ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തെ പോരാട്ടവീര്യത്തിന്റെ പ്രതീകങ്ങളിലൊരാളാണ് വിരമിക്കൽ പ്രഖ്യപിച്ച ദീപാ കർമാക്കർ. ഏറെ പ്രതിസന്ധികൾ തരണംചെയ്താണ് ദീപ ഇന്ത്യൻ ജിംനാംസ്റ്റിക്‌സിൽ മറ്റാരും സ്വന്തമാക്കിയിട്ടില്ലാത്ത ഉയരങ്ങൾ കീഴടക്കിയത്.

To advertise here,

ത്രിപുര അഗർത്തല സ്വദേശിയായ ദീപ ആറാം വയസ്സിൽ പരിശീലനം തുടങ്ങിയിരുന്നു. കാലിലെ വൈകല്യം (പലകക്കാൽ) കാരണം ജിംനാസ്റ്റിക്‌സിൽ ദീപയ്ക്ക് തിളങ്ങാൻ കഴിയില്ലെന്നായിരുന്നു പരിശീലകരുടെ വിലയിരുത്തൽ. എന്നാൽ, കഠിനപരിശീലനത്തിലൂടെ പരിമിതി മറികടക്കാൻ ദീപയ്ക്ക് കഴിഞ്ഞു. 2008-ൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണംനേടി വരവറിയിച്ച ദീപ പിന്നീട് തിരിഞ്ഞുനോക്കിയില്ല.

2014-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയതോടെ അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2015-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലം സ്വന്തമാക്കി. ഈ നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി.

ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻതാരമെന്ന നേട്ടം 2016-ൽ റിയോയിൽ ദീപ സ്വന്തമാക്കി. നിർഭാഗ്യംകൊണ്ട് മെഡൽ നഷ്ടമായെങ്കിലും റിയോയിൽ പുറത്തെടുത്ത പോരാട്ടവീര്യം ദീപയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. മെഡലിനായി അപകടംപിടിച്ച പ്രൊഡുനോവ വോൾട്ടിൽ പ്രകടനം നടത്താൻ ദീപ തയ്യാറായി. ഒന്നുപിഴച്ചാൽ താഴെവീണ് കഴുത്തിനു പരിക്കേറ്റ് മരണംവരെ സംഭവിക്കാൻ ഇടയുള്ളതാണ് പ്രൊഡുനോവ വോൾട്ട്. ലോകത്ത് പ്രൊഡുനോവ വോൾട്ട് വിജയകരമായി പൂർത്തിയാക്കിയ അഞ്ചുതാരങ്ങളിൽ ഒരാളാവാൻ ദീപയ്ക്ക് കഴിഞ്ഞു. മൊത്തം 15.066 പോയിന്റ് നേടിയ ദീപയ്ക്ക് 0.15 പോയിന്റ് വ്യത്യാസത്തിൽ വെങ്കലം നഷ്ടമായി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2018-ലെ ഏഷ്യൻഗെയിംസിൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ദീപയ്ക്ക് വലതുകാൽമുട്ടിന് പരിക്കേറ്റു. ദീർഘകാലചികിത്സയ്ക്കുശേഷമാംണ് തിരിച്ചെത്തിയത്. 2023 ഫെബ്രുവരിയിൽ ഉത്തേജകൗഷധ പരിശോധനയിൽ പരാജയപ്പെട്ട ദീപയ്ക്ക് 21 മാസത്തെ വിലക്കുലഭിച്ചിരുന്നു. എന്നാൽ, തിരിച്ചെത്തിയ താരം മേയിൽ താഷ്‌കന്റിൽനടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണംനേടി വിമർശകർക്ക് മറുപടിനൽകി. എന്നാൽ, ഫോമിൽ തിരിച്ചെത്തിയശേഷമുള്ള വിരമിക്കൽ തീർത്തും അപ്രതീക്ഷിതമായി.