നോവി കപാഡിയ | Photo: twitter| ATK Mohun Bagan FC
നോവി കപാഡിയക്ക് എല്ലാം ഫുട്‌ബോള്‍ ആയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സഞ്ചരിക്കുന്ന വിജ്ഞാനകോശം. ലോക്കല്‍ മത്സരം മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ ഒരേ താളത്തില്‍ പിന്തുടര്‍ന്നിരുന്ന ആകാശത്തോളം വളര്‍ന്നൊരു ആരാധകന്‍. ഓരോ മത്സരവും നാളേക്കായി കുത്തിക്കുറിച്ചു. ചരിത്രമായി മാറാനുള്ള എഴുത്തുകളായിരുന്നു അത്. ഒപ്പം നൂറുകണക്കിന് മത്സരങ്ങള്‍ക്ക് തന്റെ ശബ്ദത്തിലൂടെ ഭംഗി കൂട്ടി.
41 വര്‍ഷത്തോളം ഡല്‍ഹി സര്‍വകലാശാലയുടെ ഖസ്ല കോളേജില്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ച കപാഡിയയുടെ രണ്ടാമത്തെ വീട് ആയിരുന്നു അംബേദ്ക്കര്‍ സ്റ്റേഡിയം. അന്ന് അത് അറിയപ്പെട്ടിരുന്നത് ഡല്‍ഹി ഗേറ്റ് സ്റ്റേഡിയം എന്നായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഫുട്‌ബോളിനൊപ്പം കൂടിയ അദ്ദേഹം ആരാധന മൂത്ത് മോഹന്‍ ബഗാന്റെ കളി കാണാനായി മുത്തശ്ശിയുടെ മരണാനന്തര ചടങ്ങില്‍ നിന്ന് വരെ 'മുങ്ങിയിട്ടുണ്ട്'.
1965-ലെ ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാനും ചീഫ് ഓഫ് ഇന്‍സ്‌പെക്ടറേറ്റ് ലൈന്‍സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം കാണാനായിരുന്നു ഈ സാഹസം. അതു മാത്രമല്ല, വീട്ടിലെത്തിയ ശേഷം ഈ മത്സരം മുഴുവന്‍ അദ്ദേഹം കുടുംബാഗങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തു. അന്നാണ് കമന്റേറ്ററായും എഴുത്തുകാരനുമായുള്ള തന്റെ ഭാവി നോവി കപാഡിയ തിരിച്ചറിഞ്ഞത്.
അശോക എന്ന പേരില്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബും അദ്ദേഹത്തിനുണ്ടായിരുന്നു. ഡല്‍ഹി ലീഗായിരുന്നു ഈ ക്ലബ്ബിന്റെ തട്ടകം. 1960 മുതല്‍ 2016 വരെയുള്ള എല്ലാ ഡ്യൂറന്റ് കപ്പ് ഫൈനലുകളും അദ്ദേഹം കണ്ടു. ആ ടൂര്‍ണമെന്റുകളുടെയെല്ലാം സുവനീറുകളും സൂക്ഷിച്ചുവെച്ചു. എല്ലാ ആഭ്യന്തര മത്സരങ്ങളും രാജ്യാന്തര മത്സരങ്ങളും ഡയറിയില്‍ കുറിച്ചിട്ടു. അഞ്ച് പതിറ്റാണ്ടോളം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജീവവായു ശ്വസിച്ച അദ്ദേഹം പുസ്തകങ്ങളിലൂടെ അത് ഓരോ ഇന്ത്യക്കാരനും അരികിലെത്തിച്ചു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിയുടെ ക്രൂരമായ ടാക്കളിങ്ങിന് മുന്നില്‍ അദ്ദേഹം പകച്ചുനിന്നു. ന്യൂറോ സംബന്ധമായ അപൂര്‍വമായ രോഗമായിരുന്നു ആ ടാക്ക്‌ളിങ്. മോട്ടോര്‍ ന്യൂറോണ്‍ എന്നു പേരുള്ള ഈ അസുഖം പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ മുഴുവന്‍ നശിപ്പിച്ചു.
ഇതോടെ രണ്ട് വര്‍ഷം മുമ്പ് ഒരു വീല്‍ചെയറില്‍ സ്വന്തം വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെട്ടു ആ ജീവിതം. തുറന്ന മൈതാനങ്ങളില്‍ നിന്ന് ഏകാന്ത മൂലയിലെത്തിയതോടെ അദ്ദേഹത്തിന്റെ മാനസികാരോഗ്യവും ക്ഷയിച്ചു തുടങ്ങി. കഴിഞ്ഞ മാസം വെന്റിലേറ്ററില്‍ കൂടി പ്രവേശിച്ചതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ ശബ്ദം നിലയ്ക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ അവസാന ആരാധകനും ആരവം നിര്‍ത്തി വിടവാങ്ങി.
Content Highlights: Novy Kapadia Indian Football Encyclopedia Life Story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..