ടെക്സസ്: ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ച് മൊറോക്കോ. പ്രീക്വാർട്ടറിൽ കാനഡയെ കീഴടക്കിയാണ് മൊറോക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മൊറോക്കോയുടെ ജയം. മോറോക്കോയ്ക്കായി അസ്സെദിൻ ഔനാഹി ഇരട്ടഗോളുകൾ നേടി. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. രണ്ടാം പകുതിയിലാണ് മൂന്നുഗോളുകളും പിറന്നത്.
മത്സരം ആരംഭിച്ചതുമുതൽ തന്നെ വിട്ടുകൊടുക്കാതെയുള്ള പോരാട്ടമായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്. ആദ്യമിനിറ്റുകളിൽ തന്നെ ഇരുടീമുകളും മുന്നേറി. അഞ്ചാം മിനിറ്റിൽ കാനഡയ്ക്കായി ജൊനാതൻ ഡേവിഡിന് മികച്ച അവസരം കിട്ടി. എന്നാൽ മൊറോക്കോയുടെ ഗോൾകീപ്പർ യാസിൻ ബൗനോ കൃത്യമായ ഇടപെടലിലൂടെ അത് വിഫലമാക്കി. 10-ാം മിനിറ്റിൽ ടാനി ഒലുവാസെയുടെ ഗോൾശ്രമവും ബൗനോ സേവ് ചെയ്തു. ആദ്യ 20 മിനിറ്റിൽ കാനഡയായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ പിന്നീട് മൊറോക്കോയും മുന്നേറ്റങ്ങൾ നടത്തി. ഇരുടീമുകളിലേയും താരങ്ങൾ കടുത്ത ഫൗളിന് വിധേയമായി. കളി പരുക്കനായി മാറി. ആദ്യപകുതിയുടെ അവസാനം ഉന്തും തള്ളുമുണ്ടായി. അതോടെ റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തു. ആദ്യപകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളിനായി കാനഡയും മൊറോക്കോയും മുന്നേറി. 50-ാം മിനിറ്റിൽ മൊറോക്കോ മുന്നിലുമെത്തി. അഷ്‌റഫ് ഹക്കിമിയുടെ പാസിൽ കിടിലൻ ഷോട്ടിലൂടെ അസ്സെദിൻ ഔനാഹി മൊറോക്കോയെ മുന്നിലെത്തിച്ചു. ഗോൾവീണതോടെ കളി കടുത്തു. തിരിച്ചടിക്കാനായി കാനഡ ആഞ്ഞുശ്രമിച്ചതോടെ മൊറോക്കോ ശക്തമായ പ്രതിരോധമുയർത്തി. പകരക്കാരെ കളത്തിലിറക്കി ഇരുടീമുകളും മുന്നേറി. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ കാനഡ വീണ്ടും ഞെട്ടി.
82-ാം മിനിറ്റിൽ മൊറോക്കോ രണ്ടാം ഗോൾ കണ്ടെത്തി. മികച്ച കൗണ്ടർ അറ്റാക്കിനൊടുക്കമാണ് ഗോൾ പിറന്നത്. വലതുവിങ്ങിൽ നിന്ന് ബ്രാഹിം ഡയസ് നൽകിയ പാസ് ഔനാഹി ലക്ഷ്യത്തിലെത്തിച്ചു. ഗോൾ പിറന്നതിന് ശേഷവും മൊറോക്കോ മികച്ച നീക്കങ്ങൾ നടത്തി. മറുവശത്ത് കാനഡയുടെ ഗോൾശ്രമങ്ങളെല്ലാം അറ്റ്ലസ് ലയൺ പ്രതിരോധിച്ചു. അതോടെ കാനഡയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഇഞ്ചുറി ടൈമിൽ സൂഫിയാന റഹീമി മൂന്നാം ഗോളും കണ്ടെത്തിയതോടെ കാനഡയുടെ പതനം പൂർണമായി.
Content Highlights: Morocco enters the knockout stage unbeaten after defeating Brazil and Netherlands., Canada secured their spot by overcoming South Africa in the previous round., Morocco aims to replicate their previous semi-final success., Canada's tournament journey includes a group stage win against Qatar.
Published: 04 Jul 2026, 10:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented