ബോസ്റ്റൺ: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് ഒരുങ്ങുന്ന മൊറോക്കൻ ടീമിന് കനത്ത തിരിച്ചടിയായി ഇസ്മായെൽ സൈബാരിയുടെ പരിക്ക്. കാനഡയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ട താരം അതിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. മത്സരം ആരംഭിച്ച് 22-ാം മിനിറ്റിൽ തന്നെ താരത്തിന് കളംവിടേണ്ടി വന്നിരുന്നു.

To advertise here,

അതേസമയം സൈബാരിയുടെ അഭാവത്തിലും തങ്ങളുടെ തനതായ കളിശൈലിയിൽ മാറ്റം വരുത്തില്ലെന്ന് പരിശീലകൻ മുഹമ്മദ് ഔഹാബി വ്യക്തമാക്കി. വെറും ക്വാർട്ടർ ഫൈനൽ പ്രവേശനം കൊണ്ട് ടീം തൃപ്തരല്ലെന്നും ലോകകപ്പ് കിരീടമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊറോക്കോയുടെ മുന്നേറ്റനിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സൈബാരി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും സ്‌കോർ ചെയ്ത താരം. കൂടാതെ, റൗണ്ട് ഓഫ് 32-ൽ നെതർലൻഡ്സിനെതിരായ ഷൂട്ടൗട്ട് വിജയത്തിൽ നിർണായകമായ പെനാൽറ്റി ഗോളാക്കിയതും സൈബാരിയായിരുന്നു.

2022 ലോകകപ്പിലെ സെമിഫൈനലിന്റെ ആവർത്തനമാണ് ഈ മത്സരം. അന്ന് 2-0ന് മൊറോക്കോയെ കീഴടക്കിയാണ് ഫ്രാൻസ് ഫൈനലിലെത്തുന്നത്. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ രണ്ട് ടീമുകളും ഒരുപോലെ മെച്ചപ്പെട്ടെന്നും ഈ മത്സരം പഴയതുപോലെ ആയിരിക്കില്ലെന്നും കോച്ച് വിശ്വസിക്കുന്നു.

കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് ഫ്രാൻസ് ഈ ഘട്ടത്തിലെത്തുന്നത്. ഏഴ് ഗോളുകൾ നേടി ടൂർണമെന്റിലെ ഗോൾ വേട്ടയിൽ മുന്നിലുള്ള കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ കരുത്ത്.