
ഗാബ ഗ്രൗണ്ടില്‍ ഋഷഭ് പന്തും വാഷിങ്ട്ടണ്‍ സുന്ദറും ഓസീസിനെതിരെ ഐതിഹാസിക ടെസ്റ്റ് വിജയം ലക്ഷ്യം വെച്ച് ബാറ്റുചെയ്യുമ്പോള്‍, പിച്ചില്‍ നിന്ന് മാറിയ ക്യാമറ ഡ്രസ്സിങ് റൂമിലെ ലാപ്ടോപില്‍ കണ്ണുനട്ടിരിക്കുന്ന ജസ്റ്റിന്‍ ലാംഗറുടെ മുഖത്തേക്ക് ഫോക്കസ് ചെയ്തു.
ആത്മനിന്ദയോ നിരാശയോ എന്താണ് ഓസ്ട്രേലിയന്‍ കോച്ചിന്റെ മുഖത്ത് അപ്പോഴെന്ന് തിരിച്ചറിയുക പ്രയാസമായിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട അധ്യായമാണ് തന്റെ കുട്ടികള്‍ എഴുതിചേര്‍ക്കുന്നതെന്ന തിരിച്ചറിവ് അമ്പത് തികഞ്ഞെങ്കിലും യൗവ്വനത്തിന്റെ പ്രസരിപ്പുള്ള ആ മുന്‍ ഓപ്പണിങ് ബാറ്റ്സ്മാനെ അലട്ടിയിരിക്കണം.
രണ്ടാം തവണ മാത്രമാണ് ഓസ്ട്രേലിയ അവരുടെ നാട്ടില്‍ ഇന്ത്യയോട് ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. 2019-ല്‍ വിരാട് കോലിയുടെ ടീമിനോടേറ്റ തോല്‍വിയില്‍ ചില ഒഴിവു കഴിവുകള്‍ പറയാനുണ്ടായിരുന്നു. കാരണം പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്‍മാര്‍ - സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിന് പുറത്തായിരുന്നു. ആ ഒരു സംഭവം ഏല്‍പ്പിച്ച മാനസിക ആഘാതത്തില്‍ നിന്ന് ടീം കരകയറിയിട്ടുമുണ്ടായിരുന്നില്ല. വിരാട് കോലിയുടെ ടീമിലാവട്ടെ അന്ന് ഇന്ത്യക്കുണ്ടായിരുന്ന എല്ലാ മുന്‍നിര താരങ്ങളും കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ഓസ്ട്രേലിയയുടെ അന്നത്തെ പരാജയം ക്രിക്കറ്റ് ലോകം അത്ര ഗൗരവമായി കണ്ടില്ല.
ഇന്ന് അതല്ല സ്ഥിതി. സ്മിത്ത്, കമ്മിന്‍സ്, വാര്‍ണര്‍, സ്റ്റാര്‍ക്ക്, ലയണ്‍, ലബുഷെയ്ന്‍ തുടങ്ങിയ അവരുടെ മികച്ച താരങ്ങളെല്ലാം അണിനിരന്നിരുന്നു. അവര്‍ക്കെതിരേ രണ്ടാംനിരയുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അജയ്യരായിരുന്ന, തുടര്‍ച്ചയായ വിജയങ്ങളിലൂടെ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങ്ങിന്റേയും ടീമുകളില്‍ അംഗമായിരുന്ന ലാംഗറെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഈ തോല്‍വി താങ്ങാവുന്നതിലും വലുതാണ്.
ഇന്ത്യ-ഓസീസ് ടെസ്റ്റ് മല്‍സരങ്ങളുടെ ചരിത്രത്തിലെ തന്നെ നാടകീയമായ മാച്ചുകളില്‍ ഒന്നായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. തീര്‍ച്ചായായും ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മറ്റ് രണ്ട് ടെസ്റ്റ് മാച്ചുകള്‍ കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 1986 സെപ്തംബര്‍ 17 മുതല്‍ 21 വരെ ചെന്നൈയിലെ ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ടെസ്റ്റാണ് അതിലൊന്ന്. ടെസ്റ്റ് മല്‍രങ്ങളുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ടൈ മാച്ചായിരുന്നു അത്. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം അലന്‍ ബോര്‍ഡറുടെ ഓസ്ട്രേലിയയുമായി ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ അവസാന ദിവസം വൈകുന്നേരമാണ് ഫലം നിര്‍ണയിക്കപ്പെട്ടത്. ഇന്ത്യയുടെ രണ്ടാമിന്നിങ്സിലെ അവസാന ബാറ്റ്സ്മാന്‍ മനീന്ദര്‍ സിങ്ങിനെ ഓസീസ് സ്പിന്നര്‍ ഗ്രെഗ് മാത്യൂസ് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ രണ്ടിന്നിങ്സിലുമായി ഇരു ടീമുകളും നേടിയ റണ്‍സ് തുല്യമായിരുന്നു. മാന്‍ ഓഫ് ദ മാച്ചിന്റെ കാര്യത്തില്‍ പോലും ഈ ടെസറ്റ് സമനിലയിലായി. ഓസീസിന്റെ ആദ്യ ഇന്നിങ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയിരുന്ന ഈയിടെ അന്തരിച്ച ഡീന്‍ ജോണ്‍സ് കപില്‍ദേവിനൊപ്പം ബഹുമതി പങ്കുവെക്കുകയായിരുന്നു.
മറ്റൊരു മല്‍സരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രോമാഞ്ചകരമായ ഏടായി മാറിയ 2001 മാര്‍ച്ച് മാസത്തിലെ കൊല്‍ക്കത്ത ടെസ്റ്റാണ്. ആദ്യ ഇന്നിങ്സില്‍ ഓസീസ് ഉയര്‍ത്തിയ 445 റണ്‍സിനെതിരെ വെറും 171 റണ്‍സിന് ഓളൗട്ടായി ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ഇന്ത്യ വി.വി.എസ് ലക്ഷ്മണിന്റേയും രാഹുല്‍ ദ്രാവിഡിന്റേയും ഐതിഹാസികമായ ഇന്നിങ്സുകളുടെ കരുത്തില്‍ തിരിച്ചടിച്ച് ജയം നേടുകയായിരുന്നു. രണ്ടാമിന്നിങ്സില്‍ നാല് വിക്കറ്റിന് 232 റണ്‍സെന്ന നിലയില്‍ ഒത്തു ചേര്‍ന്ന ഈ ബാറ്റ്സ്മാന്‍മാര്‍ അഞ്ചാം വിക്കറ്റില്‍ 376 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഓസീസിന്റെ രണ്ടാമിന്നിങ്സ് 212 റണ്‍സിന് അവസാനിപ്പിച്ച് ഇന്ത്യ അവസാന ദിനം 171 റണ്‍സിന്റെ ജയം ആഘോഷിക്കുകയും ചെയ്തു.
Content Highlights: India historic run chase at gabba
Published: 19 Jan 2021, 09:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented