തെല്ലൊരു ഉള്‍ക്കിടിലത്തോടെയല്ലാതെ ഇന്നും കണ്ടിരിക്കാനാവില്ല, ആ കളി. അതിലെ ഓരോ മുഹൂര്‍ത്തങ്ങളും വീണ്ടും  കാണുമ്പോഴും ഉള്ളിലൊരാന്തലാണ്. കണ്ട കാഴ്ചകളൊക്കെ സത്യമാണെന്നറിയാം. എന്നിട്ടും നെഞ്ചുകീറുന്ന അവസ്ഥ. ബേജാറിന്റെ അങ്ങേത്തല കണ്ട, അതുപോലൊരു മത്സരം ജീവിതത്തില്‍ വേറെ അനുഭവിച്ചിട്ടില്ല.  

To advertise here,

അനുവദിച്ച 120 മിനിറ്റും കഴിഞ്ഞുള്ള അധികസമയത്തെ മൂന്നാം മിനിറ്റ് (120 + 3). സ്‌കോര്‍ 3-3. കളി പെനാല്‍റ്റിയിലേക്ക് പോകുന്നതും കാത്ത് നെരിപ്പോട് കത്തിനില്‍ക്കുന്ന സമയം. അന്നേരത്താണ് ഉള്ളിലൊരു ഭൂകമ്പമുണ്ടാക്കിക്കൊണ്ടുള്ള ഫ്രാന്‍സിന്റെ ആ നീക്കം. കൊലോ മുവാനി പന്തുമായി അര്‍ജന്റൈന്‍ നെറ്റ് ഉന്നംവെച്ച് നീങ്ങുന്നു. മുന്നിലിനി ഭേദിക്കാനുള്ളത് ഗോളി എമിലിയാനോ മാര്‍ട്ടിനസിനെ മാത്രം. ഗോളെന്നുറച്ച് സ്വയംപഴിച്ച് കണ്ണുചിമ്മിനിന്ന ആ നിമിഷത്തെ പക്ഷേ, എമി അവിശ്വസനീയമാംവിധം സുന്ദരമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. കളി ഷൂട്ടൗട്ടിലേക്ക്... 

placeholder
ലോകകപ്പ് ഫൈനലിനിടെ കൊലോ മുവാനിയുടെ മുന്നേറ്റം തടയുന്ന അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്‌ | ANI

എമിയുടെ ആ അദ്ഭുതനീക്കവും അതുണ്ടാക്കിയ ആഹ്ളാദവും വാക്കുകളിലൂടെ പറഞ്ഞുഫലിപ്പിക്കുക സാധ്യമല്ല. ഈയുള്ളവന്റെ അനുഭവം മാത്രമായിരിക്കില്ല, ആ ഉദ്വേഗനിമിഷത്തിലൂടെ സഞ്ചരിച്ച ഏതാണ്ടെല്ലാ അര്‍ജന്റീനാ ആരാധകരുടെയും അന്നേരത്തെ അവസ്ഥ അതുതന്നെയായിരിക്കും. ആ ദൃശ്യങ്ങള്‍ പിന്നെയെത്ര തവണ കണ്ടു എന്നറിയില്ല. റീല്‍സും ഷോട്‌സുമൊക്കെ സ്‌ക്രോള്‍ ചെയ്തു പോകുമ്പോള്‍ വീണ്ടുംവീണ്ടും കാണും. അതെങ്ങാനും എമിയുടെ കാല്‍ വഴുതി കടന്നുപോയെങ്കിലുള്ള സ്ഥിതി വെറുതേ ഇരുന്ന് സങ്കല്‍പ്പിക്കും. അന്നേരം തന്നെ ഉള്ളിലൂടെ വൈദ്യുതപ്രവാഹംപോലെ എന്തോ ഒന്ന് കടന്നുപോകും. അതോടെ ആ ആലോചന പോലും നിര്‍ത്തും. അത്രമേല്‍ വൈകാരികമാണത്. 

placeholder
അര്‍ജന്റീനയുടെ ലോകകപ്പ് ജയം ബ്യൂണസ് അയേഴ്‌സിലെ ആരാധകര്‍ ആഘോഷിക്കുന്നതിന്റെ ആകാശക്കാഴ്ച | AFP

മനസ്സിനകത്ത് 'രാസപരിവര്‍ത്തനം' സൃഷ്ടിച്ച, അത്തരത്തില്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഫൈനലാണത്? കളിയുടെ ചടുലത, അടിക്ക് തിരിച്ചടി, ഉള്ളു പിടയ്ക്കുന്ന നീക്കങ്ങള്‍... ആകെക്കൂടി ഒരു സസ്പെന്‍സ് ത്രില്ലര്‍ കാണുന്ന അനുഭവമായിരുന്നു അതെന്ന് പറഞ്ഞാലും കുറഞ്ഞുപോകും. കാലപ്രവാഹത്തില്‍ അര്‍ജന്റീന - ഫ്രാന്‍സ് പോലൊരു ഫൈനല്‍ ഇനി ആവര്‍ത്തിക്കുമോ എന്ന് സംശയമാണ്. അക്കളി കണ്ടിട്ടിന്ന് രണ്ടാണ്ട് തികഞ്ഞു. ചരിത്രത്തില്‍ കണ്ട് കൊതി തീരാത്ത കളി ഏതുണ്ടെന്നു ചോദിച്ചാല്‍ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മാത്രമേയുള്ളൂ. ഇപ്പോഴും ഇനിയൊരു കാലത്തേക്കും അതങ്ങനെയാണ്.

അന്നത്തെ മനോഹരമായ ആ കാഴ്ചകളെ രണ്ട് പകുതികളായിട്ട് വിലയിരുത്തിയാല്‍, ഒന്നാംപകുതി നാം നിന്നു കത്തുന്നതാണ്. കിക്കോഫ് മുതല്‍ ഷൂട്ടൗട്ട് വരെ നീണ്ട, ഇരിക്കപ്പൊറുതിയില്ലാത്ത മിനിറ്റുകള്‍. അര്‍ജന്റീനക്കുപ്പായത്തിനൊപ്പം അറിയാതെ നമ്മളും കാലു പായിക്കുന്ന പകുതി. രണ്ടാംപകുതിയാവട്ടെ, അനിര്‍വചനീയമായ അനുഭൂതി പകരുന്ന ദൃശ്യാനുഭവങ്ങളാണ് നമുക്കു തരിക. ഷൂട്ടൗട്ടിലെ അവസാന കിക്ക് കഴിയുന്നതുതൊട്ട് അത് ആരംഭം കുറിക്കുന്നു. കപ്പ് നോക്കിനില്‍ക്കുന്ന മെസി, കുടുംബത്തിനൊപ്പം ഗ്രൗണ്ടില്‍ ഉല്ലസിക്കുന്ന മെസി, സഹകളിക്കാര്‍ എടുത്തുയര്‍ത്തി ആഹ്ലാദിക്കുന്ന മെസി, ഖത്തര്‍ രാജാവ് അറബിപ്പുടവയണിയിച്ച് കെട്ടിപ്പിടിക്കുന്ന മെസി... അങ്ങനെയങ്ങനെ ആ പകുതിയെ നയനാനന്ദകരമാക്കിയ എത്രയെത്ര കാഴ്ചകള്‍... 

placeholder
ഫോട്ടോ - എ.പി., എ.എഫ്.പി.

 ഫൈനലുകള്‍ നിരവധി മുന്‍പും കണ്ടിട്ടുണ്ട്. ജയിച്ചുകയറിയ നിമിഷംമുതല്‍ ആഘോഷത്തിന്റെ ആരവങ്ങളിലേക്ക് നീങ്ങുന്നതാണ് പതിവ്. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും കൂവിവിളിച്ചും ഒച്ചപ്പാടുകളുണ്ടാക്കിയും പിന്നെ തെരുവുകളിലാണ് കളി. കപ്പ് കൈമാറുന്നതൊക്കെ കാണാന്‍ നില്‍ക്കുന്ന ആളുകള്‍ കുറവാണ്. അതിനുമുന്‍പേ ആഘോഷത്തിന്റെ തിരതല്ലല്‍ ആരംഭിച്ചുകഴിഞ്ഞിരിക്കും. 

അര്‍ജന്റീന ജയിച്ചപ്പോള്‍ പക്ഷേ, മിക്കവാറും പേരും സ്‌ക്രീനിന് മുന്നില്‍നിന്ന് എണീറ്റുപോയിരുന്നില്ല എന്നതാണ് അന്ന് കളി കണ്ടിടത്തെ അനുഭവം. ഒച്ചപ്പാടുകള്‍ക്കൊക്കെ അപ്പുറത്ത്, ആ മനുഷ്യന്‍ കപ്പുയര്‍ത്തുന്നത് ലൈവായി ഇരുന്ന് കാണാനാണ് അവിടെ കൂടിയവരെല്ലാം മുതിര്‍ന്നത്. അതിലെ ഓരോ നിമിഷവും കണ്ണിമചിമ്മാതെ കണ്ടുതീര്‍ക്കാന്‍തന്നെ എന്തു രസമായിരുന്നെന്നോ! നേരം വെളുക്കുമെന്നറിയാം. എങ്കിലും ആ രാവ് വിട്ടുപോവരുതെന്ന് കൊതിച്ചു. 

നാലുവട്ടം ഫൈനല്‍ തോറ്റ ഒരു മനുഷ്യന്‍, നിര്‍ണായകമായ ഒരു പെനാല്‍റ്റി പുറത്തേക്കടിച്ചതിന് പഴികളേറെ കേട്ട മനുഷ്യന്‍, സമ്മര്‍ദങ്ങള്‍ താങ്ങാനാവാതെ വിരമിക്കല്‍ പ്രഖ്യാപിച്ച മനുഷ്യന്‍, ഒടുക്കം ഖത്തറില്‍ നിറഞ്ഞ ശോഭയോടെ കാണാന്‍ കഴിഞ്ഞ അതേ മനുഷ്യന്‍.... മെസിയെ അതുപോലെ വെളിച്ചം തെളിഞ്ഞ് അതിനുമുന്‍പ് കണ്ടിട്ടില്ല. കോപ പോലും അയാളെ അതിന്റെ പകുതി ആവേശപ്പെടുത്തിയിട്ടില്ല. കൊച്ചുകുട്ടിയെപ്പോലെ ആ കപ്പ് അരികത്തുവെച്ച് ഉറങ്ങുന്ന അയാളുടെ ചിത്രംവരെയും കണ്ണില്‍നിന്ന് മായുന്നില്ല. അയാള്‍ അതെത്ര ആഗ്രഹിച്ചിരുന്നുവെന്ന്, കപ്പ് അയാളുടെ കൈയില്‍ വന്നതില്‍പ്പിന്നെയാണ് വ്യക്തമാകുന്നത്.

placeholder
ഫോട്ടോ - എ.പി., എ.എഫ്.പി.

പക്ഷേ, ഫൈനലിനെ ഫൈനലാക്കിയത് കിലിയന്‍ എംബാപ്പെയാണ്. ഒരു ഫൈനലിനുവേണ്ടതിലധികം വീറും വാശിയും സസ്‌പെന്‍സും കൊണ്ടുവരുന്നതില്‍ അയാള്‍ വഹിച്ച പങ്ക് അവർണനീയമാണ്. അന്തിമ വിധി നിര്‍ണയിച്ച ഷൂട്ടൗട്ടിന്റെ ആദ്യഘട്ടം. കിക്കെടുക്കാന്‍ വന്ന എംബാപ്പയെ കണ്ടപ്പോള്‍ത്തന്നെ ഉറപ്പിച്ചതാണ് പന്ത് വലയ്ക്കകത്തെത്തുമെന്ന്. വിചാരിച്ച പോലെത്തന്നെ സംഭവിച്ചു. 2-0ന് പിന്നില്‍നിന്ന ഫ്രാന്‍സിനെ, വെറും നൂറ് സെക്കന്‍ഡുകള്‍ക്കൊണ്ട് ഒപ്പത്തിനൊപ്പമെത്തിച്ചതും അതേ കാലുകള്‍ തന്നെ. ഒരു അര്‍ജന്റീനാ ആരാധകനും നെഞ്ചിടിപ്പോടെയല്ലാതെ ഓര്‍ക്കാനാവാത്ത രണ്ട് വെടിയുണ്ടകള്‍ തന്നാണ് അദ്ദേഹം ആ ലോകകപ്പ് അവസാനിപ്പിച്ചത്. വാസ്തവത്തില്‍ ഫൈനല്‍ ഫൈനലായതും അവിടംമുതലാണ്. ലുസൈല്‍ സ്റ്റേഡിയത്തിലെ അക്കളിയെ അവിസ്മരണീയമായ ഒരു ഫുട്‌ബോള്‍ ഏടാക്കി മാറ്റിയതും മെസിയല്ല, എംബാപ്പെ തന്നെ.  

placeholder
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന് ലഭിച്ച ഗോള്‍ഡന്‍ ബൂട്ടുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ | AFP

പെനാല്‍റ്റിക്കായി അര്‍ജന്റൈന്‍ ഭാഗത്തുനിന്ന് ആദ്യമെത്തിയ മെസി പക്ഷേ, പുറത്തടിക്കുമോ എന്ന് പേടിച്ചിരുന്നു. വളരെ ശാന്തമായെടുത്ത ആ ഇടംകാല്‍ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ച്ചെന്ന് തറച്ചു. പോസിറ്റീവ്! അതില്‍പ്പിന്നെ പ്രതീക്ഷയായി. പിന്നീടെത്തിയ കോമാന്റെ ഷോട്ട് എമിയുടെ നെഞ്ചില്‍ത്തട്ടി പുറത്തുപോയതോടെ പ്രതീക്ഷയുടെ പുതിയ കിരണംകൂടി കണ്ടു. അന്നേരത്തെ എമിയുടെ ആവേശം ത്രില്ലടിപ്പിച്ചതാണ്. പിന്നീട് ചൗമെനിയുടെ കിക്ക് ബാറില്‍ത്തട്ടി പുറത്തുപോയപ്പോഴും ആവേശത്തിന്റെ പരകോടി കണ്ടു. പക്ഷേ, ഗ്രൗണ്ടില്‍ അപ്പോഴും ശാന്തനായിക്കണ്ട ഒരാളേ ഉണ്ടായിരുന്നുള്ളൂ, അത് മെസിയായിരുന്നു. ഷൂട്ടൗട്ടില്‍ അയാളെടുത്ത ആ പെനാല്‍റ്റി കിക്ക് കാണണം. ലോകകപ്പ് ഫൈനല്‍ പോലൊരു മത്സരത്തില്‍ അത്ര ശാന്തമായി ഒരു കിക്കെടുക്കാന്‍ കഴിയുക എന്നതുതന്നെ വലിയ ചങ്കൂറ്റമാണ്. ശാന്തതയായിരുന്നു അയാളുടെ കരുത്തും ചങ്കൂറ്റവും.

placeholder

നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കുശേഷമാണ് അര്‍ജന്റീന ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ മുത്തമിട്ടത്. കളര്‍ ടി.വി. വന്നതില്‍പ്പിന്നെ നിങ്ങള്‍ക്കൊരു കപ്പുണ്ടോ എന്ന് ചോദിച്ചവര്‍ക്കൊക്കെയുള്ള മറുപടികൂടിയായിരുന്നു അത്. റൊസാരിയോയിലെ റോസാപ്പൂവ് എന്ന ഖ്യാതിയോടെ ഫുട്‌ബോള്‍ ലോകം കീഴടക്കിയ പയ്യന്‍, അന്നുവരെ നേരിട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം അറുതിയായ ദിനം. മാറഡോണ ഇത് കാണാനുണ്ടായില്ലല്ലോ എന്ന സങ്കടം മാത്രമായിരുന്നു ബാക്കി. ഫുട്‌ബോള്‍ ഭ്രമം ഏറെ നിറഞ്ഞ രാജ്യത്തിന്റെ ട്രോഫി പട്ടിണി അകറ്റാനും ജയം കാരണമായി. അര്‍ജന്റീന അതിന്റെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാതെ, ആ ജയത്തില്‍ നിറഞ്ഞാടി. റൊസാരിയോ മുതല്‍ ബ്യൂണസ് അയേഴ്‌സിലെ സ്തൂപത്തിന്റെ താഴെവരെ പാരാവാരംപോലെ ആളുകള്‍ നിറഞ്ഞൊഴുകി. 

 അതേസമയം ഫ്രാന്‍സിന് അന്ന് നഷ്ടമായത് മറ്റൊരു മുഹൂര്‍ത്തത്തിനുള്ള അവസരമാണ്. 1958-ലും 1962-ലും തുടര്‍ച്ചയായി ബ്രസീല്‍ നേടിയ ലോകകപ്പ് കിരീടം എന്ന റെക്കോഡ് നേട്ടത്തിനൊപ്പമെത്താനുള്ള അവസരമായിരുന്നു. 2018-ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് '22-ല്‍ അത് ആവര്‍ത്തിച്ചിരുന്നെങ്കില്‍ കാനറികളുടെ ആ ചരിത്രത്തിനൊപ്പം ചേരുമായിരുന്നു. 

ലോകകപ്പ് കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞു. വീണ്ടുമൊരു കോപ്പ കൂടി മെസി നേടി. ടീമിന്റെ നാരായ വേരായി ഇപ്പോഴും അയാളുണ്ട്. അയാള്‍ക്കുമീതെയെന്ന് പറയാവുന്ന ഒരാള്‍ ഇപ്പോഴും ആ ടീമിലില്ല. അടുത്ത ലോകകപ്പിലും അയാളുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ.

placeholder