
രണ്ട് 'വൃദ്ധപ്പട'കൾ തമ്മിലുള്ള മത്സരം... ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയെ (ബോർഡർ ഗാവസ്കർ ട്രോഫി) ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ കഴിയില്ല. ഓസ്ട്രേലിയ 3-1ന് പരമ്പര സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ പോലെ തന്നെ ഒരു ''വൃദ്ധസദന''മാണ് ഓസീസും. ഈ പരമ്പര എന്തോ മഹത്തായ സംഭവമാണെന്ന് മേനിപറച്ചൽ പൊളിഞ്ഞുവീണു. ഇന്ത്യയുടെ ദയനീയ പരാജയത്തിന് ലളിതമായ കാരണങ്ങൾ കണ്ടെത്തി തൃപ്തിയടയുകയാണ് പണ്ഡിതരും പാമരരുമായ ക്രിക്കറ്റ് പ്രേമികൾ. പക്ഷേ യാഥാർത്ഥ്യം എന്താണ് ?
1. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതിക തികവ് രണ്ട് ടീമിനും ഇല്ല
2. പേസ് പരീക്ഷണത്തിൽ പുറംപൂച്ച് പുറത്തായ വിരാട് കോഹ്‍ലി
3. വൃദ്ധജന നിബിഡമായ ഇരു ടീമുകളും
4. കൃത്യമായി മുന്നൊരുക്കമില്ലാത്ത പരമ്പരയെ സമീപിച്ച ഇന്ത്യ
5. പണക്കൊഴുപ്പിൽ ക്രിക്കറ്റിനെ മറക്കുന്ന ബി.സി.സി.ഐ
ഫലമുണ്ടായ നാല് മത്സരങ്ങളും മാർജിൻ കണക്കാക്കിലായറിയാം എത്രത്തോളം സ്ഥരിതയില്ലാതെയാണ് ഇന്ത്യയും ഓസ്ട്രേലിയയും കളിച്ചതെന്ന്. പെർത്തിൽ ഇന്ത്യ ജയിച്ചത് 295 റൺസിന്. അഡ്‍ലെയ്‍ഡിൽ ഓസ്ട്രേലിയ ജയിച്ചത് 10 വിക്കറ്റിന്. മെൽബണിൽ ഓസ്ട്രേലിയ ജയിച്ചത് 184 റൺസിന്! സിഡ്‍നിയിൽ ഓസ്ട്രേലിയ ജയിച്ചത് ആറ് വിക്കറ്റിന്. ഇരു ടീമുകളും കളിച്ച 20 ഇന്നിങ്സുകളിൽ സ്കോർ 300 റൺസ് കടന്നത് നാല് തവണ മാത്രം! തുടക്കത്തിൽ ആധിപത്യം ഉറപ്പിക്കുന്ന ടീം ജയിക്കുന്നു. പ്രതിരോധിക്കാനോ തിരിച്ചടിക്കാനോ പതറുന്ന ടീമിന് കഴിയുന്നില്ല.
ബൗളർമാരെ നിർവീര്യരാക്കുന്ന നിയമങ്ങളുടെ പിന്തുണയോടെ, ചതഞ്ഞ പിച്ചുകളിലും ടി-20യിൽ ബാറ്റർമാർ അടിച്ചു കസറുന്നതു പോലെയല്ല ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ്. അത് ബാറ്ററുടെ സാങ്കേതിക തികവിന്റെ പരീക്ഷണമാണ്. മനോബലത്തിന്റെയും ക്ഷമയുടെയും ബലപരീക്ഷണമാണ്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ഏതൊക്കെ സ്ട്രോക്കുകൾ കളിക്കാം എന്ന് യുക്തിപൂർവ്വം തിരഞ്ഞെടുക്കേണ്ട അവസരമാണ്. അവിടെ രണ്ടു ടീമുകളും പരാജയപ്പെട്ടു. നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാതിരുന്ന രണ്ട് ടീമുകൾ തമ്മിലുള്ള മത്സരത്തിൽ അൽപം ബുദ്ധികാണിച്ച ഓസ്ട്രേലിയ ജയിച്ചു. അത്രമാത്രം. പരമ്പര ജയിച്ച ഓസ്ട്രേലിയയ്ക്ക് ജസ്പ്രീത്ത് ബുംറയുടെ പന്തുകൾക്ക് പലപ്പോഴും മറുപടിയുണ്ടായിരുന്നില്ല. അവസാന ടെസ്റ്റിന്റെ അവസാന ഇന്നിങ്സിൽ ബുറ ഉണ്ടായിരുന്നെങ്കിൽ എന്തും സംഭവിക്കാമായിരുന്നു. അത്രത്തോളം ദുർബലരും സ്ഥിരതയില്ലാത്തവുരമായിരുന്നു ഓസീസും.
സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷമുണ്ടായ ക്രിക്കറ്റ് അവതാമെന്നോ, സച്ചിനേക്കാൾ കേമൻ എന്നോ അയുക്തമായി വാഴ്ത്തപ്പെട്ട വിരാട് കോലി യഥാർത്ഥ പരീക്ഷണത്തിൽ തോറ്റ പരമ്പരയായിരുന്നു ഇത്. ഓഫ്സ്റ്റമ്പിന് പുറത്ത് തുടക്കകാലം മുതൽതന്നെ വിരാട് കോലി ദുർബലനാണ്. പന്ത് വേണ്ടത്ര സിങ് ചെയ്യാത്ത, ബൗൺസ് കുറഞ്ഞ ഇന്ത്യൻ പിച്ചുകളിൽ, ഇടത് കാൽ അമിതമായി നീട്ടിവെച്ച് കവർ ഡ്രൈവ് ചെയ്യാൻ എളുപ്പമാണ്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച് ബൗളർമാരുടെ മേൽ ആധിപത്യം പുലർത്തുന്നതുകൊണ്ട് കോലിയുടെ ഈ പോരായ്മ കരിയറിലുടനീളം പരീക്ഷിക്കപ്പെട്ടില്ല.
മൂടിവെയ്ക്കപ്പെട്ട കോലിയുടെ ''ഓഫ്സൈഡ് ദൗർബല്യം'' വല്ലപ്പോഴെങ്കിലും പുറത്തുകൊണ്ടുവന്നത് ജെയിംസ് ആന്റേഴ്സണാണ്. മറ്റ് ബൗളർമാർക്ക് ഈ ദൗർബല്യത്തെ ചൂഷണം ചെയ്യാനുള്ള വിവേകം ഉണ്ടായിരുന്നില്ല, ഓസ്ട്രേലിയൻ ബൗൾമാർക്ക് പോലും. എന്നാൽ പാറ്റ് കമ്മിൻസ് എന്ന ഓസ്ട്രേലിയൻ ബൗളിങ് ക്യാപ്റ്റന്, ഇക്കുറി കോലിയുടെ പൂച്ച് പുറത്താക്കാനായി. എട്ട് ഇന്നിങ്സിലും ഓഫ്സ്റ്റമ്പിന് പുറത്ത് ബാറ്റ് വെച്ചാണ് കിങ് കോഹ്‍ലി പുറത്തായത്. ഇത് പരിഹരിക്കാനായി എഴുന്നള്ളിക്കപ്പെട്ട 'തിയറി'യാണ് രസകരം. മുൻപൊരിക്കിൽ ഓസ്ട്രേലിയയിൽ സച്ചിൻ ടെണ്ടുൽക്കർ ബോധപൂർവ്വം ഒഴിവാക്കിയ കവർ ഡ്രൈവിന്റെ കഥാണ്. പക്ഷേ സച്ചിന് കവർ ഡ്രൈവിന് പകരം കളിക്കാൻ ബാക്ക്ഫൂട്ടിലുള്ള ജാബ്, സ്ക്വയർക്കട്ട്, അപ്പർകട്ട്, പന്ത് സ്റ്റിയർ ചെയ്യാനുള്ള ചെയ്യാനുള്ള മികവ് എന്നിവ ഉണ്ടായിരുന്നു എന്ന് ഓർക്കുക.
ഈ പരമ്പര നൽകുന്ന മറ്റൊരു അപകടകരമായ മുന്നറിയിപ്പ്, രണ്ടു ടീമുകളുടെയും ടെസ്റ്റ് ക്രിക്കറ്റ് ഭാവിയെ കുറിച്ചാണ്. ഒരു ക്രിക്കറ്ററുടെ മികവിന്റെ കാലം പരിഗണിക്കുകയാണെങ്കിൽ ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ പങ്കെടുത്ത ഇരു ടീമുകളേയും ''വയോജന കൂട്ടായ്മ'' എന്ന് വിശേഷിപ്പിക്കാം എന്നതാണ്. യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരടങ്ങിയ ഇന്ത്യൻ മുൻനിര ബാറ്റർമാരുടെ ശരാശരി പ്രായം 30 വയസ്സാണ്. ജസ്പ്രീത് ബുംറ, ആകാശ്‍ദീപ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവരടങ്ങിയ ഇന്ത്യൻ ബൗളിങ് നിരയുടെ ശരാശരി പ്രായം 28 വയസ്സാണ്.

വിരമിച്ച ഓപ്പണർ ഡേവിഡ് വാർണറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല. സ്റ്റീവ് സ്മിത്ത് വിരമിച്ചാൽ പിന്നെ ആര്? ലുബുഷെയ്‍നിന് ഇനി എത്രകാലം ബാക്കിയുണ്ട് ? ട്രാവിസ് ഹെഡ്ഡിന് പ്രായം 30 കഴിഞ്ഞു. അവരുടെ ബൗളിങ് നിരയുടെ ഭാവിയാണ് ഇതിലധികം ആശങ്കയുളവാക്കുന്നത്. കഴിഞ്ഞ് ആറേഴ് വർഷത്തിനിടയിൽ പ്രതിഭ തെളിയിച്ച് ടീമിൽ ഇടം നേടിയ ഒരു യുവ പേസ് ബൗളറോ സ്പിൻ ബൗളറോ ഓസ്ട്രേലിയക്കില്ല. രണ്ടുമൂന്നു വർഷത്തിനിടെ ഇപ്പോഴുള്ളവർ വിരമിച്ചാൽ എന്താവും ഓസീസിന്റെ ബൗളിങ് നിലവാരം. എൺപതുകളുടെ തുടക്കത്തിൽ ഗ്രെഗ് ചാപ്പൽ, ഡെന്നീസ് ലില്ലി, റോഡ്‍ണി മാർഷ് തുടങ്ങിയവർ പൊടുന്നനെ വിരമിച്ചപ്പോൾ അവർക്ക് സംഭവിച്ച വീഴ്ച്ചാണ് ഓർമ്മ വരുന്നത്.
ഇനി ഇന്ത്യൻ മുന്നൊരുക്കത്തിന്റെ കാര്യം. ഓസ്ട്രേലിയൻ ബൗളിങ്ങിനെ ഫലപ്രമായി നേരിടാൻ മുൻപ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി, 2003-ലെ പരമ്പയ്ക്ക് ഒരു മാസം മുൻപ് അവിടെത്തി പരിശീലനവും നടത്തിയതാണ് ഇപ്പോൾ ഓർമവരുന്നത്. ഓസ്ട്രേലിയയിലേക്ക് പര്യടനത്തിന് പോകുംമുൻപ് ഇന്ത്യൻ ടീം, ഓസീസിലെ സാഹര്യം നേരിടാൻ പാകത്തിൽ സവിശേഷമായ മുന്നൊരുക്കം നടത്തിയോ? ഇല്ല. വേണ്ടത്ര സന്നാഹ മത്സരങ്ങൾ ഓസ്ട്രേലിയയിൽ വെച്ച് കളിച്ചോ? ഇല്ല.
രോഹിത് ശർമയുടെ നല്ലകാലം കഴിയുന്നു എന്നത് ശരിതന്നെ. പക്ഷേ ക്യാപ്റ്റനെ മാറ്റിയതുകൊണ്ട് തീരുന്നതാണോ പ്രശ്നം? രോഹിത് ശർമ ഇല്ലാതെ കളിച്ച അവസാന ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ്ങിൽ എന്തെങ്കിലും മാറ്റമുണ്ടായോ? നിലവാരമുള്ള പേസ് ബൗളിങ്ങിനെ നേരിടാൻ കഴിയാത്ത ടീമിലെ ക്യാപ്റ്റൻ മാത്രം നന്നായി കളിച്ചാൽ തീരുന്നതാണോ പ്രശ്നങ്ങൾ? ന്യൂസിലണ്ടിനെതിരായ പരമ്പരയിലെ കനത്ത തോൽവി ചിലസൂചനകൾ നൽകിയിരുന്നു. അതൊന്നും മനസ്സിലാക്കാനുള്ള പരിതസ്ഥതിയിലല്ല ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്. ഐ.പി.എല്ലും അതിന്റെ പ്രേരണയിൽ കൊഴുക്കുന്ന ടി-20 സംസ്കാരം, ഫ്രാഞ്ചെയ്‍സി ക്രിക്കറ്റിന്റെ പണക്കൊഴുപ്പ്, ഇന്ത്യയിലെ ''പാട്ടപ്പിച്ചുകളിൽ'' തകർത്ത് ബാറ്റ് ചെയ്ത് തിണ്ണമിടുക്ക് കാട്ടി സ്വയം വഞ്ചിതരാകുന്ന താരങ്ങൾ. ഇതിന്റെയൊക്കെ ആകെ തുകയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ.
വിരാട് കോഹ്‍ലി അവസാനമായി ഒരു രഞ്ജി ട്രോഫി മത്സരം കളിച്ചത് 2012-ലാണ്. 13 വർഷം മുൻപ്. രോഹിത് ശർമ്മ അവസാനമായി രഞ്ജി ട്രോഫി കളിച്ചത് 2015-ലാണ്. 10 വർഷം മുൻപ്. നമ്മുടെ ക്രിക്കറ്റ് സംവിധാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഇതിൽനിന്നുതന്നെ മനസ്സിലാക്കാം. ഉത്തരവാദിത്വം കോച്ചിന്റെയോ ക്യാപ്റ്റന്റെയോ തലയിൽ മാത്രം കെട്ടിവെച്ച് ഓസ്ട്രേലിയയിലെ ദാരുണപ്രകടനം നാം മറക്കും. താമസിയാതെ ഐ.പി.എൽ കാലം എത്തും. ഓസ്ട്രേലിയിൽ നാണംകെട്ട നമ്മുടെ സൂപ്പർ താരങ്ങൾ പൊടുന്നനെ സൂപ്പർതാര പദവികളിലേക്ക് ആഘോഷിക്കപ്പെടും. ഇവരുടെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച കമന്റേറ്റർമാരായ മുൻ താരങ്ങൾ, എല്ലാം മറന്ന് വാഴ്ത്തുമൊഴികൾ ചൊരിയും. ദീപസ്തംഭം മഹാശ്ചര്യം നമുക്കം കിട്ടണം പണം.
Content Highlights: Border Gavaskar Trophy India Australia Test Cricket Series
Published: 06 Jan 2025, 10:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented