കേരള ഫുട്‌ബോള്‍ ടീമിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട വിജയത്തിന് ഗോള്‍ഡന്‍ ജൂബിലി. 1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീടനേട്ടം. ഫൈനലില്‍ മൂന്ന് തവണ ജേതാക്കളായ കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കേരളത്തിന്റെ കിരീടനേട്ടം. നായകന്‍ ടി.കെ.എസ്. മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലില്‍ ശ്രദ്ധേയമായത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് ഹാട്രിക്ക് നേടി ഒരു ക്യാപ്റ്റന്‍ ട്രോഫി ഉയര്‍ത്തിയ അപൂര്‍വ നേട്ടത്തിനും മണി അര്‍ഹനായി.

To advertise here,

ഫൈനല്‍ കാണാന്‍ മഹാരാജാസ് മൈതാനത്ത് അന്‍പതിനായിരത്തോളം കാണികളുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ എഴുപതിനായിരത്തോളം പേര്‍ അണിനിരന്നിരുന്നുവെന്ന് അവിടെ കൂടിയിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ടച്ച് ലൈനിന് അടുത്തുപോലും കാണികള്‍ ഇരിക്കുകയായിരുന്നു. അതിനാല്‍ തന്നെ കളിക്കാര്‍ക്ക് അന്ന് ത്രോ, കോര്‍ണര്‍ തുടങ്ങിയവ എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് പറയുന്നു അന്നത്തെ ടീമിലെ മുന്നേറ്റനിരക്കാരന്‍ കെ.പി. വില്യംസ്.

എറണാകുളം എഫ്എസിടി ഗ്രൗണ്ടില്‍ വെച്ച് നടത്തിയ ക്യാമ്പില്‍ നിന്നാണ് ഒളിമ്പ്യനും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായിരുന്ന സൈമണ്‍ സുന്ദര്‍രാജ് കേരള സന്തോഷ് ട്രോഫി സ്‌ക്വാഡിനെ തിരഞ്ഞെടുക്കുന്നത്. 26 അംഗങ്ങളുണ്ടായിരുന്ന അന്നത്തെ ടീമിലെ 10 പേര്‍ പ്രീമിയര്‍ ടയേഴ്‌സില്‍ നിന്നും ആറ് പേര്‍ ടൈറ്റാനിയത്തില്‍ നിന്നും അഞ്ചുപേര്‍ എഫ്എസിടിയെ പ്രതിനിധീകരിക്കുന്നവരുമായിരുന്നു.

സന്തോഷ് ട്രോഫിയില്‍ ആദ്യമായി ഒരു മലയാളി ടീം കളിക്കുന്നത് 1952-ല്‍ ആയിരുന്നു. ബെംഗളൂരുവില്‍ നടന്ന ഒമ്പതാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റായിരുന്നു അത്. മൈസൂരു ജേതാക്കളായ ആ ടൂര്‍ണമെന്റില്‍ തിരുവിതാംകൂര്‍ ടീമാണ് അന്ന് മലയാളികളെ പ്രതിനിധീകരിച്ച് നഗ്നപാദരായി കളത്തിലിറങ്ങിയത്. 1956-ല്‍ കേരളപ്പിറവിക്ക് ശേഷം തൊട്ടടുത്ത വര്‍ഷമാണ് കേരളം എന്ന പേരില്‍ ടീം സന്തോഷ് ട്രോഫിക്കിറങ്ങിയത്. ഹൈദരാബാദിലായിരുന്നു ആ ടൂര്‍ണമെന്റ്. ഇതിനിടെ 1955-ല്‍ ടൂര്‍ണമെന്റ് എറണാകുളത്ത് നടന്നെങ്കിലും മലയാളി ടീമിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ഒരു സന്തോഷ് ട്രോഫി കിരീടമെന്ന കേരളത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് പിന്നെയും 15 വര്‍ഷങ്ങള്‍ കഴിഞ്ഞ് എറണാകുളത്ത് നടന്ന ടൂര്‍ണമെന്റിലാണ്.

placeholder
സൈമണ്‍ സുന്ദര്‍രാജ് | Photo: mathrubhumi archives

അസോസിയേഷനിലെ അടിയും സൈമണ്‍ സുന്ദര്‍രാജിന്റെ വരവും

ഇപ്പോഴത്തെ കേരള ഫുട്‌ബോള്‍ അസോസിയേന്‍ അതിന്റെ തുടക്കകാലത്ത് ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1948-ലാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപീകൃതമാകുന്നത്. തുടക്കകാലത്തു തന്നെ അസോസിയേഷനിലെ എറണാകുളം, കൊല്ലം ഗ്രൂപ്പുകള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് 1973-ലെ സന്തോ് ട്രോഫി ടൂര്‍ണമെന്റ് കേരളത്തിന് അനുവദിക്കുന്നത്. എന്നാല്‍ അസോസിയേഷനിലെ ഈ തമ്മിലടി കാരണം ടൂര്‍ണമെന്റ് നടത്തിപ്പ് അനിശ്ചിതത്വത്തിലായ ഘട്ടത്തില്‍ അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസ് ജി. ഗോവിന്ദന്‍ നായരുടെ ഇടപെടല്‍ നിര്‍ണായകമാകുകയായിരുന്നു. അസോസിയേഷന്റെ അന്നത്തെ പ്രസിഡന്റ് അബ്ദുള്ളയും സെക്രട്ടറി യു.പി ജോണിയുമായിരുന്നു. ഇവരുടെ പാനലിനെതിരേ എതിര്‍ഗ്രൂപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ടൂര്‍ണമെന്റ് കേരളത്തിന് നഷ്ടമാകാതിരിക്കാന്‍ വേണ്ടി ഗോവിന്ദന്‍ നായര്‍ നടത്തിയ നീക്കത്തിനൊടുവില്‍ കോടതി ഇടപെട്ട് സന്തോഷ് ട്രോഫി നടത്തിപ്പിന്റെ ചുമതല അഡ്വ. ദണ്ഡപാണിയെ ഏല്‍പ്പിക്കുകയായിരുന്നു.

ഗോവിന്ദന്‍ നായര്‍, എഫ്എസിടി മാനേജിങ് ഡയറക്ടറായിരുന്ന ഖന്നയുമായി സംസാരിച്ചാണ് അന്ന് എഫ്എസിടി ടീം പിരശീലകനായിരുന്ന സൈമണ്‍ സുന്ദര്‍രാജിനെ കേരള ടീമിന്റെ പരിശീലകനായി കൊണ്ടുവരുന്നത്. അന്ന് അസോസിയേഷന്റെ ഭാഗമായി ക്ഷണിക്കാതിരുന്നത് കൊണ്ടുമാത്രമാണ് താന്‍ കേരള ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാറായതെന്നാണ് സൈമണ്‍ സുന്ദര്‍രാജ് പറഞ്ഞത്. അസോസിയേഷനിലെ രാഷ്ട്രീയത്തോട് എന്നും തനിക്ക് എതിര്‍പ്പായിരുന്നുവെന്നും അവരുടെ കീഴില്‍ നില്‍ക്കാന്‍ ഒരിക്കലും താത്പര്യപ്പെട്ടില്ലെന്നും കൂടി പറയുന്നു അദ്ദേഹം. ദണ്ഡപാണിയുടെയും സുന്ദര്‍രാജിന്റെയും നേതൃത്വത്തില്‍ എറണാകുളത്ത് കളമശേരി പ്രീമിയര്‍ ടയേഴ്‌സിന്റെയും എഫ്എസിടിയുടെയും ഗ്രൗണ്ടുകളില്‍ നടത്തിയ ഓപ്പണ്‍ സെലക്ഷനിലാണ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുത്തത്. എഴുപതിലേറേ പേരാണ് അന്ന് സെലക്ഷന് വന്നതെന്ന് സുന്ദര്‍രാജ് ഓര്‍ക്കുന്നു. ആദ്യം 21 പേരെ തിരഞ്ഞെടുക്കുകയും പിന്നീട് പലര്‍ക്കും പരിക്കേറ്റതു കാരണം വീണ്ടും അഞ്ച് പേരെ കൂടി സ്‌ക്വാഡിലേക്ക് ചേര്‍ക്കുകയുമായിരുന്നു. അങ്ങനെ 26 അംഗ സ്‌ക്വാഡാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി സംഘത്തില്‍ ഉണ്ടായിരുന്നത്. നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് ആയതിനാല്‍ മാത്രമാണ് ഇത്രയും പേരെ സ്‌ക്വാഡിലെടുക്കാന്‍ സാധിച്ചത്.

പരിക്കിന്റെ കളി

എഫ്എസിടി, ടൈറ്റാനിയം ഗ്രൗണ്ടുകളില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സിന് ശേഷം യുവതാരങ്ങളടക്കമുള്ള ടീമിനെയാണ് കേരളം ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്തത്. എഫ്എസിടി മൈതാനത്തായിരുന്നു സൈമണ്‍ സുന്ദര്‍രാജിന്റെ നേതൃത്വത്തില്‍ സന്തോഷ് ട്രോഫി ക്യാമ്പ് നടത്തിയത്. വിക്ടര്‍ മഞ്ഞില (ഗോള്‍കീപ്പര്‍), രത്‌നാകരന്‍, എം.ഒ ജോസ്, ബി. ദേവാനന്ദ്, സി.സി ജേക്കബ്, ടി.എ ജാഫര്‍, പി. അബ്ദുള്‍ ഹമീദ്, വി. ബ്ലാസി ജോര്‍ജ്, ടി.കെ.എസ് മണി, കെ.പി വില്യംസ്, എം.ഐ മുഹമ്മദ് ബഷീര്‍ എന്നിവരായിരുന്നു സുന്ദര്‍രാജ് തിരഞ്ഞെടുത്ത ആദ്യ ഇലവന്‍. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനു മുമ്പു തന്നെ പരിക്ക് കേരളത്തെ വലച്ചുതുടങ്ങി. ഡിസംബര്‍ 12-ാം തീയതി ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തിനു മുമ്പ് 10-ാം തീയതി നടന്ന പരിശീലനത്തിനിടെ ബ്ലാസി ജോര്‍ജിനെ പേശീവലിവ് വലച്ചു. ആദ്യ മത്സരത്തിനിറങ്ങി 15-20 മിനിറ്റുകള്‍ക്കുള്ളില്‍ ബഷീറിനും പരിക്ക് പറ്റി. ലെഫ്റ്റ് ആന്റ് റൈറ്റ് എക്സ്ട്രീം പ്ലെയേഴ്സായിരുന്നു ഇരുവരും. പിന്നീട് ലെഫ്റ്റ് എം.ആര്‍ ജോസഫും റൈറ്റ് നജിമുദ്ദീനുമാണ് കളിച്ചത്. ബ്ലാസി ജോര്‍ജിനും ബഷീറിനും മസില്‍ പുള്ളായിരുന്നു സംഭവിച്ചത്.

ആദ്യ മത്സരത്തില്‍ തന്നെ വിക്ടര്‍ മഞ്ഞിലയ്ക്കും പരിക്കുപറ്റി. ആദ്യ മത്സരത്തില്‍ ജേക്കബിന് പകരം കളിച്ച പ്രസന്നന്‍ നല്‍കിയ ഒരു മൈനസ് പാസ് ജഡ്ജ് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് പരിക്കിലേക്ക് നയിച്ചതെന്ന് വിക്ടര്‍ മഞ്ഞില ഓര്‍ക്കുന്നു. ടൈമിങ് തെറ്റിയാണ് ആ പന്ത് പിടിക്കാന്‍ അദ്ദേഹം ഡൈവ് ചെയ്തത്. പിറകിലേക്ക് പോയ പന്ത് പിടിക്കാന്‍ വലതുകൈ പിറകിലേക്ക് മടക്കിയതോടെ കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കോച്ചിനെ അറിയിച്ച് അദ്ദേഹം മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ പകരം കെ.പി സേതുമാധവന്‍ ഇറങ്ങി. എന്നാല്‍ കര്‍ണടകയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ അദ്ദേഹത്തിനും പരിക്കേറ്റു. മത്സരത്തിനിടെ കേരള ബോക്‌സിലേക്ക് വന്ന പന്ത് പിടിക്കാന്‍ ചാര്‍ജ് ചെയ്തതായിരുന്നു സേതുമാധവന്‍. പന്തിനായി ഓടിയെത്തിയ കര്‍ണാടക മുന്നേറ്റനിര താരവും അദ്ദേഹത്തെ പിടിക്കാനെത്തിയ സി.സി ജേക്കബുമായും സേതുമാധവന്‍ കൂട്ടിയിടിച്ച് വീണു. ഇവരില്‍ ആരുടെയോ കാല്‍ അദ്ദേഹത്തിന്റെ ഇടത് തോളില്‍ ശക്തിയായി ഇടിക്കുകയായിരുന്നു.

തുടര്‍ന്നാണ് ജി. രവീന്ദ്രന്‍ നായര്‍ (ഗോളി രവി) ഗോള്‍കീപ്പറാകുന്നത്. മുമ്പ് രണ്ട് തവണ സന്തോഷ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും രവി ആദ്യമായി ഗ്രൗണ്ടിലിറങ്ങുന്നത് 1973-ലായിരുന്നു. അന്ന് കര്‍ണാടകയുടെ ജേഴ്‌സി മഞ്ഞയായിരുന്നു. രവി ധരിച്ചിറങ്ങിയ ജേഴ്‌സിയും മഞ്ഞ. ഇതോടെ റഫറി ഇടപെട്ട് രവിയോട് ജേഴ്‌സി മാറ്റണമെന്ന് പറഞ്ഞു. ഒടുവില്‍ കളി കണ്ടുകൊണ്ടിരുന്ന കാണികളില്‍ ഒരാളാണ് രവിക്ക് അദ്ദേഹം ധരിച്ചിരുന്ന ടി ഷര്‍ട്ട് ഊരിക്കൊടുത്തത്.

placeholder
കിരീടം നേടിയ കേരള സംഘം | Photo: mathrubhumi archives

ഫൈനല്‍ ദിനം ആരുമറിയാതെ ഗ്രൗണ്ട് നനച്ച റെയില്‍വേയുടെ ചതിയും സൈമണ്‍ സുന്ദര്‍രാജിന്റെ ഇടപെടലും

സെമിയില്‍ കരുത്തരായ മഹാരാഷ്ട്രയെ കീഴടക്കിയാണ് കേരളം കരുത്തരായ ബംഗാള്‍ താരങ്ങളടങ്ങിയ റെയില്‍വേയുമായി കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഡിസംബര്‍ 27-ാം തീയതിയായിരുന്നു ഫൈനല്‍. സാധാരണ കേരളത്തിന്റെ മത്സരങ്ങളുള്ള ദിവസം സൈമണ്‍ സുന്ദര്‍രാജ് അതിരാവിലെ ഗ്രൗണ്ടില്‍ എത്താറുണ്ടായിരുന്നു. 27-ാം തീയതി രാവിലെ ആറുമണിക്ക് അദ്ദേഹം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തുമ്പോള്‍ ഒരാള്‍ ഗ്രൗണ്ട് നനയ്ക്കുകയാണ്. ക്ഷുഭിതനായ അദ്ദേഹം ഗ്രൗണ്ട് നനച്ചിരുന്നയാളെ ചീത്ത പറഞ്ഞ് അത് നിര്‍ത്തിച്ചു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരാളായിരുന്നു അതെന്നും റെയില്‍വേ ടീമിന്റെ നിര്‍ദേശമനുസരിച്ച് ഗ്രൗണ്ട്‌സ്മാന്‍ തന്നെയാണ് അത് ചെയ്തതെന്നും പറയപ്പെടുന്നു. എന്താണെങ്കിലും സുന്ദര്‍രാജ് കൃത്യസമയത്ത് എത്തിയതിനാല്‍ ആ പദ്ധതി പൊളിഞ്ഞു.

ഇത്തരത്തില്‍ ഗ്രൗണ്ട് നനയ്ക്കുന്നതിനു പിന്നില്‍ ഒരു തന്ത്രമുണ്ട്. റെയില്‍വേ ടീമിന്റെ പ്രധാന താരങ്ങളെല്ലാം ബംഗാള്‍ കളിക്കാരാണ്. ഭൗമിക്കും ഇന്ദര്‍സിങും സുബ്രതോ ഭട്ടാചാര്‍ജിയുമൊക്കെയാണ് അന്നത്തെ അവരുടെ മിന്നുംതാരങ്ങള്‍. ബംഗാള്‍ താരങ്ങള്‍ക്ക് മഴപെയ്ത് നനഞ്ഞ ഗ്രൗണ്ടില്‍ കളിച്ച് നല്ല പരിചയമുണ്ട്. കാരണം കൊല്‍ക്കത്ത ലീഗിലെ മിക്ക മത്സരങ്ങളും നടക്കുന്നത് മഴയുള്ള സമയത്താണ്. അതിനാല്‍ തന്നെ മഴ പെയ്ത് തെന്നുന്ന മൈതാനത്ത് കളിച്ച് അവര്‍ക്ക് നല്ല പരിചയമാണ്. അവിടെ ഗ്രിപ്പ് ലഭിക്കാനായി പ്രത്യേക സ്റ്റഡുകളുള്ള ബൂട്ടുകളുമാണ് അവര്‍ ഉപയോഗിക്കുക. ഇവിടെ ഗ്രൗണ്ട് നനച്ചാല്‍ അത് കേരള താരങ്ങള്‍ക്കുമേല്‍ റെയില്‍വേയുടെ താരങ്ങള്‍ക്ക് കളിയില്‍ മുന്‍തൂക്കം നല്‍കും. കേരള താരങ്ങള്‍ തെന്നിവീഴുന്ന മൈതാനത്ത് ബംഗാള്‍ താരങ്ങള്‍ക്ക് മേല്‍ക്കൈ നേടാനാകും. അവരുടെ ഈ തന്ത്രമാണ് സുന്ദര്‍രാജിന്റെ ഇടപെടലില്‍ പൊളിഞ്ഞത്. റെയില്‍വേ ടീം കളിക്കുമ്പോഴെല്ലാം ഇത്തരത്തില്‍ ഗ്രൗണ്ട് നനച്ചിടാറുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും അതിനാല്‍ തന്നെയാണ് അതിരാവിലെ ഗ്രൗണ്ടില്‍ എത്തിയതെന്നും പറയുന്നു സുന്ദര്‍രാജ്.

placeholder
1973-ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങളായിരുന്ന പൗലോസ്, മിത്രന്‍, വിക്ടര്‍ മഞ്ഞില, പ്രസന്നന്‍, വില്യംസ്, ജേക്കബ്, ബ്ലാസി ജോര്‍ജ്, ഇട്ടി മാത്യു എന്നിവര്‍ | Photo: mathrubhumi

സൈമണ്‍ സുന്ദര്‍രാജ് എന്ന തന്ത്രജ്ഞന്‍

1973-ലെ ആ സന്തോഷ് ട്രോഫി വിജയത്തിനു പിന്നിലെ യഥാര്‍ഥ ശക്തി സൈമണ്‍ സുന്ദര്‍രാജ് എന്ന പരിശീലകനാണെന്ന് കളിക്കാര്‍ ഒന്നടങ്കം പറയുന്നു. മുന്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡറായിരുന്ന അദ്ദേഹം 1960-ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതിനിധീകരിച്ച താരം കൂടിയാണ്. ദക്ഷിണ റെയില്‍വേക്കായും കളിച്ചിരുന്ന അദ്ദേഹമാണ് ഫൈനലില്‍ റെയില്‍വേ ടീമിനെതിരേയുള്ള തന്ത്രങ്ങള്‍ മെനഞ്ഞതെന്നതാണ് രസകരമായ കാര്യം. ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡിപ്ലോമ എടുത്തിരുന്ന അദ്ദേഹം കളിക്കളം വിട്ട ശേഷമാണ് പരിശീലനത്തിലേക്ക് തിരിയുന്നത്. എതിരാളികളുടെ കരുത്തും പ്രധാന താരങ്ങളെയും അറിഞ്ഞാണ് അദ്ദേഹം കേരളത്തിനായി തന്ത്രങ്ങള്‍ ഒരുക്കിയിരുന്നത്. മികച്ച ആദ്യ ഇലവനെ തിരഞ്ഞെടുത്ത് അതില്‍ പലര്‍ക്കും പരിക്കേറ്റിട്ടും ടീം ഉലയാതെ കാത്തത് അദ്ദേഹത്തിന്റെ ചിട്ടയോടെയുള്ള പരിശീലനമായിരുന്നു. കളിക്കാരെ അത് ജൂനിയറാകട്ടെ സീനിയറാകട്ടെ, കൃത്യമായി ഒരു സിസ്റ്റത്തിലേക്ക് കൊണ്ടുവരികയായിരുന്നു അദ്ദേഹം ചെയ്തത്.

വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങള്‍ക്കായിരുന്നു അദ്ദേഹം പ്രാമുഖ്യം കൊടുത്തിരുന്നത്. മണി, വില്യംസ്, ജാഫര്‍, ഹമീദ് എന്നീ നാല് സീനിയര്‍ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ ഗെയിംപ്ലാന്‍. 4-2-4 എന്ന ഫോര്‍മേഷന്‍ സ്വീകരിച്ചതും സംഘത്തിലെ കളിക്കാരെ കൃത്യമായി മനസിലാക്കി തന്നെയായിരുന്നു. വിങ് ബാക്കുകളെ നന്നായി ആക്രമണത്തിന് ഇറക്കിയിരുന്ന അദ്ദേഹത്തിന്റെ ട്രംപ് കാര്‍ഡുകളായിരുന്നു ഇടതുവിങ് ബാക്ക് സി.സി ജേക്കബും വലതുവിങ് ബാക്ക് രത്‌നാകരനും. ആദ്യ ഇലവനിലുണ്ടായിരുന്ന ലെഫ്റ്റ് എക്‌സ്ട്രീം ബ്ലാസി ജോര്‍ജിനും റൈറ്റ് എക്‌സ്ട്രീം മുഹമ്മദ് ബഷീറിനും പരിക്കേറ്റപ്പോള്‍ എം.ആര്‍ ജോസഫിനെയും നജുമുദ്ദീനെയും ടീമിലെടുത്ത് കളിക്ക് യാതൊരു കോട്ടവും തട്ടാതെ കൊണ്ടുപോകാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ മികവ് തന്നെയാണ്. മണി, വില്യംസ് എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം എം.ആര്‍ ജോസഫിനെയും നജുമുദ്ദീനെയും ഒന്നിച്ചുചേര്‍ത്ത് കളിയുടെ വേഗത്തിനും ഒഴുക്കിനും യാതൊരു പ്രശ്‌നവും സംഭവിക്കാതെ കൊണ്ടുപോകാനുമായത് അദ്ദേഹത്തിന്റെ പരിശീലനമികവാണ്. വിങ് ബാക്കുകള്‍ കയറിക്കളിക്കുമ്പോള്‍ സ്വന്തം ഗോള്‍പോസ്റ്റ് സംരക്ഷിക്കാന്‍ കോട്ടപോലെ ഉറച്ചുനില്‍ക്കുന്ന രണ്ട് ഫുള്‍ബാക്കുകളെയും (ദേവാനന്ദും ഉസ്മാനും) രണ്ട് ഹാഫ് ബാക്കുകളെയും (ജാഫര്‍, ഹമീദ്) ഒരുക്കിനിര്‍ത്താനും സുന്ദര്‍രാജിന് സാധിച്ചു.

ഇത്തരത്തില്‍ തന്നെ വിങ് ബാക്കുകള്‍ ആക്രമണത്തിനിറങ്ങുകയാണെങ്കില്‍ അദ്ദേഹം ഹാഫ് ബാക്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം പ്രഥമ പരിഗണന വിങ് ബാക്കുകള്‍ക്ക് നല്‍കണം എന്നതായിരുന്നു. കാരണം കൃത്യമായി പാസ് ലഭിച്ചാലേ അവര്ക്ക് കയറിപ്പോകാന്‍ സാധിക്കൂ. പാസ് ലഭിക്കാതിരിക്കുകയും ഇവര്‍ ആക്രമിക്കാന്‍ കയറുകയും ചെയ്താന്‍ അവിടെ എതിര്‍ ടീമിന് സ്‌പേസ് ലഭിക്കും അത് അപകടമാണെന്ന മുന്നറിയിപ്പും സുന്ദര്‍രാജ് നല്‍കിയിരുന്നുവെന്ന് കളിക്കാര്‍ ഇന്നും ഓര്‍ക്കുന്നു. കൃത്യനിഷ്ടയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തയാളായിരുന്നു അദ്ദേഹം. 6.30-ന് ഗ്രൗണ്ടില്‍ പരിശീലനം എന്നു പറഞ്ഞാല്‍ 6.15-ന് അദ്ദേഹം ഗ്രൗണ്ടിലുണ്ടാകും. വൈകിയെത്തുന്ന താരങ്ങള്‍ക്ക് നേരെയുള്ള നോട്ടം തന്നെ മതി, ഒരു വാക്കുപോലും മിണ്ടേണ്ടതില്ലെന്നും പറയുന്നു കളിക്കാര്‍.

placeholder
ട്രോഫിയുമായി ക്യാപ്റ്റൻ മണി | Photo: mathrubhumi archives

ഫൈനലിലേക്കുള്ള വഴി

ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് 1-1ന് സമനിലയുമായാണ് കേരളം ടൂര്‍ണമെന്റിന് തുടക്കമിട്ടത്. വില്യംസായിരുന്നു അന്ന് കേരളത്തിനായി സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ മണിപ്പുരിനെതിരേ 3-1ന്റെ ജയം നേടി. ഹമീദ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ഒരു ഗോള്‍ വില്യംസിന്റെ വകയായിരുന്നു. മൂന്നാം മത്സരത്തില്‍ കരുത്തരായ കര്‍ണാടകത്തെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു ക്വാര്‍ട്ടര്‍ പ്രവേശനം. നജുമുദ്ദീന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എം.ആര്‍ ജോസഫും ഹമീദും സ്‌കോര്‍ ചെയ്തു. പിന്നാലെ ആന്ധ്രയെ അഞ്ചു ഗോളിന് തകര്‍ത്ത് സെമിയിലേക്ക്. എം.ആര്‍ ജോസഫ് ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ നജുമുദ്ദീന്‍, മണി, വില്യംസ് എന്നിവരും സ്‌കോര്‍ ചെയ്തു. മഹാരാഷ്ട്രയ്‌ക്കെതിരേ നടന്ന സെമി ഫൈനല്‍ മത്സരം രണ്ട് പാദമായിട്ടായിരുന്നു. ആദ്യപാദ മത്സരം 2-1ന് കേരളം ജയിച്ചു. രണ്ടാം പാദ മത്സരം 1-1ന് സമനിലയിലായി.

സംഭവബഹുലമായിരുന്നു ഫൈനല്‍. സ്വന്തം കാണികള്‍ക്കു മുന്നില്‍ തുടക്കത്തില്‍ അല്‍പം പതറിയ കേരള ടീം പിന്നീട് പുലികളായി. സുബ്രതോ ഭട്ടാചാര്‍ജിയെ സ്ഥാനം തെറ്റിക്കാന്‍ മണിയെ ചുമതലപ്പെടുത്തിയ സുന്ദര്‍രാജിന്റെ തന്ത്രം ഫലം കണ്ടു എന്നുവേണം പറയാന്‍. വലതുവിങ്ങില്‍ നിന്ന് നജുമുദ്ദീന്‍ നല്‍കിയ പാസില്‍ നിന്ന് മണി കേരളത്തെ മുന്നിലെത്തിച്ചു. പിന്നാലെ രണ്ടാം പകുതിയില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ വില്യംസ് നല്‍കിയ പാസില്‍ നിന്ന് മണി കേരളത്തിന്റെ ലീഡുയര്‍ത്തി. കളി കൈവിട്ടുപോകുമെന്ന് മനസിലാക്കിയ റെയില്‍വേ ആക്രമണങ്ങള്‍ കടുപ്പിച്ചു. 65-ാം മിനിറ്റില്‍ ചിന്നറെഡ്ഡിയിലൂടെ അവര്‍ ആദ്യ ഗോള്‍ മടക്കി. 70-ാം മിനിറ്റില്‍ നജുമുദ്ദീന്റെ പാസില്‍ നിന്ന് മൂന്നാം ഗോളോടെ മണി കേരളത്തിന്റെ ജയമുറപ്പിച്ചെങ്കിലും, വിട്ടുകൊടുക്കാന്‍ റെയില്‍വേസ് ഒരുക്കമായിരുന്നില്ല. കളി തീരാന്‍ എട്ടുമിനിറ്റ് ബാക്കിനില്‍ക്കേ പ്രസുന്‍ബാനര്‍ജിയുടെ ത്രൂ പാസില്‍ ദിലീപ് പാലിത്തിന്റെ ഷോട്ട് കേരള ഗോളി രവിയുടെ കൈയില്‍ നിന്ന് വഴുതി വലയിലെത്തിയതോടെ ടീമും ആരാധകരും വിറച്ചു. 88-ാം മിനിറ്റില്‍ റെയില്‍വേസിന് ഉറച്ച ഒരു ഗോളവസരം കൈവന്നു. എന്നാല്‍ സി.സി ജേക്കബിന്റെ കൃത്യമായ ഇടപെടല്‍ കേരളത്തിന് രക്ഷയായി. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം.

അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ 28-ാം തീയതി സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ പൊതു അവധിയും അതായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അന്ന് 1000 രൂപ വീതമാണ് കളിക്കാര്‍ക്ക് സമ്മാനമായി സര്‍ക്കാര്‍ നല്‍കിയത്.

26 അംഗ ടീമിലെ 11 പേര്‍  നമ്മോട് വിടപറഞ്ഞു കഴിഞ്ഞു. മണി, രത്‌നാകരന്‍, ചേക്കു, ജോണ്‍ ജെ. ജോണ്‍, പെരുമാള്‍, ഉസ്മാന്‍, ദേവാനന്ദ്, എം.ഒ ജോസ്, എം.ആര്‍ ജോസഫ്, ടൈറ്റസ് കുര്യന്‍, ഒടുവില്‍ ദിവസങ്ങള്‍ക്കു മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ ടി.എ. ജാഫറും.