
അക്ഷര്‍ പട്ടേലിന് ഒരു വിളിപ്പേരുണ്ട്. ബാപ്പു. മഹേന്ദ്ര സിങ് ധോനിയാണ് ആ പേര് ആദ്യം വിളിച്ചുതുടങ്ങിയത്. അതില്‍പ്പിന്നെ ടീമംഗങ്ങള്‍ക്കെല്ലാം അക്ഷര്‍ 'ബാപ്പു'വായി. സ്റ്റമ്പിന് പിറകില്‍നിന്ന് ഋഷഭ് പന്ത് ഇടയ്ക്ക് 'ജയസൂര്യ' എന്നും വിളിക്കാറുണ്ട്. അത് ചെറുപ്പത്തില്‍ രാപ്പകല്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്നതുകണ്ട് നാട്ടുകാരിട്ട പേരാണ്. അന്ന് സനത് ജയസൂര്യ കത്തിനില്‍ക്കുന്ന സമയമാണല്ലോ. അതുകൊണ്ട് നാട്ടുകാര്‍ അവനെ 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' സ്റ്റൈലില്‍ 'നഡിയാദിലെ ജയസൂര്യ' എന്നു വിളിച്ചു.
'ജയസൂര്യ' എന്നത് കഠിനപ്രയത്നത്തിന് നാട്ടുകാരിട്ട അലങ്കാരപ്പേരാണെന്നു വയ്ക്കാം. പക്ഷേ, ബാപ്പുവെങ്ങനെ വന്നു? അതിന് അക്ഷര്‍ വരുന്ന നാടേതാണെന്നറിയണം. ഗുജറാത്താണ് സ്വദേശം. യുഗപുരുഷനായ മഹാത്മാഗാന്ധിയുടെ നാട്. ഗാന്ധിയെ 'ബാപ്പു' എന്നായിരുന്നല്ലോ സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്. അതനുകരിച്ച്, ഗാന്ധിയുടെ നാട്ടുകാരനെ ഇന്ത്യന്‍ ടീമംഗങ്ങളും വിളിച്ചു: 'ബാപ്പു'. പക്ഷേ, ഗാന്ധിയെപ്പോലെ അഹിംസാവാദിയാണെന്നൊന്നും വിചാരിക്കരുത്. ഇംഗ്ലീഷുകാരെ സെമിഫൈനലില്‍ അത്രയും നിഷ്ഠൂരമായാണ് നേരിട്ടത്.
മറക്കരുത്, ആ ക്യാച്ച്
1999 ലോകകപ്പ് സൂപ്പർ 6 മത്സരം. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പോരാട്ടം. അന്ന് തന്റെ ക്യാച്ച് വിട്ട ഹര്‍ഷല്‍ ഗിബ്സിനോട് സ്റ്റീവ് വോ പറഞ്ഞത്രേ, നീയാ വിട്ടുകളഞ്ഞത് ലോകകപ്പാണ്! പിന്നീടായിരുന്നു ദക്ഷിണാഫ്രിക്ക കണ്ണീരുകുടിച്ച നിരവധി സെമി പോരാട്ടങ്ങളിലൊന്ന് അരങ്ങേറിയത്. മുന്‍പ് മലയാളി താരം ശ്രീശാന്ത് പിടിച്ചുലച്ചത് പാകിസ്താന്റെ ലോകകപ്പ് മോഹത്തെയാണ്. ശനിയാഴ്ച സൂര്യകുമാര്‍ യാദവ്, ബൗണ്ടറി ലൈനരികില്‍വെച്ച് പിടിച്ച് എറിഞ്ഞ് വീണ്ടും പിടിച്ചതും ലോകകപ്പ് തന്നെ. പക്ഷേ, ഫൈനലിലേക്ക് ഇന്ത്യയെ വഴിനടത്തിയ മറ്റൊരു പിടിത്തമുണ്ട്. ഡീപ് വിക്കറ്റില്‍ അക്ഷര്‍ പട്ടേല്‍ നടത്തിയ ഒറ്റക്കൈ ക്യാച്ച്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ സ്വഭാവം മാറ്റിയത് ആ ക്യാച്ചായിരുന്നു. അതിന്റെകൂടി ആനുകൂല്യത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ക്യാച്ചുകൊണ്ട് എങ്ങനെ കളി പിടിക്കാമെന്ന് സൂര്യകുമാറിനു മുന്‍പേ അക്ഷര്‍ അന്ന് കാണിച്ചതാണ്. സെന്റ് ലൂസിയയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ബലാബലം നില്‍ക്കുമ്പോഴാണ് ആ വിക്കറ്റ് വീഴുന്നത്.
ഇന്ത്യ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 48 പന്തില്‍ 81 റണ്‍സുമായി ക്രീസില്‍ കത്തിനില്‍ക്കുന്ന സമയം. മത്സരത്തിലെ ഓസീസിന്റെ ഏറ്റവും വലിയ കൂട്ടുകെട്ട്. കളി ഇന്ത്യന്‍ പക്ഷത്തുനിന്ന് പതിയെപ്പതിയെ നീങ്ങിപ്പോകുന്നുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്.
ഒന്‍പതാം ഓവറില്‍ കുല്‍ദീപ് യാദവ് പന്തെറിയാനെത്തുന്നു. മിഡ് വിക്കറ്റിലൂടെ സിക്സ് ലക്ഷ്യമാക്കി മാര്‍ഷ് കുല്‍ദീപിനെ ഒന്ന് കുടഞ്ഞു. പക്ഷേ, ഡീപ് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ചിരുന്ന അക്ഷര്‍, അതിന്റെ വിധി മറ്റൊന്നാക്കി. സിക്സിലേക്ക് കുതിച്ച പന്ത് ഓണ്‍ എയറില്‍ ഒറ്റക്കൈ കൊണ്ട് അക്ഷര്‍ പിടിച്ചുനിര്‍ത്തി. മാര്‍ഷ് പുറത്ത്. അക്ഷറിന് അത്ര തഴക്കമില്ലാത്ത വലതുകൈകൊണ്ടായിരുന്നു ആ അഭ്യാസമെന്നുകൂടി ഓര്‍ക്കണം. ഒരുപക്ഷേ, അക്ഷറിന്റെ ആ ക്യാച്ചില്ലായിരുന്നെങ്കില്‍, കളി ഓസ്ട്രേലിയ ജയിച്ചേനെ. ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും ഒരുമിച്ചുവരുന്ന സാഹചര്യമുണ്ടായേനെ.
ഇംഗ്ലീഷുകാരെ വിറപ്പിച്ച ബാപ്പു
ലോകകപ്പിലെ ഇന്ത്യയുടെ യഥാര്‍ഥ ബലപരീക്ഷണമായി വിലയിരുത്തപ്പെട്ടത് ഓസ്ട്രേലിയക്കെതിരായ മത്സരമായിരുന്നല്ലോ. അതില്‍ത്തന്നെ 'വിന്നിങ് മൊമന്റ്' ആയത് അക്ഷറിന്റെ ക്യാച്ചായിരുന്നു. ടൂര്‍ണമെന്റിലെതന്നെ മികച്ച ക്യാച്ചായി അത് വിലയിരുത്തപ്പെട്ടു. അതോടെ അക്ഷര്‍ ആരാധകരുടെ ശ്രദ്ധയില്‍ 'പിടിച്ചു'കയറി.

പിടിച്ചുകയറിയത് പെട്ടെന്ന് ഇറങ്ങാനായിരുന്നില്ല. അടുത്ത കളി ഇംഗ്ലണ്ടിനെതിരേ സെമി ഫൈനല്‍. അക്ഷറിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പവര്‍പ്ലേയില്‍ പന്തെറിയാന്‍ കൊണ്ടുവരുന്നു. അക്ഷറിനെ പന്തേല്‍പ്പിക്കുന്നതിനു മുന്‍പുള്ള ക്രീസിലെ സ്ഥിതിഗതി പറയാം. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ക്യാപ്റ്റന്‍ ജോസ് ബട്ലറുമാണ് ബാറ്റിങ്ങിലുള്ളത്. ബട്ലര്‍ 15 പന്തില്‍ 23 റണ്‍സുമായി ഞെരിപ്പന്‍ ഫോമില്‍. ബട്ലറിന്റെ ഫോമില്‍ ഇന്ത്യ വല്ലാതെ ഭയപ്പെട്ടതാണ്. എന്തെന്നാല്‍ രണ്ടുവര്‍ഷംമുന്‍പ് നടന്ന 2022 ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ മുറിവേല്‍പ്പിച്ചുവിട്ടത് ഇതേ ബട്ലറായിരുന്നു. വീണ്ടുമൊരു സെമി ഫൈനലില്‍ അതിന്റെ തനിയാവര്‍ത്തനം സംഭവിക്കുന്നതോര്‍ത്ത് പേടിച്ചു.
പക്ഷേ, ഒന്നും സംഭവിച്ചില്ല. അക്ഷര്‍ വരുന്നു, ആദ്യ പന്തില്‍ത്തന്നെ ബട്ലറെ പുറത്താക്കി അപകടമൊഴിവാക്കുന്നു. അനാവശ്യ ഷോട്ടിന് ശ്രമിച്ച് പന്തിന്റെ കൈകളിലേക്ക്. അടുത്ത ഓവറിന് അക്ഷര്‍ വീണ്ടുമെത്തുന്നു, ജോണി ബെയര്‍സ്റ്റോയെയും തിരികെയയക്കുന്നു. മൂന്നാം ഓവറില്‍ മോയിന്‍ അലിയെയും പറഞ്ഞയച്ചു. അതോടെത്തന്നെ ഇംഗ്ലണ്ടിന്റെ വീര്യം കെട്ടു. പിന്നീട് കുല്‍ദീപ് യാദവും കൂടെ മൂന്ന് വിക്കറ്റ് നേടിയതോടെ ഇന്ത്യ ഫൈനലിലേക്ക്.
അയ്യോ! അടുത്തതോ, ഞാനോ!
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍. പവര്‍പ്ലേയില്‍തന്നെ ഇന്ത്യ തകര്‍ന്നുനില്‍ക്കുന്നു. അഞ്ചോവറിനിടെ മൂന്ന് വിക്കറ്റ് വീണു. എട്ടാമനായാണ് ക്രീസിലെത്തേണ്ടതെന്നതിനാല്‍ അക്ഷര്‍ പട്ടേല്‍ അവിടെ കാര്യമായിട്ടുള്ള മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇരിക്കുകയാണ്. പെട്ടെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വന്ന് പാഡണിയാന്‍ പറയുന്നത്. ബാറ്റിങ്ങിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്നേതന്നെ അക്ഷറിന് ക്രീസിലിറങ്ങേണ്ടിവന്നു.
അതായത്, തുടക്കത്തില്‍ത്തന്നെ മൂന്ന് വിക്കറ്റ് വീണ ഇന്ത്യയെ നാലാം വിക്കറ്റില്‍ കൈപ്പിടിച്ചുയര്‍ത്തേണ്ട ചുമതല സ്വാഭാവികമായും ശിവം ദുബെയിലോ ജഡേജയിലോ ഹാര്‍ദിക്കിലോ ഒക്കെ ആണല്ലോ വരിക. അന്നേരത്ത് അവര്‍ ആ ഉത്തരവാദിത്വത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനിടിച്ച് ഇരിക്കുകയായിരിക്കും. ഇവരൊക്കെ കഴിഞ്ഞിട്ടല്ലേ ഞാനങ്ങോട്ട് പോകേണ്ടതുള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന അക്ഷര്‍ പട്ടേലിന് അങ്ങനെയൊരു ടെന്‍ഷനേ ഉണ്ടാവില്ല.
ആ ടെന്‍ഷനില്ലായ്മയെ മുതലെടുക്കുക എന്നതായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ ഉദ്ദേശ്യം. മൂന്നാംവിക്കറ്റ് പോവുന്ന മുറയ്ക്ക്, പെട്ടെന്ന് പാഡിട്ട് ഇറങ്ങാന്‍ അക്ഷറിന് രാഹുല്‍ കല്‍പന നല്‍കി. ബാറ്റിങ്ങിനെക്കുറിച്ച് ചിന്തിക്കുകയേ ചെയ്യാതിരുന്ന അക്ഷര്‍ അങ്ങനെ ക്രീസിലെത്തി. ടെന്‍ഷനില്ലാത്തതിനാല്‍ മൂന്ന് വിക്കറ്റ് വീണ ടീമിന്റെ ഭാവഭേദങ്ങളൊന്നുമില്ലാതെ അക്ഷര്‍ ബാറ്റുവീശി. അത് മറുപുറത്ത് വിരാട് കോലിക്കുകൂടി ഊര്‍ജം പകരാന്‍ കാരണമായി. ഫൈനലിലെ കോലിയെ വാഴ്ത്തുപാട്ടുകളോടെ ആഘോഷിക്കുമ്പോള്‍, ആ സാഹചര്യം ഒരുക്കിക്കൊടുത്ത അക്ഷര്‍ പട്ടേലിനെയും അതേ നിലവാരത്തില്‍ ആഘോഷിക്കണം.
ഏതായാലും രാഹുല്‍ ദ്രാവിഡിന്റെ ആ തന്ത്രമാണ് ഇന്ത്യയെ ഫൈനല്‍ ജയിപ്പിച്ചത്. അക്ഷറായിരുന്നില്ല ആ സ്ഥാനത്ത് ഇറങ്ങിയിരുന്നതെങ്കില്‍, ഒരുപക്ഷേ, ഇന്ത്യന്‍ സ്‌കോര്‍ 150 പോലും കടക്കുമായിരുന്നോ എന്ന് സംശയമാണ്. കോലിക്ക് തന്റെ സ്വതസിദ്ധമായ ശൈലി സ്വീകരിക്കാനും സാധിക്കില്ലായിരുന്നു. ഇടംകൈയന്‍ ക്രീസിലെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകളും തെറ്റി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, തബ്രീസ് ഷംസി, റബാദ എന്നിവരെയെല്ലാം ബൗണ്ടറി കടത്തി അക്ഷര്‍ ഇന്ത്യയെ ഭദ്രമാക്കി. കോലിക്കൊപ്പം ചേര്‍ന്ന് 54 പന്തില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാംവിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സായിരുന്നു അക്ഷറിന്റെ സമ്പാദ്യം. ഒടുവില്‍ അനാവശ്യമായ റണ്ണൗട്ടിൽ ആ സുന്ദര ഇന്നിങ്‌സ് അവസാനിച്ചു.
ഓസ്‌ട്രേലിയയെ ക്യാച്ചുകൊണ്ടും ഇംഗ്ലണ്ടിനെ പന്തുകൊണ്ടും ദക്ഷിണാഫ്രിക്കയെ ബാറ്റുകൊണ്ടും തകര്‍ത്തുകൊണ്ട് ഒന്നാന്തരം ഓള്‍റൗണ്ടറാവാന്‍ അക്ഷറിന് കഴിഞ്ഞു. പക്ഷേ, സെമി ഫൈനലിലെ ഏറെ പ്രസിദ്ധിയാര്‍ജിച്ച ബൗളിങ് അനുഭവത്തിന്റെ നേരെ തിരിച്ചായിരുന്നു ഫൈനലില്‍ സംഭവിച്ചത്. അത് അക്ഷര്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ലായിരിക്കാം. അക്ഷറിന്റെ ഒരോവറില്‍ ഹെയ്ന്‍ റിച്ച് ക്ലാസന്‍ അടിച്ചെടുത്തത് 24 റണ്‍സാണ്. നാലോവറില്‍ വഴങ്ങിയതാവട്ടെ 49 റണ്‍സ്. ബാറ്റുചെയ്തപ്പോള്‍ എടുത്തതൊക്കെ കൊടുക്കുകയും ചെയ്തു.
പക്ഷേ, അക്ഷറിനെ തൂക്കിപ്പറത്തിയ ക്ലാസന്റെ ആ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഫൈനല്‍ ഫൈനലാവുമായിരുന്നില്ല. ഒരു കലാശക്കളിക്കുവേണ്ട വീറും വാശിയും ഉദ്വേഗജനകമായ നിമിഷങ്ങളുമൊക്കെ ജീവന്‍വെപ്പിച്ച ആ ഓവറിന് നന്ദി പറയണം (കളി നമ്മള്‍ ജയിച്ച സ്ഥിതിക്ക്). കളി രണ്ടുവശത്തേക്കും ചാഞ്ഞുനിന്ന ആ നേരം. അവിടെ ബുംറയും ഹാര്‍ദിക്കും സൂര്യകുമാറും രോഹിത്തിന്റെ തന്ത്രങ്ങളും ജഡേജയുടെ ഫീല്‍ഡുമെല്ലാം ഒത്തുചേര്‍ന്നതോടെ അന്തിമ ഫലം ഇന്ത്യക്കൊപ്പം നിന്നു. 17 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടി20 ലോകകപ്പ് ഇതാ വീണ്ടും ഇവിടെ... അതുകൊണ്ട് അക്ഷര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ക്കൂടിയും, ഫൈനലിനെ ത്രില്ലിങ് അനുഭവമാക്കിത്തന്ന ആ ആറുബോള്‍ മറക്കാനാവില്ല.

ഓള്‍ ഇന്‍ ഓള്‍ അക്ഷര്‍
അക്ഷര്‍ എങ്ങനെയാണ് ഈ ടി20 ലോകകപ്പ് ടീമിലേക്ക് വരുന്നതെന്ന് ഓര്‍ക്കുന്നുണ്ടോ? ഇക്കഴിഞ്ഞ ഐ.പി.എല്‍. സീസണ്‍ വരെ ആരുടെയും സ്‌ക്വാഡ് പ്രവചനങ്ങളില്‍ അക്ഷര്‍ ഇല്ല. ഐ.പി.എല്‍. തുടങ്ങിയതോടെ ടീം ലൈനപ്പ് മാറി. മികച്ച പ്രകടനം പുലര്‍ത്തിയ അക്ഷറും സഞ്ജുവും ദുബെയുമൊക്കെ ടീമിലെത്തി. അതില്‍ ദുബെ ഏറക്കുറെ തിളങ്ങിയില്ല. സഞ്ജുവിന് അവസരം കിട്ടിയതുമില്ല. അക്ഷര്‍ പക്ഷേ, ഈ ലോകകപ്പില്‍ കാണിച്ച മാസ്മരിക പ്രകടനങ്ങള്‍ക്ക് ഈ രാജ്യം എന്നും കടപ്പെട്ടിരിക്കും.
ബുംറയില്ലായിരുന്നെങ്കില്‍, ഈ ലോകകപ്പിലെ താരം അക്ഷറാവുമായിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ബുംറയ്ക്കും അപ്പുറം കടന്ന് അയാളെ പ്രകീര്‍ത്തിക്കുന്നവരുണ്ട്. ഏതായാലും ഒരുകാര്യം ഉറപ്പിച്ചുപറയാനാവും. ചാമ്പ്യന്മാരാവാന്‍ ഉദ്ദേശിക്കുന്ന ഒരു ടീമിന് ഇങ്ങനെയൊരാള്‍ വലിയ മുതല്‍ക്കൂട്ടാണ്. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയയാള്‍. ന്യൂയോര്‍ക്കിലെ വരണ്ട പിച്ചിലും അയാള്‍ കാണിച്ച സ്പിന്‍ മാന്ത്രികത, സെന്റ് ലൂസിയയിലെ ആ പറന്നുപിടിത്തം, ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്, ഒടുക്കം ബാര്‍ബഡോസിലെ ബാറ്റിങ് പവര്‍... ഓള്‍റൗണ്ടര്‍ എന്ന് അക്ഷരം പിഴക്കാതെ വിളിക്കാം അക്ഷറിനെ. ഇത്രയുംകാലം രവീന്ദ്ര ജഡേജയ്ക്കു പിന്നില്‍ നിഴലായിപ്പോയ അയാള്‍, അയാളോടുതന്നെ നീതി കാണിച്ച ഒരു ലോകകപ്പുകൂടിയാണ് കഴിഞ്ഞത്.
ബംഗ്ലാദേശിനൊടൊഴികെയുള്ള എല്ലാ കളികളിലും അക്ഷര്‍ വിക്കറ്റ് വീഴ്ത്തി. എട്ടാംസ്ഥാനത്ത്, അഥവാ ഹാര്‍ദിക്കിനും ദുബെയ്ക്കും ജഡേജയ്ക്കും പിറകെ ബാറ്ററായി നിലകൊണ്ട ഓള്‍റൗണ്ടര്‍, ലോകകപ്പ് കഴിഞ്ഞതോടെ ഇന്ത്യയുടെ ഒന്നാന്തരം ഓള്‍ ഇന്‍ ഓളായി. എട്ടില്‍നിന്ന് ക്രമേണ ക്രമേണ നാലിലേക്ക് തരപ്പെട്ടുകിട്ടിയ ബാറ്റിങ് സ്ഥാനം, അയാളുടെ നിര്‍ഭയത്വത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലനമാണ്. ആവശ്യമെങ്കില്‍ മാത്രം എറിയാന്‍ അനുവദിക്കാമെന്ന് കരുതി ടീമിലെടുത്തയാള്‍, പവര്‍പ്ലേയില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റുന്ന ബൗളറായി മാറിയതിനു പിന്നിലും ഈ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇനിയൊരു കാലത്തേക്ക് ഇന്ത്യക്ക് വിശ്വസിച്ച് കൂടെക്കൂട്ടാന്‍ പറ്റുന്ന മുതല്‍ക്കൂട്ടാണയാള്‍.

ദൗര്‍ബല്യം പരിഹരിച്ചത് പോണ്ടിങ്
ഏത് പിച്ചിലും പന്തുകൊണ്ട് പ്രതിഭ കാണിക്കാനാവുമെന്നതാണ് അക്ഷറിന്റെ പ്രത്യേകത. പിച്ചിനനുസരിച്ച് സാഹചര്യത്തില്‍ മാറ്റംവരുത്താന്‍ അക്ഷറിന് പ്രത്യേക കഴിവുണ്ട്. ന്യൂയോര്‍ക്കിലെ സ്പിന്നിന് അനുഗുണമല്ലാത്ത പിച്ചില്‍ അക്ഷര്‍ കാണിച്ച പ്രകടനംതന്നെ വിലയിരുത്താം. വളരെ ഗംഭീരമായാണ് അക്ഷര്‍ അവിടെ പന്തെറിഞ്ഞത്. പിച്ചിന്റെ സ്ഥിതിഗതി വിലയിരുത്തി പേസിലും ലെങ്തിലും മാറ്റം വരുത്താന്‍ അക്ഷര്‍ ഉഷറാണ്. വിക്കറ്റ് കണക്കുകൂട്ടാനും അദ്ദേഹത്തിന് നല്ലപോലെ കഴിയും.
ബാറ്റിങ്ങിലും ഈവക കഴിവുണ്ട്. ഈ ലോകകപ്പില്‍ത്തന്നെ പല പൊസിഷനുകളിലാണ് അക്ഷറിനെ പരീക്ഷിച്ചത്. എട്ട്, ഏഴ്, നാല് പൊസിഷനുകളിലെല്ലാം അക്ഷറിനെ മാറ്റി മാറ്റി കളിപ്പിച്ചു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാത്ത ഫൈനലില്‍പ്പോലും അക്ഷറിനെ നാലാം പൊസിഷനിലേക്ക് കളിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡിന് ധൈര്യമുണ്ടായി. ഏത് പൊസിഷനിലും മിനിമം ഗ്യാരന്റിയുള്ള ബാറ്ററാണ് താനെന്ന് അക്ഷര്‍ ഇതിനകം തെളിയിച്ചതുകൊണ്ട് സംഭവിച്ചതാണ് അത്. ബൗളിങ്ങിലാവട്ടെ, ബാറ്റിങ്ങിലാവട്ടെ-സ്വന്തം കഴിവും ദൗര്‍ബല്യവും നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ് അക്ഷര്‍.
ബൗളിങ്ങില്‍ അസാധ്യ പ്രകടനം കാണിച്ചിരുന്നെങ്കിലും ബാറ്റിങ്ങില്‍ അക്ഷറിനെ ചുറ്റിപ്പറ്റി ഒരു ദൗര്‍ബല്യം സദാ നിലനിന്നിരുന്നു. അക്ഷറിനെ പുറത്താക്കാനുള്ള ഏറ്റവും എളുപ്പപണിയായിരുന്നു ലെഗ് സൈഡ് ട്രാപ്പ്. ഐ.പി.എലില്‍ അക്ഷറിനെ പൂട്ടാന്‍ എതിരാളികള്‍ സ്ഥിരം പയറ്റുന്ന തന്ത്രമായിരുന്നു അത്. ശരീരത്തിലേക്ക് പന്തെറിഞ്ഞാല്‍ അക്ഷര്‍ അത് അടിച്ചുപറത്താന്‍ ശ്രമിക്കും. അതോടെ ക്യാച്ചായി പുറത്താവും. ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിക്കുമ്പോള്‍ ഇത് സ്ഥിരം പരിപാടിയായതോടെ റിക്കി പോണ്ടിങ് ഒരു പരിഹാരം കാണണമെന്ന് ഉറപ്പിച്ചു.
പോണ്ടിങ്ങാണ് ആ ദൗര്‍ബല്യം മറികടക്കാന്‍ അക്ഷറിനെ പഠിപ്പിച്ചത്. ശരീരത്തിലേക്ക് വരുന്ന പന്തുകളെ കൂടുതല്‍ അനായാസമായി നേരിടാനും അതില്‍നിന്ന് സിംഗിളുകള്‍ കണ്ടെത്താനും പോണ്ടിങ് പരിശീലിപ്പിച്ചു. അത്തരം പന്തുകള്‍ വരുമ്പോള്‍ ശാരീരികമായി സമീപിക്കേണ്ട രീതിവരെ പഠിപ്പിച്ചാണ് പോണ്ടിങ് അത് പരിഹരിച്ചത്. പിന്നീട് ഐ.പി.എലില്‍ ഈ വിധത്തില്‍ വന്ന പന്തുകളില്‍ ബുംറയെ വരെ സിക്‌സടിച്ച് കഴിവ് തെളിയിച്ചു.
ലെഗ് സൈഡ് ഷോട്ടുകളെ വളരെ സ്വതന്ത്രമായി വിടാന്‍ അക്ഷറിന് ഇപ്പോള്‍ പ്രത്യേക കഴിവുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുള്ള കഴിഞ്ഞ രണ്ട് സീസണുകള്‍ എടുത്തുനോക്കിയാല്‍ തന്നെ മനസ്സിലാകും അത്.
രാകിമിനുക്കിയത് ഐ.പി.എല്‍.
'ഡല്‍ഹി ക്യാപിറ്റല്‍സിലായിരിക്കേ അത്തരം നിരവധി സാഹചര്യങ്ങളെ നേരിട്ടുപരിചയിച്ചതുകൊണ്ടാണ് അക്ഷറിന് ടി20 ലോകകപ്പ് ഫൈനലില്‍ ആ വിധം കളിക്കാനായത്. കൂടാതെ സൗരവ് ഗാംഗുലിയും റിക്കി പോണ്ടിങ്ങും അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ അപാരമായ വിശ്വാസം പുലര്‍ത്തുകയും ചെയ്യും. നമ്മുടെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരന്‍ നീയാണെന്നാണ് അവര്‍ അക്ഷറിനോട് പറയുക. ലോകക്രിക്കറ്റിലെ രണ്ട് മുന്‍ ഇതിഹാസങ്ങള്‍ അങ്ങനെ പറയുമ്പോള്‍ അത് അക്ഷറിലുണ്ടാക്കുന്ന പ്രചോദനം ചെറുതല്ല. അതുകൊണ്ടാണ് അദ്ദേഹത്തില്‍നിന്ന് മികച്ച പ്രകടനങ്ങള്‍ വരുന്നത്'-ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ബിജു ജോര്‍ജ് അക്ഷറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
2013-14 രഞ്ജി ട്രോഫി സീസണില്‍ ഡല്‍ഹിക്കെതിരേ സൂറത്തില്‍ ഗുജറാത്തിനുവേണ്ടി മികച്ച പ്രകടനം നടത്തിയത് അക്ഷറിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായി. 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് ഇടംകൈയന്‍ സ്പിന്നര്‍ പിഴുതത്. ഇത് അക്ഷറിന്റെ രണ്ടാമത്തെ മാത്രം ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു. ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവരുടെ വിക്കറ്റുകളും നേടി. ഇതോടെ ആ വര്‍ഷം ഐ.പി.എല്‍. ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സില്‍നിന്ന് ക്ഷണം വന്നു. 19 വയസ്സാണ് അന്ന് പ്രായം. പക്ഷേ, കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇടയ്ക്ക് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഇടംകിട്ടി. തുടര്‍ന്ന് 2014-ല്‍ ലേലത്തിലൂടെ 75 ലക്ഷത്തിന് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. സീസണില്‍ 6.17 ഇക്കോണമിയില്‍ 17 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലെ എമര്‍ജിങ് പ്ലെയറായി മാറി. സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനുമായി.

2016-ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ അഞ്ച് പന്തില്‍ ഹാട്രിക്ക് അടക്കം നാല് വിക്കറ്റ് നേടി. 2018 വരെ പഞ്ചാബില്‍ തുടര്‍ന്ന ശേഷം 2019-ല്‍ ലേലത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. അഞ്ച് കോടിയായിരുന്നു താരമൂല്യം. തുടര്‍ന്ന് ഇതുവരെ ഡല്‍ഹിക്കൊപ്പമുണ്ട്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയതോടെ റിക്കി പോണ്ടിങ്ങിന്റെ പരിശീലനത്തിനു കീഴില്‍ നിരവധി പാഠങ്ങള്‍ പഠിച്ചു. അതിലൊന്നാണ് ലെഗ് സൈഡ് ഷോട്ടുകള്‍ അനായാസമായി കൈകാര്യം ചെയ്യുക എന്നത്. 2023 സീസണില്‍ 14 ഇന്നിങ്‌സുകളില്‍നിന്നായി 283 റണ്‍സാണ് അക്ഷര്‍ നേടിയത്. 2024-ല്‍ 14 ഇന്നിങ്‌സുകളില്‍നിന്ന് 235 റണ്‍സ് നേടിയും തിളങ്ങി. സീസണിലെ ഓള്‍റൗണ്ട് മികവ് അക്ഷറിനെ ടി20 ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചു.
ടീം ഇന്ത്യയിലേക്ക്
ഐ.പി.എലിലെ പരിചയം ടീം ഇന്ത്യയിലെത്തിച്ചു. ഐ.പി.എലില്‍ അന്താരാഷ്ട്ര താരങ്ങളെ നേരിട്ടിരുന്നതിനാല്‍ ടീം ഇന്ത്യയില്‍ സമ്മര്‍ദം കൂടാതെ കളിക്കാന്‍ കഴിഞ്ഞു. ഓള്‍റൗണ്ടറായി ടീമിലെത്തിയ താരം എട്ടാം നമ്പറില്‍ ഇന്ത്യക്ക് ആശ്രയിക്കാന്‍ പറ്റുന്ന ബാറ്റര്‍കൂടിയായി. പല മത്സരങ്ങളിലും വിജയത്തിന്റെ ചുക്കാന്‍ പിടിച്ചു. അതേസമയം തന്നെ ബൗളിങ്ങിലും മികച്ച പ്രകടനം നടത്തി.
അതുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ, അതിന് തൊട്ടുമുന്‍പ് നടന്ന ഏഷ്യാ കപ്പില്‍ ഇടതുകാലിന് പരിക്കേറ്റതിനാല്‍ ടീമില്‍നിന്ന് പുറത്തുപോവാന്‍ നിര്‍ബന്ധിതനായി. പകരം ആര്‍. അശ്വിനെ പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഇക്കഴിഞ്ഞ ഐ.പി.എലിലെ 235 റണ്‍സും 11 വിക്കറ്റുകളും ഫീല്‍ഡിങ്ങില്‍ നടത്തിയ മികവുമാണ് അക്ഷറിനെ ടി20 ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്.

ഏകദിനത്തില്‍ 2014-ല്‍ ബംഗ്ലാദേശിനെതിരെയും ടി20-യില്‍ 2015-ല്‍ സിംബാബ്‌വെയ്‌ക്കെതിരെയും അരങ്ങേറ്റം കുറിച്ച താരം, ടെസ്റ്റ് അരങ്ങേറ്റം നടത്തിയത് 2021-ല്‍ ഇംഗ്ലണ്ടിനെതിരെയാണ്.
പരിക്ക് പേടിച്ച് ക്രിക്കറ്റിന് വിട്ടില്ല
ഗുജറാത്തിലെ നഡിയാദില്‍ അക്ഷര്‍ പട്ടേലിന്റെ വീടറിയാത്ത ആളുകള്‍ കുറവായിരിക്കും. എന്തെന്നാല്‍ അക്ഷര്‍ കളിക്കുന്ന മത്സരങ്ങള്‍ക്കൊക്കെ ആ വീട്ടില്‍ വലിയ സ്‌ക്രീന്‍ വയ്ക്കും. അച്ഛന്‍ രാജേഷ്ഭായ്‌യും അമ്മ പ്രീതിബെനുമാണ് ഇതിന്റെ സംഘാടകര്‍. ടൗണിലെ മിക്കവാറും ജനത അക്ഷറിന്റെ വീട്ടില്‍വെച്ചാണ് കളി കാണുക. പക്ഷേ, മകന്‍ ക്രിക്കറ്ററാവുന്നതിനോട് മുന്‍പ് എതിര്‍പ്പായിരുന്നു അമ്മയ്ക്ക്. പരിക്കു പറ്റുമെന്ന പേടികൊണ്ടായിരുന്നു അത്. കൂടാതെ സ്‌കൂളില്‍ ക്ലാസ് ടോപ്പറും.
അച്ഛന്‍ രാജേഷ്ഭായിക്ക് മകനെ എന്‍ജിനീയറാക്കുന്നതിലായിരുന്നു താത്പര്യം. പക്ഷേ, ക്രിക്കറ്റ് തലയ്ക്കുപിടിച്ച അക്ഷറിനെ അതില്‍നിന്ന് പിന്തിരിപ്പിക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ പിതാവ്, അവനെ 13-ാം വയസ്സില്‍ ബി.സി.സി.ഐ. അംഗീകാരമുള്ള പരിശീലകന്‍ സഞ്ജയ്ഭായ് പട്ടേലിന്റെ അടുത്തേക്ക് അയച്ചു. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായി എത്തിയ അക്ഷറിനെ സഞ്ജയ്ഭായ് നിരീക്ഷിച്ചതില്‍നിന്ന് ഒരുകാര്യം മനസ്സിലാക്കി-ഏറ്റവും കുറഞ്ഞത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാനുള്ള പൊട്ടന്‍ഷ്യലെങ്കിലും ഇവനുണ്ടെന്ന്. പക്ഷേ, ഇന്ത്യന്‍ ടീമിലെത്തുമെന്നൊന്നും അന്ന് കോച്ച് വിചാരിച്ചിരുന്നില്ല.
അക്ഷറിന്റെ ഉയരവും മെലിഞ്ഞ പ്രകൃതവും ക്രിക്കറ്റില്‍ മുന്നേറ്റത്തിന് ഉപകരിച്ചു. നെറ്റ്‌സിലും പ്രാദേശിക ടൂര്‍ണമെന്റുകളിലുമെല്ലാം വിക്കറ്റുകള്‍ സ്വന്തമാക്കുക പതിവായി. ഇതിനിടെ ഇടയ്ക്ക് ഇടംകൈയന്‍ സ്പിന്‍ എറിയാനും തയ്യാറായി. അതില്‍ കഴിവ് കണ്ടെത്തിയതോടെ ഡിഗ്രി കഴിഞ്ഞപ്പോള്‍ അവനെ സ്പിന്നിലേക്ക് മാറ്റി. സ്ഥിരമായി അഞ്ചോ ആറോ വിക്കറ്റുകള്‍ നേടാന്‍ തുടങ്ങിയതോടെ സ്പിന്‍ കേന്ദ്രീകരിച്ചായി തുടര്‍ന്നുള്ള പരിശീലനം.
സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ നന്നായി പന്തെറിയാനും ബാറ്റിങ് നടത്താനും അക്ഷറിനായി. പക്ഷേ, ഇടംകൈ സ്പിന്നില്‍ അക്ഷറിനുള്ള പ്രത്യേകമായ കഴിവ് സഞ്ജയ്ഭായ് മനസ്സിലാക്കി. സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള വല്ലാത്ത കഴിവായിരുന്നു അക്ഷറിന്റെ പ്രത്യേകത. സങ്കീര്‍ണമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അക്ഷറിന് കൃത്യമായി അറിയാം. അത് അവന്റെ വഴിക്ക് വന്നില്ലെങ്കില്‍, വരുന്നതുവരെ കഠിനപ്രയത്‌നം ചെയ്യും. അത്തരത്തിലുള്ള പ്രത്യേകതകള്‍ അക്ഷറിനെ മികച്ചതാക്കി.
17-ാം വയസ്സില്‍ ജില്ലാ അണ്ടര്‍-19 ടീം ക്യാപ്റ്റനായി. ഗുജറാത്ത് സീനിയര്‍ ടീമിലും സാന്നിധ്യമറിയിച്ചു. അതിനിടെ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റില്‍ ആകൃഷ്ടനായ അക്ഷര്‍ ആ വഴിക്കും തന്റെ കായിക മികവ് വഴിതിരിച്ചുവിട്ടു. പക്ഷേ, ഇത്തരം അനധികൃത ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അക്ഷറിനെ വിലക്കിയെങ്കിലും വഴങ്ങിയില്ല. അക്ഷര്‍ കളി തുടര്‍ന്നു. അങ്ങനെ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റില്‍ നന്നായി കളിച്ച് അക്കാലത്തെ പ്രാദേശിക പത്രത്തില്‍ ചിത്രങ്ങള്‍ വരെ വന്നിട്ടുണ്ടെന്നും കെ.ഡി.സി.എ. പ്രസിഡന്റ് മനീഷ് ദേശായി അക്ഷറിനെ ഓര്‍ത്തെടുക്കുന്നു.
Content Highlights: axar patel icc t20 world cup final indian best player
Published: 03 Jul 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented