
കാലുകയറ്റിവച്ച് മാനംകെടുത്തിയ സ്വര്‍ണക്കപ്പ് മാത്രമല്ല, കാശുനിറഞ്ഞ് കനംതൂങ്ങുന്നൊരു കീശയും കൊണ്ടാണ് കങ്കാരുപ്പട അഹമ്മദാബാദില്‍ നിന്നു തിരിച്ചുപറന്നത്. നാല്‍പത് ലക്ഷം യു.എസ്. ഡോളര്‍. അതായത് ഏതാണ്ട് 33 കോടി രൂപ. കനപ്പെട്ടതാണ് ക്രിക്കറ്റ് ലോകചാമ്പ്യന്മാര്‍ക്കുള്ള സമ്മാനത്തുക. നെഞ്ചുതകര്‍ന്ന് തലകുമ്പിട്ടാണ് മടങ്ങിയതെങ്കിലും കിട്ടിയ കാശില്‍ ഒട്ടും പിന്നിലല്ല, പടിക്കല്‍ കലമുടച്ച ഇന്ത്യയും. ഇരുപത് ലക്ഷം ഡോളറുണ്ട് ആതിഥേയരുടെ അധികസമ്പാദ്യം. ഏതാണ്ട് 16 കോടി രൂപ.
കോടികള്‍ കിലുങ്ങുന്ന ഈ കണക്കുകള്‍ കേട്ടാല്‍ മൂക്കത്ത് വിരല്‍വച്ചു പോകുമായിരുന്ന നാലഞ്ച് പേരുണ്ട്. കൃത്യം നാലു പതിറ്റാണ്ട് മുന്‍പ് ഇന്ത്യന്‍ ടീം പേറിയ അമിതഭാരത്തിന് എയര്‍ ഇന്ത്യയോട് കടംപറയേണ്ടിവന്ന സെക്കന്ദരാബാദുകാരന്‍ പി.ആര്‍. മാന്‍സിങ്ങാണ് അതില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍. 1983ല്‍ ലണ്ടനിലേയ്ക്ക് 'വിനോദയാത്ര'യ്ക്ക് പോയ 'കപിലിന്റെ ചെകുത്താന്മാരെ' കണക്കും കാര്യവും നോക്കി പത്തിരുപത് ദിവസം മേച്ചുനടന്ന് ലോകകിരീടവുമായി തിരിച്ചുവന്ന കണിശക്കാരന്‍ മാനേജര്‍. പിന്നെ ബി.സി.സി.ഐ.യുടെ മണ്‍മറഞ്ഞുപോയ അതിശക്തരായ മൂന്ന് പഴയകാല അധ്യക്ഷന്മാര്‍. ലോകചാമ്പ്യന്മാരായി തിരിച്ചുവന്ന ടീമിന് സമ്മാനം നല്‍കാനുള്ള കാശിനുവേണ്ടി നെട്ടോട്ടമോടിയ പഞ്ചാബുകാരനായ പഴയ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഇന്ദര്‍സിങ് ബിന്ദ്ര, പിന്നെ ബിന്ദ്രയ്‌ക്കൊപ്പം നിന്ന് പൊരുതി കളിസംപ്രേഷണത്തിന്റെ അവകാശം നേടിയെടുക്കുകയും അതുകൊണ്ട് പുതിയ കമ്പോളം സൃഷ്ടിച്ച് ക്രിക്കറ്റിന്റെ തലക്കുറി തന്നെ മാറ്റിമറിക്കുകയും ചെയ്ത ബംഗാളുകാരന്‍ വ്യവസായി ജഗ്‌മോന്‍ ഡാല്‍മിയ, ലോകചാമ്പ്യന്മാര്‍ക്ക് സമ്മാനത്തുകയ്ക്കുള്ള വക നേടിക്കൊടുക്കുകയും പില്‍ക്കാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പതിനാറുകാരനെ ടീമിലെടുത്ത് മറ്റൊരു ചരിത്രത്തിന് നാന്ദിയാവുകയും ചെയ്ത ദുംഗാപുരിലെ പഴയ യുവരാജാവ് രാജ്‌സിങ് ദുംഗാപുര്‍. കളിനടത്തിപ്പുമായി പുലബന്ധമില്ലാത്തയാളാണ് അഞ്ചാമത്തേത്. പാട്ടിനൊപ്പം ക്രിക്കറ്റിനെയും നെഞ്ചോട് ചേര്‍ത്ത വാനമ്പാടി ലത മങ്കേഷ്‌കര്‍. ഇന്നത്തെ കുമിഞ്ഞുകൂടിയ സമ്പത്തില്‍ നെഗളിക്കുന്നവരും ഈ അതിസമ്പത്തിന്റെ പേരില്‍ ബി.സി.സി.ഐ.യോട് കുശുമ്പെടുക്കുന്നവരും കല്ലെറിയുന്നവരും ഒരുപോലെ കേട്ടിരിക്കേണ്ടതാണ് ഈ അഞ്ചു പേരുടെയും കഥ. ഇന്ത്യന്‍ ക്രിക്കറ്റ് ഇല്ലായ്മയില്‍ വലഞ്ഞ ഒരു കാലത്തിന്റെ ചരിത്രം.
എം.എല്‍. ജയസിംഹയും അബ്ബാസ് അലി ബെയ്ഗും ഹബീബ് അഹമ്മദുമെല്ലാം ഫോമില്‍ വാഴുന്ന കാലത്ത് ഹൈദരാബാദ് രഞ്ജി ടീമിന്റെ പന്ത്രണ്ടാമനായി മുഷിഞ്ഞിരുന്ന ചരിത്രമുള്ള മാന്‍സിങ്ങിനെ തേടി തീര്‍ത്തും അവിചാരിതമായാണ് 1983ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പകരക്കാരന്‍ മാനേജരുടെ വേഷം തേടിയെത്തിയത്. ടീമിന് ഒരു മുഴുവന്‍സമയം പരിശീലകനില്ലാത്ത കാലം. ടീമിന്റെ പൂര്‍ണ ചുമതല മാനേജര്‍ക്കാണ്. വിനോദയാത്രയ്ക്ക് എന്നവണ്ണം ലണ്ടനിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ നല്ല നടപ്പ് നിരീക്ഷിക്കുകയായിരുന്നു മാനേജരുടെ പ്രധാന ജോലി.
നാല്‍പത് കൊല്ലം മുന്‍പത്തെ ആ ജൂണില്‍ പതിനാല് കളിക്കാരുമായി ലണ്ടനിലേയ്ക്ക് പോയ മാന്‍സിങ്ങിന്റെ ആദ്യ കടമ്പ ന്യൂഡല്‍ഹി വിമാനത്താവളത്തിലായിരുന്നു. ക്രിക്കറ്റ് കിറ്റുകള്‍ക്ക് പുറമെ ലണ്ടനിലെ കൂട്ടുകാര്‍ക്ക് കൊടുക്കാന്‍ കളിക്കാരുടെ കൈയില്‍ മാങ്ങയും മറ്റ് പലഹാരങ്ങളും സമ്മാനങ്ങളുമൊക്കെയായിരുന്നു ഏറെയും. ഒടുവില്‍ ബാഗേജ് ചെക്കിന്നിലെത്തിയപ്പോള്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ പിടികൂടി. പലരുടെയും ബാഗിന് അനുവദനീയമായതിലും കൂടുതല്‍ ഭാരം. ലോകകപ്പ് കളിക്കാന്‍ പോകുന്ന ദേശീയ ടീമെന്ന ആനുകൂല്യമോ അനുകമ്പയൊ എയര്‍ ഇന്ത്യയ്ക്കുണ്ടായില്ല. അധിക ലഗേജിന് കാശടയ്ക്കണമെന്ന് അവര്‍ കട്ടായം പറഞ്ഞു. അടയ്ക്കാന്‍ വേണ്ട പണം മാനേജര്‍ അടക്കം ആരുടെയും പക്കലില്ല. ഒടുവില്‍ പിറ്റേ ദിവസം പണമടയ്ക്കാമെന്ന് കടംപറഞ്ഞാണ് മാന്‍സിങ്ങും ടീമും ലണ്ടനിലേയ്ക്കുള്ള വിമാനം കയറിയത്. വീഡിയോ കോച്ച് ബസും ബക്കിങ്ഹാം കൊട്ടാരവുമെല്ലാം കണ്ട് അന്തംവിട്ട ടീം പിന്നീട് ലോകത്തെയാകെ അത്ഭുതപ്പെടുത്തി കപ്പുമായി ഇതേ എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങിയതും അതേ വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയതും ചരിത്രം.

ആ ചരിത്രത്തിന് കടലാസില്‍ കാണാത്ത ചില കണക്കുകളും പിന്നാമ്പുറക്കഥകളും കൂടിയുണ്ട്. ഇതുകൂടി അറിഞ്ഞെങ്കിലേ ഇന്ത്യ ജയിക്കുകയും തോല്‍ക്കുകയും ചെയ്ത രണ്ട് ലോകകപ്പ് ഫൈനലുകള്‍ക്കിടയിലുള്ള നാലു പതിറ്റാണ്ട് കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ കഥ പൂര്‍ണമാവൂ. ചരിത്രത്തില്‍ ആദ്യമായി ലോകചാമ്പ്യന്മാരായ എണ്‍പത്തിമൂന്നില്‍ കപിലും ഗവാസ്‌ക്കറും അടക്കമുള്ള ടീംഗങ്ങള്‍ക്ക് ഇരുന്നൂറ് രൂപയായിരുന്നു അന്ന് പ്രതിദിന പ്രതിഫലം. മാച്ച് ഫീസ് 1500 രൂപയും. കളിയുള്ള ദിവസം ആകെ 1800 രൂപ ലഭിക്കും. പിന്നീട് ഇരുപത്തിയെട്ട് കൊല്ലത്തിനുശേഷം ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിട്ട എം.എസ്. ധോനിയുടെ ടീമംഗങ്ങള്‍ക്ക് കിട്ടിയത് രണ്ട് കോടി രൂപ വീതമായിരുന്നു. കണ്‍മുന്നിലെ ഈ ഗ്രാഫിലുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സംക്ഷിപ്തം.
കപിലും കൂട്ടരും പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയുമടക്കം രാജ്യമൊട്ടുക്ക് സ്വീകരണം ഏറ്റുവാങ്ങി ആഘോഷിച്ചു നടക്കുമ്പോള്‍ കളി നടത്തിപ്പുകാരായ ബി.സി.സി.ഐ.യുടെ ഉള്ളില്‍ അന്ന് തീയാളുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ലോകകിരീടം ചൂടി തിരിച്ചെത്തിയ ടീമിന് അതിനൊത്ത സമ്മാനം കൊടുക്കണം. പക്ഷേ, ബോര്‍ഡിന്റെ ഖജനാവ് കാലിയാണ്. തലപ്പത്തുള്ളത് പ്രമുഖരായിരുന്നെങ്കിലും പെട്ടന്ന് കാശുണ്ടാക്കാനുള്ള വഴിയൊന്നും അന്ന് മുന്നിലുണ്ടായിരുന്നില്ല. ബോര്‍ഡ് പ്രസിഡന്റും കേന്ദ്രമന്ത്രിയുമായി എന്‍.കെ.പി. സാല്‍വെയ്ക്ക് അന്നത്തെ ലോര്‍ഡ്‌സിലെ ഫൈനലിന് പ്രവേശനം പോലും ലഭിക്കാത്ത കാലമായിരുന്നു അത്. സാല്‍വെയും ബിന്ദ്രയും പണത്തിനുവേണ്ടി നെട്ടോട്ടമോടി. ഒടുവിലാണ് രാജ്‌സിങ് ദുംഗാപുരിന്റെ തലയില്‍ ആ ആശയം ഉദിച്ചത്. ഒരു സംഗീതനിശ സംഘടിപ്പിക്കുക. അതിന്റെ ലാഭം കളിക്കാര്‍ക്ക് നല്‍കാം. സംഗീതനിശ ആരു നയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. അറിയപ്പെടുന്ന ക്രിക്കറ്റ് ആരാധിക കൂടിയായ വാനമ്പാടി ലത മങ്കേഷ്‌കറല്ലാതെ മറ്റാര്. ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് പുറത്തിരിക്കുമ്പോള്‍ ലോര്‍ഡ്‌സിലെ ഫൈനലിന് പ്രത്യേക ഇരിപ്പിടം പോലും ലഭിച്ചയാളായിരുന്നു ലതാജി. പണ്ട് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യാ സ്‌റ്റേഡിയമായിരുന്ന ഇന്നത്തെ വാംഖഡേ സ്‌റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് സ്ഥിരം സാന്നിധ്യമായിരുന്നു ലത. ആത്മമിത്രമായ ദുംഗാപുരും മുന്‍ ഓപ്പണര്‍ മാധവ് ആപ്‌തെയുമെല്ലാമായിരുന്നു അന്ന് വി.ഐ.പി.ഗ്യാലറിയില്‍ കൂട്ട്. ഇന്ത്യാ-വിന്‍ഡീസ് ടെസ്റ്റ് കാണാന്‍ ചെന്നൈവരെ പോയ ചരിത്രവുമുണ്ട്. ഡോണ്‍ ബ്രാഡ്മാന്റെ കൈയൊപ്പിട്ട ഒരു ഫോട്ടോയായിരുന്നു അവസാനകാലം വരെ ലതയുടെ മുംബൈയിലെ വീട്ടിലെ ഏറ്റവും വില പിടിച്ച സമ്മാനങ്ങളില്‍ ഒന്ന്. അതുകൊണ്ടു തന്നെ ലതയെ സമീപിക്കാനുള്ള ചുമതലയും ദുംഗാപുരിന്റെ ചുമലില്‍ വന്നുവീണു. ഇരുവരും തമ്മിലൊരു നിശബ്ദ പ്രണയമുണ്ടായിരുന്നുവെന്ന ശ്രുതി കാറ്റില്‍ പറക്കുന്ന കാലമായിരുന്നു അത്. അവസാനകാലം വരെ അഗാധമായ ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്ന ദുംഗാപുരിന്റെ ക്ഷണം തള്ളാന്‍ ലതാജിക്ക് കഴിയുമായിരുന്നില്ല.
വെറുതെ ഒരു ഗാനമേള നടത്തി മടങ്ങുകയായിരുന്നില്ല ലത. വിശ്വവിജയികളായ ഇന്ത്യന്‍ ടീമിനുവേണ്ടി ആദരപൂര്‍വം ഒരു ഗാനം തന്നെ ഒരുക്കി വാനമ്പാടി. അന്നത്തെ ഹിറ്റ് ഗാനരചയിതാവ് ഇന്ദീവറായിരുന്നു രചന. സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍ വരികള്‍ ചിട്ടപ്പെടുത്തി. ഭാരത് വിശ്വ വിജേത..... ഗുസ്തിയില്‍ നിന്ന് പാട്ടിലേയ്ക്ക് ട്രാക്ക് മാറ്റിയ സുരേഷ് വഡേക്കര്‍, വിശ്രുത ഗായകന്‍ മുകേഷിന്റെ മകന്‍ നിതിന്‍ മുകേഷ് എന്നിവരും ചേര്‍ന്നു ലതാജിക്കൊപ്പം. ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളും ഗാനത്തിന് ഈണം മൂളാന്‍ അന്ന് വേദിയിലെത്തിയിരുന്നു. അന്ന് ഒപ്പം പാടിയ സുനില്‍ ഗവാസ്‌ക്കര്‍ പ്രതിഭാധനനായ ഒരു ഗായകനാണെന്ന് പ്രശംസ ചൊരിയാന്‍ മറന്നതുമില്ല ലത.
ഓഗസ്റ്റ് പതിനേഴിന് നിറഞ്ഞുകവിഞ്ഞ ഇന്ദ്രപ്രസ്ഥത്തിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സംഗീതനിശയ്ക്ക്, അപ്പൊഴേയ്ക്കും രാഷ്ട്രീയത്തിലിറങ്ങി ലോക്‌സഭാംഗമായിക്കഴിഞ്ഞ രാജീവ് ഗാന്ധിയും സന്നിഹിഹതനായിരുന്നു. ഇരുപത് ലക്ഷം രൂപയാണ് രണ്ട് മണിക്കൂര്‍ കൊണ്ട് ലത ബി.സി.സി.ഐയ്ക്ക് പാടി നേടിക്കൊടുത്തത്. പകരം ചില്ലിക്കാശ് പ്രതിഫലം വാങ്ങിയതുമില്ല. അങ്ങനെ ഓരോ കളിക്കാരനും ഒരു ലക്ഷം രൂപ വീതം ബോര്‍ഡ് പ്രതിഫലം നല്‍കി മാനംകാത്തു. മൊത്തം ലോകകപ്പ് കളിച്ച് അന്ന് കളിക്കാര്‍ക്ക് പ്രതിഫലം ലഭിച്ചത് അറുപതിനായിരം രൂപയില്‍ താഴെയായിരുന്നു.
ലതയുടെ സ്വരരാശി കൊണ്ടാവണം. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന് കാശിനുവേണ്ടി എങ്ങും കൈനീട്ടേണ്ടിവന്നില്ല. ഇതിന് പ്രത്യുപകാരമായി ബി.സി.സി.ഐ ലതയ്ക്ക് ഒരു സമ്മാനം കൊടുത്തു. ഏത് കാലത്തും രാജ്യത്തെ ഏത് സ്‌റ്റേഡിയത്തിലും പോയി കളി കാണാനുള്ള രണ്ട് ആജീവനാന്ത വി.വി.ഐ.പി പാസുകള്‍. എണ്‍പത്തിമൂന്നിനുശേഷം കൃത്യം രണ്ട് പതിറ്റാണ്ടുകഴിഞ്ഞാണ് ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി ഒരു ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കളിക്കാനായത്. 2003ല്‍. അക്കാലത്തൊരിക്കല്‍ ലതാ മങ്കേഷ്‌കര്‍ ഉറ്റചങ്ങാതി ദുംഗാപുരിനെ കണ്ട് ഒരു സഹായം അഭ്യര്‍ഥിച്ചു. വേണ്ടസമയത്ത് ചികിത്സ കിട്ടാതെ മരിച്ച അച്ഛന്‍ ദീനാനാഥ് മങ്കേഷ്‌ക്കറുടെ സ്മണയ്ക്ക് പുണെയില്‍ നിര്‍മിച്ച ആശുപത്രിയില്‍ ഒരു കാന്‍സര്‍ വാര്‍ഡ് നിര്‍മിക്കണം. അതിന് കുറച്ചു ഫണ്ട് വേണം. ദുംഗാപുരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്‍.കെ.പി. സാല്‍വെയെയും കൂട്ടി ഇന്ത്യന്‍ ടീമിനെ ചെന്നുകണ്ടു. ടീം മറുത്തൊരുക്ഷരം പറഞ്ഞില്ല. വാന്‍ഡറേഴ്‌സിലെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് 125 റണ്‍സിന് തോറ്റ സങ്കടം കാര്യമാക്കാതെ പിറ്റേ ആഴ്ച തന്നെ ടീം മുംബൈയിലെത്തി. വാങ്കഡേയില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ ഇലവനും അര്‍ജുന രണതുംഗെ നയിച്ച ശ്രീലങ്കന്‍ ഇലവനും തമ്മിലൊരു സൗഹൃദമത്സരം. സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും ജയസൂര്യയും സംഗക്കാരയും അര്‍ജുന രണതുംഗയും അരവിന്ദ ഡിസില്‍വയുമെല്ലാം കളിച്ച മത്സരത്തിന് സാക്ഷിയാവാന്‍ ലക്ഷങ്ങളെത്തി വാംഖഡേയില്‍. നയന്‍ മോംഗിയയുടെ ബാറ്റിങ്ങിന്റെയും സഹീര്‍ ഖാന്റെ ബൗളിങ്ങിന്റെയും മികവില്‍ ഇന്ത്യ 124 റണ്‍സിന് ജയിച്ചു. മത്സരത്തിന്റെ വരുമാനമത്രയും അവര്‍ ലതാജിയുടെ ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. ഇന്ന് ആയിരത്തോളം കിടക്കകളുള്ള ഒരു വലിയ ആശുപത്രിയാണത്. ഇതാണ് രണ്ട് ലോകകപ്പുകള്‍ക്കിടയിലെ ഇന്ത്യന്‍ ടീം കൈവരിച്ച വലിയ മാറ്റം. ഇതേ സ്‌റ്റേഡിയത്തില്‍ എട്ടു വര്‍ഷത്തിനുശേഷം ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകകപ്പ് ഉയര്‍ത്തിയത് ചരിത്രത്തിന്റെ കാവ്യനീതിയാവാം.
അതിന് ഇരുപത്തിയെട്ട് കൊല്ലം മുന്‍പത്തെ ആദ്യ ലോകകപ്പ് വിജയം കൊണ്ട് തന്നെ ക്രിക്കറ്റ് ഇന്ത്യയുടെ ആത്മാവായിക്കഴിഞ്ഞിരുന്നു. മറ്റെല്ലാ കളികളെയും നിഴലിലാക്കിയെങ്കിലും തുടക്കകാലത്ത് ആ ജനപ്രീതി കാലണ അവരുടെ ഖജനാവിലെത്തിച്ചില്ല. അതിന് പിന്നെയും കാത്തുനില്‍ക്കേണ്ടിവന്നു ഒരു പതിറ്റാണ്ട്. എണ്‍പത്തിനാലിനുശേഷം ടിവിക്കു മുന്നില്‍ തപസ്സിരിക്കുന്നവരുടെ എണ്ണം പെരുകിയെങ്കിലും അതൊക്കെ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടക്കച്ചവടമായിരുന്നു. ദൂരദര്‍ശനായിരുന്നു അക്കാലത്ത് ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേഷണത്തിന്റെ കുത്തകവകാശം. ഒരു കളി സംപ്രേഷണം ചെയ്യണമെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡ് അവര്‍ക്ക് അങ്ങോട്ട് അഞ്ച് ലക്ഷം രൂപ നല്‍കണം. അങ്ങനെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയ ഓരോ മത്സരവും ബി.സി.സി.ഐയ്ക്ക് കൂടുതല്‍ കൂടുതല്‍ സാമ്പത്തിക കുരുക്കുകളായി. 93 ലക്ഷമായിരുന്നു അക്കാലത്ത് ബി.സി.സി.ഐയുടെ കടം.

ഉദാരവത്കരണം രാജ്യത്തിന്റെ വാതില്‍ വിപണിക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ട തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെയും ഐ.എസ്.ബിന്ദ്രയുടെയും നേതൃത്വത്തില്‍ ഇതിനെതിരേ പോരാട്ടം തുടങ്ങിയത്. ഇക്കാലത്താണ് വിംബിള്‍ഡണ്‍ സംപ്രേഷണത്തില്‍ ബി.ബി.സിയുടെ കുത്തക തകര്‍ത്ത് ഐ.ടി.എയും ചാനല്‍ ഫോറും സ്‌കൈ ടിവിയുമെല്ലാം സെന്‍ട്രല്‍ കോര്‍ട്ടിലെത്തുന്നതും. 1993ല്‍ ഇതേ മാതൃകയില്‍ ഡാല്‍മിയയും ബിന്ദ്രയുമെല്ലാം സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ സംപ്രേഷണാവകാശം ആദ്യമായി അവര്‍ ട്രാന്‍സ്‌വേള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്ക് വിറ്റു. കളി സുപ്രീംകോടതിയുടെ പിച്ചിലെത്തിയെങ്കിലും ജയം ബോര്‍ഡിനു തന്നെയായിരുന്നു. കളി കാണിക്കാന്‍ പണം വാങ്ങിയിരുന്ന ദൂരദര്‍ശന് പിന്നെ പണം കൊടുത്ത് കളി വാങ്ങേണ്ടി ഗതിയായി. ടി.ഡബ്ല്യു.ഐയില്‍ നിന്ന് പത്ത് ലക്ഷം ഡോളര്‍ കൊടുത്ത് അവകാശം വാങ്ങിയാണ് അക്കാലത്ത് ദൂരദര്‍ശന്‍ ഇന്ത്യക്കാരെ കളി കാണിച്ചത്. അങ്ങനെ ബി.