ഐസിസി ടൂര്‍ണമെന്റുകളിലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം എന്നത് പകരംവെയ്ക്കാനാകാത്ത ഒരു ശക്തിയാണ്. ഒരു ലോകകപ്പ് ടൂര്‍ണമെന്റിന് മുമ്പോ അതിന് ശേഷമോ ഒരുപക്ഷേ നിങ്ങള്‍ക്ക് അത്രയും കരുത്തരായ ഒരു ടീമിനെ കാണാന്‍ കഴിഞ്ഞേക്കില്ല. ഇപ്പറഞ്ഞത് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പ് ജയത്തോടെ ഓസീസിന്റെ കൗമാരനിര. ഇന്ത്യയുടെ കാര്യമെടുത്താലോ ഈ അടുത്തകാലത്ത് തുടര്‍ച്ചയായ മൂന്നാം ഐസിസി ടൂര്‍ണമെന്റ് ഫൈനലിലാണ് ഇന്ത്യയ്ക്കും കിരീടത്തിനും ഇടയ്ക്ക് ഓസ്‌ട്രേലിയ വിലങ്ങുതടിയാകുന്നത്. ആദ്യം 2023 ജൂണില്‍ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. അന്ന് ഇന്ത്യയെ 209 റണ്‍സിന് തകര്‍ത്ത് ഓസീസ് കിരീടമുയര്‍ത്തി. ആ കിരീടനേട്ടത്തോടെ എല്ലാ ഐസിസി കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഓസീസിന് സ്വന്തമായി. ലോകക്രിക്കറ്റില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടം. പിന്നാലെ അതേവര്‍ഷം നവംബറില്‍ അഹമ്മദാബാദില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലും ഓസീസ് ഇന്ത്യന്‍ ആരാധകരുടെ കണ്ണീര് വീഴ്ത്തി. രണ്ടര മാസത്തിനിപ്പുറം ഇതാ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇന്ത്യയുടെ ഇടനെഞ്ച് തകര്‍ത്തിരിക്കുകയാണ് ഓസീസ്. 79 റണ്‍സിനായിരുന്നു കലാശപ്പോരില്‍ ഇന്ത്യന്‍ യുവനിരയുടെ തോല്‍വി.
ബെനോനിയിലെ മൈതാനത്ത് കലാശപ്പോരില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഹ്യൂഗ് വെയ്ബ്ജെന് ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൂന്നാം ഓവറില്‍ തന്നെ സാം കോണ്‍സ്റ്റാസ് (0) മടങ്ങിയെങ്കിലും അവര്‍ പതറിയില്ല. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഹാരി ഡിക്സണ്‍ - വെയ്ബ്ജെന്‍ സഖ്യം 78 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. ഇരുവരെയും അടുത്തടുത്തായി നഷ്ടമായെങ്കിലും അവിടെയും ഓസീസിനെ പ്രതിരോധത്തിലാക്കാന്‍ പോന്ന ബൗളിങ് മികവ് ഇന്ത്യയ്ക്കുണ്ടായില്ല. നാലാം വിക്കറ്റില്‍ റയാന്‍ ഹിക്സിനെ കൂട്ടുപിടിച്ച് ഹര്‍ജാസ് സിങ് 66 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇന്ത്യന്‍ വംശജനായ ഹര്‍ജാസ് 55 റണ്‍സോടെ അവരുടെ ടോപ് സ്‌കോററാകുകയും ചെയ്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന ഓവറുകളിലെ ഒളിവര്‍ പീക്കിന്റെ പ്രകടനം അവരെ 250 കടത്തി. 43 പന്തില്‍ നിന്ന് 46 റണ്‍സുമായി പീക്ക് പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡില്‍ മികച്ച സ്‌കോര്‍ എത്തിയതോടെ ഓസീസ് ബൗളര്‍മാര്‍ കളംവാഴുന്ന കാഴ്ചയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സില്‍. ടൂര്‍ണമെന്റിലെ മത്സരങ്ങളില്‍ തിളങ്ങിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി (3), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍ (8), സച്ചിന്‍ ദാസ് (9), പ്രിയാന്‍ഷു മോലിയ (9) എന്നിവരെയെല്ലാം നിലയുറപ്പിക്കും മുമ്പ് ഓസീസ് ബൗളര്‍മാര്‍ കൂടാരം കയറ്റി. ഇവരെല്ലാം തന്നെ അമിത സമ്മര്‍ദത്തിനടിമപ്പെട്ട് പുറത്താകുകയായിരുന്നു. 2023 ലോകകപ്പിലേതിന് സമാനമായ സാഹചര്യം.
ഇതില്‍ ഇന്ത്യയുടെ അഭിമാനം കാത്തത് 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങും വാലറ്റത്ത് 46 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത മുരുഗന്‍ അഭിഷേകും മാത്രം. പക്ഷേ ഇവരുടെ പോരാട്ടങ്ങള്‍ തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളൂ. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കൈവിട്ട കളി തിരിച്ചുപിടിച്ച ഇന്ത്യന്‍ വീര്യം പക്ഷേ ഫൈനലില്‍ ഓസീസിനു മുന്നില്‍ കണ്ടില്ല. 1988, 2002, 2010 വര്‍ഷങ്ങള്‍ക്കു പിന്നാലെ ഓസീസിന്റെ നാലാം അണ്ടര്‍ 19 ലോകകപ്പ് കിരീടം. 13 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ കൗമാര കിരീടം. അപരാജിതരായിട്ടായിരുന്നു ഫൈനലിസ്റ്റുകള്‍ കലാശപ്പോരിനെത്തിയത്. അതില്‍ ഓസീസ് അപരാജിതരായി കിരീടവുമായി മടങ്ങി. 2023-ലെ ഏകദിന ലോകകപ്പില്‍ ഫൈനല്‍വരെ ഇന്ത്യ അപരാജിതരായാണ് മുന്നേറിയത്. ഫൈനലില്‍ ഓസീസിനു മുന്നില്‍ വീണു. സീനിയേഴ്‌സിനു സമാനമായി ജൂനിയേഴ്‌സും ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറി ഒടുക്കം ഫൈനലില്‍ ഓസീസിനു മുന്നില്‍ കളിമറന്നു.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലില്‍ ആറാം കിരീടവുമായാണ് പാറ്റ് കമ്മിന്‍സും സംഘവും മടങ്ങിയത്. അന്ന് 2003-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണം ഇന്ത്യ ഒരിക്കല്‍ കൂടി ഓസ്‌ട്രേലിയനിസത്തിനു മുന്നില്‍ മുട്ടുമടക്കി.
2003 ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നില്‍ ഒരു ഇന്ത്യന്‍ താരമായിരുന്നു. 11 കളികളില്‍ നിന്ന് 673 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്ന് അദ്ദേഹം ടൂര്‍ണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം 2023 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു ഇന്ത്യന്‍ താരമായിരുന്നു. വിരാട് കോലി. ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പിലും ടോപ് സ്‌കോററായതും ഒരു ഇന്ത്യന്‍ താരം. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 56.71 ശരാശരിയില്‍ അടിച്ചെടുത്തത് 397 റണ്‍സ്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയായിരുന്നു ഈ പ്രകടനം. ടൂര്‍ണമെന്റില്‍ തിളങ്ങിയിട്ടും പക്ഷേ മൂന്ന് പേര്‍ക്കും ഒരേ വിധിയായിരുന്നു.
Content Highlights: another heartbroken for india in an icc event
Published: 11 Feb 2024, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented