2023 നവംബർ 19, വാനോളം പ്രതീക്ഷയോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്ക് ഇമചിമ്മാതെ നോക്കി നിന്ന ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കണ്ണീരണിഞ്ഞ ദിനം. അന്ന് മൈറ്റി ഓസീസിന്റെ മൈറ്റി തന്ത്രങ്ങളിൽ ഇല്ലാതായത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങളായിരുന്നു. ഐസിസി ടൂർണമെന്റുകളിൽ തങ്ങളുടെ അപ്രമാദിത്വം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയ ഓസീസിനു മുന്നിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം തലതാഴ്ത്തി. രോഹിത് ശർമയും വിരാട് കോലിയും കണ്ണീരണിഞ്ഞ് തല താഴ്ത്തി മടങ്ങി. ടൂർണമെന്റിലുടനീളം എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ സംഘമായിരുന്നു രോഹിത്തിന്റേത്. എന്നാൽ കലാശപ്പോരിൽ ടോസ് മുതൽ തന്നെ ഇന്ത്യ ബാക്ക് സീറ്റിലായിപ്പോയി. ട്രാവിസ് ഹെഡ് ഓസീസിന്റെ വീരനായകനായപ്പോൾ ആറാം ലോകകപ്പ് കിരീടവുമായാണ് ഓസീസ് ഇന്ത്യയിൽ നിന്ന് വിമാനം കയറിയത്.

To advertise here,

അന്ന് അഹമ്മദാബാദിലെ കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം തുണച്ചത് ഓസീസിനേയായിരുന്നു. കൂടുതൽ ഒന്നും ആലോചിക്കാതെ നായകൻ കമ്മിൻസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആശാവഹമായ തുടക്കമായിരുന്നില്ല. രോഹിത് തകർത്തടിച്ച് സ്‌കോറുയർത്തിയെങ്കിലും വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നത് തിരിച്ചടിയായി. ഒടുക്കം കോലിയുടേയും രാഹുലിന്റേയും ഇന്നിങ്സുകളാണ് രക്ഷയ്ക്കെത്തിയത്. ഇരുവരും അർധസെഞ്ചുറി തികച്ചത് ടീമിന് പ്രതീക്ഷയേകി. എന്നാൽ ഇരുവരും പുറത്തായതോടുകൂടി ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പിന്നാലെ ബാറ്റർമാർ ഒന്നൊന്നായി കൂടാരം കയറിയതോടെ ഇന്ത്യൻ ഇന്നിങ്സ് 240-ന് അവസാനിച്ചു. അഹമ്മദാബാദിലെ പിച്ചിൽ, ലോകകപ്പ് ഫൈനലിൽ അതൊന്ന് പൊരുതി നോക്കാവുന്ന സ്‌കോർ പോലുമായിരുന്നില്ല, പ്രത്യേകിച്ചും എതിരാളി ഓസീസാണെന്നിരിക്കേ. എങ്കിലും തുടക്കത്തിൽ വിക്കറ്റുകൾ പിഴുതെടുത്ത് ഇന്ത്യൻ ബൗളർമാർ ആരാധകർക്ക് പ്രതീക്ഷ തന്നതാണ്. പക്ഷേ ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ നിരാശയിലായി. 2003-ന്റെ ആവർത്തനമെന്ന പോലെ ഇന്ത്യ കണ്ണീരോടെ മടങ്ങി. പിന്നീട് തൊട്ടടുത്ത വർഷം ടി 20 ലോകകപ്പും ഈ വർഷം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടവും നേടാനായെങ്കിലും 2023 ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവ് ഇന്നും ആരാധകരുടെ മനസിൽ അവശേഷിക്കുന്നുണ്ട്.

എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം മറ്റൊരു നവംബർ, ഇന്ത്യൻ ടീമിന്റെ ഭാഗ്യ നവംബറായിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങളിലൊന്നായ മുംബൈയിൽ ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ഉയർത്തിയിരിക്കുകയാണ്. സ്വന്തം നാട്ടിൽ കഴിഞ്ഞ തവണ പുരുഷ ടീമിന് നേടാൻ സാധിക്കാതെ പോയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹർമൻപ്രീതും സംഘവും. ആവേശമുയർത്തിയ കലാശക്കളിയിൽ ദക്ഷിണാഫ്രിക്കക്കെതിരേ 52 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ദീപ്തി ശർമ്മയുടേയും ഷെഫാലി വർമയുടേയും ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ദീപ്തി അർധ സെഞ്ചുറിയും അഞ്ചുവിക്കറ്റും നേടി. ഷെഫാലി അർധ സെഞ്ചുറിയും രണ്ടു വിക്കറ്റും സ്വന്തമാക്കി. 2023-ലെ തോൽവിയിൽ കണ്ണീരണിഞ്ഞ ഇന്ത്യൻ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ഇത്തവണ നവംബറിന് സാധിച്ചിരിക്കുന്നു.

2023-ലെ ഇന്ത്യൻ പുരുഷ ടീമിന്റെ മുന്നേറ്റം പോലെ നാട്ടിൽ അത്ര ആധികാരികമായിരുന്നില്ല ഹർമൻപ്രീതിന്റെ സംഘത്തിന്റെ യാത്ര. ശ്രീലങ്കയേയും പാകിസ്താനേയും തോൽപ്പിക്കാനായെങ്കിലും പിന്നീട് ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തുടരെ തോൽവി. ഒടുവിൽ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനെതിരേ തകർപ്പൻ കളി പുറത്തെടുത്താണ് ഇന്ത്യൻ വനിതകൾ സെമി ബർത്ത് ഉറപ്പിക്കുന്നത്.

സെമിയിൽ ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിയിൽ മറികടക്കുമ്പോൾ ഇന്ത്യ ലോകകപ്പ് റൺചേസിങ്ങിലെ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ 330 റൺസ് പിന്തുടർന്ന് ഓസീസ് നേടിയ റെക്കോഡ് ദിവസങ്ങൾക്കുള്ളിൽ അവർക്കെതിരായ മത്സരത്തിൽ തന്നെ ഇന്ത്യ തിരുത്തിയെഴുതി. പിന്നാലെ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ കീഴടക്കിയ ദക്ഷിണാഫ്രിക്കയോടുള്ള കണക്ക് കലാശപ്പോരിൽ തീർത്ത് കിരീടവുമായി ഹർമൻപ്രീതിന്റെയും സംഘത്തിന്റെയും മടക്കം. രണ്ടു വർങ്ങൾക്കു മുമ്പ് ഇന്ത്യൻ ആരാധകരുടെ കണ്ണീരു വീഴ്ത്തിയ നവംബർ തന്നെ ഇത്തവണ ആ കണ്ണീരൊപ്പിയിരിക്കുന്നു.