
തെല്ലൊരു ഉള്‍ക്കിടിലത്തോടെയല്ലാതെ ഇന്നും ആ കളി കാണാന്‍ കഴിയില്ല. അതിലെ ഓരോ മുഹൂര്‍ത്തങ്ങള്‍ കാണുമ്പോഴും ഉള്ളിലൊരാന്തലാണ്. കണ്ട കാഴ്ചകളൊക്കെ സത്യമാണെന്നറിയാം. എന്നാലും നെഞ്ചുകീറുന്ന അവസ്ഥ. ബേജാറിന്റെ അങ്ങേ തല കണ്ട, അതുപോലൊരു മത്സരം വ്യക്തിജീവിതത്തില്‍ വേറെ കണ്ടിട്ടില്ല.
അനുവദിച്ച 120 മിനിറ്റും കഴിഞ്ഞുള്ള അധികസമയത്തെ മൂന്നാം മിനിറ്റ് (120 + 3). സ്കോര്‍ 3-3. കളി പെനാല്‍റ്റിയിലേക്ക് പോകുന്നതും കാത്ത് നെരിപ്പോട് കത്തിനില്‍ക്കുന്ന സമയം. അന്നേരത്താണ് ഉള്ളിലൊരു ഭൂകമ്പമുണ്ടാക്കിയ നീക്കം ഫ്രാന്‍സ് നടത്തിയത്. കൊലോ മുവാനി പന്തുമായി അര്‍ജന്റൈന്‍ വല ഉന്നംവെച്ച് പായുന്നു. മുന്നിലാകെ ഇനി ഭേദിക്കാനുള്ളത് ഗോളി എമിലിയാനോ മാര്‍ട്ടിനസിനെ. ഗോളെന്നുറച്ച് സ്വയംപഴിച്ച് കണ്ണുചിമ്മിനിന്ന ആ നിമിഷത്തെ പക്ഷേ, എമി അവിശ്വസനീയമാംവിധം സുന്ദരമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. കളി ഷൂട്ടൗട്ടിലേക്ക്...

എമിയുടെ ആ അദ്ഭുതനീക്കവും അതുണ്ടാക്കിയ ആഹ്ലാദവും വാക്കുകളിലൂടെ പറഞ്ഞുഫലിപ്പിക്കുക സാധ്യമല്ല. എനിക്കു മാത്രമല്ല, ആ നിമിഷത്തെ മറികടന്ന ഏതാണ്ടെല്ലാ അര്‍ജന്റീനാ ആരാധകരുടെയും അന്നേരത്തെ അവസ്ഥ അതുതന്നെയായിരിക്കും. ആ ദൃശ്യങ്ങള്‍ പിന്നെയെത്ര തവണ കണ്ടു എന്നറിയില്ല. റീല്‍സിലൊക്കെ സ്ക്രോള്‍ ചെയ്തു പോകുമ്പോള്‍ വീണ്ടുംവീണ്ടും കാണും. അതെങ്ങാനും എമിയുടെ കാല് വഴുതി കടന്നുപോയെങ്കിലുള്ള സ്ഥിതി വെറുതേ ഇരുന്ന് സങ്കല്‍പ്പിക്കും. അന്നേരംതന്നെ ഉള്ളിലൂടെ വൈദ്യുതപ്രവാഹംപോലെ എന്തോ ഒന്ന് കടന്നുപോകും. അതോടെ ആ ആലോചന പോലും നിര്‍ത്തും. അത്രയും വൈകാരികമാണത്.

മനസ്സിനകത്ത് 'രാസപരിവര്‍ത്തനം' സൃഷ്ടിച്ച, അത്തരത്തില്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഫൈനലാണത്? കളിയുടെ ചടുലത, അടിക്ക് തിരിച്ചടി, ഉള്ളു പിടക്കുന്ന നീക്കങ്ങള്‍... ആകക്കൂടി ഒരു സസ്പെന്‍സ് ത്രില്ലര്‍ കാണുന്ന അനുഭവമായിരുന്നു അതെന്ന് പറഞ്ഞാലും കുറഞ്ഞുപോകും. കാലപ്രവാഹത്തില്‍ അര്‍ജന്റീന - ഫ്രാന്‍സ് പോലൊരു ഫൈനല്‍ ഇനി ആവര്‍ത്തിക്കുമോ എന്ന് സംശയമാണ്. അക്കളി കണ്ടിട്ടിന്ന് ഒരാണ്ട് തികഞ്ഞു. ചരിത്രത്തില്‍ കണ്ട് കൊതി തീരാത്ത കളി ഏതുണ്ടെന്നു ചോദിച്ചാല്‍ അര്‍ജന്റീന - ഫ്രാന്‍സ് ഫൈനല്‍ മാത്രമേയുള്ളൂ. ഇപ്പോഴും ഇനിയൊരു കാലത്തേക്കും അതങ്ങനെയാണ്.
മനോഹരമായ ആ കാഴ്ചകളെ രണ്ട് പകുതികളായിട്ടാണ് വിലയിരുത്തുന്നത്. ഒന്നാംപകുതി നാം നിന്നു കത്തുന്നതാണ്. കിക്കോഫ് മുതല്‍ ഷൂട്ടൗട്ട് വരെ നീണ്ട, ഇരിക്കപ്പൊറുതിയില്ലാത്ത മിനിറ്റുകള്‍. അര്ജന്റീനക്കുപ്പായത്തിനൊപ്പം അറിയാതെ നമ്മളും കാലുപായിക്കുന്ന പകുതി. രണ്ടാംപകുതിയാവട്ടെ, അനിര്‍വചനീയമായ അനുഭൂതി പകരുന്ന ദൃശ്യാനുഭവങ്ങളാണ് നമുക്കുതരിക. ഷൂട്ടൗട്ടിലെ അവസാന കിക്ക് കഴിയുന്നതുതൊട്ട് അത് ആരംഭം കുറിക്കുന്നു. കപ്പ് നോക്കിനില്ക്കുന്ന മെസി, കുടുംബത്തിനൊപ്പം ഗ്രൗണ്ടില്‍ ഉല്ലസിക്കുന്ന മെസി, സഹകളിക്കാര്‍ എടുത്തുയര്‍ത്തി ആഹ്ലാദിക്കുന്ന മെസി, ഖത്തര്‍ രാജാവ് അറബിപ്പുടവയണിയിച്ച് കെട്ടിപ്പിടിക്കുന്ന മെസി... അങ്ങനെയങ്ങനെ ആ പകുതിയെ നയനാനന്ദദായകമാക്കിയ എത്രയെത്ര കാഴ്ചകള്‍...

ഫൈനലുകള്‍ നിരവധി മുന്‍പും കണ്ടിട്ടുണ്ട്. ജയിച്ചുകയറിയ നിമിഷംമുതല്‍ ആഘോഷത്തിന്റെ ആരവങ്ങളിലേക്ക് നീങ്ങുന്നതാണ് പതിവ്. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും കൂകി വിളിച്ചും ഒച്ചപ്പാടുകളുണ്ടാക്കിയും പിന്നെ തെരുവുകളിലാണ് കളി. കപ്പ് കൈമാറുന്നതൊക്കെ കാണാന്‍ നില്ക്കുന്ന ആളുകള്‍ കുറവാണ്. അതിനുമുന്പേ ആഘോഷത്തിന്റെ തിരതല്ലല്‍ ആരംഭിച്ചുകഴിഞ്ഞിരിക്കും.
അര്‍ജന്റീന ജയിച്ചപ്പോള്‍ പക്ഷേ, മിക്കവാറും പേരും സ്ക്രീനിന് മുന്നില്‍നിന്ന് എണീറ്റുപോയിരുന്നില്ല എന്നതാണ് ഞാന്‍ കളി കണ്ടിടത്തെ അനുഭവം. ഒച്ചപ്പാടുകള്ക്കൊക്കെ അപ്പുറത്ത്, ആ മനുഷ്യന് കപ്പുയര്‍ത്തുന്നത് നേരില്‍ത്തന്നെ ഇരുന്ന് കാണാനാണ് അവിടെ കൂടിയവരെല്ലാം മുതിര്‍ന്നത്. അതിലെ ഓരോ നിമിഷവും കണ്ണിമ ചിമ്മാതെ കണ്ടുതീര്‍ക്കാന്‍തന്നെ എന്തു രസമായിരുന്നെന്നോ! നേരം വെളുക്കുമെന്നറിയാം. എന്നാലും ആ രാവ് വിട്ടുപോവരുതെന്ന് കൊതിച്ചു.
നാലുവട്ടം ഫൈനല്‍ തോറ്റ ഒരു മനുഷ്യന്, നിര്‍ണായകമായ ഒരു പെനാല്‍റ്റി പുറത്തേക്കടിച്ചതിന് പഴികളേറെ കേട്ട മനുഷ്യന്, സമ്മര്‍ദങ്ങള്‍ താങ്ങാനാവാതെ വിരമിക്കല്‍ പ്രഖ്യാപിച്ച മനുഷ്യന്, ഒടുക്കം ഖത്തറില്‍ നിറഞ്ഞ ശോഭയോടെ കാണാന്‍ കഴിഞ്ഞ അതേ മനുഷ്യന്.... മെസിയെ അതുപോലെ വെളിച്ചം തെളിഞ്ഞ് അതിനുമുന്‍പ് കണ്ടിട്ടില്ല. കോപ പോലും അയാളെ അതിന്റെ പകുതി ആവേശപ്പെടുത്തിയിട്ടില്ല. കൊച്ചുകുട്ടിയെപ്പോലെ ആ കപ്പ് അരികത്തുവെച്ച് ഉറങ്ങുന്ന അയാളുടെ ചിത്രംവരെയും കണ്ണില്‍നിന്ന് മായുന്നില്ല. അയാള്‍ അതെത്ര ആഗ്രഹിച്ചിരുന്നുവെന്ന്, കപ്പ് അയാളുടെ കൈയില്‍ കിട്ടിയതില്‍പ്പിന്നെയാണ് അറിഞ്ഞത്.

ഫൈനലിനെ ഫൈനലാക്കിയത് കിലിയന്‍ എംബാപ്പെയാണ്. ഒരു ഫൈനലിനുവേണ്ടതിലധികം വീറും വാശിയും സസ്പെന്‍സും കൊണ്ടുവരുന്നതില്‍ അയാള്‍ വഹിച്ച പങ്ക് അദ്വിതീയമാണ്. അന്തിമ വിധി നിര്‍ണയിച്ച ഷൂട്ടൗട്ടിന്റെ ആദ്യഘട്ടം. കിക്കെടുക്കാന്‍ വന്ന എംബാപ്പയെ കണ്ടപ്പഴേ അറിയാമായിരുന്നു പന്ത് വലയ്ക്കകത്തെത്തുമെന്ന്. വിചാരിച്ച പോലെത്തന്നെ സംഭവിച്ചു. അര്‍ജന്റൈന്‍ ഭാഗത്തുനിന്ന് ആദ്യമെത്തിയ മെസി പക്ഷേ, പുറത്തടിക്കുമോ എന്ന് പേടിച്ചു. വളരെ ശാന്തമായെടുത്ത ആ ഇടംകാല് ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്ച്ചെന്ന് തറച്ചു.

അതില്‍പ്പിന്നെ പ്രതീക്ഷയായി. പിന്നീടെത്തിയ കോമാന്റെ ഷോട്ട് എമിയുടെ നെഞ്ചില്‍ത്തട്ടി പുറത്തുപോയതോടെ പ്രതീക്ഷയുടെ പുതിയ കിരണംകൂടി കണ്ടു. അന്നേരത്തെ എമിയുടെ ആവേശം ത്രില്ലടിപ്പിച്ചതാണ്. പിന്നീട് ചൗമെനിയുടെ കിക്ക് ബാറില്‍ത്തട്ടി പുറത്തുപോയപ്പോഴും ആവേശത്തിന്റെ പരകോടി കണ്ടു. പക്ഷേ, അന്നേരത്തും ഗ്രൗണ്ടില്‍ ശാന്തനായിക്കണ്ട ഒരാളേ ഉണ്ടായിരുന്നുള്ളൂ, അത് മെസിയായിരുന്നു. ഷൂട്ടൗട്ടില്‍ അയാളെടുത്ത ആ പെനാല്‍റ്റി കിക്ക് കാണണം. ലോകകപ്പ് ഫൈനല്‍ പോലൊരു മത്സരത്തില്‍ അത്ര ശാന്തമായി ഒരു കിക്കെടുക്കാന്‍ കഴിയുക എന്നതുതന്നെ വലിയ ചങ്കൂറ്റമാണ്. ശാന്തതയായിരുന്നു അയാളുടെ കരുത്തും ചങ്കൂറ്റവും.
ലോകകപ്പ് കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞു. അടുത്ത ലോകകപ്പിനുവേണ്ടിയുള്ള യോഗ്യതാ പോരാട്ടത്തിലാണ് അര്‍ജന്റീന. ടീമിന്റെ നാരായ വേരായി ഇപ്പോഴും അയാളുണ്ട്. അയാള്ക്കുമീതെയെന്ന് പറയാവുന്ന ഒരാള്‍ ഇപ്പോഴും ആ ടീമിലില്ല. അടുത്ത ലോകകപ്പിലും അയാളുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ.
Content Highlights: one year of fifa world cup 2022
Published: 18 Dec 2023, 05:58 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented