ചണ്ഡീഗഢ്: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗാട്ടും സാക്ഷി മാലിക്കും ബജ്‌രംഗ് പുനിയയുമെല്ലാം രാപ്പകല്‍ സമരം നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സമരനേതാക്കളെ രാജ്യം നായകന്‍മാരായി വാഴ്ത്തി. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സാക്ഷിയും വിനേഷും ബജ്‌രംഗും നിറഞ്ഞുനിന്നു. ലൈംഗികാരോപണങ്ങള്‍ നേരിട്ട ബ്രിജ്ഭൂഷന് തന്റെ 12 വര്‍ഷത്തെ ഗുസ്തി വാഴ്ച്ചയും അവസാനിപ്പിക്കേണ്ടി വന്നു. ഇതിന് പിന്നാലെ വിനേഷ് രാഷ്ട്രീയക്കളത്തിലും ഇറങ്ങി. ഹരിയാണയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിനേഷ് രാഷ്ട്രീയ ഗോദയില്‍ വിജയവും കണ്ടു.

To advertise here,

എന്നാല്‍ ഇതിന് പിന്നാലെ ആ ഐതിഹാസിക സമരത്തിന്റെ നിറംകെടുത്തുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. തന്റെ പുസ്തകമായ 'വിറ്റ്‌നെസി'ലൂടെ സാക്ഷി നടത്തിയ വെളിപ്പെടുത്തലുകള്‍ സമരത്തിന്റെ ലക്ഷ്യത്തെപോലും ചോദ്യം ചെയ്യുന്നതാണ്. സമരത്തിന് പിന്നില്‍ മുന്‍ ഗുസ്തി താരവും ബിജെപി നേതാവും വിനേഷിന്റെ കസിന്‍ സഹോദരിയുമായ ബബിത ഫൊഗാട്ടാണെന്നാണ് സാക്ഷി ആരോപിക്കുന്നത്.

ഗുസ്തി ഫെഡറേഷന്റെ നേതൃസ്ഥാനത്തെത്താന്‍ ബബിതയാണ് ഈ സമരം ആസൂത്രണം ചെയ്തതെന്നും സാക്ഷി പുസ്തകത്തില്‍ പറയുന്നു. തങ്ങളെ മുന്‍നിര്‍ത്തി ബബിത രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും പോരാട്ടത്തില്‍ ബബിത പങ്കാളിയാകുമെന്ന് കരുതിയെങ്കിലും അവര്‍ പിന്നീട് പിന്മാറുകയാണുണ്ടായതെന്നും സാക്ഷി ആരോപിക്കുന്നു. ബജ്റംഗിനോടും വിനേഷിനോടും അടുത്ത ആളുകള്‍ തങ്ങളുടെ മനസില്‍ 'ദുരാഗ്രഹം' നിറച്ചുവെന്നും  അത്‌ സമരത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയെന്നും, ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ വിട്ടുനിന്ന് ഇളവുകള്‍ സ്വീകരിച്ച വിനേഷിന്റേയും ബജ്‌രംഗിന്റേയും തീരുമാനം സമരത്തിന്റെ നിറംകെടുത്തിയെന്നും സാക്ഷി പുസ്തകത്തില്‍ എഴുതിയിരുന്നു. 

ഇതിന് മറുപടിയുമായി വിനേഷ് ഫൊഗാട്ടും രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. എല്ലാ ഗുസ്തി താരങ്ങളുടേയും നല്ലതിനുവേണ്ടിയാണ് പോരാടിയതെന്നും അത് 'ദുരാഗ്രഹം' ആണെങ്കില്‍ ആ 'ദുരാഗ്രഹം' താന്‍ തുടരുമെന്നും വിനേഷ് വ്യക്തമാക്കി. സാക്ഷിയുടെ പുസ്തകത്തിലുള്ളത് അവരുടെ മാത്രം അഭിപ്രായമാണെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

'ആരും എനിക്ക് രേഖാമൂലം ഒന്നും എഴുതി തന്നിട്ടില്ല. ഒരാളുടെ ഉദ്ദേശം എനിക്ക് ഊഹിച്ചെടുക്കാനാവില്ല. ഒരു നല്ല ലക്ഷ്യത്തിനായി നമ്മള്‍ പോരാടി എന്നതാണ് നല്ല കാര്യം. ഒളിമ്പിക്സില്‍ നമ്മുടെ രാജ്യത്തിന് മെഡല്‍ നേടുന്നത് 'ദുരാഗ്രഹമാണെങ്കില്‍, അതെ, എന്റെ അവസാന ശ്വാസം വരെ ഞാന്‍ ''ദുരാഗ്രഹി'യായിരിക്കും. യഥാര്‍ത്ഥത്തില്‍ ദുരാഗ്രഹം എന്താണ്? ഒരു കായികതാരം എന്ന നിലയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും എന്റെ സഹോദരിമാര്‍ക്കൊപ്പം നില്‍ക്കുന്നതും 'ദുരാഗ്രഹ'മാണെങ്കില്‍  അതിനെ ഞാന്‍ പോസിറ്റീവായി കാണുന്നു. രാജ്യത്തിന് വേണ്ടി  മത്സരിക്കാനുള്ള ആഗ്രഹം എപ്പോഴും നമ്മുടെ മനസിലുണ്ടാകണം.' വിനേഷ് വ്യക്തമാക്കുന്നു.