ആഡംബര വാഹനങ്ങൾ ഒഴിവാക്കി സാധാരണക്കാരനായി മെട്രോയിൽ യാത്ര ചെയ്യുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലിങ്ക്ഡ്ഇന്നിൽ പങ്കുവെക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോൾ നിരവധിയാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പണത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും ലളിതജീവിതം നയിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ശ്രീനാഥ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിവേഗം തന്നെ ഈ ചിത്രം മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായി.

To advertise here,

നീല ഷർട്ടും ഡെനിം ജീൻസും ധരിച്ച്, ഒരു കയ്യിൽ ട്രോളി ബാഗും പിടിച്ച് മെട്രോ കോച്ചിന്റെ ഒരു കോണിൽ നിൽക്കുന്ന ശ്രീനാഥിനെയാണ് ചിത്രത്തിൽ കാണുന്നത്. നിലവിൽ ഐസിസി മാച്ച് റഫറിയായ അദ്ദേഹത്തിന്റെ ഈ വിനയം നിറഞ്ഞ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ശ്രീനാഥ്. 1991 മുതൽ 2002 വരെ 67 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 236 വിക്കറ്റുകൾ ടെസ്റ്റിൽ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പത്താമത്തെ താരമാണ്.

ഏകദിന ക്രിക്കറ്റിലും സമാനതകളില്ലാത്ത നേട്ടമാണ് ശ്രീനാഥ് സ്വന്തമാക്കിയത്. 229 ഏകദിനങ്ങളിൽ നിന്ന് 315 വിക്കറ്റുകൾ നേടിയ അദ്ദേഹം, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരവും ഇന്ത്യൻ പേസർമാരിൽ ഒന്നാമനുമാണ്. കൂടാതെ 1992, 1996, 1999, 2003 ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി കളിച്ചു. ആകെ 296 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 551 വിക്കറ്റുകൾ ശ്രീനാഥിന്റെ പേരിലുണ്ട്.