Photo Courtesy: Getty Images
ടീം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്. ടീം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ എപ്പോഴും ഒരു മതിലു പോലെ ആ പ്രതിസന്ധികളെ പ്രതിരോധിച്ചിരുന്ന ഒരാള്‍. അതുകൊണ്ടു തന്നെയാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ഇന്ത്യയുടെ വന്‍മതിലെന്ന് വിളിച്ചത്. ടീമിനായി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു അദ്ദേഹം. ബാറ്റിങ് ഓര്‍ഡറില്‍ ഏതു സ്ഥാനത്തിറങ്ങാനും അവശ്യ ഘട്ടങ്ങളില്‍ ട്വന്റി 20-യെ വെല്ലുന്ന ഇന്നിങ്‌സ് കാഴ്ചവെയ്ക്കാനും ദ്രാവിഡിന് സാധിച്ചു.
ഇതിനെല്ലാമുപരി ഒരു കാലത്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനം ടീമിന് ബാധ്യതയായപ്പോള്‍ ഗാംഗുലി പറഞ്ഞതനുസരിച്ച് വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിയാന്‍ വരെ ദ്രാവിഡ് തയ്യാറായി. സ്‌കൂള്‍ കാലഘട്ടത്തില്‍ ദ്രാവിഡ് വിക്കറ്റ് കീപ്പറായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കാര്യമായ എതിര്‍പ്പൊന്നും കാണിക്കാതെ ദ്രാവിഡ് ടീം ഇന്ത്യയ്ക്കായി വിക്കറ്റ് കാത്തു. 1999 മുതല്‍ 2004 വരെ ദ്രാവിഡ് ആസ്ഥാനത്ത് തുടര്‍ന്നു. പിന്നീട് എം.എസ് ധോനി വന്നതോടെ ദ്രാവിഡിന്റെ ചുമലില്‍ നിന്ന് ആ ഭാരമൊഴിയുകയും ചെയ്തു. അതിനിടെ 73 മത്സരങ്ങളില്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി. 71 ക്യാച്ചുകളും 14 സ്റ്റമ്പിങ്ങുകളും ഉള്‍പ്പെടെ 85 പുറത്താക്കലുകളും നടത്തി.

അന്ന് ദ്രാവിഡ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ടീമില്‍ ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്താന്‍ ഗാംഗുലിക്ക് സാധിച്ചു. ഫലത്തില്‍ ഇത് ടീമിന് സഹായകമാകുകയും ചെയ്തു.
ഇപ്പോഴിതാ അന്നത്തെ രാഹുലിന്റെ സ്ഥാനത്തേക്ക് ഇന്ന് ഒരു രാഹുല്‍ വരികയാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനിടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ വിക്കറ്റിനു പിന്നിലെ ഡ്യൂട്ടി ലഭിച്ചത് കെ.എല്‍ രാഹുലിനായിരുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമില്‍ ഇടംപിടിച്ച താരമാണ് രാഹുല്‍. നേരത്തെ കര്‍ണാടകയ്ക്കായും ഐ.പി.എല്ലില്‍ കിങ്‌സ് ഇലവനായും രാഹുല്‍ വിക്കറ്റ് കാത്തിട്ടുണ്ടെങ്കിലും ടീം ഇന്ത്യ രാഹുലിന് ആ സ്ഥാനം നല്‍കിയിരുന്നില്ല.

ഇപ്പോള്‍ പന്തിന് പരിക്കേറ്റപ്പോള്‍ കെ.എസ് ഭരതിനെ ബാക്കപ്പായി വിളിച്ചിരുന്നെങ്കിലും വിക്കറ്റിനു പിന്നിലെ ഡ്യൂട്ടിയില്‍ രാഹുല്‍ തന്നെയായിരുന്നു. വിക്കറ്റിനു പിന്നില്‍ മികച്ച പ്രകടനം നടത്തിയ രാഹുല്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പോരാത്തതിന് ബാറ്റിങ്ങിലും തിളങ്ങി കളിയിലെ താരവുമായി. ആരോണ്‍ ഫിഞ്ചിനെ പുറത്താക്കാന്‍ നടത്തിയ മിന്നല്‍ സ്റ്റമ്പിങ്ങും ശ്രദ്ധ നേടി. പന്തിന് പകരം രാഹുലിനെ തന്നെ വിക്കറ്റ് കീപ്പറായിക്കൂടേ എന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുര്‍ന്നു കഴിഞ്ഞു.
കഴിഞ്ഞ കുറേനാളുകളായി മോശം പ്രകടനം തുടരുന്ന ഋഷഭ് പന്തിന് സ്ഥാനം നഷ്ടമാകുമോ എന്ന കാര്യം ഇനി കണ്ടറിയണം. അന്ന് ഗാംഗുലി ആ രാഹുലിനോട് ആവശ്യപ്പെട്ടപോലെ ഇന്ന് കോലി ഈ രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെടുമോ? കാത്തിരുന്ന് കാണാം.
Content Highlights: KL Rahul like Rahul Dravid Gradually learning to fit into multiple roles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..