സി.സി.ഐ ആദ്യമായി ക്രിക്കറ്റ് വിറ്റ് ഉപജീവനം കണ്ടെത്താന്‍ പഠിച്ചു. അന്ന് തുറന്നിട്ട വാതിലിലൂടെ പിന്നെ ക്രിക്കറ്റിലേയ്ക്കും വിപണിയുടെ കുത്തൊഴുക്കായി. കളിയും കച്ചവടവും കൈകോര്‍ത്തതോടെ കാലിയായ ഖജനാവില്‍ സമ്പത്ത് കുമിഞ്ഞുകൂടി. രണ്ടായിരത്തില്‍ മാത്രം നാലു വര്‍ഷത്തെ ക്രിക്കറ്റ് സംപ്രേഷണത്തിന് 240 കോടി രൂപയാണ് ദൂരദര്‍ശന് കൊടുക്കേണ്ടിവന്നത്. അടുത്ത തവണ സീ ടിവിയുടെ ഓഫര്‍ 308 ദശലക്ഷം ഡോളറായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് നിംബസ് അവകാശം നേടിയത് 549 ദശലക്ഷം ഡോളര്‍ കൊടുത്താണ്. പിന്നീട് സോണിയുടെ ഊഴമായി. 918 ദശലക്ഷം ഡോളറായിരുന്നു ലേലസംഖ്യ. അടുത്ത വര്‍ഷം അത് 1.63 ബില്ല്യണ്‍ ഡോളറായി. 2012ല്‍ 3851 കോടി രൂപ ഒഴുക്കിക്കൊണ്ടായിരുന്നു സ്റ്റാറിന്റെ വരവ്. അതും ആറ് വര്‍ഷത്തേയ്ക്ക്. വെറും രണ്ട് മാസം കൊണ്ട് തന്നെ അവര്‍ ഈ തുക തിരിച്ചുപിടിച്ചുവെന്നത് മറ്റൊരു കാര്യം. പതിനാറ് മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം വരെ ആയിരുന്നത്രെ അക്കാലത്ത് സ്റ്റാറിന്റെ പരസ്യനിരക്ക്. എന്നിട്ടും ബൂസ്റ്റും പാമോലീവും തംസ്അപ്പും പെപ്‌സിയും കൊക്കകോളയും ബജാജും ബ്രിട്ടാനിയയും ഡണ്‍ലപ്പും കാഡ്ബറീസുമൊക്കെ കോടികളുമായി ഊഴംകാത്തുനിന്നു.
ജഗ്‌മോന്‍ ഡാല്‍മിയ ഐ.സി.സി.യുടെ തലപ്പത്ത് വന്നത് ഇക്കാലത്താണ്. ഡാല്‍മിയയും ബിന്ദ്രയും ചേര്‍ന്നാണ് ആദ്യമായി ലോകകപ്പ് വേദി ഇംഗ്ലണ്ടിന് പുറത്തെത്തിച്ചത്. 1987ല്‍. പിന്നെ പഴയ ആഢ്യന്‍ താപ്പാനകളായ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും പിടി മെല്ലെ അയഞ്ഞുതുടങ്ങിയത് അത് മുതലാണ്. പിന്നീട് തൊണ്ണൂറ്റിയെട്ടില്‍ ചാമ്പ്യന്‍സ് ട്രോഫിയെന്ന ആശയം നടപ്പിലാക്കി ഐ.സി.സിയുടെയും സാമ്പത്തികനില ഭദ്രമായത് അക്കാലത്താണ്. രണ്ട് കൊല്ലം കൊണ്ട് അറുപത് ലക്ഷം ഡോളറില്‍ നിന്ന് 1.6 കോടി ഡോളറിലേയ്ക്കാണ് ഡാല്‍മിയ ഐ.സി.സിയുടെ സമ്പാദ്യം വളര്‍ത്തിയത്. ഇതിലേറെയും ഇന്ത്യയില്‍ നിന്നുളള സംഭാവന തന്നെ. അങ്ങനെ ഐ.സി.സിയുടെ കടിഞ്ഞാണ്‍ പൂര്‍ണമായും ഇന്ത്യയുടെ കൈകളിലായി. ഇന്നോളം കൈമോശംവന്നതുമില്ല.
2008ല്‍ ഐ.പി.എല്ലിന്റെ വരവോടെ കളി മറ്റൊരു ലെവലായി. രണ്ട് കോടി ഡോളറായിരുന്നു ആദ്യ നിക്ഷേപം. രണ്ട് കൊല്ലം കൊണ്ട് അതിന്റെ മൂല്യം 4.1 ബില്ല്യണ്‍ ഡോളറായി. ഇന്ന് വിപണിമൂല്യത്തിന്റെ കാര്യത്തില്‍ എന്‍.ബി.എയുടെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെയും തോളൊപ്പമാണ് ഇന്ത്യയുടെ കുട്ടിക്രിക്കറ്റ് ലീഗും. 2017ല്‍ 16347.5 കോടിക്കാണ് ഐ.പി. എല്ലിന്റെ സംപ്രേഷണാവകാശം സ്റ്റാറിന് വിറ്റത്. കഴിഞ്ഞ വര്‍ഷമാവട്ടെ ആ സംഖ്യ 48390 കോടിയായി. ഇന്ത്യയുടെ ഹോം മത്സരങ്ങളുടെയും ആഭ്യന്തര മത്സരങ്ങളുടെയും സംപ്രേഷണാവകാശത്തിന് ആറായിരം കോടി രൂപയാണ് റിലയന്‍സിന്റെ വയക്കോം18 കൊടുത്തത്. സാറ്റലൈറ്റ് സംപ്രേഷണം മത്സരമൊന്നിന് 20 കോടിയും ഡിജിറ്റല്‍ സംപ്രേഷണത്തിന് 25 കോടിയും. ഇതിനുവേണ്ടി ഡിസ്‌നി സ്റ്റാറും സോണി സ്‌പോര്‍ട്‌സും വയക്കോമും തമ്മില്‍ വലിയ മത്സരമായിരുന്നു. പണമെറിഞ്ഞ് പണം വാരുന്ന ബി.സി.സി.ഐയുടെ സിംപിള്‍ ലോജിക്കിന്റെ വിജയമാണ് ഐ.പി.എല്ലിന്റെ കാര്യത്തില്‍ കണ്ടത്. ഇന്ന് വരുമാനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഐ.പി.എല്‍.
ഇതിന് പുറമെയാണ് മറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശവും സ്‌പോണ്‍സര്‍ഷിപ്പുകളുമൊക്കെ. 2018ൽ വിവോ ടൈറ്റിൽ സ്പോൺസർഷിപ്പിന് നൽകിയത് 2200 കോടി രൂപയാണ്. വിവോയ്ക്ക് പകരം വന്ന ടാറ്റ വെറും രണ്ടു വർഷത്തേയ്ക്ക് 660 കോടി രൂപയാണ് ഒഴുക്കിയിരിക്കുന്നത്. ക്രിക്കറ്റ് തളര്‍ന്നപ്പോഴൊക്കെ അവര്‍ ക്രിക്കറ്റിന്റെ സത്ത മറന്നായാലും പുതിയ പരീക്ഷണങ്ങളുമായി വിപണിയെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. എഴുപത്തിയഞ്ച് ശതമാനം വരുന്ന പ്രേക്ഷകരുടെ പിന്‍ബലം കാരണം പരസ്യവിപണിയില്‍ അവരുടെ വിലപേശല്‍ശേഷി ശക്തമായി തന്നെ നിലനിന്നു. ഇതുവഴി ആര്‍ജിച്ച വിപണിയിലെ പേശിബലത്തിന് മുന്നില്‍ മറ്റ് ബോര്‍ഡുകള്‍ക്കെല്ലാം കീഴ്‌പ്പെടേണ്ടിവന്നു. ഐ.പി.എല്‍ കാലത്ത് മറ്റ് മത്സരങ്ങള്‍ കുറഞ്ഞു. വിപണിയുടെ ശ്രദ്ധയത്രയും ഇന്ത്യയിലേയ്ക്ക് തിരിഞ്ഞു. പണമൊന്നാക്കെ ബി.സി.സി.ഐ.യുടെ ഭണ്ഡാരപ്പെട്ടിയിലേയ്ക്ക് കുത്തിയൊഴുകി.
ഇതൊക്കെ സംപ്രേഷണത്തിന്റെ മാത്രം കഥ. അത് വരുമാനത്തിന്റെ ഒരു ജാലകം മാത്രം. ക്രിക്കറ്റും കമ്പോളവും തമ്മിലുള്ള വേര്‍തിരിവ് നേര്‍ത്തതോടെ തൊട്ടതൊക്കെ പൊന്നായി, ബി.സി.സി.ഐയ്ക്ക്. ഇന്ന് പതിനയ്യായിരം കോടിയിലേറെയാണ് ബോര്‍ഡിന്റെ ആസ്തിയെന്നത് പരസ്യമാണ്. കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 2022ല്‍ 919 ദശലക്ഷം ഡോളറാണ് ബി.സി.സി.ഐയുടെ വരുമാനം. ചെലവ് 370 ദശലക്ഷം ഡോളറും. അതായത് മിച്ചം 549 ദശലക്ഷം ഡോളര്‍. ഐ.സി.സിയുടെ വരുമാനം എല്ലാ അംഗരാജ്യങ്ങളും തുല്ല്യമായി പങ്കിടുകയായിരുന്നു പതിവ്. 2014 ഓടെ ആ രീതി ബിഗ് ത്രീയ്ക്ക് മുന്നില്‍ വഴിമാറി. 600 ദശലക്ഷം ഡോളര്‍ ആസ്തിയുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്. ഇന്ന് ഇതിന്റെ 38.5 ശതമാനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അവകാശപ്പെട്ടതാണ്. ഐ.സി.സി. ക്രിക്കറ്റിന്റെ വോയ്‌സാണെങ്കില്‍ ബി.സി.സി.ഐ ക്രിക്കറ്റിന്റെ ഇന്‍വോയ്‌സാണെന്ന ടൈഗര്‍ പട്ടോഡിയുടെ പരിഹാസം വെറുതെയല്ല.
ഈ പരിഹാസത്തില്‍ കഥയില്ല. കെറി പാര്‍ക്കര്‍ക്കുശേഷം ക്രിക്കറ്റ് എന്നാല്‍ വിക്കറ്റും റണ്ണും മാത്രമല്ല. അത് കണക്കും കച്ചവടവും കമ്പോളവും കൂടിയാണ്. കളിയിലെ കണക്കല്ല, കളത്തിന് പുറത്തെ കമ്മട്ടമാണ് ഇവിടെ അമ്പയര്‍. ഇതാണ് ലത മങ്കേഷ്‌കര്‍ തൊണ്ട പൊട്ടിപ്പാടി ദാനം കൊടുത്ത ഇരുപത് ലക്ഷത്തില്‍ നിന്ന് ഓസ്‌ട്രേലിയക്ക് കൊടുത്ത 33 കോടിയിലേയ്ക്കുള്ള നാലു പതിറ്റാണ്ട് കാലത്തെ ദൂരം. ഇതിന്റെ പേരില്‍ ബി.സി.സി.ഐയെ കുരിശിലേറ്റാം, കല്ലെറിയാം, പരിഹസിക്കാം. പക്ഷേ, അതിനൊപ്പം എന്തുകൊണ്ട്, ഇതേ ഇന്ത്യയിലെ, ഫുട്‌ബോളിനും ഹോക്കിക്കുമൊന്നും ഇതുപോലെ കളത്തിലെ നേട്ടങ്ങള്‍ കൊണ്ടും സമ്പത്ത് കൊണ്ടും വളരാന്‍ സാധിച്ചില്ലെന്ന ആത്മപരിശോധന കൂടി നടത്തണം. എന്തുകൊണ്ട് നിത്യവൃത്തിക്ക് വെടിമരുന്ന് നിറയ്ക്കുന്ന അത്‌ലറ്റുകളുടെയും വയറു നിറയ്ക്കാന്‍ ഇഷ്ടികക്കളത്തില്‍ വിയര്‍ത്ത താരങ്ങളുടെയും തട്ടുകട നടത്തി ഉപജീവനം കണ്ടെത്തേണ്ടിവന്ന മെഡല്‍ ജേതാക്കളടെയുമൊക്കെ കദനകഥകള്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടുന്നുവെന്നും ചിന്തിക്കുകകൂടി വേണം. ഇന്നീ കഥയൊക്കെ മാറിത്തുടങ്ങി. കളികളൊന്നും നഷ്ടക്കച്ചവടമല്ല. കച്ചവടത്തെ കൂട്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഫുട്‌ബോളിലും ഹോക്കിയിലും മാത്രമല്ല, കബഡിലും വോളിബോളിലും ബാഡ്മിന്റണിലുമെല്ലാം ഇന്നു കാണുന്ന ഈ ഉണര്‍വ് ഉണ്ടാകുമായിരുന്നോ? കാശൊഴുക്കിയില്ലായിരുന്നെങ്കില്‍ നീരജ് ചോപ്രയെന്ന അത്ഭുതവും ചൈനയിലെ നൂറ്റിയേഴ് മെഡലിന്റെ മേനിപറച്ചിലുമൊക്കെ ഉണ്ടാകുമായിരുന്നോ? നെഞ്ചില്‍ കൈവച്ചുതന്നെ ചിന്തിക്കണം.
ഇന്ത്യയില്‍ നിന്നു കിട്ടിയ കപ്പിനു മുകളിലേ മിച്ചല്‍ മാര്‍ഷ് കാല് കയറ്റിവച്ചുള്ളൂ, ഇന്ത്യ കൊടുത്ത മുപ്പത്തിമൂന്ന് കോടിയുടെ ചെക്കിന് മുകളില്‍ വെച്ചില്ല. വെക്കുകയുമില്ല. നെറ്റിചുളിച്ചിട്ടു കാര്യമില്ല, അതാണ് പുതിയ ക്രിക്കറ്റ്. അതാണ് പുതിയകാലത്തെ സ്‌പോര്‍ട്‌സ്. ആ വ്യത്യാസം ഇന്ത്യയില്‍ ക്രിക്കറ്റിനോളം അറിഞ്ഞ മറ്റാരുണ്ട്?
Content Highlights: cricket odi world cup mitchel marsh pr mansingh jagmohan dalmiya lata mangeshkar
Published: 24 Nov 2023, 01:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented