വേദിയില് നിശ്ചലനായി നിന്ന് മുകേഷിന്റെ വിഷാദമധുര ഗാനത്തിലൂടെ സ്വയം മറന്ന് ഒഴുകിപ്പോകുന്ന പാട്ടുകാരനില് നിന്ന് പഴയൊരു 'പുലി'യെ വേര്തിരിച്ചെടുക്കാന് ശ്രമിക്കുകയായിരുന്നു മനസ്സ്. എതിര് പ്രതിരോധ നിരയെ ഛിന്നഭിന്നമാക്കി പന്തുമായി കുതികുതിക്കുന്ന പുലി. ഗോള്കീപ്പര്മാരുടെ പേടിസ്വപ്നം. ഓര്മ്മകളില് പഴയൊരു ആല്ബത്തിന്റെ താളുകള് മറിയുന്നു. പന്തുകളിയെ ജീവനുതുല്യം സ്നേഹിച്ച ഒരു യു പി സ്കൂള് വിദ്യാര്ത്ഥി വര്ഷങ്ങളോളം നെഞ്ചോട് ചേര്ത്ത് സൂക്ഷിച്ച ആല്ബം.
അന്നന്നത്തെ മാതൃഭൂമി പത്രങ്ങളില് നിന്ന് ബ്ലേഡ് കൊണ്ട് സൂക്ഷിച്ചു വെട്ടിയെടുത്ത ഫുട്ബോള് താരങ്ങളുടെ ബ്ലാക്ക് ആന്ഡ് വൈറ്റ് പടങ്ങളായിരുന്നു ആ 'ആല്ബം' നിറയെ. അടുക്കളയില് നിന്ന് അമ്മയുടെ കണ്ണു വെട്ടിച്ചു റാഞ്ചിയ ചോറിന് വറ്റ് പശയാക്കി നോട്ട് ബുക്കിന്റെ താളുകളില് ഒട്ടിച്ചു ചേര്ത്ത ആ മങ്ങിയ പടങ്ങള് വെറുതെ നോക്കിയിരിക്കലായിരുന്നു ഒഴിവു സമയത്ത് അവന്റെ പ്രിയപ്പെട്ട ഹോബി. പെലെ മുതല് നജീമുദ്ദീന് വരെയുള്ള താരങ്ങള് ആ മഞ്ഞച്ച ചിത്രങ്ങളില് നിന്ന് അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു; യൗവനതീക്ഷ്ണമായ ചിരി.
ആ ചിരികളിലൊന്ന് മിതഭാഷിയായ ഈ ഇരിഞ്ഞാലക്കുടക്കാരന്റേതായിരുന്നു; ഡോ. എം.ഐ മുഹമ്മദ് ബഷീറിന്റെ. കേരളം സൃഷ്ടിച്ച എക്കാലത്തെയും വേഗതയാര്ന്ന വിംഗര്മാരിലൊരാള്. ടി.കെ.എസ് മണിയുടെ നേതൃത്വത്തില് ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ സംസ്ഥാന ടീമിലെ അംഗമായിരുന്ന 19-കാരന് മെഡിക്കല് വിദ്യാര്ത്ഥി. 1975-ലെ കോഴിക്കോട് നാഷണല്സില് പ്രബലരായ ബംഗാളിനെ ആദ്യം ഗോളടിച്ചു ഞെട്ടിച്ച ലെഫ്റ്റ് സ്ട്രൈക്കര്. കുവൈറ്റിലെ ഏഷ്യന് യൂത്ത് ചാമ്പ്യന്ഷിപ്പിലും സോളിലെ പ്രസിഡന്റ്സ് കപ്പിലും ഇന്ത്യക്ക് കളിച്ച താരം.
ബഷീര്ക്കയുടെ ബാച്ചില് സഹപാഠിയായിരുന്ന ഒരു ഡോക്ടറുടെ വാക്കുകള് കടമെടുത്താല് 'ഞങ്ങളുടെ തലമുറയുടെ സ്വന്തം മെസ്സി.' 'കളിക്കളത്തിലെ ഭിഷഗ്വരന്' എന്ന തലക്കെട്ടില് ബഷീറിനെ കുറിച്ച് അക്കാലത്ത് മാതൃഭൂമിയില് വന്ന കുറിപ്പിലെ ഒരു വാചകം ഇന്നുമുണ്ട് ഓര്മ്മയില്, 'വിദഗ്ദനായ ഒരു ഡോക്ടറുടെ സൂക്ഷ്മതയോടെയാണ് കളിക്കളത്തില് ബഷീറിന്റെ ഓപ്പറേഷന്. ശ്വാസം നിലച്ചുതുടങ്ങിയ ടീമിനെപ്പോലും ജീവിപ്പിക്കാന് ആ സ്പര്ശം ഒന്നു മതി.'
ഷട്ടില് ബാഡ്മിന്റണിലാണ് ബഷീറിന്റെ തുടക്കം. ഫുട്ബാളിലേക്ക് കൂറുമാറിയപ്പോള് സ്റ്റോപ്പര് ബാക്കിന്റെ പൊസിഷന് തിരഞ്ഞെടുത്ത ബഷീറിന് മുന്നേറ്റ നിരയിലേക്ക് സ്ഥാനക്കയറ്റം നല്കിയത് സി.പി.എം ഉസ്മാന് കോയ എന്ന മാന്ത്രിക കോച്ച്. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യ അഖിലേന്ത്യാ അന്തര് സര്വകലാശാലാ വിജയത്തില് (1971) ആ തീരുമാനം നിര്ണായകമായി. നല്ല അക്കാദമിക് റെക്കോര്ഡിന്റെ കൂടി ഉടമയായിരുന്ന വിക്ടോറിയ കോളേജ് വിദ്യാര്ഥി അധികം വൈകാതെ മെഡിക്കല് വിദ്യാഭ്യാസത്തിന്റെ പാത തിരഞ്ഞെടുക്കുകയും ചെയ്തു. ജീവിതത്തിലെ ഏറ്റവും നിര്ണായക തീരുമാനം.
ഡോക്ടര്മാരും പന്തുകളിയും തമ്മിലുള്ള സൗഹൃദത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യന് ഫുട്ബോളിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് എന്നു കൂടി അറിയുക. ഇന്ത്യ ആദ്യമായി പങ്കെടുത്ത 1948-ലെ ലണ്ടന് ഒളിമ്പിക്സില് ദേശീയ ടീമിനെ നയിച്ചത് ഒരു ഭിഷഗ്വരനായിരുന്നു. നാഗാലാന്ഡിലെ കൊഹിമ ആശുപത്രിയില് സിവില് സര്ജ്ജനായിരുന്ന ഡോ. ടാലിമെറന് ആവോ.
സ്വന്തം ബാച്ചിന്റെ സുവര്ണ്ണ ജൂബിലിയാഘോഷത്തില് പങ്കെടുക്കാന് ഷാര്ജയില് നിന്ന് കോഴിക്കോട്ടെത്തിയപ്പോഴാണ് മെഡിക്കല് കോളേജിലെ പൂര്വ വിദ്യാര്ത്ഥിയായ ബഷീര്ക്കയെ കണ്ടതും അദ്ദേഹത്തിന്റെ പാട്ട് ആസ്വദിച്ചതും. ആ സൗഹൃദ സംഗമത്തിലൊരു സംഗീത സല്ലാപത്തിന്റെ ഭാഗമാകാന് എത്തിയതായിരുന്നു ഞാന്. ജീവിതത്തില് ആദ്യമായാണ് ഇതുപോലൊരു വേദിയില് പാടുന്നത്. അതിന് രവിയും സാക്ഷിയായി എന്നത് സന്തോഷമുള്ള കാര്യം. ഷാര്ജയിലെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനായ ബഷീര്ക്ക പറഞ്ഞു. ഷാര്ജാ സ്റ്റേഡിയത്തിന് തൊട്ടടുത്താണ് ബഷീര്ക്കയുടെ വീട്. നാലു വര്ഷം മുന്പൊരു ഐപിഎല് മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല് ചലഞ്ചേഴ്സ് താരം ഡിവില്ലിയേഴ്സ് തൊടുത്ത സിക്സറുകളിലൊന്ന് വന്നു വീണത് സ്വന്തം വീട്ടുമുറ്റത്താണെന്ന് ചിരിയോടെ ബഷീര്ക്ക.
ഏത് കൊലകൊമ്പന് ഡിഫന്ഡറെയും അസാമാന്യ വേഗം കൊണ്ടും പ്രവചനാതീതമായ ശരീരചലനങ്ങള് കൊണ്ടും കബളിപ്പിക്കാന് കഴിഞ്ഞിരുന്ന കഠിനാധ്വാനിയാണ് പഴയ കളിക്കൂട്ടുകാരുടെ ഓര്മ്മയിലെ ബഷീര്. 'ഇന്റലിജന്റ് ഫുട്ബാളറായിരുന്നു. തുള്ളിതുള്ളിയുള്ള ആ ഓട്ടം കണ്ടാല് തോന്നും എളുപ്പം പിടിക്കാന് പറ്റുമെന്ന്. പക്ഷേ പറ്റില്ല. അതാണ് ബഷീര്.' പ്രീമിയര് ടയേഴ്സിലും പ്രസിഡന്റ്സ് കപ്പിനുള്ള ഇന്ത്യന് ടീമിലും ബഷീറിനൊപ്പം ഉണ്ടായിരുന്ന ഗോള്ക്കീപ്പര് വിക്ടര് മഞ്ഞിലയുടെ ഓര്മ്മ. 'പിന്നെ ഒന്നാന്തരം ഹെഡ്ഡിങ് വിദഗ്ദനായിരുന്നു. നിന്ന നില്പ്പില് ഏത് എതിരാളിയുടെയും തലയ്ക്ക് മുകളില് ഉയര്ന്നുചാടി പന്ത് നിയന്ത്രിച്ചെടുക്കും. ആകെയുള്ള പ്രശ്നം ഇടക്കിടെ പരിക്കുകളില് ചെന്ന് വീഴും എന്നതാണ്.'
കേരളം ജേതാക്കളായ 1973-ലെ സന്തോഷ് ട്രോഫിയില് തുടക്കത്തിലേ ബഷീറിന്റെ ഗതി മുടക്കിയതും പരിക്ക് തന്നെ. ഡല്ഹിക്കെതിരായ ആദ്യ മത്സരത്തില് സംഭവിച്ച മസില് പുള് ആണ് വിനയായത്. പകരം എം.ആര് ജോസഫിനെ ഇടതു വിംഗില് ഇറക്കി കോച്ച് സൈമണ് സുന്ദര്രാജ്. വലതു ഭാഗത്ത് നജീമുദ്ദീനേയും. പിന്നെയുള്ളത് ചരിത്രമാണ്.
ഒപ്പം കളിച്ചവര് പലരും ഇന്നില്ല എന്നത് ബഷീര്ക്കയെ ദുഖിപ്പിക്കുന്ന കാര്യം. 'കളിക്കളത്തില് വിയര്പ്പൊഴുക്കിയിരുന്ന കാലം വിദൂര സ്മരണയാണ് എനിക്ക്. നിങ്ങളെപ്പോലുള്ളവരുമായി സംസാരിക്കുമ്പോഴാണ് അങ്ങനെയും ഒരു കാലമുണ്ടായിരുന്നു ജീവിതത്തില് എന്നോര്ക്കുക...'
Content Highlights: Discover the incredible story of Dr. M.I. Muhammad Basheer, a brilliant doctor and a legendary footballer from Kerala, hailed as our generation`s `own Messi`.
Published: 04 Dec 2025, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented