്ചാ കേസിൽ മാളവിക ജൂവലറി ഉടമ ജയറാം അറസ്റ്റിൽ. ഇയാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ജൂവലറി വ്യാപാരവുമായി ബന്ധപ്പെട്ട് കുടിപ്പകയാണ് കവർച്ചയിലേക്ക് എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജയറാം വൈഷ്ണവി ജൂവലറി ഉടമയായ നന്ദകുമാറിനെ ഭീഷണിപ്പെടുത്തിയതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയറാമിനെ കസ്റ്റഡിയിലെടുത്തത്.

To advertise here,

വ്യാഴാഴ്ച രാത്രി പത്തരയോടെ ചാലയിലെ വൈഷ്ണവി ജൂവലറി അടച്ച് സ്വർണവുമായി വീട്ടിലേക്ക് മടങ്ങാനിറങ്ങിയ നന്ദകുമാറിൽനിന്ന് ബൈക്കിലെത്തിയ പ്രതികൾ കവർച്ച നടത്തുകയായിരുന്നു. മൂന്ന് പതിറ്റാണ്ടോളമായി ചാലയിൽ സ്വർണക്കച്ചവടം നടത്തിവരികയായിരുന്നു നന്ദകുമാർ. കടയടച്ച് സ്‌കൂട്ടറിൽ മടങ്ങവേ മരക്കടയ്ക്കുസമീപംവെച്ച് ബൈക്കിലെത്തിയ രണ്ടുപേർ സ്വർണമടങ്ങിയ തോൾബാഗ് തട്ടിപ്പറിച്ച് കടക്കുകയായിരുന്നുവെന്നാണ് നന്ദകുമാറിന്റെ പരാതിയിലുള്ളത്.

സ്വർണം കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനകം നാടകീയമായി പോലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറെത്തറയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ അനിൽ(37), അനൂപ്(37), രാജീവ് കാട്ടാക്കട(45), വിനോദ്(38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തു. കർണാടകത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. പിടിയിലായ പ്രതികളിൽ ചിലർ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളവരാണ്.

പ്രതികൾ പലതവണ സ്വർണ ഇടപാടുകൾക്കായി സ്വർണക്കടയുടമയെ കണ്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതികൾ കവർച്ചയ്ക്കായി നടത്തിയത്. സ്വർണവുമായി കടയുടമ വീട്ടിലേക്കു പോകുന്നതുൾപ്പെടെയുള്ള സമയം ഇവർക്ക് അറിയാമായിരുന്നു.

പ്രതികളുടെ കാർ തമിഴ്‌നാട് ടോൾബൂത്ത് കടന്നതാണ് നിർണായകമായത്. അന്വേഷണത്തിൽ പ്രതികൾ വയനാട്ടിലേക്കു കടന്നെന്ന് കണ്ടെത്തി. കവർച്ചയ്ക്കുപയോഗിച്ച, പ്രതി അനിലിന്റെ പേരിലുള്ള പുതിയ മോഡൽ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിരുന്നു. അടുത്ത ദിവസംതന്നെ പ്രതികൾ സ്വർണവുമായി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.