ഹാമിൽട്ടൻ: ന്യൂസീലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം മാനേജ്മെന്റിനു മുന്നിൽ സെലക്ഷൻ പ്രതിസന്ധി. 3-1ന് പരമ്പര നേരത്തേ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഓക്‌ലൻഡിൽ നടന്ന നാലാം മത്സരത്തിലെ കനത്ത തോൽവിയെ തുടർന്ന് ടീം ഇലവനിൽ ചില മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്.

To advertise here,

ഓപ്പണർ സഞ്ജു സാംസണ് ടീം മാനേജ്മെന്റിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, ഈ പരമ്പരയിൽ സഞ്ജു പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നാണ് വിലയിരുത്തൽ. 67, 14, 18, 4 എന്നിങ്ങനെയാണ് പരമ്പരയിലെ സഞ്ജുവിന്റെ സ്‌കോറുകൾ. അതിനാൽ സഞ്ജുവിന് ചെറിയൊരു വിശ്രമം നൽകി വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്.

നായകൻ ശ്രേയസ് അയ്യരുടെ സമീപകാല പ്രകടനവും ചോദ്യ ചിഹ്നമുയർത്തുന്നുണ്ട്. കന്നി ടി20 സെഞ്ചുറിക്ക് ശേഷമുള്ള തന്റെ കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിൽ 40, 1, 16, 22, 42, 7, 5, 22 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകൾ. പലപ്പോഴും മുൻനിര പരാജയപ്പെടുമ്പോൾ നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ ബാറ്റിങ്ങാണ് രക്ഷയാകാറുള്ളത്.

ബൗളിങ് നിരയിൽ അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലുമാണ് വിക്കറ്റുകളും റൺനിരക്കും പ്രധാനമായും നിയന്ത്രിക്കുന്നത്. പരമ്പരയിൽ 10-ൽ താഴെ എക്കോണമി റേറ്റുള്ള ഏക ഇന്ത്യൻ ബൗളർ അർഷ്ദീപാണ്. വലിയ പ്രതീക്ഷകളോടെ തിരിച്ചെത്തിയ ഭുവനേശ്വർ കുമാർ മൂന്ന് മത്സരങ്ങളിൽ നിന്ന് 11.58 എക്കോണമിയിൽ 139 റൺസാണ് വഴങ്ങിയത്. നേടിയതാകട്ടെ ഒരേയൊരു വിക്കറ്റും.